Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിദാനന്ദ പുരിയെ അപമാനിക്കാന്‍ സി.പി.എം നടത്തുന്ന അധമ വ്യാപാരങ്ങള്‍ അവസാനിപ്പിക്കുക (സുരേന്ദ്രന്‍ നായര്‍)

Picture

സംഘടിതശക്തികൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളിലും രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി. പി. എം. ന്റെ കോഴിക്കോടുള്ള യുവജന പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും ആരാധകരുള്ള കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയെ അകാരണമായി അപമാനിക്കാനുള്ള അധമ വ്യാപാരത്തിലാണ് കുറച്ചുകാലമായി വ്യാപൃതരായിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പിന്‍വാതില്‍ നിയമനങ്ങളിലുടെ ആയിരക്കണക്കിന് തസ്തികകള്‍ ആശ്രിതര്‍ക്കായി തീറെഴുതുകയും സര്‍വകലാശാല ബിരുധങ്ങലും ഡോക്ടറേറ്റുകളും വെറും പാര്‍ട്ടിനിര്‍മ്മിത ഒസ്യത്തുകളായി ഒതുക്കുകയും ചെയ്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റല്ലാത്ത മുഴുവന്‍ യുവതി യുവാക്കളെയും വെല്ലുവിളിച്ചുകൊണ്ട് സി. പി. എം. ആധിപത്യം തുടരുകയാണ്. ശരിയാ നിയമങ്ങള്‍ പോലെ സമാന്തരമായ പോലീസും വിധി പ്രസ്താവ്യങ്ങളും നടത്തി നാട്ടിലെ നിയമവാഴ്ചയെ അസ്ഥിരപ്പെടുത്തുന്നു. കോടികളുടെ അഴിമതികളെയും നേതാക്കളുടെ അനാശ്യാസ പ്രവര്‍ത്തനങ്ങളെയും വെള്ള പൂശുന്നു. അത്തരം വെള്ളപൂശലുകള്‍ക്കു തുല്യം ചാര്‍ത്താനുള്ള ആശ്രിത സംഘങ്ങളായി സംസ്ഥാന പോലീസിനെ ദുരുപയോഗം ചെയ്യുന്നു. ബലാത്സംഗങ്ങളുടെ തീവ്രത അളന്നും കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മുന്തിയ നിയമസഹായവും ആര്‍ഭാട ജയില്‍ ജീവിതവും ഉറപ്പുവരുത്തിയും ഭരണനിര്‍വഹണം പൊടിപൊടിക്കുന്നു.

കൈവിലങ്ങുകള്‍ മാത്രം നഷ്ടപ്പെടാനുണ്ടായിരുന്ന ഒരു വിഭാഗം ഇപ്പോള്‍ ശത കോടീശ്വരന്മാരാകുകയും ശീതീകരിച്ച ഭവനുകളിലിരുന്നു പട്ടിണിക്കാരാന്റെ മോചന രേഖ തയ്യാറാക്കി കാപ്‌സ്യൂളുകളാക്കി കച്ചവടം ചെയ്തു കാലം കഴിക്കുകയും ചെയ്യുന്നു. കാപ്‌സ്യൂളുകളുടെ പുറംതോട് പൊളിയാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന നേതാക്കള്‍ കോഴിക്കോട്ടു ഭാഗത്തുള്ള യുവാക്കളുടെ ആവേശം പൂര്‍വാധികം ശക്തിയായി നിലനില്‍ത്താന്‍ ഇട്ടുകൊടുത്ത ഇരയാണ് അദ്വൈതാശ്രമവും സ്വാമി ചിദാനന്ദ പുരിയും. രാഷ്ട്രിയവും വര്‍ഗീയതയും സമാസമം കൂടിച്ചേര്‍ന്ന ഈ വേട്ടക്കാര്‍ ലക്ഷ്യമിടുന്ന ഇരയെക്കുറിച്ചുകുടി ചിലതു മാലോകര്‍ അറിയേണ്ടതുണ്ട്.

ഋഷികേശിലെ കൈലാസാശ്രമം മഠാധിപതിയില്‍ നിന്നും 1989 ല്‍ സന്യാസദീക്ഷ സ്വീകരിച്ചു ഗുജറാത്തിലെ വിമലാനന്ദപുരി മഹരാജിനെ ശിക്ഷാഗുരുവാക്കി ധര്‍മ്മ സംസ്ഥാപന യാത്ര തുടങ്ങിയ യതി വര്യനാണ് സ്വാമി ചിദാനന്ദപുരി. ആത്മീയാന്വേഷണത്തില്‍ വേദാന്ത രഹസ്യത്തിന്റെ ഉള്ളറകളും ഉപനിഷത് ഉത്‌ബോധനങ്ങളും ആഴത്തില്‍ അടുത്തറിഞ്ഞ അദ്ദേഹം 1992 ലാണ് സത്യാന്വേഷികളുടെ ആവശ്യപ്രകാരം കോഴിക്കോട് ജില്ലയിലെ കൊളത്തൂരില്‍ അദ്വൈതാശ്രമം സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ ആശ്രമത്തിനു ശാഖകളുണ്ടാകുകയും അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആരാധകരുണ്ടാകുകയും ചെയ്തു. വേദാന്ത പഠനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബ്രഹ്മ വിദ്യ പീഠം, ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളും ശിഷ്യ സമ്പത്തിന്റെ സഹകരണത്താല്‍ അനുബന്ധമായി സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയിലെവിടെയും നടക്കുന്ന സന്യാസ സമീക്ഷകളില്‍ സനാതന ധര്‍മ്മ വ്യാഖ്യാനത്തിന്റെ നൈപുണ്യം കൊണ്ടും ബഹുഭാഷാ പ്രാവീണ്യം കൊണ്ടും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള സ്വാമി ഗുജറാത്തിലെ മാധവാശ്രമത്തിന്റെ അധിപതിയും കേരള മാര്‍ഗ്ഗദര്‍ശക മണ്ഡലം പ്രസിഡന്റുമാണ്. വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഹൈന്ദവ ധര്‍മ്മത്തിന്റെ പ്രഘോഷകന്‍ എന്ന നിലയിലും അദ്ദേഹം ഇന്ന് ലോകാരാധ്യനാണ്.

ലോകവ്യാപകമായി നിരന്തരം യാത്രചെയ്തു ധര്‍മ്മ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടല്‍ ആധ്യാത്മിക വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹ്യ സമസ്യകളിലും തന്റെ ധാര്‍മ്മികമായ നിലപാട് മറ്റാരെയും മുറിപ്പെടുത്താതെ ഉറക്കെ പ്രഖ്യാപിക്കാന്‍ അദ്ദേഹം മടിക്കാറില്ല. പണ്ഡിതോചിതവും സംവാദാത്മകവുമായ അദ്ദേഹത്തിന്റെ നിലപാടുകളാണ് കമ്മ്യൂണിസ്റ്റു രാഷ്ട്രീയക്കാരെയും നുണവ്യാപാരികളെയും അസ്വസ്തരാക്കുന്നത്.

കമ്മ്യൂണിസ്റ്റ് ഉരുക്കു മുഷ്ടിയില്‍ അമര്‍ന്നുപോയ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഒരാള്‍ ആശ്രമത്തില്‍ എത്തിയതും അവിടെനിന്നു സന്യാസം സ്വീകരിച്ചു ധര്‍മ്മ പ്രചാരണം ഏറ്റെടുത്തതും നിരീശ്വരവാദികളും സദാചാര വിരുദ്ധരുമായ ചിലരെ പ്രകോപിതരാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വരട്ടു വാദങ്ങളെയും കാലഹരണപ്പെട്ട വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പൊള്ളത്തരത്തെയും, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന ന്യുനപക്ഷ പ്രീണനങ്ങളേയും പൊതുവേദികളില്‍ എതിര്‍ക്കുന്ന സ്വാമി ദിവസക്കൂലിക്കാരെ നിയോഗിച്ചു ഹൈന്ദവ ഗ്രന്ഥങ്ങള്‍ക്കു ദുര്‍വ്യാഖ്യാനം ചമയ്ക്കുന്ന അധികാര സ്ഥാപനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാറുണ്ട്. ഇത്തരം ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ സഹിഷ്ണതയോടെ കാണാന്‍ കഴിയാത്തതിനാലാണ് കായികമായി നേരിടാനും ദുഷ്പ്രചാരണങ്ങള്‍ ഉണ്ടാക്കാനും ഇക്കൂട്ടരെ പ്രേരിപ്പിച്ചിരിക്കുന്നത്.

ആരുടേയും ആഹ്വാനമില്ലാതെ സജ്ജനങ്ങള്‍ മുന്‍കൈയെടുത്തു സംഘടിപ്പിക്കുന്ന പ്രഭാഷണ വേദികള്‍ അലങ്കോലപ്പെടുത്തുക, സൈബര്‍ ആക്രമങ്ങള്‍ അഴിച്ചുവിടുക എന്നിവ കൂടാതെ 1998 ല്‍ കുറ്റിയാടിയില്‍ വച്ച് അദ്ദേഹത്തെ തടഞ്ഞുവച്ചു കൈയേറ്റം ചെയ്തതും നാദാപുരത്തെ അരൂരില്‍ കായികാക്രമണം നടത്തിയതുമൊക്കെ അദ്ദേഹത്തിന്റെ സന്യാസിസഹജമായ സംയമനം കൊണ്ടും ഹിന്ദു ജനതയുടെ ക്ഷമാശീലം കൊണ്ടും വലിയ പ്രതികരണങ്ങള്‍ ഇല്ലാതെ അവസാനിച്ച അധ്യായങ്ങളാണ്.

ശ്രവണ വൈകല്യമുള്ളവന്റെ മുന്‍പില്‍ വീണ വായിക്കുന്നതുപോലെ, സ്വാമി കോഴിക്കോട് സര്‍വകലാശാലയിലെ സനാതന ധര്‍മ്മ വിദ്യ പീഠത്തിലെ വിസിറ്റിംഗ് പ്രൊഫസ്സര്‍ ആണെന്നോ അനേകം പ്രകരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണെന്നോ ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഇപ്പോഴുണ്ടായിരിക്കുന്ന ഡി.വൈ. എഫ്. ഐ. തീസിസിന്റെയും ആക്രമണ ശ്രമങ്ങളുടെയും നിജസ്ഥിതി കൂടെ പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു കരുതുന്നു.

ആശ്രമത്തിലെ അന്തേവാസികളുടെയും പരിസരവാസികളുടെയും അഭ്യര്‍ത്ഥന പ്രകാരം 2018 ല്‍ ആശ്രമത്തിന്റെ അധീനതയില്‍ ഉള്ള സ്ഥലത്തു പേരാബ്ര ശിവശക്തി കളരി സംഘത്തിന് ഒരു പരിശീലനകേന്ദ്രം തുടങ്ങാന്‍ സൗജന്യമായി സ്ഥലം അനുവദിക്കുന്നു. കേരള സ്‌പോര്‍ട്‌സ് കോണ്‍സിലിന്റെയും മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്‌സിന്റെയും അംഗീകാരമുള്ള കളരി സംഘം മജീന്ദ്രന്‍ എന്ന ഗുരുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കളരിയില്‍ അനേകം യുവതി യുവാക്കള്‍ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ ബാധിച്ച പ്രളയത്തെ തുടര്‍ന്ന് രണ്ടു പ്രാവശ്യം പ്രവര്‍ത്തനം നിര്‍ത്തിവച്ച സംഘം കോവിഡ് ബാധയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അടച്ചുപൂട്ടുകയും ചെയ്തു.

എന്നാല്‍ അവിടെ പഠിക്കുകയും പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്ക് മാറി പോകുകയും ചെയ്ത ഒരു പെണ്‍കുട്ടി ചില മാനസിക അസ്വസ്ഥതല്‍ കാട്ടിയതിനെതുടര്‍ന്ന് മനോരോഗ വിദഗ്ധനെ സമീപിച്ചപ്പോള്‍ മൂന്നു വര്ഷം മുന്‍പ് തനിക്കു ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്നു പറഞ്ഞതില്‍ പ്രകാരം പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു മജീന്ദ്രനെ അറസ്റ്റുചെയ്തു റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ആശ്രമത്തിന്റെ ഭാഗമായോ നിയന്ത്രണത്തിലോ അല്ലാത്ത ഈ സ്ഥാപനത്തില്‍ നടന്നുവെന്ന് ആരോപിക്കുന്ന ഈ സംഭവത്തില്‍ ആശ്രമത്തിനു പങ്കുണ്ടെന്നു ഒരു അന്വേഷണ ഉദ്യോഗസ്ഥനും നാളിതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല വാദിക്കോ പ്രതിക്കൊ വേണ്ടി ആശ്രമം ഒരിടപെടലും എവിടെയും നടത്തിയിട്ടുമില്ല. എന്നിട്ടും ഡി. വൈ. എഫ്. ഐ യും ചില ഹിന്ദു വിരുദ്ധരും ചേര്‍ന്ന് ആശ്രമത്തിനും സ്വാമിക്കും എതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ ദുരുപദിഷ്ടവും അപഹാസ്യവുമാണ്.

രാഷ്ട്രീയ മത ലക്ഷ്യങ്ങളോടെയുള്ള ഈ അധമ വ്യാപാരത്തിന്റെ ലാഭനഷ്ടങ്ങള്‍ കൂട്ടിക്കിഴിച്ച സി. പി. എം. നേതൃത്വം തത്കാലം അണികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഹിന്ദു വിരുദ്ധത വൃതമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ, ആശയങ്ങളെ ആക്രമണം കൊണ്ട് നേരിടാമെന്ന വ്യാമോഹം ഇവിടെ അവസാനിക്കുമെന്ന് കരുതാന്‍ വയ്യ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code