Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുപ്രീംകോടതി വിധി സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്നത് കുപ്രചരണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Picture

കൊച്ചി: സംവരണം പരമാവധി 50 ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും അതേസമയം പതിറ്റാണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും കാലക്രമേണ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

മഹാരാഷ്ട്രയില്‍ മറാത്ത സമുദായത്തിന് 16 ശതമാനം സംവരണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സുപ്രീംകോടതി വിധി ജാതിസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ഇതിനെ സാമ്പത്തിക സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ കുപ്രചരണങ്ങള്‍ ശുദ്ധ അസംബന്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കുന്നതുമാണ്. കോടതിവിധിയുടെ മറവില്‍ സാമ്പത്തിക സംവരണം അട്ടിമറിക്കപ്പെടുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ല. സാമ്പത്തിക സംവരണത്തെക്കുറിച്ച് ഒരു പരാമര്‍ശവും വിധിന്യായത്തിലില്ല. അതേസമയം ജാതിയില്‍ അധിഷ്ഠിതമായ സംവരണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കോടതിവിധിയിലൂടെ കുരുക്ക് വിണിരിക്കുന്നത് നിലവിലുള്ള ജാതിമത സംവരണത്തിനാണ്.

ഭരണഘടനയുടെ 102ാം ഭേദഗതിയാണ് വിധിന്യായത്തില്‍ കോടതിയുടെ പരിഗണനയില്‍ വന്നത്. സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം 103ാം ഭരണഘടനാഭേദഗതിയുടെ 15(6), 16(6) അനുഛേദത്തിലാണ്. മറാത്ത കേസില്‍ സുപ്രീംകോടതി വിധിയിലോ വാദത്തിലോ ഈ ഭേദഗതികള്‍ പരാമര്‍ശിക്കാത്ത അവസ്ഥയില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിന് യാതൊരു പ്രശ്‌നവുമുണ്ടാകില്ല.

സംവരണേതരവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണവും പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണവും വ്യത്യസ്ഥ ഭരണഘടനാഭേദഗതിയിലൂടെയായിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തെ കോടതിവിധി ബാധിക്കുമെന്ന ചിലരുടെ കണ്ടെത്തലുകള്‍ വിചിത്രവും വസ്തുതകള്‍ വളച്ചൊടിക്കുന്നതുമാണ്.

സുപ്രീംകോടതി വിധി ജാതി സംവരണവുമായി ബന്ധപ്പെട്ടതായിരിക്കുമ്പോള്‍ പതിറ്റാണ്ടുകളായി തുടരുന്ന 49.5 ശതമാനം ജാതിസംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും ഇക്കാര്യത്തില്‍ ഫെഡറല്‍ സംവിധാനത്തിലെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തിലും വരും നാളുകളില്‍ പൊളിച്ചെഴുത്തുണ്ടാകും. പിന്നോക്ക സമുദായങ്ങളുടെ പട്ടികയും സംവരണവും സ്വന്തം നിലയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും 2018ല്‍ നിലവില്‍ വന്ന 102ാം ഭരണഘടനാഭേദഗതിയിലെ 324ാം അനുഛേദപ്രകാരം ഈ അധികാരം രാഷ്ട്രപതിക്കാണെന്നുമുള്ള വിഷയത്തില്‍ ജഡ്ജിമാരുടെ വ്യത്യസ്ത നിലപാടുകള്‍ ഭാവിയില്‍ കൂടുതല്‍ സംവാദങ്ങള്‍ക്ക് ഇടനല്‍കുക മാത്രമല്ല കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 40 ശതമാനം ഒബിസി സംവരണത്തിലുള്ള അനര്‍ഹരായവര്‍ ഒഴിവാക്കപ്പെടുന്നതിന് ഇടയാകുമെന്നും വിലയിരുത്താം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ 27 ശതമാനം മാത്രമുള്ള ഒബിസി സംവരണം 40 ശതമാനം ജാതിസംവരണമായി കേരളത്തില്‍ അട്ടിമറിച്ചിരിക്കുന്നത് തിരുത്തലുകള്‍ക്ക് വിധേയമാകുന്നില്ലെങ്കില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിരിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍ സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code