Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി മലയാളി സമൂഹം നടത്തിയ ഫണ്ട് സമാഹരണം വിജയം

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി മത്സരിക്കുന്ന പ്രമുഖ ഡോക്ടറും മാധ്യമ പ്രവര്‍ത്തകയുമായ ദേവി നമ്പ്യാപറമ്പിലിന് വേണ്ടി മലയാളി സമൂഹം നടത്തിയ ഫണ്ട് സമാഹരണം വിജയകരമായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോ. ദേവിക്ക് പിന്തുണയുമായി ഡമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളും എത്തി.

നമ്മുടെ സമൂഹത്തില്‍ നിന്നൊരാള്‍ മത്സരിക്കുമ്പോള്‍ അവരുടെ പിന്നില്‍ അണിനിരക്കേണ്ടതുണ്ടെന്നും രണ്ട് പാര്‍ട്ടിയില്‍ ഉഉള്ളവരും നമുക്ക് ആവശ്യമുണ്ടെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. ഡോക്ടര്‍ എന്ന നിലയിലും മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധേയയായ ഡോ. ദേവിക്ക് നഗരത്തിനു വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് അനുഭവിച്ച ദുരിതമാണ് നഗരത്തിലെ ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന പബ്ലിക്ക് അഡ്വക്കറ്റു സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ദേവി പറഞ്ഞു. ജനങ്ങളില്‍ നിന്ന് 114,000 ഡോളര്‍ സമാഹരിച്ചാല്‍ എതിരാളിയുമായി മുഖാമുഖമുള്ള ഡിബേറ്റിനു അവസരം ലഭിക്കും.

സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഡിബേറ്റ് വോട്ടര്‍മാരെ ഏറെ സ്വാധീനിക്കാറുണ്ട്. ഈ തുക സമാഹരിച്ചാല്‍ ഒരു മില്യണ്‍ ഡോളര്‍ മാച്ചിംഗ് ഫണ്ട് സിറ്റി നല്‍കുമെന്നതാണ് മറ്റൊന്ന്.

ഒരാള്‍ക്ക് നിശ്ചിത തുക മാത്രമേ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുക്കാനാവു. അത് പോലെ ഈ തുക ഒക്ടോബര്‍ ഒന്നിന് മുന്‍പ് കണ്ടെത്തണം. അതിനാല്‍ മലയാളികള്‍ നല്‍കുന്ന ഏതു തുകയും ഏറെ സഹായകമാകുമെന്നവര്‍ പറഞ്ഞു.

അവരുടെ കോവിഡ് അനുഭവങ്ങളും വിവരിച്ചു. കോവിഡ് കാലത്തും രോഗികളെ കാണുന്നത് മുടക്കം വരുത്താനായില്ല. അത് അവരെ ദോഷകരമായി ബാധിക്കും. എട്ടു മാസം തന്റെ കൂടെ ഇല്ലായിരുന്ന ഒന്നര വയസുള്ള മൂത്ത കുട്ടി തിരിച്ചെത്തി രണ്ടാഴ്ച്ചക്കുള്ളില്‍ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചു. എട്ടു മാസം ഗര്‍ഭിണി ആയിരുന്നു താന്‍. രാത്രി ഭര്‍ത്താവ് പിച്ചും പേയും പറയുന്നത് കേട്ടപ്പോള്‍ രോഗബാധ വ്യക്തമായി. 911 വിളിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പക്ഷേ, കോവിഡും പെയിനുമുണ്ടെങ്കിലും തനിക്ക് പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. മാതാപിതാക്കള്‍ രണ്ട് പേരും ഇല്ലെങ്കില്‍ കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് കൊണ്ട് പോകും. കുട്ടിക്ക് കോവിഡ് ഉള്ളതിനാല്‍ തന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും പറ്റില്ല. കുട്ടിയെ നോക്കാന്‍ ഒരാളെ കിട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിദിനം ആയിരം ഡോളറാണ് ആവശ്യപ്പെട്ടത്.

വൈകാതെ കോവിഡ് ഭേദമായ ഒരു ബന്ധു സഹായത്തിനെത്തി. 11 ദിവസം കഴിഞ്ഞു ഭര്‍ത്താവും തിരിച്ചെത്തി. വൈകാതെ ലേബര്‍ പെയിന്‍ ആരംഭിച്ചു. സാരമില്ലെന്ന് കരുതി ഹോസ്പിറ്റലിലേക്കു നടന്നു. ആംബുലന്‍സ് തുക ലാഭിക്കാമെന്നും കരുതി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഡിഡക്ടിബിളും മറ്റും താങ്ങാവുന്നതിലപ്പുറമായിരുന്നു. നടപ്പ് അബദ്ധമായി. കോവിഡ് ഉള്ളതിനാല്‍ ചെന്നിടത്തൊനും അഡ്മിറ്റ് ചെയ്തില്ല. ശരിക്കുള്ള സ്ഥലം തപ്പി നടക്കുമ്പോള്‍ ഭീതിയായി. വേദന കൂടി വരുന്നു. അവിടെയെങ്ങാനും വീണു പോകുമോ എന്ന് തോന്നി. ഭാഗ്യത്തിന് ഒരു അറ്റന്‍ഡര്‍ വീല്‍ ചെയറുമായി വന്നത് രക്ഷയായി.

കഴിഞ്ഞ ഡിസംബര്‍ മൂന്നിന് പുത്രി റനിയ ആലി തളിയത്ത് ജനിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു മാത്രമല്ല കോവിഡ് ആന്റി ബോഡിയും ഉണ്ട്. വാക്‌സീന്‍ വരും മുന്‍പാണിത്. കോവിഡ് ബാധിച്ചിട്ടും താന്‍ ഒറ്റക്കായിരുന്നില്ല. വയറില്‍ വളരുന്ന കുട്ടി രണ്ട് പേര്‍ക്കും വേണ്ട ആന്റി ബോഡി പുറപ്പെടുവിച്ചത് തുണയായി.

മെച്ചപ്പെട്ട അവസ്ഥയിലുള്ള തനിക്ക് ഇത്ര ദുരിതം വന്നപ്പോള്‍ സാധാരണക്കാര്‍ എത്ര അനുഭവിച്ചിരിക്കുമെന്ന ചിന്തയില്‍ നിന്നാണ് മത്സര രംഗത്തു വരാന്‍ തോന്നിയത്. ജനശബ്ദമായി താന്‍ പ്രവര്‍ത്തിക്കും-അവര്‍ പറഞ്ഞു. ടോം കോലത്ത് നല്‍കിയ ആദ്യ ചെക്ക് കാമ്പെയിന്‍ ഫിനാന്‍സ് മാനേജര്‍ കൂടിയായ അമ്മ സ്വീകരിച്ചു. ഫിലിപ്പ് മഠത്തിലായിരുന്നു ചടങ്ങുകളുടെ സംഘാടകന്‍. കോരസണ്‍ വര്‍ഗീസ് ചടങ്ങുകള്‍ നിയന്ത്രിച്ചു. കൂടുതല്‍ മലയാളികളും യാഥാസ്ഥിതിക ചുറ്റുപാടുകളില്‍നിന്നും അമേരിക്കയില്‍ എത്തി ലിബറലിസത്തില്‍ അറിയാതെ എത്തപെട്ടവരാണ്. വ്യക്തിസ്വാതന്ത്ര്യത്തിനു വിലകല്‍പിക്കുകയും സന്തോഷത്തിന്റെ പ്രയാണം തുടരുകയും ചെയ്യുന്ന സമൂഹമാണ്. സര്‍ക്കാരല്ല ജനങ്ങളാണ് പൊതുഭരണത്തിന്റെ ഗതിവിധികള്‍ നിയന്ത്രിക്കേണ്ടത് എന്ന ഉത്തമ ബോധ്യമുള്ളവരാണ്. അതുകൊണ്ടാണ് ഡോ. ദേവി നമ്പിപറമ്പലിന്റെ തിരഞ്ഞെടുപ്പ് പ്രാധാന്യം ഉള്ളതെന്നും ഇങ്ങനെ ചിന്തിക്കുന്ന സ്ഥാനാര്‍ഥികളെ നമ്മുടെ സമൂഹം പിന്തുണക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും കോരസണ്‍ പ്രസ്താവിച്ചു. ടോബിന്‍ മഠത്തില്‍ ഡോ. ദേവിയെ പരിചയപ്പെടുത്തി. പാസ്റ്റര്‍ വിത്സണ്‍ ജോസ് പ്രാര്‍ഥന നടത്തി.

കേരളം സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, കെസിഎഎന്‍എ പ്രസിഡന്റ് റെജി കുരിയന്‍, ടോം ജോര്‍ജ് കോലത്ത് (കെല്‍ട്രോണ്‍ ടാക്‌സ് സര്‍വീസ്) വൈസ്മെന്‍ ക്ലബ് പ്രസിഡന്റ് ഷാജു സാം, ഡോ. അന്നാ ജോര്‍ജ് (നഴ്‌സസ് അസോസിയേഷന്‍), ഡോ.റോബിന്‍ ജേക്കബ്, മെലിസ്സ പാസോ, വര്‍ഗീസ് സക്കറിയ, ബിജു ചാക്കോ, ഡോ. ബിനു ചാക്കോ (കേരള മെഡിക്കല്‍ ഗ്രാഡുവേറ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്), ഡെന്‍സില്‍ ജോര്‍ജ്ജ് (ഫോമാ), ജോര്‍ജ്ജ് ജോസഫ് (ഇമലയാളി), ജോര്‍ജ് കൊട്ടാരം, വി.എം. ചാക്കോ, ജെയ്‌സണ്‍, ജോസ് തയ്യില്‍, ലീലാ മാരേട്ട് (ഫൊക്കാന), സിബി ഡേവിഡ് (കലാവേദി), താരാ ഷാജന്‍ (നഴ്‌സസ് അസോസിയേഷന്‍) മാത്യു തോയാലില്‍ തുടങ്ങിവര്‍ സംസാരിച്ചു.

ഡോ. ദേവിയുടെ പിതാവ് ജോയി നമ്പ്യാപറമ്പിലും സന്നിഹിതനായിരുന്നു. ഡോ. മാത്യു വര്‍ഗീസ് ദേശഭക്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ബിജു കൊട്ടാരക്കര നന്ദി പറഞ്ഞു.

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code