Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രംപിനെപ്പോലെ ബൈഡനും എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നിയമങ്ങള്‍ നടപ്പിലാക്കും   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

വാഷിംഗ്ടണ്‍: സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് 2017 ജനുവരി 27 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏഴ് ഭൂരിപക്ഷ-മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം താല്‍ക്കാലികമായി നിയന്ത്രിച്ചു. ട്രംപിന്റെ ഈ നീക്കത്തെ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ വ്യാപകമായി വിമര്‍ശിക്കുകയും കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ ട്രംപിന്റെ തുടര്‍ന്നുള്ള ഉത്തരവുകളിലും നിയമപോരാട്ടങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

 

എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍, പ്രഖ്യാപനങ്ങള്‍, മെമ്മോറാണ്ടങ്ങള്‍ മുതലായവ കോണ്‍ഗ്രസിനെയും നിയമനിര്‍മ്മാണ പ്രക്രിയയെയും മറികടന്ന് യുഎസ് പ്രസിഡന്റുമാര്‍ പ്രസിഡന്റ് നടപടികളിലൂടെ നയം മാറ്റുന്നതിന്റെ ഒരു പ്രക്രിയയാണ്. ഈ തന്ത്രം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച (ദുരുപയോഗിച്ച) സമീപകാല പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ഈ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്.

 

ട്രംപിന്റെ പരിഷ്കരിച്ച കുടിയേറ്റ നിയമം, അഥവാ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ നിരോധനം പിന്നീട് സുപ്രീം കോടതി ശരി വെച്ചു. എന്നാല്‍, പുതിയ ഡമോക്രാറ്റിക് ഭരണത്തില്‍ പ്രതീക്ഷിക്കുന്ന പല നടപടികളിലൊന്നായ, ജനുവരി 20 ന് ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഉടന്‍, ഈ കുടിയേറ്റ നിയമം പഴയപടിയാക്കപ്പെടുമെന്ന് സാന്റാ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അമേരിക്കന്‍ പ്രസിഡന്‍സി പ്രോജക്ടിന്റെ കോ-ഡയറക്ടര്‍ ജോണ്‍ വൂളി പറയുന്നു. ജോ ബൈഡന്റെ തുടര്‍ന്നുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ട്രംപിന്റെ എല്ലാ ഉത്തരവുകളും പഴയ പടിയാക്കാന്‍ കഴിയുമെന്നതിനാല്‍, അദ്ദേഹം അത് ചെയ്തിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ജോണ്‍ വൂളി പറഞ്ഞു.

 

അമേരിക്കന്‍ ചരിത്രത്തിലെ "എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍'

 

ആദ്യത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രക്രിയയെ 'എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍' എന്ന് ആദ്യം വിശേഷിപ്പിച്ചത്. ആഭ്യന്തരയുദ്ധകാലത്ത്, എബ്രഹാം ലിങ്കണ്‍ രണ്ട് വ്യത്യസ്ത എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ അടങ്ങിയ വിമോചന പ്രഖ്യാപനത്തിലൂടെ അടിമകളെ മോചിപ്പിച്ചു.

 

ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റാണ് ഏതൊരു പ്രസിഡന്റിനേക്കാളും കൂടുതല്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പു വെച്ചത്. നാലാം തവണ പ്രസിഡന്റായതിനു ശേഷം അദ്ദേഹം മരിക്കുന്നതിന് മുമ്പ് 3,700 ല്‍ കൂടുതല്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പു വെച്ചത്. ചിലത് മഹാമാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മറ്റുചിലത് രണ്ടാം ലോക മഹായുദ്ധസമയത്ത് രാഷ്ട്രത്തെ അണിനിരത്താന്‍ ലക്ഷ്യമിട്ടത്. മറ്റു പലതും ലളിതമായ ഭരണപരമായ നിര്‍ദ്ദേശങ്ങളായിരുന്നു.

 

2020 നവംബര്‍ പകുതിയായപ്പോഴേക്കും ഡോണാള്‍ഡ് ട്രംപ് 195 എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. മറ്റു സമീപകാല പ്രസിഡന്റുമാരെ അപേക്ഷിച്ച് വെറും നാലു വര്‍ഷം അധികാരത്തിലിരുന്ന ഡോണാള്‍ഡ് ട്രംപ് ഇനിയൊരു നാലു വര്‍ഷംകൂടി അധികാരത്തിലിരുന്നെങ്കില്‍ കോണ്‍ഗ്രസിനെയും നിയമനിര്‍മ്മാണ പ്രക്രിയയെയും മറികടന്ന് മിക്കവാറും എല്ലാ നിയമങ്ങളും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രാബല്യത്തിലാക്കുമായിരുന്നു എന്ന് ജോണ്‍ വൂളി പറയുന്നു.

 

അതേസമയം, ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെ ചുമതല പ്രസിഡന്റിനാണെന്ന് പറയുന്ന ഭരണഘടനയില്‍ അത്തരം ഏകപക്ഷീയമായ നടപടി സ്വീകരിക്കാനുള്ള അധികാരം വ്യക്തമാക്കിയിട്ടില്ലെന്ന് വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ കെന്നത്ത് മേയര്‍ പറയുന്നു. എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ വിശാലമായ സ്വാഭാവിക പ്രയോഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് ഒപ്പിട്ടതുള്‍പ്പടെ ചില എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ദേശീയ സുരക്ഷയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. എന്നാല്‍, അവ പിന്നീട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കാരണം, രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് അമേരിക്കക്കാരെ ക്യാമ്പുകളില്‍ ഒതുക്കിയതുതന്നെ.

 

ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ രഹസ്യാന്വേഷണ ശേഖരണം സുഗമമാക്കുന്നതിന് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. യു എസ് പൗര്‍നമാരുള്‍പ്പട്ടവരുടെ അന്താരാഷ്ട്ര സംഭാഷണങ്ങള്‍ വാറന്റില്ലാതെ വയര്‍ടാപ്പു ചെയ്യാന്‍ അംഗീകാരം നല്‍കുകയായിരുന്നു ആ ഉത്തരവുകളിലൂടെ ബുഷ് ചെയ്തത്.

 

ട്രംപിന്റെ ഉത്തരവുകള്‍

 

ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള കരാറായ പാരീസ് കരാറില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസിനെ മറികടന്ന് പ്രസിഡന്റ് സ്ഥാനത്തിന്റെ അധികാരം ട്രംപ് ഉപയോഗിച്ചു. ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ച് 2019 നവംബറില്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയെ തീരുമാനം അറിയിച്ചു. പിന്‍വലിക്കല്‍ ഈ വര്‍ഷം നവംബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ കരാറാണ് ബൈഡന്‍ തിരിച്ചു പിടിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

""അധികാര കൈമാറ്റം, രണഘടനാപരമായ ചോദ്യങ്ങള്‍ മുതലായവ ഇപ്പോള്‍ എല്ലാ ദിവസവും പ്രധാന വാര്‍ത്തകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു,'' ബാള്‍ട്ടിമോര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോ പ്രൊഫസര്‍ കിം വെഹ്ലെ പറഞ്ഞു.

 

ബൈഡന്റെ വരാനിരിക്കുന്ന ഉത്തരവുകള്‍

 

കോവിഡ്-19 എന്ന മറ്റൊരു ദേശീയ പ്രതിസന്ധിയെ നേരിടാന്‍ ബൈഡന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരം എങ്ങനെ ഉപയോഗപ്പെടുത്തും എന്നതാണ് ഒരു ചോദ്യം. ഏതെങ്കിലും നാടകീയമായ നീക്കങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ സാധ്യതയുണ്ട്.

 

ബൈഡന്‍ വാഗ്ദാനം ചെയ്ത, പരിസ്ഥിതി നയത്തെക്കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ നടപടികളോടുള്ള വെല്ലുവിളികളോട് കോടതികള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് മറ്റൊരു ചോദ്യം. കോണ്‍ഗ്രസിനെ മറികടന്നാണ് ദേശീയ വനങ്ങളും പ്രകൃതി സംരക്ഷണവും എന്ന നിയമമുണ്ടാക്കി പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റ് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചത്. ആ ഉത്തരവുകള്‍ മാറ്റാന്‍ പ്രയാസമാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

നിരവധി സംരക്ഷിത പ്രകൃതി പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവുകളില്‍ ബരാക് ഒബാമയും ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, ആ പ്രദേശങ്ങള്‍ വാണിജ്യ ഉപയോഗത്തിന് തുറന്നുകൊടുക്കണമെന്ന് പറഞ്ഞ് ട്രംപ് ചില ഉത്തരവുകള്‍ മാറ്റി.

 

2021 ജനുവരി 20-ലെ ഉദ്ഘാടനത്തിനുശേഷം പാരീസ് കാലാവസ്ഥാ കരാറിലും ലോകാരോഗ്യ സംഘടനയിലും വീണ്ടും ചേരുന്നതിനു പുറമേ, തെക്കന്‍ യുഎസ് അതിര്‍ത്തിയില്‍ ട്രംപ് ആരംഭിച്ച മതില്‍ നിര്‍മ്മാണം നിര്‍ത്തുമെന്നും, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ബൈഡന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് എക്‌സിക്യൂട്ടീവ് മെമ്മോറാണ്ടത്തിലൂടെയാണ് DACA എന്നറിയപ്പെടുന്ന പ്രോഗ്രാം നടപ്പിലാക്കിയത്. ഇത് അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

 

"ഏകപക്ഷീയമായ നടപടിയെ ആശ്രയിക്കുന്ന പ്രസിഡന്റുമാരുടെ രീതി ബൈഡന്‍ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ കെന്നത്ത് മേയര്‍ പറഞ്ഞു, പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്തുകയാണെങ്കില്‍.

 

ജനുവരിയില്‍ ജോര്‍ജിയയില്‍ നടക്കുന്ന രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ പാര്‍ട്ടികളുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കും. പക്ഷേ അതിന്റെ ഫലം കണക്കിലെടുക്കാതെ തന്നെ, ഗവണ്‍മെന്റിന്റെ മൂന്ന് ശാഖകളായ കോണ്‍ഗ്രസ്, പ്രസിഡന്റ്, കോടതി എന്നിവകള്‍ക്കിടയില്‍ പിരിമുറുക്കം തുടരാനാണ് സാധ്യത.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code