Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആവേശങ്ങള്‍ക്ക് അതിര്‍വരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)

Picture

ന്യൂജഴ്സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളില്‍ പലര്‍ക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം, ഇത് എങ്ങനെ ഉണ്ടായി എന്നുകൂടി നാം അറിയണം. തൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസിക സമരപോരാട്ടത്തിന്റെ സ്മരണ പുതുക്കി കൊണ്ടാണ് ഓരോവര്‍ഷവും മെയ് 1 ന് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആചരിക്കുന്നത്. സാര്‍വത്രിക സമാധാനത്തിനായി മെയ് ഒന്നാം തീയതി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇത് ദേശീയ, പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ പോലുള്ള ചില രാജ്യങ്ങള്‍ സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനം ആയിട്ട് ആഘോഷിക്കുന്നു.

യൂറോപ്പില്‍ 1848-ലെ വ്യാപകമായ തൊഴിലാളി വിപ്ലവങ്ങളെത്തുടര്‍ന്ന് ലോക വ്യാപകമായി തൊഴില്‍ വിപ്ലവം ആരംഭിച്ചു 1856 ഏപ്രില്‍ 21-ന് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ എല്ലാ നിര്‍മ്മാണ മേഖലകളിലെ തൊഴിലാളികളും ജോലി നിര്‍ത്തികൊണ്ട് മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി. ജോലിക്ക് എട്ട് മണിക്കൂറും വിനോദത്തിന് എട്ട് മണിക്കൂറും വിശ്രമത്തിനായി എട്ട് മണിക്കൂറും അവര്‍ വാദിച്ചു. ഒടുവില്‍ അവരുടെ ധൈര്യത്തിന് പ്രതിഫലം ലഭിച്ചു. അങ്ങനെ തൊഴിലുടമകളുമായുള്ള ചര്‍ച്ച സമാധാനപരമായ കരാറിലേയ്ക്ക് നയിച്ചു. അവര്‍ ഇത് ചരിത്രപരമായ ഒരു വിജയം ആയി മെയ് 12-ന് കാള്‍ട്ടണ്‍ ഗാര്‍ഡനില്‍ നിന്ന് റിച്ച്മണ്ടിലെ കാമറോണ്‍ ഗാര്‍ഡനിലേക്കുള്ള മഹത്തായ മാര്‍ച്ചോടെ ആഘോഷിച്ചു. പിന്നീട് ഇത് ഒരു വാര്‍ഷിക അനുസ്മരണയായി.

യൂറോപ്പില്‍ തൊഴിലാളി വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1864 സെപ്റ്റംബര്‍ 28-ന് ലണ്ടനില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഫസ്റ്റ് ഇന്റര്‍നാഷണല്‍ സംഘടന സ്ഥാപിച്ചു എങ്കിലും 1872-ല്‍ ഇത് രണ്ട് സംഘടനകളായി വിഭജിച്ചു. തുടര്‍ന്ന് ഐ.ഡബ്ല്യു.എ. ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ജനറല്‍ കൗണ്‍സില്‍ അതിന്റെ ആസ്ഥാനം ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റി. എങ്കിലും 1876 ജൂലൈയില്‍ ഫിലാഡല്‍ഫിയ കോണ്‍ഫറന്‍സിനെ തുടര്‍ന്ന് ഇത് പിരിച്ചു വിട്ടു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വേതനം കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ചുണ്ടായ ആദ്യത്തെ പണിമുടക്ക് കാരണം ദേശീയ തൊഴിലാളി ഫെഡറേഷനായി നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) എന്നപേരില്‍ ഫിലാഡല്‍ഫിയയില്‍ പുതിയ സംഘടന ഉണ്ടാക്കി എങ്കിലും ചില സാങ്കേതിക കരണങ്ങളാല്‍ പിന്നീട് ഇത് പിരിച്ചു വിടുകയും തുടര്‍ന്ന് നൈറ്റ്‌സ് ഓഫ് ലേബര്‍ (കെ.ഒ.എല്‍) എന്ന പേരിലും, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ (എ.എഫ്.എല്‍) എന്ന പേരിലും പുതിയ രണ്ടു സംഘടനകള്‍ ഉണ്ടായി.

ഓസ്ട്രേലിയന്‍ തൊഴിലാളികളുടെ വിജയം അമേരിക്കന്‍ തൊഴിലാളികളെ അവരുടെ ആദ്യത്തെ തൊഴില്‍ നിര്‍ത്തലാക്കലിന് പ്രേരിപ്പിച്ചു. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ഇതിനെ പിന്തുണക്കുകയും തൊഴില്‍ നിയമങ്ങള്‍ മാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ ഈ കാര്യങ്ങള്‍ ഫെഡറല്‍ സംവിധാനത്തിലുള്ള തൊഴില്‍ നിയമങ്ങളില്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ എ. എഫ്. എല്‍ -ന്‍റെ ഉപ സംഘടനയായ ചിക്കാഗോ ഫെഡറേഷന്‍ ഓഫ് ലേബര്‍ (സി. എഫ്. എല്‍) 1886 -ല്‍ മെയ് ഒന്നിന് രാജ്യ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. തുടര്‍ന്ന് നടത്തിയ ധര്‍ണകളും, പിക്കറ്റിങ്ങുകളും എല്ലാം പോലീസ് കലാപത്തില്‍ എത്തിച്ചേരുകയും തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മെയ് നാലിന് ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് സ്ക്വയറില്‍ സമാധാനപരമായി നടത്തിയ ഒരു പൊതു സമ്മേളനത്തില്‍ വച്ച് അജ്ഞാതനായ ഒരാള്‍ പോലീസിന് നേരെ ബോംബ് എറിയുകയും തുടര്‍ന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ കലാപത്തില്‍ കുറഞ്ഞത് ഏഴ് പോലീസ് ഉദ്യോഗസ്ഥരും മുപ്പത്തിയെട്ട് സാധാരണക്കാരും മരിക്കുകയും നൂറുകണക്കിന് തൊഴിലാളികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന്‍റെ ഭാഗമായി വീണ്ടും 1889-ല്‍ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള സോഷ്യലിസ്റ്റ്, ലേബര്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സാര്‍വത്രിക സമാധാനത്തിനായി 1889 ജൂലൈ 14-ന് പാരീസില്‍ നടത്തിയ യോഗത്തില്‍വച്ച് രണ്ടാമത്തെ ഇന്റര്‍നാഷണല്‍ ലേബര്‍ ആന്റ് സോഷ്യലിസ്റ്റ് സംഘടന രൂപികരിച്ചു. അങ്ങനെ ഈ യോഗത്തില്‍ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴിലാളിവര്‍ഗ ആവശ്യങ്ങളെ പിന്തുണച്ചു കൊണ്ട് മികച്ച അന്താരാഷ്ട്ര പ്രകടനത്തിനുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 1890-ല്‍ ചിക്കാഗോയില്‍ നടന്ന കലാപങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി വീണ്ടും ചിക്കാഗോയില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ റെയ്മണ്ട് ലവിഗ്‌നെയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. പിന്നീട് 1891-ല്‍ കൂടിയ രണ്ടാം ഇന്റര്‍നാഷണല്‍ ലേബര്‍ ആന്റ് സോഷ്യലിസ്റ്റ് സംഘടനയുടെ രണ്ടാമത്തെ കോണ്‍ഗ്രസില്‍, മെയ് ദിനം ഔദ്യോഗികമായി അന്താരാഷ്ട്ര തൊഴിലാളി ദിനമായി അംഗീകരിച്ചു. തുടര്‍ന്ന് 1904-ലെ രണ്ടാം ഇന്റര്‍നാഷണലിന്റെ ആറാമത് സമ്മേളനം എല്ലാ രാജ്യങ്ങളിലുമുള്ള സാമൂഹ്യ ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടനകളോടും, എല്ലാ ട്രേഡ് യൂണിയനുകളോടും എട്ടുമണിക്കൂര്‍ ദിനം നിയമപരമായി സ്ഥാപിക്കുന്നതിനായി, മെയ് 1-ന് ജോലി അവസാനിപ്പിക്കാനും തൊഴിലാളിവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉര്‍ജ്ജസ്വലമായി പ്രകടനം നടത്താനും ആഹ്വാനം ചെയ്തു.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈന, ഉത്തര കൊറിയ, ക്യൂബ, പോളണ്ട്, ഹംഗറി, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സര്‍ക്കാരുകളുടെ ഭരണത്തിന്‍ കീഴിലായിരുന്ന മധ്യ-കിഴക്കന്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും, അതുപോലെ മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍, എന്നിവയിലും ഏറ്റവും പ്രധാനപ്പെട്ട അവധി ദിനമാണ് മെയ് ദിനം. ഈ രാജ്യങ്ങളിലെ മെയ് ദിനാഘോഷങ്ങളില്‍ സൈനിക ഹാര്‍ഡ്വെയറുകളുടെയും സൈനികരുടെയും പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ വര്‍ക്ക്‌ഫോഴ്സ് പരേഡുകള്‍ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ തൊഴിലാളി ദിനം 1923 മെയ് 1 ന് ഇന്നത്തെ ചെന്നൈയില്‍ (മദ്രാസ് ) ആചരിച്ചു. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് ഈ ദിനം ആഘോഷിച്ചത്. തൊഴിലാളി ദിനത്തിന്റെ പ്രതീകമായ ചുവന്ന പതാക ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചു. തുടര്‍ന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാര്‍ പതാക ഉയര്‍ത്തി ചടങ്ങ് ആഘോഷിക്കാന്‍ വേണ്ടി യോഗങ്ങള്‍ സംഘടിപ്പിച്ചു. അതിനുശേഷം രാജ്യം മെയ് ദിനം ആഘോഷിക്കുന്നത് തുടരുകയാണെന്നും അതുപോലെ ഇന്ത്യയില്‍ തൊഴിലാളി ദിനത്തില്‍ സര്‍ക്കാര്‍ ദേശീയ അവധി പ്രഖ്യാപിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കി.

ലോകമെമ്പാടുമുള്ള ഭൂരിപക്ഷം രാജ്യങ്ങളും മെയ് 1 ന് ആഘോഷിക്കുന്ന ഈ തൊഴിലാളി ദിനം തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രപരമായ പോരാട്ടങ്ങളെയും നേട്ടങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു ദിനം കൂടിയാണ്. 1955-ല്‍ കത്തോലിക്കാ സഭ മെയ് 1 ന് "സെന്റ് ജോസഫ് ദി വര്‍ക്കര്‍" എന്ന പേരില്‍ പ്രമേയം സമര്‍പ്പിച്ചു. തൊഴിലാളികളുടെയും, കരകൗശല തൊഴിലാളികളുടെയും രക്ഷാധികാരിയാണ് വിശുദ്ധ ജോസഫ് എന്ന് അതില്‍ പറയുന്നു. ഇന്ന് ഇന്ത്യ ഉള്‍പ്പെടെ തൊണ്ണുറ്റിയേഴോളം രാജ്യങ്ങള്‍ ഇത് ഒരു വാര്‍ഷീക ഇവെന്റായിട്ടും, ഒരു ദേശീയ അവധി ദിനമായിട്ടും ആചരിക്കുന്നു.

എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും, അതുപോലെ മറ്റു ചില രാജ്യങ്ങള്‍ സെപ്റ്റംബറിലേ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആഘോഷിക്കുന്നു ഇതിനു കാരണം 1882-ല്‍ മാത്യു മാഗ്വെയര്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ ലേബര്‍ യൂണിയന്റെ (സിഎല്‍യു) സെക്രട്ടറിയായിരിക്കെ സെപ്റ്റംബറിലേ ആദ്യത്തെ തിങ്കളാഴ്ച ഒരു തൊഴിലാളി ദിന അവധിയായി നിര്‍ദ്ദേശിച്ചു. പിന്നീട് 1894 ജൂണ്‍ - 28 ന് സെപ്റ്റംബര്‍ ആദ്യ തിങ്കളാഴ്ച ഔദ്യോഗിക തൊഴിലാളി ദിനമായി അംഗീകരിക്കുകയും ഫെഡറല്‍ അവധി ദിനമാക്കികൊണ്ട് കോണ്‍ഗ്രസ് ഒരു ബില്‍ പാസാക്കുകയും ഈ നിയമത്തില്‍ അന്നത്തെ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലാന്റ് ഒപ്പുവയ്ക്കുകയും ചെയ്തു.

എല്ലാ വര്‍ഷവും അന്താരാഷ്ട്ര തൊഴിലാളികളുടെ ദിനാഘോഷവുമായി ഒരു തീം ബന്ധപ്പെട്ടിരിക്കുന്നു. ""അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനം ആഘോഷിക്കുക'' എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. 2019 -ല്‍ നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുക എന്നതായിരുന്നു വിഷയം . അതുപോലെ 2020-ലെ വിഷയം കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ""ജോലിസ്ഥലത്ത് സുരക്ഷയും സമൂഹത്തിലെ സുരക്ഷയും നിലനിര്‍ത്തുക'' എന്നതായിരുന്നു എങ്കില്‍, 2021-ലെ തീം, വിവരങ്ങള്‍ ഉള്‍കൊള്ളുന്ന പ്രബന്ധം, പ്രസംഗം, ലേഖനം.. എന്നിവയിലൂടെ ലോക തൊഴിലാളി ദിനത്തിന്റെ ആഘോഷങ്ങളും, പ്രവര്‍ത്തനങ്ങളും എങ്ങനെ നടത്തണം എന്നുള്ളതിനെപ്പറ്റിയാണ്. അതായത് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ആമുഖം, ചരിത്രം, ലേഖനം എന്നിവ നിങ്ങളുടെ സ്കൂളിലോ, കോളേജിലോ നടക്കുന്ന മത്സരങ്ങളിലെ ഒരു ഉപന്യാസമായിട്ടോ, പ്രസംഗം ആയിട്ടോ നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ, പ്രത്യേകിച്ച് ഈ ദിവസം ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും, തൊഴിലാളികളുടെ കഠിനാധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം അവരെ ബഹുമാനിക്കുന്നതിനും കൂടി ആവണം എന്നോര്‍മ്മിപ്പിച്ചുകൊണ്ട്. എല്ലാവര്‍ക്കും ലോക തൊഴിലാളി ദിനത്തിന്റെ ആശംസകള്‍

ഫിലിപ്പ് മാരേട്ട്

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code