ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മലയാളി കെവിന് തോമസ് (36) വിജയിച്ചു. ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്ന ഇദ്ദേഹം മെയില്‍ ഇന്‍ ബാലറ്റ് കൂടി എണ്ണിയതോടെ 1,400-ല്‍പ്പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ന്യുയോര്‍ക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനായ കെവിന് ലോംഗ് ഐലന്റിലെ അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടില്‍ നിന്നാണ് വിജയിച്ചത്.
റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന് ദിബായിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണ് മാതാവ്. ഒരു സഹോദരിയുണ്ട്. ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്മണി തറയില്‍ ജോണ്സണ് ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.
ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അറ്റോര്‍ണിയാണ് കെവിന്. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന് പറഞ്ഞിരുന്നു
ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ് കമ്മീഷന് ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്.
Comments