ന്യൂയോര്‍ക്ക്: യുവദമ്പതികള്‍ മധുവിധു ആഘോഷത്തിന്റെ നാലാം ദിനം റിസോര്‍ട്ടിനു സമീപം മുങ്ങിമരിച്ചു. പാക്കിസ്ഥാന് - അമേരിക്കന്‍ കോര്‍പറേറ്റ് അറ്റോര്‍ണി മുഹമ്മദ് മാലികും (35), ഭാര്യ ഡോ. നൂര്ഷായും (29) മധുവിധു ആഘോഷിക്കുന്നതിനാണ് കരീബിയന്‍ റിസോര്‍ട്ടിലെത്തിയത്. റ്റര്‍ക്ക് ആന്‍ഡ് കെയ്ക്കോസ് ഐലന്റിലെ റിസോര്‍ട്ടിനു സമീപം നീന്തിക്കൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. സഹായത്തിനായി എത്തിച്ചേര്ന്നവര് ഇരുവരേയും വെള്ളത്തില്‍ നിന്നു പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇരുവരുടേയും മരണം സ്ഥിരീകരിച്ചു.
ന്യൂയോര്‍ക്ക് ഈസ്റ്റ് മെഡോയില്‍ നാലു ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ആഘോഷകരമായ വിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോര്‍ണന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ഓല്‍ഷന്‍ ഫ്രോം വൊളോസ്കിയിലെ അറ്റോര്‍ണിയുമായിരുന്ന മുഹമ്മദ് മാലിക്കും, നാലാം വര്‍ഷ സര്‍ജിക്കല്‍ റെസഡന്റായിരുന്ന നൂര്ഷായും ഡെയ്റ്റിംഗിനുശേഷമാണ് വിവാഹിതരായത്.
വിനയാന്വിതനും പ്രഗത്ഭനുമായ അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓല്‍ഷന്‍ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലെങ്കോണ്‍ ഹെല്‍ത്ത് സര്‍ജി ഡിപ്പാര്‍ട്ട്മെന്റ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നൂര്ഷായുടെ ആകസ്മിക വിയോഗത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
ദമ്പതികള്‍ മരിക്കാനിടയായ റിസോര്‍ട്ടിനു സമീപം അപകട സൂചന നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലായിരുന്നുവെന്ന് മുഹമ്മദിന്റെ പിതാവ് മെക്ബൂല് മാലിക് പറഞ്ഞു. ദമ്പതികളുടെ അപകട മരണത്തില്‍ റിസോര്‍ട്ട് അധികൃതരും അനുശോചനം അറിയിച്ചു.
Comments