Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോയൻറ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

Picture

ശ്രദ്ധിക്കുക,"മുപ്പത് നിലകൾ പടികൾ ഉപയോഗിച്ച് ഇറങ്ങി കയറുവാൻ നിങ്ങൾക്ക് സാധിക്കുമോ? സാധിക്കുമെങ്കിൽ മാത്രം യാത്ര തുടരുക". ലക്ഷ്യസ്ഥാനം കാണാൻ സാധിക്കാതെ, പാതാളത്തിലേക്ക് താഴ്ന്നു പോകുന്ന രൂപത്തിലുള്ള നേർത്ത വഴി. പാതയുടെ അങ്ങേയറ്റം വരെ ചെന്നതിനു ശേഷം, പലരും ആയാസപ്പെട്ട് കിതച്ചു കൊണ്ട് കയറിവരുന്നു. ബാലന്മാർക്കും ബാലികമാർക്കും ഈ കയറ്റം ഒരുപ്രശ്നമേയല്ല. ഇരുമ്പ് കരിമ്പാക്കാൻ സാധിച്ചിരുന്നു ചെറുപ്പകാല ത്തായിരുന്നെങ്കിൽ മുന്നറിയിപ്പൊന്നും വായിക്കുക പോലുമില്ലായിരുന്നു. അച്ഛനത് സാധിക്കും എന്നു പ്രോത്സാഹിപ്പിച്ചു കൊണ്ട് മകൾ പടികൾ ഇറങ്ങാൻ തുടങ്ങി. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് യാത്ര തുടങ്ങാനാരംഭിച്ചു. അല്പദൂരം പിന്നിട്ടപ്പോൾ ആളുകളെ അടിച്ചുതെറിപ്പി ക്കാൻ കെല്പുള്ള അതിശക്തമായ കാറ്റടിക്കുവാൻ തുടങ്ങി. കൈവരികളിൽ മുറുക്കെ പിടിച്ചിരുന്നത് രക്ഷയായി. 64KM(40 മൈൽ ) കൂടുതൽ വേഗതയിൽ കാറ്റടിക്കുന്ന ദിവസങ്ങളിൽ പടിപ്പാത അടക്കുന്നതാണല്ലോ !

കുറച്ച് കൂടി മുന്നോട്ടു നീങ്ങിയപ്പോൾ, പത്തടിയിൽ കൂടുതൽ ദൂരം കാണാൻ സാധിക്കുന്നില്ല. മൂടൽമഞ്ഞ് നടപ്പാതക്ക് മുകളിൽ, ചെട്ടികുളങ്ങരയിൽ കെട്ടുകാഴ്ച പോലെ ഉയർന്നു നിൽക്കുന്നു. കട്ടികൂടിയ പഞ്ഞി കെട്ടിനുള്ളിലൂടെ കടന്നുപോകുന്ന അനുഭവം. മേഘത്തിനുള്ളിൽ അകപെട്ടപ്പോൾ മണ്ണിൽ നിന്നും വിണ്ണിൽ എത്തിപ്പെട്ട ഗന്ധർവ്വനായി രൂപാന്തരം സംഭവിച്ചുവോ? ബാഷ്‌പ കണങ്ങളെ, മേഘരൂപത്തിൽ കാണാം, ശ്രവിക്കാം, രുചിക്കാം, ഘ്രാണിക്കാം പക്ഷെ സ്പർശിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ കാർമേഘത്തിന് നമ്മളുടെ ശരീരത്തിൽ ജല കണങ്ങളായി പറ്റിപിടിക്കുവാൻ സാധിക്കുന്നു. കുറച്ചു സമയം ഈ മൂടൽമഞ്ഞിനൊപ്പം അന്തരീക്ഷത്തിൽ പാറിപ്പറന്നു നടക്കാൻ സാധിച്ചെങ്കിൽ! പക്ഷെ, നേരത്തെ കണ്ട കടൽത്തീരം ആയിരത്തി അഞ്ഞൂറടി താഴ്ചയിൽ ആണല്ലോ? എങ്ങാനുമൊന്നു വീണുപോയാൽ, ഒടിയാത്ത ഒരെല്ലുപോലും ശരീരത്തിൽ മിച്ചമുണ്ടാവില്ല.

മെല്ലെ മെല്ലെ, ഞങ്ങളെ അകപെടുത്തിയ മൂടൽ മഞ്ഞ് മാറിക്കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടം കാർമേഘം അടുത്തടുത്തു വരുന്നു. വാനിൽ നിന്നും ഓരോരോ മേഘക്കൂട്ടങ്ങൾ ഒന്നിനുപുറകെ ഒന്നായി പുറപ്പെടുന്നു. ആദ്യം ഞങ്ങളെ സന്ദർശിച്ച മേഘത്തെ ജോസഫ് എന്ന് വിളിക്കട്ടെ? അതിന് പിന്നാലെ വരുന്നതിനെ തോമസ് എന്ന് നാമകരണം ചെയ്യാം. തോമസ്സിന്റെ പാർശത്തിലായി കാണാൻ സാധിച്ച കാര്മേഘത്തിന്റെ ഒരുവശത്ത് കാർകൂന്തൽ പോലെ തോന്നിക്കുന്ന ഒരു മേഘ പടലം. അത് മേരി ആയിരിക്കും.

സാൻ ഫ്രാന്സിസ്കോയിലെ ആളുകൾ രാവിലെ ജോലിക്കുപോകുമ്പോൾ മൂടൽ മഞ്ഞിനെ ആദ്യമായി കാണുമ്പോൾ, "ഹലോ കാൾ " എന്ന് അഭിസംബോധന ചെയ്യുമെന്ന് മകൾ അറിയിച്ചു.

ബാഷ്‌പ കണങ്ങളും, ഹൈഡ്രജനും, ഹീലിയവും, നൈട്രജനും ഒക്കെ ഉൾകൊള്ളുന്ന മേഘത്തിന് എങ്ങനെ വ്യക്തികളുടെ പേരുകൾ നൽകാൻ സാധിക്കും. അവക്ക് മനസ്സുണ്ടോ? ബുദ്ധിയുണ്ടോ? ആല്മാവുണ്ടോ?

മനുഷ്യ ശരീരത്തെ പോസ്റ്റ് മാർട്ടം ചെയ്തുനോക്കിയാൽ മനസ്സും ബുദ്ധിയും ആല്മാവും കാണാൻ സാധിക്കുമോ? ഓക്‌സിജൻ, കാർബൺ, ഹൈഡ്രജൻ,നൈട്രജൻ, കാൽസിയം, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അല്ലേ മനുഷ്യ ശരീരത്തിൽ കൂടതലായും അടങ്ങിയിരിക്കുന്നത് . പക്ഷെ ഇവയെല്ലാം കൂടിച്ചേരുമ്പോൾ ചിന്താശക്തിയും, ബുദ്ധിയും, വികാരങ്ങളും ഉണ്ടാവുന്നുണ്ടല്ലോ?

സാഗര സംഗീതം ആസ്വദിച്ച്, മേഘക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ച് കളിച്ച്, കാറ്റിനോട് കളിപറഞ്ഞു, കരയോടടുത്ത് വരുന്ന തിമിംഗലങ്ങ ളോട് കിന്നരിച്ച്, അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ എത്തിയ ഞാൻ, ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകളെ തത്കാലം മാറ്റിവെച്ചു.

ഇടക്കിടെ പടികളും, പിന്നീട് നിരപ്പായും പണിതിരിക്കുന്ന നടപ്പാതയുടെ അന്ത്യത്തിൽ അതിമനോഹരമായ ഒരു വിളക്കുമരം. വിളക്കുമരം പണിതിരിക്കുന്ന പാറക്കൂട്ടങ്ങൾക്കുമപ്പുറം ചെങ്കുത്തായ താഴ്ചയിൽ, നനുനനുത്ത ഓളങ്ങൾ ഉതിർക്കുന്ന മർമരങ്ങളാൽ, തീരത്തെ താരാട്ടു പാടി ഉറക്കുന്ന സാഗരം.

സാൻഫ്രാൻസിസ്കോ തുറമുഖത്തേക്ക് പോകുന്ന കപ്പലുകൾക്ക് “പോയൻറ് റയോസ്’’ എന്നും ഒരുപേടിസ്വപ്നമായിരുന്നു .

10 മൈലോളം കടലിനുള്ളിലേക്ക് തള്ളിനിൽക്കുന്ന കര പ്രദേശമായതുകൊണ്ടും, മൂടൽമഞ്ഞും, അതിശക്തമായ കാറ്റും വീശുന്നതുകൊണ്ടും ഈ മുനമ്പ് അനേകം കപ്പലുകളുടെ ദുരന്ത ഭൂമിയായി തീർന്നു. നാവികർക്ക് അപായ സൂചന നൽകുന്നതിനായി 1870 ൽ ആണ് ഇവിടെ ആദ്യമായി വിളക്കുമരം സ്ഥാപിച്ചത്. എല്ലാദിവസവും വിളക്ക് തെളിയിക്കുവാനും, ലെൻസ് വൃത്തിയാക്കുവാനും, കാലാവസ്ഥ വ്യതിയാനങ്ങൾ രേഖപെടുത്താനുമായി അനേകം ജോലിക്കാരും ഇവിടെ ഉണ്ടായിരുന്നു.

അവർ ഉപയോഗിച്ചിരുന്ന ലോഗ് ബുക്കിലെ പേജുകളുടെ ചിത്രങ്ങളെടുത്തു ഇവിടെ പ്രദർശ്ശിപ്പിച്ചിരിക്കുന്നു. അതിലെ ഒരുപേജിലെ വരികൾ ഇങ്ങനെ ആയിരിന്നു.

"1874 ജൂലൈ 19. ഇന്നത്തെ രാത്രിയിലെ കനത്ത മൂടൽ മഞ്ഞിൽ ഇംഗ്ലീഷ് കപ്പൽ വാരിയർ ക്യൂൻ ,പോയൻറ് റിയാസിന്റെ വടക്ക് വശത്തെ കടൽക്കരയിൽ ഇടിച്ചു കയറി. ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ല.

1874 ജൂലൈ 20. ഫസ്റ്റ് അസിസ്റ്റൻറ് മിസ്റ്റർ ലിങ്കൺ കരയിലിടിച്ച്‌ തകർന്ന കപ്പലിനെ കുറിച്ചന്വേഷിക്കാൻ പോയിട്ട് രാത്രി ആയിട്ടും തിരികെ എത്തിയിട്ടില്ല. കടലിൽ മുങ്ങി മരിച്ചു എന്നു കരുതുന്നു''

ഇപ്പോഴും തീർത്തും വിജനമായ ഈ ഭൂപ്രദേശത്തെ , നൂറുവർഷങ്ങൾക്ക് മുമ്പുള്ള ജീവിതം, വിളക്കുമര സൂക്ഷിപ്പുകാർക്ക് എത്രമാത്രം, വിരസതയും ഭയാനകവുമായിരിന്നിരിക്കാം?

ഡയറി കുറിപ്പുകൾ തുടരുന്നു."1875 നവംബർ 4, മൂന്നാമത്തെ അസിസ്റ്റൻറ് മിസ്റ്റർ പാർക്കർ , സ്റ്റേഷനിൽ നിന്നും രാവിലെ ഒൻപതു മണിക്ക് അനുമതിയില്ലാതെ സർക്കാർ വക കുതിരയെയും എടുത്ത് പുറത്ത് പോയി. നവംബർ 5 വൈകുന്നേരം തിരികെ എത്തിയപ്പോൾ മദ്യപിച്ച് ബോധമില്ലാതിരുന്നതുമൂലം രാത്രിയിലെ ജോലികൾ ചെയ്യാൻ സാധിച്ചില്ല."

എല്ലാദിവസങ്ങളിലേയും കാലാവസ്ഥയും. സ്ഥിതി വിവര കണക്കുകളും രേഖപെടുത്തിയിരുക്കുന്നതുകൊണ്ട്, ചരിത്ര സംഭവങ്ങളുടെ ഒരു നേര്കാഴ്ചയാണ് ഈ ഡയറി.

1975ൽ അമേരിക്കൻ തീര സംരക്ഷക സേന , തനിയെ പ്രവൃത്തിക്കുന്ന വിളക്കുകൾ പഴയ വിളക്കുമരത്തിന്റെ ചുവട്ടിലും, ചുറ്റിലും സ്ഥപിക്കുന്നതുവരെയുള്ള 105 വർഷം നാവികർക്ക് നേർവഴികാട്ടിയായി ഈ വിളക്കുമരം നിലകൊണ്ടു. അതിനുശേഷം ദേശിയ പാർക്ക് സർവീസിന്‌ കൈമാറിയ ഈ സ്ഥാപനം, ഒരു മ്യൂസിയം ആയി അവർ സംരക്ഷിച്ചു പോരുന്നു. 25 ലക്ഷം ജനങ്ങൾ ഒരു വർഷം ഇവിടം സന്ദർശിച്ച്‌ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാവുന്നു.

ഗൈഡ് വിവരിച്ച് തന്ന അറിവുകൾ എല്ലാം കേട്ടതിനുശേഷം തിരികെ മുകളിലേക്ക് നടക്കാൻ ആരംഭിച്ചു. പാതയുടെ വശങ്ങളിൽ ഇടത്താവളം ഉള്ളതുകൊണ്ട് വിശ്രമം എടുത്തതിനു ശേഷം യാത്ര തുടരാം എന്നൊരു സൗകര്യമുണ്ട്. കയറ്റത്തിന്റെ അവസാനം സമനിരപ്പിൽ എത്തി അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു. "' സൂട്ടി ഷിയർ വാട്ടേഴ്സ് "' എന്ന പക്ഷിയുടെ ചിത്രത്തിന് മുകളിലായി'' പടികൾ കയറി നിങ്ങൾ ക്ഷീണിതരാണോ?"' എന്ന ചോദ്യം രേഖ്പ്പെടുത്തിയ ഫലകം കണ്ടു.. ഈ പക്ഷികൾ ന്യൂസിലാൻഡിൽ നിന്നും 40000 (നാല്പതിനായിരം) മൈൽ സഞ്ചരിച്ച്, അമേരിക്കൻ ഭൂഖണ്ഡത്തിൽ ഓരോവർഷവും ഇരതേടി എത്തുന്നു. ലോകത്തിൽ ഏറ്റവും അധിക ദൂരം ദേശാന്തര ഗമനം നടത്തുന്ന ജീവി "' സൂട്ടി ഷിയർ വാട്ടേഴ്സ് "' എന്ന പക്ഷികളാണ്.

ദേശിയ പാർക്കിന് ചുറ്റുമുള്ള സ്ഥലങ്ങൾ അനേകം വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ‘”ചിമ്മിനി റോക്ക് ട്രയലിന്റെ ഒരുവശത്ത്, കടൽക്കരയിൽ “”എലിഫന്റ് സീൽ വെയിൽ കായുന്നത് കാണുവാൻ സാധിച്ചു. അനേകം മാനുകളും, ഇരതേടി നടക്കുന്ന” ഒരു കുറുക്കനെയും വഴിയരികിൽ കണ്ടു. കടലിനുള്ളിലെ ഉയർന്ന് നിൽക്കുന്ന ഒരുചെറിയ മല, പെലിക്കൻ പക്ഷികളുടെ മാത്രം സാമ്രാജ്യമായി നിലകൊള്ളുന്നു.

സ്പാനിഷ് നാവികർ മുനമ്പുകളുടെ രാജാവ് എന്ന് വിളിച്ച ഈ മുനമ്പ് കടന്നുപോകുമ്പോൾ അവരുടെ പ്രാർത്ഥന, “ദൈവമേ ഈ അപകടകരമായ പ്രദേശം കടന്നുപോകുവാൻ ഞങ്ങളെ സഹായി ക്കേണമേ” എന്നതായിരുന്നു."" പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി ഭൂമിയെ സ്വർഗമാക്കാൻ ശ്രമിച്ച സാഹസികരായ നാവികരോടുള്ള ബഹുമാനസൂചകമായി “’പോയൻറ് റിയാസെന്ന’’ വിളക്കുമരം എന്നും നിലകൊള്ളട്ടെ.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code