Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാജിക്ക് പരിശീലനം ലഭിച്ച 100 കുട്ടികളുമായി മുതുകാടിന്റെ തല്‍സമയ വെർച്ച്വൽ മായാജാല പ്രകടനം ഡിസംബർ 4ന്   - ആശ മാത്യു

Picture

ന്യൂജേഴ്‌സി: ദൈവം എല്ലാ മനുഷ്യർക്കും വ്യത്യസ്തമായ കഴിവുകൾ നൽകിയാണ് സൃഷ്ടിച്ചതെങ്കിലും മനുഷ്യർ അവരുടെ കഴിവുകൾക്ക് അതിർ വരമ്പുകൾ സൃഷ്ടിച്ചു. അതിനാൽ ചിലരുടെ കഴിവുകൾക്ക്  ഇരുളടയുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്. ദൈവത്തിന്റെ സൃഷ്ടി വൈഭവം എത്ര മനോഹരമെന്ന് അവരെ അനാവരണം ചെയ്തിട്ടുള്ള ഇരുളിന്റെ മറ നീക്കി വെളിച്ചത്തു  കൊണ്ടുവന്ന മഹാനായ ഒരു മനുഷ്യനുണ്ട് കേരളത്തിൽ. ലോക പ്രശസ്ത മാജിക്ക് പെർഫോർമറും മോട്ടിവേഷണൽ സ്‌പീക്കറുമായ   പ്രൊഫസർ ഗോപിനാഥ് മുതുകാട്! മാജിക്ക് കലാരൂപത്തിലൂടെ  മലയാളിയുടെ സാന്നിധ്യം ലോകത്തിന്റെ നെറുകയിൽ എത്തിച്ച അദ്ദേഹം വെറും ഒരു മജിഷ്യനല്ല. ഇരുൾ നിറഞ്ഞ മനുഷ്യരുടെ അകക്കണ്ണ് തുറപ്പിച്ചുകൊണ്ട് മായാജാല പ്രകടനങ്ങൾ നടത്തുന്ന വ്യക്തിയാണ്.



ബുദ്ധി മാന്ദ്യം സംഭവിച്ചവർ എന്ന പേരു പറഞ്ഞു സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട നൂറു കുഞ്ഞുങ്ങളെ ദത്തെടുത്ത ഗോപിനാഥ് മുതുകാട്, മാജിക്ക് എന്ന  വിസ്മയ ലോകത്തിലെ കാഴ്ചകളും വിദ്യകളും അവർക്കു പകർന്നു നൽകി  സാധാരണ മജീഷ്യൻമാരെപ്പോലെ മായാജാലം വിദ്യകൾ അവതരിപ്പിക്കുന്ന പെർഫോമിംഗ് മജിഷ്യൻമാരാക്കി അദ്ദേഹം അവരെ പാകപ്പെടുത്തിയെടുത്തു.  ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച  ഡിഫറെൻറ്  ആർട്സ് സെന്ററിലൂടെയാണ് ഇവരെ മാജിക്ക് എന്ന കലാരൂപം പരിശീലിപ്പിച്ചെടുത്തത്.



 മുതുകാടും സ്‌പെഷ്യൽ ശിഷ്യന്മാരായ 100 ആർട്ടിസ്റ്റുകളും ചേർന്ന്  'പ്രതിബന്ധങ്ങൾക്കതീതമായ മാജിക്ക്' എന്ന പേരില്‍ ഡിസംബര്‍ നാലിന്  തല്‍സമയ  വെർച്ച്വൽ  മാജിക്‌ പെര്‍ഫോമന്‍സ് നടത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി ധനസമാഹരണ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചേതനാ ഫൌണ്ടേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍
ഡിസംബർ നാലിന് ന്യൂയോർക്ക് സമയം വിർച്വൽ ആയി ന്യൂയോർക്ക് സമയം 9.30നും സെൻട്രൽസമയം 8.30നും പസഫിക്ക് സമയം 6.30നുമാണ് ഈ അത്യപൂർവമായ മായാജാല കാഴ്ചകൾ അരങ്ങേറുന്നത്. മാജിക്ക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറെൻറ് ഡിഫറെൻറ് ആർ, വാഷിംഗ്ടണ്‍ ആന്‍ഡ് ഒറിഗോണ്‍ അസോസിയേഷന്‍ ഓഫ് മലയാളം, ഫൊക്കാനാ വിമണ്‍സ് ഫോറം, കേരളാ ടൈംസ് ഓണ്‍ലൈന്‍ പത്രം, കെയര്‍ ആന്‍ഡ് ഷെയര്‍ ചിക്കാഗോ, സ്റ്റാന്‍ഡ് വിത്ത് കേരള ഡാളസ് തുടങ്ങിയ സംഘടനയുടെ  സഹകരണത്തോടെയാണ് ഈ ഫണ്ട് റൈസിംഗ് പരിപാടി സംഘടിപ്പിക്കുന്നത്.


ഡിഫറെൻറ് ആർട്സ് സെന്ററിലെ  ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്നതിനായി നടത്തുന്ന ഈ  ധനസമാഹരണ പരിപാടിയിലേക്ക് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.gofundme.com/f/magic-beyond-barriers എന്ന ലിങ്കിൽ കയറി സംഭാവന നൽകാവുന്നതാണ്.


 
 മാജിക് അഥവാ  ഇന്ദ്രജാലം-ആ വാക്കിന് തന്നെ എന്തോ ഒരു ആകര്‍ഷണ ശക്തിയുണ്ട്‌. ഒരു മാജിക്‌ കാണിക്കട്ടെ എന്നു ചോദിച്ചാല്‍ ആവേശത്തോടെ അത്ഭുതത്തോടെ കണ്ണുകള്‍ വിടര്‍ത്തുന്നവരാണ് നമ്മുടെ കുഞ്ഞുമക്കള്‍. കുഞ്ഞുങ്ങളെ മാത്രമല്ല മുതിര്‍ന്നവരേയും പിടിച്ചിരുത്താന്‍ മാജിക് കഴിഞ്ഞിട്ടേ മറ്റെന്തും ഉണ്ടാകൂ. അതുകൊണ്ട് തന്നെയാണ് ലോകപ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ആകാശത്തോളം ഉയരത്തില്‍ വിസ്മയങ്ങള്‍ ഒരുക്കിയിരിക്കുന്ന തന്റെ സ്വപ്‌ന പദ്ധതിക്ക് മാജിക് പ്ലാനറ്റ് എന്ന് പേരിട്ടിരിക്കുന്നത്.


  മാജിക് അക്കാദമിയുടെയും ഗോപിനാഥ് മുതുകാടിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്താണ് മാജിക് പ്ലാനറ്റ് എന്ന അത്ഭുത ലോകം പ്രവര്‍ത്തിക്കുന്നത്ഒരു അഭിമുഖത്തില്‍ ഗോപിനാഥ് മുതുകാട് ടാഗോറിന്റെ ഒരു കവിത പങ്കുവെയ്ക്കുന്നുണ്ട്. അതിങ്ങനെയാണ്, 'എത്രയോ കാലമായി ഞാന്‍ ദൈവത്തെ അന്വേഷിച്ചു നടക്കുകയായിരുന്നു. പര്‍വതശിഖരങ്ങളിലും പുഴയുടെ ഓളങ്ങളിലും
ഞാന്‍ മണിയടിച്ചാല്‍ ദൈവം വാതില്‍ തുറക്കും. ഞാന്‍ ദൈവത്തെ കാണും. പിന്നെയോ, പിന്നെയെന്തിനാണു ഞാന്‍ ജീവിക്കേണ്ടത്? ഇത്രയും കാലം ഞാന്‍ ദൈവത്തെ കാണാന്‍ മാത്രമാണു ജീവിച്ചത്. അത് ഇവിടെവച്ച് അവസാനിപ്പിച്ചുകൂടാ. അതുകൊണ്ട് മണിയടിക്കാതെ, പാദരക്ഷകള്‍പോലും കയ്യിലെടുത്ത് ഒച്ചയുണ്ടാക്കാതെ ഞാന്‍ തിരിച്ചുപോന്നു.



ഇപ്പോഴും ദൈവത്തെത്തേടി നടക്കുകയാണു ഞാന്‍. ദൈവം എവിടെയുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും ജീവിതം തുടരാനായി ആ അന്വേഷണം നടത്തിക്കൊണ്ടേയിരിക്കുന്നു.' ഒരു കുഞ്ഞു കവിത. എന്നാല്‍ എത്ര മനോഹരമായ ആശയമാണ് ഈ വാക്കുകള്‍ പങ്കുവെയ്ക്കുന്നതെന്ന് അനുഭവിച്ചറിയാനാകും. ഇത് നമ്മള്‍ മനുഷ്യരെക്കുറിച്ചാണ് എന്ത് കിട്ടിയാലും എത്രത്തോളം കിട്ടിയാലും തൃപ്തി വരാത്ത മനുഷ്യരെക്കുറിച്ച്. ഇവിടെയീ ലോകത്ത് എല്ലാമുണ്ട് പക്ഷേ നമ്മള്‍ ഒന്നിലും തൃപ്തരല്ല. ഇനിയും വേണമെന്ന അമിതാഗ്രഹം നമ്മളെ എപ്പോഴും അതൃപ്തരാക്കിക്കൊണ്ടിരിക്കും.


അങ്ങനെയെങ്കില്‍ ഒരു ജീവിതകാലം മുഴുവന്‍ ഒരു സൗഭാഗ്യവും അനുഭവിക്കാന്‍ കഴിയാതെ, കാഴ്ചയ്ക്കും കേള്‍വിക്കും സംസാരശേഷിക്കുമൊക്കെ ബുദ്ധിമുട്ട് നേരിട്ട്, ചിലപ്പോള്‍ സ്വന്തം മാതാപിതാക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്ന കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ ഇത്തരം കുരുന്നുകള്‍ക്കായി മാജിക് പ്ലാനറ്റില്‍ ഒരു പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കുട്ടികളുടെ പറുദീസ അഥവാ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്നത് മാജിക് പ്ലാനറ്റിന്റെ ഏറ്റവും മികച്ച ചുവടുവെയ്പാണ്. ഇവിടുത്തെ വിശേഷങ്ങള്‍ ഒട്ടനവധിയാണ്. ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കുവാനും അവരുടെ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരുവാനുമായാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.



പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികളാണ് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിനെ പറുദീസയാക്കുന്നത്. ഈ കുട്ടികളാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ വിവിധ വേദികളില്‍ കലാവതരണം നടത്തുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, എം.ആര്‍., ഡിപ്രഷന്‍ മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും വിവിധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലാവതരണം നടത്തുന്ന എല്ലാ കുട്ടികളുടെയും ചെലവുകള്‍ ഏറ്റെടുക്കുന്നതിനും അവര്‍ക്ക് സ്‌റ്റൈഫന്റ് നല്‍കുന്നതിനുമായി നിരവധി സ്‌പോണ്‍സേഴ്‌സ് ഇതിനോടകം രംഗത്തുവന്നിട്ടുണ്ടെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറയുന്നു.



'ഇന്നത്തെ കുട്ടികള്‍ ഭാവിയുടെ ഐന്‍സ്റ്റീന്‍' എന്ന മുദ്രാവാക്യവുമായിട്ടാണ് മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഒരു ദിവസം 1200 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. www.magicplanet.in  എന്ന സൈറ്റില്‍ കയറി നേരിട്ടും 9447014800 എന്ന നമ്പരില്‍ വിളിച്ചും ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


ഒട്ടനേകം വിസ്മയ വിശേഷങ്ങളാണ് മാജിക് പ്ലാനറ്റില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കസ് കാസില്‍, മോം സെന്റര്‍, ബ്ലാക്ക് ആന്റ് വൈറ്റ് സെന്റര്‍, മാജിക് ഫോര്‍ എഡ്യൂക്കേഷന്‍ ടെംപെസ്റ്റ്, മെന്‍ലോ പാര്‍ക്, സ്റ്റാര്‍ട്ടപ് മാജിക്, റെയിന്‍ബോ കിഡ്‌സ് പ്ലാനറ്റ്, ഹിസ്റ്ററി മ്യൂസിയം, ഭൂഗര്‍ഭ തുരങ്കം, ക്ലോസപ്പ് തീയേറ്റര്‍, സയന്‍സ് കോര്‍ണര്‍, മിറര്‍ സയന്‍സിലെ വിസ്മയക്കാഴ്ചകള്‍, പേപ്പര്‍ മാജിക് കോര്‍ണര്‍, അലൈഡ് ആര്‍ട് സെന്റര്‍, മറിയുന്ന പാലം, സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ തെരുവുജാലവിദ്യാ കോര്‍ണര്‍, ഇല്യൂഷന്‍, കണ്‍ജൂറിംഗ് ഷോ, വിമുക്തി വീഥി, റിഥം ഓഫ് വണ്ടേഴ്‌സ് തുടങ്ങി അര്‍ത്ഥവത്തായ ഒരുപിടി പദ്ധതികളുമായാണ് മാജിക് പ്ലാനറ്റ് അതിന്റെ ജൈത്രയാത്ര തുടരുന്നത്.  

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code