Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Picture

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 17.22 കോടിയാണ്. ആകെ ജനസംഖ്യയുടെ 14.23 ശതമാനം. ഇതില്‍ 88.73 ലക്ഷം മാത്രമാണ് കേരളത്തിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പേ കേരളം, കര്‍ണ്ണാടക, തെലുങ്കാന, ബീഹാര്‍, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് ജോലി, വിദ്യാഭ്യാസ മേഖലകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ 17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയില്‍ 10 കോടിയിലേറെ ജനങ്ങള്‍ക്ക് അഥവാ 63 ശതമാനത്തിന് ഇന്ത്യയില്‍ യാതൊരു സംവരണവുമില്ലായിരുന്നു. ഇവര്‍ക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.

 

ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം നിരന്തരം കാണുന്നതാണ്. ഇന്ത്യയിലെ സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തില്‍ ഒരു വിഭാഗത്തിനു മാത്രമിത് മത സാമുദായിക സംവരണമായി തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ മുസ്ലീംപ്രീണന രാഷ്ട്രീയ സമീപനം ബഹുഭൂരിപക്ഷം വരുന്ന ഇതരസമുദായങ്ങളുടെ അവസരങ്ങള്‍ കാലങ്ങളായി മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തിയ നീതികേട് ഇന്നും തുടരുന്നതിന് അവസാനമുണ്ടാകണം.

 

കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പ് 1936-ല്‍ തിരുകൊച്ചി സംസ്ഥാനത്ത് മുസ്ലീം മതസംവരണമുണ്ടായി. 1950കളില്‍ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേരീതിയില്‍ തുടര്‍ന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും ഭരണഘടനാവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1976-ല്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരത്വ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് മതസംവരണം. 1951 ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെയും നേട്ടമുണ്ടാക്കിയവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. 1956-ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒബിസി വിഭാഗത്തിന് മാറ്റിവെച്ചു. ഈ ഒബിസി വിഭാഗത്തില്‍ 10 ശതമാനം മുസ്ലീം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി. ഇങ്ങനെ നിലവിലുള്ള സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ യാതൊരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോയെന്ന് പുനര്‍വിചിന്തനം നടത്തണം.

 

10 വര്‍ഷത്തേയ്ക്ക് ആരംഭിച്ച ജാതിസംവരണമാണ് 70 വര്‍ഷമായി തുടരുന്നതിപ്പോള്‍ 2030 വരെ നീട്ടിയിരിക്കുന്നു. 1936 മുതല്‍ 85 വര്‍ഷക്കാലമായി കേരളത്തില്‍ സംവരണത്തിന്റെ ഗുണഫലമനുഭവിക്കുന്നവരുടെ ജീവിത നിലവാരത്തിലും സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക വിദ്യാഭ്യാസ രംഗത്തുമുണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും വിലയിരുത്തപ്പെടേണ്ടതാണ്. ലക്ഷങ്ങള്‍ മാസവരുമാനവും ഉന്നത സര്‍ക്കാര്‍ ജോലികള്‍ വഹിക്കുന്നവര്‍പോലും ക്രീമിലെയര്‍ അട്ടിമറിച്ച് ഭരണസംവിധാനങ്ങളെ നിര്‍വീര്യമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഐക്യവും സ്നേഹവും നിലനില്‍ക്കുന്ന ഇതര സമുദായങ്ങളില്‍ സാമ്പത്തിക സംവരണത്തിന്റെ പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാരത്തിലേറാന്‍ ചിലര്‍ നടത്തുന്ന കുതന്ത്രങ്ങളും നീക്കങ്ങളും സാക്ഷരസമൂഹം തിരിച്ചറിഞ്ഞ് ശക്തമായിട്ടെതിര്‍ക്കണമെന്നും വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.


ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code