Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുരന്തവാഹിയാകാതിരിക്കട്ടെ, നമ്മുടെ ചെക്ക് ഡാം (ബിജു കെ തോമസ്)

Picture

നമ്മുടെ മൂവാറ്റുപുഴയില്‍ നാളെയൊരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുവാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുന്‍കൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ചും ആവര്‍ത്തിച്ച് സൂചിപ്പിക്കുവാനാണ് ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്.

മുന്‍പ്, പലവട്ടം ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും സംസാരിക്കുവാനും സാധിച്ചിരുന്നെങ്കിലും, നിരാശയായിരുന്നു ഫലം.

ഇനിയുള്ള പ്രതീക്ഷ പുതിയ ഭരണ കര്‍ത്താക്കളിലാണ്. സത്വരശ്രദ്ധയും, അനല്പവേഗതയോടെയുള്ള ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് പ്രാഥമികമായിത്തന്നെ അഭ്യര്‍ത്ഥിക്കുന്നു.

മൂവാറ്റുപുഴയാറില്‍ വാളകം പഞ്ചായത്തിലെ റാക്കാട് ഭാഗത്തെയും, മാറാടി പഞ്ചായത്തിലെ കായനാട് ഭാഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതരത്തില്‍ ഒരു 'തടയണ' അഥവാ 'ചെക്ക് ഡാം' സ്ഥിതിചെയ്യുന്ന വിവരം അറിവുള്ളതായിരിക്കുമെന്ന് കരുതുന്നു.

മൂവാറ്റുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലലഭ്യതയ്ക്ക് വേനല്‍ക്കാലങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന ഘട്ടത്തില്‍ നിര്‍മ്മിക്കേണ്ടിവന്ന ഒന്നാണല്ലോ ഈ "ചെക്ക് ഡാം' . ഇതിന്റെ നിര്‍മ്മാണശേഷം നാളിതുവരെ, ഈ നദിയിലെ ത്രിവേണീസംഗമം മുതല്‍ 'ചെക്ക് ഡാം' വരെയുള്ള ഭാഗത്ത് വിവിധ വിധങ്ങളില്‍ നദിയെ ആശ്രയിച്ച്, ഉപയോഗിച്ചിരുന്ന ജനങ്ങളെസംബന്ധിച്ച് ഈ നദി, സ്വാഭാവികമായ അടിയൊഴുക്ക് നഷ്ടപ്പെട്ട 'മാലിന്യക്കുള'മായി മാറിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

മാലിന്യരഹിതമായ മണല്‍നിറഞ്ഞ അടിത്തട്ടോടുകൂടി സുന്ദരമായിരുന്നതും നിരവധി ജനങ്ങള്‍ നിത്യേനയെത്തി ഉപയോഗിച്ചുവന്നിരുന്നതുമായ, ഇത്രയും ഭാഗത്തെ ഏതാണ്ട് എല്ലാ കടവുകളുംതന്നെ ഇപ്പോള്‍, എക്കല്‍ അടിഞ്ഞ് വൃത്തിഹീനമായി, കാട് കയറിയ നിലയിലാണ് കാണപ്പെടുന്നത്.

ഏറെ സങ്കടകരമായ വസ്തുത മറ്റൊന്നാണ്. മേല്‍ സൂചിപ്പിക്കപ്പെട്ട ഈ 'മാലിന്യകുള'ത്തിലാണ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കുടിവെള്ളം പമ്പ് ചെയ്‌തെടുക്കുന്ന 'കിണര്‍' സ്ഥിതിചെയ്യുന്നത്. ത്രിവേണീസംഗമത്തിനുമുകളിലുള്ള മൂന്നുനദികളിലൂടെയും അലിഞ്ഞടിഞ്ഞ് ഒഴുകിയെത്തുന്ന മുഴുവന്‍ മാലിന്യവും ഈ ഭാഗത്ത് തടഞ്ഞുനിര്‍ത്തപ്പെടുകയാണിപ്പോള്‍. ഇപ്രകാരം ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ രൂക്ഷത എത്രമാത്രമെന്നതും ഊഹിക്കാവുന്നതേയുള്ളൂ.

ഏത് നിമിഷവും പടര്‍ന്നുപിടിക്കുവാന്‍ സാധ്യതയുള്ള, 'ജലജന്യ മഹാവ്യാഥി'കളുടെ 'അണ' കൂടിയാണിവിടെ കെട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്നുള്ളത്, നിസ്സാരവല്‍ക്കരിക്കാവുന്ന ഒന്നാണെന്ന് കരുതുന്നില്ല.

'ചെക്ക് ഡാം' നിര്‍മ്മാണത്തിന് ചുക്കാന്‍പിടിച്ച ഉദ്യോഗസ്ഥ - ഭരണവൃന്ദത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കഴിവുകേടും മാത്രമാണ് ഈ ദുരവസ്ഥയ്ക്കു നിദാനമെന്നുവേണം കരുതാന്‍.

ഇത് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടത് ഈ നാടിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ആവശ്യകതയാണ്. മഴക്കാലത്തും അവശ്യഘട്ടങ്ങളിലും തുറന്നുവിടുവാന്‍ കഴിയുന്ന വിധത്തിലുള്ള ഷട്ടര്‍ സംവിധാനത്തോടുകൂടി, റാക്കാട് 'ചെക്ക് ഡാം' പുന:ര്‍നിര്‍മ്മിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.

കുടിവെള്ളം പമ്പ് ചെയ്‌തെടുക്കുന്ന കിണറില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാറില്ലാത്ത മഴക്കാലത്ത്, നദിയുടെ സ്വാഭാവിക അടിയൊഴുക്കിന് തടസ്സങ്ങളേതുമുണ്ടാകാത്തവിധം, ഷട്ടറുകള്‍ തുറന്നിടുവാന്‍ കഴിയേണ്ടതുണ്ട്. കാലവര്‍ഷം അവസാനിക്കുന്ന മുറയ്ക്ക് ഷട്ടറുകള്‍ താഴ്ത്തി കുടിവെള്ളം പമ്പ്‌ചെയ്യുന്ന കിണറിലേയ്ക്ക് വേനല്‍ക്കാല ജലലഭ്യത ഉറപ്പുവരുത്തു ട്കയും ചെയ്യാം.

മഴക്കാലത്ത് അടിയൊഴുക്ക് സുഗമമാക്കി നിര്‍ത്തുന്നതിലൂടെ ഈ ഭാഗത്തെ നദിയുടെ സ്വാഭാവിക ശുദ്ധീകരണം തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയും, അപ്രകാരം നമ്മുടെ പുഴയുടെ പഴയ പ്രതാപം വീണ്ടെടുക്കുകയും ചെയ്യാവുന്നതാണ്.

നമ്മുടെ എം പി അടക്കമുള്ള ജനപ്രതിനിധികളെയും, ജില്ലാ ഭരണ സംവിധാനത്തെയും ബന്ധപ്പെട്ട മറ്റെല്ലാ പ്രാദേശിക ഭരണ സംവിധാനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് തന്നെ ബഹു: മൂവാറ്റുപുഴ എം എല്‍ എ യുടെ നേതൃത്വത്തില്‍, സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട്, വിഷയ പരിഹാരത്തിന് ഉതകുംവിധമുള്ള ഭരണനടപടികള്‍ക്കായി , ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടാകണമെന്ന് ഒരിക്കല്‍ക്കൂടി, ശുഭപ്രതീക്ഷയോടെ അഭ്യര്‍ത്ഥിക്കുന്നു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code