Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പേടിയില്ലാത്ത സ്ത്രീയെ അവതരിപ്പിച്ച് നടി സുമലത എം.പി, ശ്രീലേഖ ഐ.പി.എസ്; ഫോമാ വനിതാ ഫോറം ഉദ്ഘാടനം ശ്രദ്ധപിടിച്ചുപറ്റി   - ജോര്‍ജ് ജോസഫ്

Picture

ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം നിവഹിച്ച് നടിയും പാര്‍ലമെന്റംഗവുമായ സുമലതയുടെ പ്രസംഗവും ഫോറത്തിന്റെ സഞ്ജയിനി സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് പ്രഖ്യാപനം നടത്തി മുന്‍ ഡി. ജി. പി . ശ്രീലേഖ ഐ പി എസിന്റെ പ്രസംഗവും ഏറെ ശ്രദ്ധേയമായി.

 

വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍ സ്വാഗതവും ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം നന്ദിയും പറഞ്ഞു. ഗായിക രഞ്ജിനി ജോസ്, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്,ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫോമാ വനിതാ ഫോറം സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവരായിരുന്നു എംസിമാര്‍.

 

മഴയുടെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെ നീറ്റലും വിശുദ്ധിയും വിരഹവും നിര്‍മ്മലതയും നിസ്സാരതയും ആത്മാര്‍ത്ഥതയുടെ അളവുകോലും നമുക്കു മുന്നില്‍ തുറന്നുവച്ച ഒരു പാഠപുസ്തകമാണ് തൂവാനത്തുമ്പികളിലെ ക്ലാര. ആ ഒരൊറ്റ കഥാപാത്രം മതി ഇന്നും മലയാളിയുടെ മനസ്സില്‍ സുമലതയുടെ മുഖം ഓടിയെത്താന്‍സുമലതയെ പരിചയപ്പെടുത്തിക്കൊണ്ട് ഷൈനി അബൂബക്കര്‍ ചൂണ്ടിക്കാട്ടി.

'പുതിയ ദിനം, പുതിയ വര്‍ഷം, പുതിയ തുടക്കം. 2021 ല്‍ എല്ലാവര്‍ക്കും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചതിലെ നന്ദി അറിയിക്കുന്നു,' സുമലത പറഞ്ഞു. 'ശക്തം, നിര്‍ഭയം' എന്നീ രണ്ടു വാക്കുകളാണ് വിമന്‍സ് ഫോറത്തില്‍ ഞാന്‍ ശ്രദ്ധിച്ചത്. ഈ രണ്ട് കാര്യങ്ങളും എന്നിലുണ്ട്. എന്നെ അങ്ങനെ വളര്‍ത്തിയെടുത്തത് കരുത്തയായ എന്റെ അമ്മയാണ്. മുപ്പത്തിമൂന്നാം വയസ്സില്‍ വൈധവ്യം അനുഭവിക്കേണ്ടി വന്ന സ്ത്രീയായിരുന്നു അമ്മ. ആരുടേയും പിന്തുണയും സഹായവും ഇല്ലാതെയാണ് അമ്മ ഞങ്ങള്‍ അഞ്ചു മക്കളെ വളര്‍ത്തി വലുതാക്കിയത്. എന്റെ ഏറ്റവും വലിയ പ്രചോദനം എനിക്ക് ജീവിതമൂല്യങ്ങള്‍ പകര്‍ന്നു തന്ന അമ്മ തന്നെയാണ്. ഏതൊരു പ്രതിസന്ധി മുന്നില്‍ വന്നാലും അമ്മയുടെ മുഖമാണ് ഞാന്‍ ഓര്‍ക്കുക. അവര്‍ താണ്ടിയ കഷ്ടതകള്‍ ചിന്തിച്ചാല്‍, എന്റെ പ്രശ്‌നങ്ങള്‍ അവിടെ ഒന്നും അല്ലാതായി തീരും. അതിജീവനത്തിന്റെ വലിയ ഉദാഹരണമാണ് അമ്മ.

 

ഈ അവസരത്തില്‍ ശക്തരും നിര്‍ഭയരുമായ എല്ലാ സ്ത്രീകള്‍ക്കും എന്റെ സല്യൂട്ട്. നിങ്ങള്‍ കാഴ്ചവയ്ക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ അഭിനന്ദനം.

മലയാളികള്‍ക്ക് എന്റെ സിനിമാ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ആയിരിക്കും കൂടുതല്‍ താല്പര്യം എന്നറിയാം. പതിനഞ്ചാം വയസ്സിലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അഭിനയം, നൃത്തം അങ്ങനെ ഒന്നും അറിയാതെ ഒരു കൗമാരക്കാരി തികച്ചും അപരിചിതമായ വലിയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. സെറ്റുകളില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ മുതല്‍ പഠിച്ചെടുത്തു. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. ജോഷി സര്‍, ഭരതന്‍ സര്‍, പത്മരാജന്‍ സര്‍, സിബി മലയില്‍, കമല്‍ എന്നിങ്ങനെ മലയാളത്തിലെ പ്രഗത്ഭരോടൊപ്പം സിനിമകള്‍ ചെയ്തു. ഇവരില്‍ നിന്നൊക്കെയാണ് സിനിമയെക്കുറിച്ച് ഞാന്‍ പഠിച്ചതും അറിഞ്ഞതും.

 

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് എവിടെ ചെന്നാലും പണ്ടു ചെയ്ത കഥാപാത്രങ്ങള്‍ ഓര്‍ത്തുവച്ച് ആളുകള്‍ ഇപ്പോഴും അടുത്തേക്ക് ഓടിവരാറുണ്ട്. ദുബൈ, അമേരിക്ക, ഓസ്‌ട്രേലിയ അങ്ങനെ എവിടെയും മലയാളികള്‍ എന്നെ തിരിച്ചറിയും. പലര്‍ക്കും ഞാന്‍ ക്ലാരയാണ്. ന്യൂഡല്‍ഹിയിലെയും നിറക്കൂട്ടിലെയും കഥാപാത്രങ്ങള്‍ക്കും ആരാധകരുണ്ട്. പ്രേക്ഷകരുടെ മനസ്സില്‍ അങ്ങനൊരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആ ചിത്രങ്ങളില്‍ അവസരം ലഭിച്ചത് നന്ദിയോടെ ഓര്‍ക്കുന്നു.

2020 ലെ പ്രതിസന്ധികള്‍ നേരിടാനും മുന്നേറാനുമുള്ള കരുത്ത് 2021 എല്ലാവര്‍ക്കും തരട്ടെ. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നോക്കുക, പ്രതീക്ഷ ഒരിക്കലും കൈവിടരുത്. ഒരിക്കല്‍ കൂടി ആയുരാരോഗ്യ സൗഖ്യത്തിന്റെ പുതുവര്‍ഷം നേരുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെസുമലത പറഞ്ഞു.

 

ഫോമാ വിമന്‍സ് ഫോറത്തിന്റെ സഞ്ജയിനി സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് മുന്‍ ഡി. ജി. പി . ശ്രീലേഖ ഐ പി എസ് ആണ്.

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സര്‍വോന്മുഖമായ വികാസത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, വ്യക്തിത്വ വികാസം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ഉദ്ദേശത്തോടെയാണ് വിമന്‍സ് ഫോറം സഞ്ജയിനി സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് പദ്ധതി തുടങ്ങുന്നത്‌ഫോറം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

'2006 മുതല്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമ വനിതാ ഫോറം തുടങ്ങിയെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി,' ശ്രീലേഖ ഐ പി എസ് പറഞ്ഞു.

 

'പ്രാരംഭം മുതല്‍ ഈ നിമിഷംവരെയും സ്ത്രീകളുടെ ശക്തിമത്തായ ഒരു കൂട്ടായ്മയായി നിലകൊള്ളുന്നു എന്നാണ് ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളെ പരിചയപ്പെടാനും അഭിസംബോധന ചെയ്ത് രണ്ടു വാക്ക് പറയാനും സാധിക്കുന്നതില്‍ ഏറെ സന്തോഷം. കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ സാമൂഹിക സേവനരംഗത്ത് നിങ്ങള്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അഭിനന്ദിക്കുന്നു.

 

2020 ല്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരുന്നതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഉദ്ദേശിച്ച രീതിയില്‍ പല പ്രോജക്ടുകളും മുന്നോട്ടു നീക്കാന്‍ നിങ്ങളെക്കൊണ്ട് സാധിക്കാതെ വന്നിട്ടുണ്ടാകാം. ഒരു കൂട്ടായ്മയുടെ വിജയം എപ്പോഴും പരസ്പരം കണ്ടും ചര്‍ച്ചചെയ്തും ഉരുത്തിരിയുന്ന ആശയങ്ങളില്‍ നിന്നാണല്ലോ. എന്നാല്‍, മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതിന് സാഹചര്യം ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി ആ പരിമിതി അതിജീവിച്ചതായി ഞാന്‍ മനസിലാക്കുന്നു. നേരിട്ട് കാണുന്നതിന്റെ സുഖം ഇതില്‍ നിന്ന് കിട്ടില്ല. പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ആയാലും അഗ്‌നിശമനസേനയില്‍ ആയാലും ഇപ്പോള്‍ മീറ്റിംഗുകള്‍ നടക്കുന്നത് വെര്‍ച്വല്‍ ആയിട്ടാണ്.

2021 ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

 

33 വര്‍ഷങ്ങളും 5 മാസങ്ങളും നീണ്ട എന്റെ പോലീസ് ജീവിതത്തില്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കഴിവിനൊത്ത് പ്രവര്‍ത്തിച്ചതില്‍ സന്തോഷവും ചാരിതാര്‍ഥ്യമുണ്ട്. ഇപ്പോള്‍, പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനുവേണ്ടി നിങ്ങള്‍ ഒരുക്കുന്ന 'സഞ്ജയിനി ' എന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയും വീടുകളിലിരുന്ന് ചെയ്യാവുന്ന സ്ത്രീകളിലെ കരകൗശലത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും എന്റെ മനസ്സ് നിറയ്ക്കുന്നു.

 

ഫോമയിലെ സ്ത്രീകള്‍ ശക്തി ആര്‍ജ്ജിച്ചവരാണ്. പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടത് തെളിയിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് എന്റെ ഉപദേശം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍, നമ്മുടെ നാട്ടില്‍ പരിതാപകരമായ അവസ്ഥ അഭിമുഖീകരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. പ്രത്യേകിച്ച്, 'പേടി' എന്ന സംഗതി സ്ത്രീകളെ വലിഞ്ഞുമുറുകി പിന്നോട്ട് വലിക്കുന്നുണ്ട് . ഭയം എന്ന വികാരം ഉള്ളിലുള്ള സ്ത്രീക്ക് വിജയം നേടാന്‍ ഒരിക്കലും കഴിയാതെ വരും. ധൈര്യത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍, തോല്‍വി വന്നാലും നേരിടാന്‍ പ്രയാസമുണ്ടാവില്ല.

നിര്‍ഭയ എന്ന പദ്ധതിയുടെ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടു തന്നെ കേരളത്തിലെ സ്ത്രീകളുടെ പേടിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

ഒരു കുഞ്ഞന്‍ വൈറസ് വന്ന് എല്ലാവരെയും പേടിപ്പിച്ച് വീട്ടിനുള്ളില്‍ ആക്കിയ സമയം കൂടി ആണല്ലോ. തമ്മില്‍ കണ്ട് സംസാരിക്കാന്‍ പേടി, തൊടാന്‍ പേടി, പുറത്തുപോയി വന്നാല്‍ കൈകഴുകിയില്ലേ എന്നോര്‍ത്തു പേടി... പേടി കൂടിയിരിക്കുന്നു. എന്നാല്‍, കോവിഡിന് മുന്‍പും എല്ലാത്തിനോടും പേടിയുള്ള മലയാളി സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിനും ലൈംഗീക അതിക്രമങ്ങള്‍ക്കും ഇരയാകുന്ന കേരളത്തിലെ നിരവധി സ്ത്രീകളെ അടുത്തറിഞ്ഞിട്ടുള്ളതുകൊണ്ട് ഭയത്തെ എങ്ങനെ നേരിടാമെന്ന് അവരെ പഠിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്ന് ഞാന്‍ മനസിലാക്കുന്നു.

ഫോമയുടെ വിമെന്‍സ് ഫോറം വിദ്യാര്‍ത്ഥികള്‍ക്കാണല്ലോ സ്‌കോളര്‍ഷിപ് നല്‍കുന്നത്. അതില്‍ തന്നെ അന്‍പത് സ്‌കോളര്‍ഷിപ്പുകള്‍ നഴ്‌സിംഗ് രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ്. അവരുടെ പ്രവര്‍ത്തന മേഖല എത്രത്തോളം പ്രയാസകരമാണെന്ന് നമുക്കറിയാം.

 

പുരുഷന്മാരെ അപേക്ഷിച്ച് മള്‍ട്ടിടാസ്കിങ്ങിനുള്ള കഴിവ് സ്ത്രീകള്‍ക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടോ മൂന്നോ കാര്യങ്ങളില്‍ ഒരേ സമയം ശ്രദ്ധ ചെലുത്തുകയും കാര്യക്ഷമമായി മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനും സ്ത്രീകള്‍ പ്രാപ്തരാണ്. ഇമോഷണല്‍ കോഷ്യന്റ് (ഇ ക്യൂ ) സ്ത്രീകളില്‍ കൂടുതലാണെന്നത് വൈകാരികമായ ദൗര്‍ബല്യമായി പലരും പറയുമ്പോഴും എനിക്കതൊരു ശക്തിയായി തോന്നുന്നു. കണ്ണീര് സ്ത്രീയെ തളര്‍ത്തുന്ന ഒന്നല്ല, അവളെ കരുത്തയാക്കുന്ന ഇന്ധനമാണ്. ഒന്ന് കരഞ്ഞുതീരുമ്പോള്‍ ഏത് സ്ത്രീയും ദൃഢനിശ്ചയത്തോടെ പുതിയ തീരുമാനമെടുത്ത് മുന്നോട്ടുള്ള ചുവടുവയ്ക്കും. വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തയാകും.

 

പേടി ഇല്ലാതാക്കാന്‍ എനിക്കറിയാവുന്ന ഒരു വഴി ഞാന്‍ പറഞ്ഞുതരാം. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്തുചിന്തിക്കും എന്ന തോന്നല്‍ എടുത്തു മാറ്റുക. പിന്നെ, ധൈര്യം തനിയെ വരും. ഉള്ളില്‍ നിന്നൊരു ശബ്ദം നമ്മളോട് മന്ത്രിക്കുന്നുണ്ട് നിന്നെക്കൊണ്ട് സാധിക്കും, നിനക്ക് കഴിവുണ്ട്, നീയാണ് ഏറ്റവും നല്ലത് എന്നൊക്കെ. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും അവരെന്ത് വിചാരിക്കുമെന്ന് തല പുകയ്ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ ഉള്ളിലെ ശബ്ദം തിരിച്ചറിയാതെ പോകും. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തില്‍ നോക്കി, നിങ്ങളുടെ കണ്ണുകളില്‍ നോക്കി, നിങ്ങളെ തന്നെ സ്‌നേഹിക്കുക. സ്വയം സ്‌നേഹിച്ചാല്‍, നിങ്ങള്‍ക്ക് മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയും, ആ സ്‌നേഹം തിരിച്ചുകിട്ടുകയും ചെയ്യും. അതൊരു ദീപം പോലെയാണ്. ആ പ്രകാശം പടര്‍ന്നുപിടിക്കും. സ്വയം കത്തിയാലേ ദീപത്തിന് മറ്റുള്ളവരിലേക്ക് നാളം പകരാന്‍ സാധിക്കൂ.

ഇന്നത്തെ ഡിജിറ്റല്‍ ഉദ്ഘാടന കര്‍മ്മത്തിലായാലും സ്വിച്ച് ഓണ്‍ ചെയ്യുകയല്ല, ദീപം തെളിക്കുകയാണ്. എന്തെന്നാല്‍, തിരിനാളം മാത്രമേ മറ്റുള്ളവരിലേക്ക് പകരാന്‍ കഴിയൂ. സ്‌നേഹത്തിന്റെ ദീപം ഉള്ളില്‍ തെളിച്ചുവയ്ക്കുക. നിങ്ങളുടെ ചുറ്റുപാടുമുള്ള ഇരുണ്ട മൂലകളിലേക്കെല്ലാം ആ സ്‌നേഹദീപം വെളിച്ചം എത്തിക്കും.

 

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. വിദ്യാഭ്യാസത്തിനു വേണ്ടി ഒരു സ്‌കോളര്‍ഷിപ് നിറഞ്ഞ മനസ്സോടെ നല്‍കുന്നതും വലിയൊരു ചാരിറ്റി ആണ്. ഇതില്‍ പങ്കാളിയാകുന്ന ഓരോരുത്തരെയും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദിക്കുന്നു. ഇനിയും ഇതുപോലെയുള്ള നല്ല പദ്ധതികള്‍ ഫോമയ്ക്ക് നടക്കാപ്പാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. വനിതാ ഫോറം ഇതുപോലെ ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോകട്ടെ. 100 വിദ്യാര്‍ഥികളിലേക്കാണ് സഞ്ജയിനി സ്‌കോളര്‍ഷിപ്പ് വഴി വിദ്യയുടെ വെളിച്ചം എത്തുക 50 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും മറ്റു മേഖലയില്‍ നിന്നുള്ള 50 വിദ്യാര്‍ത്ഥികളും ഇതിലൂടെ പഠിച്ചിറങ്ങും. എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഈ സ്വപ്നപദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. വിമന്‍സ് ഫോറത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും സസ്‌നേഹം എന്റെ സല്യൂട്ട്,' ശ്രീലേഖ ഐ.പി.എസ്. പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപാരിപാടികള്‍ അരങ്ങേറി.

 Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code