Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലിപ്പ് പാറയ്ക്കല്‍ ഓര്‍മ്മയാകുമ്പോള്‍.......(ഫാ. തോമസ് താഴപ്പള്ളി ഒ.എസ്.എച്ച്, കാനഡ)

Picture

ഫിലിപ്പ് പാറയ്ക്കല്‍ (ജോമി, 68) ജൂലൈ 13 രാത്രി 10.30 ന് താന്‍ എന്നും സ്‌നേഹിച്ച ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഉറ്റവരും സുഹൃത്തുക്കളും സമീപം നില്‍ക്കെ ലോസ് ആഞ്ചലസിലുള്ള ചാര്‍ട്‌സ് വര്‍ത്തിലെ സ്വഭവനത്തില്‍ നിര്യാതനായി. ജോമി എന്ന് വിളിക്കപ്പെട്ടിരുന്ന ഫിലിപ്പിന്റെ നിര്യാണം അവര്‍ക്കു താങ്ങാനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ആര് വിളിച്ചാലും ഓടി എത്തുന്ന, ഏതു ചോദ്യത്തിനും ശരിയായ മറുപടിയുള്ള, ഏതു സഹായത്തിനും മടികാണിക്കാത്ത ഏവര്‍ക്കും പ്രിയങ്കരനായ ഒരു നല്ല മനുഷ്യന്‍, നല്ല കുടുംബനാഥന്‍, നല്ല അയല്‍ക്കാരന്‍, എല്ലാവരുടെയും അഭ്യുദയകാംക്ഷിയായിരുന്ന അദ്ദേഹം ഇനി ഒരു തിരിച്ചു വരവില്ലാത്ത ലോകത്തിലേക്ക് യാത്രയായിരിക്കുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന് 15 വര്‍ഷക്കാലം രാജ്യത്തെ സേവിച്ചതിനുശേഷം റിട്ടയര്‍ ചെയ്തു മൂന്നു വര്‍ഷത്തില്‍ താഴെ കേരളത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ജോലി ചെയ്തശേഷം 1993 ലാണ് ജോമി അമേരിക്കയിലെത്തിയത്. ലോസ് ആഞ്ചലസില്‍ താമസമാക്കിയ അദ്ദേഹം വളരെ കുറഞ്ഞ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും അവിടുത്തെ സാംസ്കാരിക, സാമുദായിക,സഭാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാവുകയും ചെയ്തു.

സ്കൂള്‍ പഠന കാലത്തു ഒരു വൈദീകനാകാന്‍ ആഗ്രഹിച്ചു ഏറ്റുമാനൂര്‍ ടഎട സെമിനാരിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ച അദ്ദേഹത്തിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന തന്റെ പിതാവിന്റെ അകലമരണത്തെത്തുടര്‍ന്നു അത് തുടരാനായില്ല. വീട്ടിലെ ആറ് മക്കളില്‍ മൂത്ത ആളെന്ന നിലയില്‍ കുടുംബത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ദൗത്യം പ്രിയ മാതാവിനോടൊപ്പം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. ഇളയ സഹോദരങ്ങളുടെ പഠനത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ വ്യക്തമായ കയ്യൊപ്പുണ്ട്. അവരില്‍ മൂന്നു പേര്‍ ഇപ്പോള്‍ അമേരിക്കയിലും ഒരാള്‍ ഇംഗ്ലണ്ടിലും ഒരാള്‍ കേരളത്തിലും സന്തോഷമായി ജീവിക്കുന്നു. 87 വയസ്സുള്ള 'അമ്മ വേണ്ടത്ര സംരക്ഷണയോടെ കേരളത്തില്‍ സ്വഭവനത്തില്‍ കഴിയുന്നു.

ആഴമേറിയ വായനയും, പഠനവുമുള്ള നല്ല അറിവുള്ള വ്യക്തിയായിരുന്നു ജോമി. ജന്മദിനങ്ങളിലും വിവാഹ വാര്‍ഷിക ദിനങ്ങളിലും ഏറ്റവും അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം പുസ്തകങ്ങളായിരുന്നു. മലയാളത്തിലും ഇഗ്‌ളീഷിലുമായി പത്തോളം പത്രങ്ങള്‍ ദിവസവും വായിക്കുന്ന അദ്ദേഹത്തിന് അമേരിക്കയുടെയും ഇന്ത്യയുടേയും രാഷ്ട്രീയമുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും നല്ലൊരു കത്തോലിക്കാനായിരുന്ന അദ്ദേഹത്തിന് ഇതര സഭാവിഭാഗങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും നല്ല അറിവും അതുകൊണ്ടുതന്നെ വലിയ ആദരവും ഉണ്ടായിരുന്നു. ധ്യാനപ്രസംഗങ്ങള്‍ ഉള്‍പ്പെടെ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു . ഒരു ഉത്തമ വിശ്വാസി എന്ന നിലയില്‍ ആചാരാനുഷ്ടാനങ്ങളിലും തിരുകര്‍മ്മങ്ങളിലും നിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം ചിന്തിക്കുന്നത് പറയുകയും; പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവത്തിനുടമയായിരുന്നു. ഒരു പട്ടാളക്കാരനെന്നപോലെ ജീവിതത്തില്‍ നിഷ്ഠയും കൃത്യതയും പാലിച്ചിരുന്ന അദ്ദേഹം അധരവും ഹൃദയവും തമ്മില്‍ ഒരു ഗാഢമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

1987ല്‍ ഉഴവൂര്‍ ഈസ്റ്റ് വള്ളിപ്പടവില്‍ ഗ്രേസിയെ വിവാഹം ചെയ്ത അദ്ദേഹത്തിന്റെ കുടുംബജീവിതം തികച്ചും ക്രിസ്തീയവും മാതൃകാപരവുമായിരുന്നു. മക്കളെന്നതിലുപരി ഉറ്റ സ്‌നേഹിതരെപ്പോലെയാണ് ഉന്നതമൂല്യങ്ങള്‍ പകര്‍ന്നു കൊടുത്തു ഉണ്ണിയേയും റോണിയെയും വളര്‍ത്തിയത്. 34 വര്‍ഷം സന്തതസഹചാരിയായിരുന്ന ഭാര്യയുടെയും സ്‌നേഹനിധികളായ മക്കളുടെയും, മക്കളെപ്പോലെ കണ്ടിരുന്ന മരുമക്കളായ നിമ്മി,സില്‍പു എന്നിവരുടെയും, സഹോദരങ്ങളായ മേരിക്കുട്ടി, സാവി, ഡെയ്‌സി, സാനി, ബെറ്റി എന്നിവരുടെയും അവരുടെ പങ്കാളികളുടെയും സ്‌നേഹവും ശുശ്രൂഷയും രോഗശയ്യയിലായിരുന്ന എട്ടു മാസക്കാലം മതിയാവോളം ലഭിച്ചതിനുശേഷമാണ് അദ്ദേഹം ഈ ലോകത്തോട് യാത്രയായത്.

ജോമിയും ഞാനുമായി 60 കൊല്ലത്തിലധികം നീളുന്ന നല്ല ബന്ധമുണ്ട്. കസിന്‍ എന്ന നിലയില്‍ െ്രെപമറി സ്കൂള്‍ വിദ്യാഭാസ കാലത്തു തുടങ്ങിയ അടുപ്പം പരസ്പരം ആലോചിക്കാതെ ഒന്നും ചെയ്യാറില്ല എന്ന രീതിയിലുള്ള വലിയ സൗഹൃദത്തിലേക്കു വളര്‍ന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കുടുംബത്തിലെ മറ്റു സഹോദരങ്ങളുടെയും വിവാഹത്തിന് ഞാനായിരുന്നു കാര്‍മ്മികന്‍. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്തു കൈക്കൊണ്ടിരുന്ന അദ്ദേഹം എനിക്കും നല്ലൊരു ആലോചനക്കാരന്‍ ആയിരുന്നു. എത്ര അകലെയായിരുന്നെങ്കിലും പരസ്പരം സംസാരിക്കുവാന്‍ ഞങ്ങള്‍ സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 60 കൊല്ലത്തിനിടയില്‍ ഒരിക്കല്‍പോലും മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ലാത്ത ഞങ്ങള്‍ക്ക് പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞിരുന്നു.

മരണദിനത്തില്‍ അന്ത്യകൂദാശ സ്വീകരിച്ചു എന്റെ കണ്മുന്നില്‍ 60 കൊല്ലത്തെ ഞങ്ങളുടെ ഊഷ്മളബന്ധത്തിന് തിരശീലയിട്ടുകൊണ്ട് ജോമി കാലത്തിന്റെ യവനികള്‍ക്കുള്ളില്‍ മറയുമ്പോള്‍ പ്രാര്‍ത്ഥനാനിരതനായി നോക്കിനില്‍ക്കാനേ എനിക്കായുള്ളു. സുദീര്‍ഘമായ ഞങ്ങളുടെ ആത്മബന്ധം ഒരു ഓര്‍മ്മ മാത്രമാകുബോള്‍ അത് എന്നിലേല്‍പ്പിച്ച ശൂന്യത എത്ര പറഞ്ഞാലും മതിയാവില്ല.

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code