Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കിലെ കര്‍ഷകശ്രീ കൂട്ടായ്മ ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി

Picture

2021 ജനുവരി 10 : ന്യൂയോര്‍ക്കിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടന്ന സമ്മേളത്തില്‍ വച്ച്, ഇന്ത്യന്‍ കാര്‍ഷിക പരിഷ്കരണ നിയമങ്ങളിലെ കര്‍ഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി. ഇത് അന്നം തരുന്ന സാധാരണ കര്‍ഷകരുടെ സമരമാണ്. അനുഭാവപൂര്‍വ്വം അവരുടെ ആവലാതികള്‍ പരിഗണിക്കാതെ, നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ നീതിയല്ല എന്ന് യോഗം വിലയിരുത്തി.

 

സമരമുഖത്തു മരിച്ചുവീണ കര്‍ഷകരുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ ന്യൂയോര്‍ക്ക് കര്‍ഷകശ്രീ സംഘാടകന്‍ ഫിലിപ്പ് മഠത്തില്‍ സ്വാഗതം ആശംസിച്ചു. സങ്കീര്‍ണ്ണമായ പുതിയ കര്‍ഷകനിയമങ്ങളുടെ വരുംവരാഴികളെക്കുറിച്ചു സാമൂഹ്യപ്രവര്‍ത്തകനായ കോരസണ്‍ വര്‍ഗീസ് വിശദീകരിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ മൂന്നു കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരേ ആണ് കര്‍ഷകസമൂഹം സമരരംഗത്തിറങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കര്ഷകസമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്. കാല്‍ നൂറ്റാണ്ടുകൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ അതിജീവനത്തിനു വേണ്ടിയുള്ള കര്‍ഷകരുടെ പോരാട്ടം, സര്‍ക്കാര്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയുമായി നേരിടുമ്പോള്‍, കര്‍ഷകര്‍ ജനാധിപത്യമായ രീതിയിലാണ് സമരം ചെയ്യുന്നത്. 46 ദിവസം കടന്ന സമരമുഖത്തു 57 കര്‍ഷകര്‍ മരിച്ചുവീണു. സര്‍ക്കാരുമായി നടന്ന 8 ചര്‍ച്ചകളും പരാജയമായി. വീട്ടിലേക്കുള്ള മടക്കം നിയമം പിന്‍വലിച്ചതിനു ശേഷം മാത്രം എന്ന് കര്‍ഷകരും, തര്‍ക്കമുള്ള കാര്യങ്ങളില്‍ മാത്രം ചര്‍ച്ച എന്ന നിലപാടില്‍ സര്‍ക്കാരും നില്‍ക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പാരലല്‍ ട്രാക്ടര്‍ റാലി നടത്തി ഡല്‍ഹി സ്തമ്പിപ്പിക്കും എന്നാണ് സമരക്കാര്‍. നിലവിലെ സാഹചര്യത്തില്‍ നിയമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് നിരസിച്ചു. ഇത് കര്‍ഷകരെ "കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തില്‍" ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികളും, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരും പറയുന്നു.

 

1857-60-ല്‍ അവിഭക്ത ബംഗാളില്‍ നടന്ന കാര്‍ഷിക സമരമാണ് നീലം പ്രക്ഷോഭത്തോട് സമാനമാണ് ഇപ്പോഴത്തെ സമരവും. അന്യായമായ കരാറുകളിലൂടെ നീലം വിത്തു പാകാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയ തോട്ടമുടമകള്‍ക്കെതിരായാണ് അന്നു കര്‍ഷകസമൂഹം സംഘടിച്ചത്. ഗാന്ധിജി ഇന്ത്യയില്‍ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരണ്‍ നീലം കര്‍ഷക സമരം. ജമീന്ദാര്‍മാരുടെ കൂലിപ്പടയുടെ പീഡനഭീഷണിയില്‍ കഴിഞ്ഞിരുന്ന ചമ്പാരണിലെ കര്‍ഷകര്‍ക്ക്, തുച്ഛമായ പ്രതിഫലം വാങ്ങി കൊടുംദാരിദ്ര്യത്തില്‍ കഴിയുകയല്ലാതെ വഴിയില്ലായിരുന്നു. ജീവിതം ഒന്നിനൊന്നിനു ദുരിതപൂര്‍ണ്ണമായപ്പോള്‍, 1917-ലെ ചമ്പാരണ്‍ സമരം നടന്നത്.

 

കാര്‍ഷീകോല്‍പ്പന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച നിയമം, വിലയുറപ്പും കാര്‍ഷീക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാര്‍ , അവശ്യ സാധന ഭേദഗതി നിയമം എന്നിവക്കെതിരേ ആണ് കര്‍ഷക പോരാട്ടം. കര്‍ഷകരുടെ നിലവിലുള്ള പരിധികള്‍ വ്യാപിപ്പിക്കുന്ന വഴി ആര്‍ക്കും ഈ വ്യാപാര മേഖലിയിലേക്കു കടന്നുവരാം, അവിടെ കോര്‍പറേറ്റുകള്‍ കൈകടത്തിയാല്‍ പിന്നെ അവരുടെ അടിമകള്‍ ആയി കര്‍ഷകര്‍ മാറും. വ്യാപാരികള്‍ എന്ന നിര്‍വചനവും മാറ്റി, അന്തര്‍ദേശീയ താല്പര്യം അനുസരിച്ചു ഇന്ത്യന്‍ കമ്പനികള്‍ സമീന്ദാരുടെ നില ഏറ്റെടുക്കയും, കര്‍ഷകരെ തീവ്രസമ്മര്‍ദ്ദത്തിലാക്കി അവരുടെ ജീവിതം കയറിന്‍ തുമ്പില്‍ നിലനിര്‍ത്തും. തര്‍ക്കമുണ്ടായാല്‍ കോടതിയെ സമീപിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശം നഷ്ട്ടപ്പെടുന്നു. സര്‍ക്കാര്‍ വിവക്ഷിക്കുന്ന സമയത്തു അത്യാവശ്യ ഘട്ടങ്ങളില്‍ വില നിശ്ചയിക്കാനും , കരുതിവെക്കാനും സര്‍ക്കാരിനു സാധിക്കും. താങ്ങുവില നല്‍കുമെന്നു സര്‍ക്കാര്‍ പറയുമെങ്കിലും കര്‍ഷകര്‍ അത് മുഖവിലക്കെടുക്കുന്നില്ല.

പൗരത്വബില്‍, അത് മുസ്ലിംതാല്പര്യം, കൂടങ്കുളം ആണവനിലയംസമരം, അത് വിദേശീയ ക്രിസ്ത്യന്‍ താല്പര്യം, ആര്‍ട്ടിക്കിള്‍ 370, അത് പാക്കിസ്ഥാന്‍കാരുടെ താല്പര്യം, കാര്‍ഷികബില്‍ , അത് ഖാലിസ്ഥാന്‍ താല്പര്യം , ഇങ്ങനെ ജനകീയ സമരങ്ങള്‍ വിഘടിപ്പിച്ചു ദേശപ്രേമം എന്ന മിഥ്യാധാരണ ഉയര്‍ത്തി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ഭരണതന്ത്രം തിരിച്ചറിയേണ്ടതുണ്ട്. ഇത് മനുഷ്യത്വത്തിന്റെ കുടിയിറക്കമാണോ അതോ ജനാധിപത്യത്തിന്റെ പടിയിറക്കമാണോ എന്ന് കാലം തെളിയിക്കും, കോരസണ്‍ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

കമ്പനികള്‍ കാര്‍ഷിക മേഖലയില്‍ പിടിമുറുക്കിയാല്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുന്ന കാര്‍ഷികോപ്പാദനം ആയിരിക്കും നടക്കുക. അവിടെ കര്‍ഷകന്‍ വെറും ഉപകരണം മാത്രമേ ആകുന്നുള്ളൂ എന്നത് ആശങ്ക ഉണര്‍ത്തുന്നു, കരാര്‍ പണിക്കു വിധേയനാകുന്ന കര്‍ഷകന്‍ കൂലിക്കാരന്റെ നിലയിലേക്കു പതിക്കും എന്ന് സാഹിത്യകാരനായ ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു.

വിലയിടിവ്, കൃത്രിമ വിലക്കയറ്റം തുടങ്ങി കോര്‍പ്പേറേറ്റു ചതിയില്‍ കര്‍ഷകര്‍ കൂട്ടമായി പതിക്കുന്ന ദാരുണ കാഴ്ചകളാണ് ഇനി കാണേണ്ടി വരിക. ഒരു കാലത്തു ജയ് ജവാന്‍ ജയ് കിസാന്‍ എന്ന് പാടിയിരുന്ന നമ്മള്‍, കര്‍ഷകരെ ഇത്തരം ഒരു അവസ്ഥയില്‍ എത്തിക്കുന്നതില്‍ തീവ്രമായി പ്രതിക്ഷേധിക്കുന്നു എന്ന് പ്രവാസി കേരളകോണ്‍ഗ്രസ് പ്രതിനിധി ഷോളി കുമ്പുളുവേലി പറഞ്ഞു.

 

കാര്‍ഷികമേഖല കോര്‍പറേറ്റ് മേഖലയില്‍ എത്തുന്നത് അപകടം ആണെന്ന് തോന്നുന്നില്ല, മറിച്ചു അന്തര്‍ദേശീയ വ്യാപാരത്തില്‍ വിത്തിനും വിളവിനും മത്സരസ്വഭാവമുള്ള ഒരു മുന്നേറ്റം ആയിരിക്കും ഉണ്ടാവുക. വിദേശ രാജ്യങ്ങളുടെ താല്പര്യങ്ങള്‍ ഈ വിഷയത്തില്‍ ആശങ്കആണ് ഉണ്ടാക്കുന്നത് എന്ന് മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു. കര്‍ഷകസമരങ്ങള്‍ക്കു പിന്തുണ വാക്കുകളില്‍ ഒതുക്കാതെ ക്രിയാത്മകമായി പ്രതികരിക്കണം എന്ന് മുന്‍ ഫൊക്കാന ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പ്രസ്താവിച്ചു.

 

പുതിയ നിയമങ്ങള്‍ വഴി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് മേഖലയില്‍ തളച്ചിടുകയാണ്. കര്‍ഷകര്‍ എന്നും ഇത്തരം ചൂഷണത്തിനു വിധേയരാണ്. താങ്ങുവില എന്നത് വെറും ധാരണയും കോര്‍പറേറ്റ് കരാര്‍ കൃഷികള്‍ യാഥാര്‍ഥ്യവും ആകുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ആടചഘ നെ ബോധപൂര്‍വം തരിപ്പണമാക്കി ജിയോക്കു വാര്‍ത്താപ്രക്ഷേപണ സൗകര്യം ഒരുക്കികൊടുക്കുന്നതു സര്‍ക്കാര്‍ അറിഞ്ഞിട്ടല്ലേ? വിളകള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ഗ്രേഡിംഗ് ഉണ്ടാക്കി അത് ഒരു ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ ആക്കിയാല്‍ തീരാവുന്ന പ്രശ്ങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളൂ എന്ന് കര്‍ഷകനും കാര്‍ഷിക ഉദ്യോഗസ്ഥനും ആയിരുന്ന ബെന്നി ഫ്രാന്‍സിസ് പ്രസ്താവിച്ചു.

 

ബിനു തോമസ്, സണ്ണി പണിക്കര്‍, അപ്പുകുട്ടന്‍ പിള്ള, ജോര്‍ജുകുട്ടി, ജോണ്‍സണ്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു . ഇന്ത്യയില്‍ നടക്കുന്ന കര്‍ഷസമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കര്‍ഷകരോട് അനുഭാവപൂര്‍വ്വമായ രീതിയില്‍ പ്രതികരിക്കണം എന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയം രാജു എബ്രഹാം അവതരിപ്പിച്ചു.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code