ന്യുജഴ്സി: മണ്ണിലെഴുതേണ്ടത് എന്തെന്നും, മനസ്സിലെഴുതേണ്ടത് എന്തെന്നും തിരിച്ചറിയുന്നതാണു ജീവിത വിജയത്തിന് നിദാനമായിരിക്കേണ്ടതെന്ന് ന്യുജഴ്സി സിഎസ്ഐ ഇമ്മാനുവേല്‍, വാഷിങ്ടന്‍ സിഎസ്ഐ ഹോളിട്രിനിറ്റി എന്നീ ഇടവകകളുടെ വികാരിയും സിഎസ്ഐ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ റവ. ജോബി ജോയ് അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 13 ചൊവ്വാഴ്ച ഇന്റര്‍നാഷനല്‍ പ്രെയര്‍ലൈനിന്റെ 36ാമത് സമ്മേളനത്തില്‍ വചനശുശ്രൂഷ നിര്‍വഹികുകയായിരുന്നു ജോബി അച്ചന്. ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ അച്ചനെ സ്വാഗതം ചെയ്തു. വേശ്യവൃത്തിയില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ സമീപം കൊണ്ടുവന്ന അവളെ കല്ലെറിഞ്ഞു കൊല്ലേണം എന്ന് ആവശ്യപ്പെട്ട ജനസമൂഹത്തിന്റെ ഇടയില്‍ കുനിഞ്ഞിരുന്ന്, നിലത്തെ മണ്ണില്‍ വിരല്‍ കൊണ്ട് എന്തോ എഴുതിയ യേശുവിന്റെ മുമ്പില്‍ നിന്നും ജനകൂട്ടം പിരിഞ്ഞു പോയത് ഓര്‍പ്പിച്ചുകൊണ്ടാണ് വചന ശുശ്രൂഷ ആരംഭിച്ചത്. മണ്ണില്‍ എഴുതപ്പെട്ടത് എന്താണെങ്കിലും അത് താല്ക്കാലികമാണ്. കാറ്റോ മഴയോ അതിനെ ഇല്ലായ്മ ചെയ്യും. മറന്നുകളയേണ്ടതും, ക്ഷമിക്കേണ്ടതുമായ കാര്യങ്ങളെയാണ് മണ്ണില്‍ എഴുതേണ്ടത്. എന്നാല്‍ മനസ്സില്‍ എഴുതേണ്ടതും സ്ഥായിയായി നില്ക്കേണ്ടതുമായ ചിലതുണ്ട്. മറ്റുള്ളവര്‍ നമുക്കു ചെയ്ത ഏതൊരു ചെറിയ കാര്യവും നമ്മുടെ മനസ്സില്‍ മായാതെ നില്കേണ്ടതാണ്.
പ്രകൃതി ക്ഷോഭങ്ങള്‍ക്കോ, പെരുമഴക്കോ അതിനെ അവിടെ നിന്നും നീക്കി കളയാനാവില്ല. നന്മകളുടെ ഒരു ഭണ്ഡാരമായി നമ്മുടെ മനസ്സ് മാറേണ്ടതാണ്. പതിനെട്ടു വര്‍ഷമായി കൂനിയായി ദേവാലയത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയുടെ രോഗബന്ധനം കര്‍ത്താവ് അഴിക്കുകയും, പൂര്‍ണ സൗഖ്യം നല്‍കുകയും ചെയ്തു. അവള് അവളുടെ ആവശ്യം കര്‍ത്താവിനെ അറിയിച്ചിരുന്നില്ല. യാതൊരു നിരാശയും കൂടാതെ പള്ളിയില്‍ എത്തിയിരുന്ന അവള് ഇന്നത്തെ സമൂഹത്തിന് വലിയൊരു മാതൃകയാണ്. ഇന്ന് നാം ദേവാലയത്തില്‍ പോകുന്നത് യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനെ ആരാധിക്കുന്നതിനോ, അതോ നമ്മുടെ കാര്യസാധ്യത്തിനോ, നാം നമ്മെ തന്നെ വിലയിരുത്തണം അച്ചന് ഓര്‍മ്മിപ്പിച്ചു. കൂനിയായ സ്ത്രീയുടെ കാത്തിരിപ്പു വ്യര്‍ഥമായില്ല.. ക്രിസ്തുവിന്റെ കരസ്പര്‍ശം അവള്‍ക്ക് വിമോചനം നല്കി. ടി. എ. മാത്യു, ജോര്‍ജ് വര്‍ഗീസ്, സോണി ജോണ്‍, ജയന് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments