വിഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് ടെസ്റ്റ് വീടുകളില്‍ സ്വയം നടത്തുന്നതിന് ആദ്യമായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്കി. നവംബര്‍ 17-ന് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് എഫ്.ഡി.എ പുറപ്പെടുവിച്ചത്.
മുപ്പത് മിനിറ്റിനുള്ളില്‍ റാപ്പിഡ് കൊറോണ വൈറസ് ടെസ്റ്റിന്റെ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളിലോ, ടെസ്റ്റിംഗ് സെന്ററുകളിലോ പോകാതെ തന്നെ വീടുകളില്‍ വച്ച് എല്ലാവരുടേയും ടെസ്റ്റ് നടത്തുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലുസിറ ഹെല്‍ത്തിനാണ് (കലിഫോര്‍ണിയ) സിംഗിള്‍ യൂസ് ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിന് അടിയന്തര അനുമതി നല്‍കിയിരിക്കുന്നത്. മരുന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് വേണമെന്നതാണ് നിബന്ധന.
ഡോക്ടര്‍മാരുടെ ഓഫീസുകളിലും, ടെസ്റ്റിംഗ് സെന്ററുകളിലും ലൂസിറ ടെസ്റ്റ് നടത്തുന്നതിനുള്ള അനുമതിയും എഫ്ഡിഎ നല്‍കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന ടെസ്റ്റുകളുടെ ഫലം സ്റ്റേറ്റ്, ഫെഡറല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ വീടുകളില്‍ നടത്തുന്ന ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്. നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലൂസിറയ്ക്ക് മാത്രമാണ് എഫ്ഡിഎ അനുമതി നല്‍കിയിട്ടുള്ളത്.
Comments