Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി; കരുത്താർജ്ജിച്ച് ഫൊക്കാന ജനങ്ങളിലേക്ക്   - സ്വന്തം ലേഖകൻ

Picture

ന്യൂജേഴ്‌സി: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. സുധാകരൻ തുടങ്ങി നിരവധി രാഷ്ട്രീയ സാമുദായിക സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഫൊക്കാനയുടെ അധികാര കൈമാറ്റം പ്രൗഢ ഗംഭീരമായി. 2018-20 ൽ ഫൊക്കാനയെ നയിച്ച ബി.മാധവൻ നായരുടെ നേതൃത്വത്തിലുള്ള ടീമിൽ നിന്നും 2020-22 കാലയളവിൽ ഫൊക്കാനയെ നയിക്കുന്ന ജോർജി വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള ടീമിനാണ് കഴിഞ്ഞ ദിവസം അധികാരം കൈമാറിയത്. 
 
 
 കോവിഡ് മാനദന്ധം  പാലിച്ച് ന്യൂജേഴ്‌സി- ന്യൂയോർക്ക് മേഖലയിലെ ഏതാനും നേതാക്കൾ നേരിട്ടും ഫൊക്കാനയിലെ മറ്റു മേഖലയിലെ നേതാക്കന്മാർ വെർച്വൽ പ്ലാറ്റ്ഫോമിലൂടെയും പങ്കെടുത്ത് നടത്തിയ ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്  ഉദ്ഘാടനം ചെയ്തത് . അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എക്കാലവും പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും  തുടർന്നും ഫൊക്കാന കൂടുതൽ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ സജീവമാകട്ടെ എന്നും  ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി ആശംസിച്ചു.
 
 
 എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ ശ്ലാഘനീയമാണന്ന് അദ്ദേഹം പറഞ്ഞു. ഫാ.ഡേവിസ് ചിറമേലിൻ്റെ അനുഗ്രഹ പ്രഭാഷണം ശ്രദ്ധേയമായി.

മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിൽ ഫൊക്കാന അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായിരുന്ന വിഷയങ്ങളെ സംബന്ധിച്ചും അവ രമ്യമായി പരിഹരിച്ചതിനെക്കുറിച്ചും ആമുഖമായി സംസാരിച്ചു. ഫൊക്കാനയിൽ ഉണ്ടായിരുന്ന തർക്കങ്ങൾ ക്ഷണികമായിരുന്നു എന്നും ഫൊക്കാന ജോർജി വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുൻകാല നേതാക്കളുടെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
 

ഫൊക്കാനായിൽ ഉണ്ടായിരുന്ന ചില തർക്കങ്ങൾ പരിഹരിക്കുകയും 2018-2020 ടീമിൽ നിന്നും പുതിയ ഭരണസമിതിക്ക് പരമാധികാരം കൈമാറുന്നതായി മുൻ പ്രസിഡൻ്റ് മാധവൻ നായർ അറിയിച്ചു. പുതിയ പ്രസിഡന്റ് ജോർജി വർഗീസിന്‌ ഫ്‌ലോറിഡയിൽ നിന്നും എത്താൻ സാധിക്കാഞ്ഞത് മൂലം ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  രേഖകൾ ഏറ്റു വാങ്ങി സെക്രട്ടറി സാജിമോൻ ആന്റണിയെ ഏൽപ്പിച്ചു.

കേരളാ ഗവർണർ, മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു മന്ത്രിമാരും നേതാക്കളും പങ്കെടുത്ത തിരുവന്തപുരത്തു വച്ച് നടത്തിയ കേരളാ കൺവെൻഷൻ ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ  മാധവൻ നായർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. ജൂലൈയിൽ അറ്റ്ലാന്റിക് സിറ്റിയിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന കൺവെൻഷൻ കോവിഡ് പ്രതിസന്സി മൂലം റദ്ദു ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് 2020 - 22 കാലയളവിലെ ഭാരവാഹികളെ പരിചയപ്പെടുത്തുവാൻ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമൻ സി ജേക്കബിനെ ക്ഷണിച്ചു. ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് തൻ്റെ നേതൃത്വത്തിലുള്ള നാൽപ്പതംഗ ടീമിനെ പരിചയപ്പെടുത്തി.

 
ഫൊക്കാനയിലെ ആശയക്കുഴപ്പങ്ങളും തർക്കങ്ങളും പൂർണ്ണമായും പരിഹരിച്ച് വളരെ ആർജ്ജവമുള്ള ഒരു ഭരണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോർജി വർഗീസ് അറിയിച്ചു. എല്ലാ സംഘടനകളുടെയും വളർച്ചകൾക്ക് പിന്നിൽ ഇത്തരം ചില തർക്കങ്ങളും മറ്റും ഉണ്ട്. അവ രമ്യമായി പരിഹരിക്കുന്നതോടെ സംഘടന കൂടുതൽ ശക്തി പ്രാപിക്കുന്നു. ജനോപകാരപ്രദങ്ങളായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ കൂടുതൽ ജനകീയമാകും. 2020 - 22 കാലയളവിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് അമേരിക്കയിലും കേരളത്തിലും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വിഘടിച്ചു നിന്ന രണ്ട് ചേരികളെ ദീർഘനാളത്തെ ചർച്ചയ്ക്ക് ശേഷം ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് പോൾ കറുകപ്പിള്ളിൽ, ഡോ.മാമ്മൻ സി. ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ജോർജി വർഗീസ്, മാധവൻ ബി നായർ,രഞ്ജിത്ത് പിള്ള , ലീലാ മാരേട്ട്, ഏബ്രഹാം ഈപ്പൻ, ജോയി ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളും, ഓർത്തഡോക്സ് ടി.വി ഡയറക്ടറും, ഓര്ത്തഡോക്സ് സഭ ഹ്യൂസ്റ്റൺ ഇടവക വികാരിയുമായ ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻ്റെ മദ്ധ്യസ്ഥതയും  ഫൊക്കാനയിലെ നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിന്  സഹായകമായതായി ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
 

മാധവൻ ബി നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫിലിപ്പോസ് ഫിലിപ്പ്, ഡോ.രഞ്ജിത്ത്  പിള്ള എന്നിവർ എം.സി മാരായി. വി.എസ്.ശിവകുമാർ എം.എൽ എ, ഓർത്തഡോക്സ് ടി.വി ഡയറക്ടർ  റവ. ഫാദർ ജോൺസൺ പുഞ്ചക്കോണം, ലീലാ മാരേട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ റ്റി.എസ്.ചാക്കോ, മുൻ പ്രസിഡൻ്റ് മാരായ ജി.കെ. പിള്ള, മറിയാമ്മ പിള്ള, കമ്മാണ്ടർ ജോർജ് കോരത്, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന ,കുര്യൻ പ്രക്കാനം, ട്രസ്റ്റീ ബോർഡ് സെക്രട്ടറി സജി പോത്തൻ, ഏഷ്യാനെറ്റ് 'എന്റെ മലയാളം' പ്രോഗ്രാം ഡയറക്ടർ സുബ്ര ഐസക്സ്റ്റെയ്‌ൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 2018-20 ലേ കൺവെൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ സ്വാഗതവും ഫൊക്കാനാ സെക്രെടറി സാജിമോൻ ആന്റണി നന്ദിയും പറഞ്ഞു.
 

പ്രശസ്ത ഗായകൻ കല്ലറ ഗോപൻ്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികളോടെ ഫൊക്കാന അധികാരക്കൈമാറ്റ ചടങ്ങിന് തിരശീല വീണു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code