നോര്‍ത്ത് കരോളിന: നോര്‍ത്ത് കാരോലൈന ബൂണ്‍ ഹാര്‍ഡ്മന്‍ സര്‍ക്കിളിലെ വീട്ടില്‍ അമ്മയെയും വളര്ത്തച്ചനെയും രണ്ടു പൊലീസുകാരെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആള്‍ട്ടണ്‍ ബര്‍ണീസ് (32) ആണ് ക്രൂരകൃത്യം നടത്തിയത്.
അനറ്റ് ലിഗോണും (61) ജോര്‍ജ് വയറ്റ് ലിഗോണും (58) ജോലിക്കു വരാതിരുന്നതിനെ തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. വീടിനു മുന്നില്‍ ഇവരുടെ കാറും മറ്റു സാധനങ്ങളും കണ്ടെത്തി. രാവിലെ മുതല്‍ രാത്രി വരെ പൊലീസ് പുറത്തു നിന്നിട്ടും വീട്ടില്‍ നിന്നു ശബ്ദം ഒന്നും കേള്‍ക്കാത്തതിനെ തുടര്‍ന്നു സെര്‍ജന്റ് ക്രിസ് വാര്‍ഡും, ലോഗന് ഫോക്സും വീടിനകത്തേക്കു കയറി. അനറ്റിനെയും ജോര്‍ജിനെയും കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആള്‍ട്ടണ്‍ ബര്‍ണീസ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു.
ലോഗന്ഫോക്സ് സംഭവ സ്ഥലത്തും ക്രിസ്വാര്‍ഡ് ആശുപത്രിയിലും വച്ചു മരണമടഞ്ഞു. ഇവരെ വീട്ടില്‍ നിന്നും പുറത്തെത്തിക്കുവാന്‍ ശ്രമിച്ച മറ്റൊരു പൊലീസ് ഓഫീസര്‍ക്കും വെടിയേറ്റുവെങ്കിലും ഹെല്‍മറ്റ് ധരിച്ചത് രക്ഷയായി. തുടര്‍ന്നു പ്രതി ആള്‍ട്ടനും വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിനകത്തു നിന്നും മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. ആള്ട്ടണെതിരെ നേരത്തെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
Comments