Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു കോവിഡ് സാക്ഷരതാ ദിനം (ടോണി ചിറ്റിലപ്പിള്ളി )

Picture

നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണം നടത്തുന്നത്.ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിർദ്ദേശിച്ചിട്ടുണ്ട്."മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനും ഡിജിറ്റൽ വിഭജനം കുറയ്ക്കാനും ഉള്ളതായിരിക്കണം സാക്ഷരതയെന്ന്" യു.എന്നിന്റെ 2021 ലെ അന്താരാഷ്ട്ര സാക്ഷരതദിന മുദ്രാവാക്യം ലക്ഷ്യമിടുന്നു.

കോവിഡ്-19 മഹാമാരി സാക്ഷരതയുടെ നിർണായക പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ഭാഗമായി അതിന്റെ അന്തർലീനമായ പ്രാധാന്യത്തിനപ്പുറം, സാക്ഷരത വ്യക്തികളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുകയും അവർക്ക് വിലമതിക്കാനാകുന്ന തരത്തിലുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.സുസ്ഥിര വികസനത്തിന് ഇത് ഒരു പ്രേരകവുമാണ്.

സുസ്ഥിര വികസന ലക്ഷ്യം നിർവചിച്ചിട്ടുള്ള മാനവികതയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന്റെയും ആജീവനാന്ത പഠനത്തിന്റെയും അവിഭാജ്യ ഘടകമാണ് സാക്ഷരത.അതിനാൽ, കോവിഡ് -19 പ്രതിസന്ധിയിൽ നിന്ന് മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിന് സാക്ഷരത പ്രധാനമാണ്.

ഇന്ന് ലോകത്ത് 77.3 കോടി പേരും പ്രാഥമിക സാക്ഷരതയില്ലാത്തവരാണ്.61.3 കോടി കുട്ടികളും കൗമാരക്കാരും വായിക്കാനും കണക്കുകൂട്ടാനും ശിക്ഷണം ലഭിക്കാത്തവരാണ്.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) 2020 റിപ്പോര്‍ട്ടു പ്രകാരം 96.2 ശതമാനമാണ് കേരള സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക്.ഇന്ത്യയിലേത് 77.7 ശതമാനവും ആണ്.

1990 കളിൽ കേരളത്തിൽ വിശപ്പ് മൂത്ത മനുഷ്യര്‍ തീ പിടിച്ച അക്ഷരങ്ങളെ തിന്ന് വിശപ്പടക്കിയ കാലം.കേരളത്തിന്‍റെ നഗരഗ്രാമാന്തരങ്ങള്‍ അക്ഷരജ്വാലയില്‍ ആളിപടര്‍ന്നു.സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയലാണെന്ന വിദ്യാഭ്യാസചിന്തകന്‍ പൌലോഫ്രെയറിന്‍റെ വാക്കുകള്‍ മലയാള നാട്ടിലും നഗരത്തിലും ഉച്ചത്തില്‍ മു‍ഴങ്ങി.കേരളം സമ്പൂർണ്ണ സാക്ഷരരായി.

എങ്ങിനെയാകണം സാക്ഷരതാ പ്രവര്‍ത്തനം?

സാക്ഷരത, സമ്പൂർണ സാക്ഷരത എന്നിവയെ സംബന്ധിച്ച ധാരണ പിശക് സമൂഹത്തിൽ വ്യാപകമാണ്. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും വായിക്കാനും എഴുതാനും പ്രയോഗിക്കാനുമുള്ള ശേഷിയാണ് സാക്ഷരതയെന്ന ധാരണയാണ് പൊതുവിലുള്ളത്.ഒരു പരിധിവരെ ശരിയാണ്.കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ ശേഷി ആർജിച്ചുകഴിഞ്ഞു എന്ന ധാരണയാണ് സമ്പൂർണ സാക്ഷരതയെ സംബന്ധിച്ച് നിലനിൽക്കുന്നത്.ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമായ അവബോധം ആർജിക്കുക എന്നതാണ് സാക്ഷരതയുടെ ആത്യന്തികമായ ലക്ഷ്യം.അതിലൂടെ വ്യക്തി സാമൂഹ്യബോധത്തിലേക്ക് ഉയണമെന്ന ലക്ഷ്യമാണ് ഇന്ന് സമ്പൂർണ സാക്ഷരത കൊണ്ട് ഉദ്ദേശിക്കുന്നത്.

ജനാധിപത്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കുമ്പോഴാണ് സാക്ഷരത അർഥവത്താകുന്നത്. അതായത്, കേവല സാക്ഷരതയും സാമൂഹ്യ സാക്ഷരതയും ഒത്തുചേരുമ്പോഴാണ് സാക്ഷരസമൂഹം രൂപപ്പെടുന്നത്.വെറും അക്ഷരമെഴുതി പഠിക്കലും പഠിപ്പിക്കലുമല്ല സാക്ഷരതാ പ്രവര്‍ത്തനം.എഴുത്തിനും വായനക്കും പുറമെ ആവശ്യങ്ങളെയും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള ബോധ്യങ്ങളാണ് സാക്ഷരതയിലൂടെ പൗരസമൂഹം കൈവരിക്കേണ്ടത്.

മലയാളി മനസുകളിൽ സാക്ഷരതയുണ്ടോ?

അക്ഷരങ്ങൾക്കും അറിവുകൾക്കും മീതെ അരങ്ങുവാഴുന്ന ആൾ ദൈവങ്ങളുടെ നാട് തന്നെയാണ് ഇപ്പോഴും കേരളം.വിദ്യാഭ്യാസത്തിലും ചിന്താ ശേഷിയിലും വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് മേനി നടിക്കുന്നത് കേരളത്തിന്‌ ഭൂക്ഷണമല്ല.സ്വന്തം ബുദ്ധി വേണ്ടിടത്ത് കൃത്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ യഥാർത്ഥ സാക്ഷരത നമ്മൾ കൈവരിച്ചോ എന്ന് ഓരോ മലയാളിയും സ്വയം പരിശോധിക്കേണ്ട സമയമാണ് ഇത്.

ജാതിയുടെയും,നിറത്തിന്റെയും,പണത്തിന്റെയും തരംതിരിവ് കാണാത്തവർ എത്ര പേരുണ്ട് കേരള സമൂഹത്തിൽ?..വിധിയിലും കാലങ്ങളിലും സമയങ്ങളിലും ദോഷങ്ങളിലും അന്ധവിശ്വാസങ്ങളിലും ശകുനത്തിലും വിശ്വസിക്കാത്തവർ എത്രപേരുണ്ട്?..ചെയ്യുന്ന കാര്യങ്ങൾ വിഡ്ഢിത്തരമാണെന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും അറിഞ്ഞപ്പോൾ പിന്തിരിയാനോ എതിർക്കാനോ കഴിഞ്ഞവർ എത്രപേരുണ്ട്? തട്ടിപ്പിലും വെട്ടിപ്പിലും വീഴാത്തവർ ആരുണ്ട്?...വലിയ സാക്ഷര വീരൻമാരാണ് സ്ത്രീധനം വാങ്ങിച്ച് വിവാഹം കഴിക്കുന്ന മലയാളികൾ !!! യഥാർത്ഥ സാക്ഷരതയിലേക്ക് നാം ഇനി എത്ര ദൂരം നടക്കണം?

100 ശതമാനം സാക്ഷരത കൈവരിച്ച മലയാളികളാണ് മണി ചെയിൻ, ആട്- തേക്ക് മാഞ്ചിയം, മോറിസ് കോയിൻ,തുടങ്ങിയ ഉടായിപ്പ് പരിപാടികളിൽ മിക്കവരും കൊണ്ടുപോയി തല വെക്കുന്നത്.വാട്സാപ്പ്, ഫേസ് ബുക്ക്,ടെലഗ്രാം തുടങ്ങി നിരവധി ഗ്രൂപ്പുകൾ സൃഷ്ടിച്ച നിക്ഷേപ തട്ടിപ്പുകളിൽ തല വച്ച് കൊടുക്കാൻ സാക്ഷരതാ വീരന്മാർക്ക് ഒരുമടിയുമില്ല.കണ്ടു പഠിക്കാത്തവൻ കൊണ്ട് പഠിക്കും എന്ന പഴയ പ്രയോഗത്തെ കാറ്റിൽ പറത്തിക്കൊണ്ട്, കൊണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് മലയാളി.

ഒരു കോവിഡ് സാക്ഷരത

തൊലിപ്പുറത്തെ വിദ്യാഭ്യാസത്തിലൂടെ എഴുതും വായനയും കാണാപ്പാഠം പഠിച്ചവർ എന്നല്ലാതെ ബുദ്ധിയുപയോഗിച്ച് ചിന്തിക്കാൻ കഴിയുന്നവർ ആണോ നമ്മൾ? ഇത്രയും സാക്ഷരത ഉള്ള കേരളത്തിലാണോ കോവിഡ് കുതിച്ചുയരുന്നത്?എന്തിനാണ് നാം സർക്കാരിനെ പഴിക്കുന്നത്?എന്ത് വില കൊടുത്തും കേരളം അടിപൊളി ആണെന്ന് തെളിയിക്കണം എന്ന് നാം ചിന്തിക്കേണ്ടതില്ല.കോവിഡ് പോസിറ്റീവ് ആളുകളുടെ എണ്ണമല്ല നമ്മുടെ കഴിവ് തെളിയിക്കുന്ന ഘടകം.ഈ രോഗകാലത്ത്‌ കേരളത്തിലെ ജനങ്ങൾക്ക് ആത്യന്തികമായി എന്താണ് നല്ലത് എന്നാണ് ചിന്തിക്കേണ്ടത്.സ്വയം നിയന്ത്രണം നമുക്ക് അനിവാര്യമാണ്.

മാസ്കുകൾ കഴുത്തിലിട്ടു നടക്കുന്നതല്ലല്ലോ കോവിഡ് സാക്ഷരത.പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന മലയാളിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ?കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദുർബലനായി മലയാളി പരിണമിച്ചു.നൂറു ശതമാനം സാക്ഷരതയുള്ള സാമാന്യ ബുദ്ധിയില്ലാത്ത പ്രബുദ്ധരായ ജനതയാണ് മലയാളികൾ എന്ന് ചിലപ്പോൾ തോന്നാറുണ്ട്.

ഇനി ഒരു കാര്യം തുറന്നു പറയട്ടെ.ഒരു വിഷയം പഠിച്ച്,അതില്‍ പല വശങ്ങള്‍ മനസ്സിലാക്കി ഒരു അഭിപ്രായം രൂപീകരിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഒരു ദുരന്തം ആണ് നാം മലയാളികൾ.മുന്‍ധാരണകള്‍ മാത്രമാണ് നമ്മുടെ ചിലരുടെ ബലം.ചാനലിലും ചായക്കടയിലും തെരുവിലും ബാര്‍ബര്‍ ഷാപ്പിലും കേട്ട നുറുങ്ങുകളും പൊടികളും ആണ് ആകെയുള്ള അറിവ്.ലോക കാര്യങ്ങള്‍ അതിന്റെ നിജ സ്ഥിതിയില്‍ വായിക്കാനും പഠിക്കാനും ഒന്നും വലിയ താല്പര്യം ഇല്ല.ഫേസ്ബുക്കും വട്സാപ്പും ടെലിഗ്രാമും ആണ് ഇന്നത്തെ നമ്മുടെ ബുദ്ധിയുടെ കേന്ദ്രങ്ങൾ.

സർക്കാർ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സ്വതസിദ്ധമായ ശൈലിഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. മലയാളികള്‍ക്ക് അത് ഇരട്ടിയിലധികമാണ്.കോവിഡെന്ന മഹാമാരി മുന്നിൽ നില്‍ക്കുമ്പോഴും സങ്കുചിത താല്‍പര്യങ്ങളുടെയും നിസ്സംഗതയുടെയും അഹങ്കാരത്തിന്റെയും ശീലങ്ങൾ മാറ്റാത്തവരോട് വ്യാസ മഹർഷി പറഞ്ഞ കാര്യം ഓർമ്മിപ്പിക്കട്ടെ,"ഞാൻ തലയില്‍ കൈവെച്ച് ഇവരോട് പറയുന്നുണ്ട്,എന്നിട്ടും ആരും കേള്‍ക്കുന്നില്ല.എന്നാലും ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും".

സാക്ഷരതാ ദിനം ആചരിക്കുമ്പോൾ സംയമനത്തോടെ കോവിഡ് കാര്യങ്ങൾ മനസ്സിലാക്കി നാം മലയാളികൾ ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കുകയാണ് അഭികാമ്യം.മാസ്‌ക്, സാമൂഹിക അകലം,ഹസ്ത ശുദ്ധി, ആൾക്കൂട്ടം ഒഴിവാക്കൽ, രോഗികളെ കണ്ടെത്തി വീട്ടിൽ ഇരുത്തൽ എന്നീ മാർഗങ്ങളിലൂടെ വേഗത കുറക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.ഒരു കോവിഡ് സാക്ഷരത തന്നെ കേരളത്തിൽ ആവശ്യമായിരിക്കുന്നു.സ്വയമായുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ സ്വാതന്ത്ര്യവും ലഭ്യമാകുന്ന രീതിയിൽ മുന്നോട്ടു പോകുന്നതാണ് അഭികാമ്യം.ഇവിടെയാണ് ഇന്ന് സാക്ഷരതയുടെ യഥാർത്ഥ അർത്ഥം കൈവരുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code