ആയൂര്‍ : ഉറ്റ സ്നേഹിതരായ പെണ്‍കുട്ടികള്‍ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്. മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ 2 കോളജ് വിദ്യാര്‍ഥിനികള്‍ കഴി!ഞ്ഞ ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു കരുതുന്നത്. ഊടുപുഴയ്ക്കു സമീപം കക്കത്തൊഴിലാളികളാണ് ആദ്യം ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചതിനെത്തുടര്‍ന്നു വൈക്കത്തു നിന്നു പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അമൃതയുടെ മൃതദേഹമാണെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു തിരിച്ചറിഞ്ഞു.
കൊല്ലം ആയൂര്‍ കീഴാറ്റൂര്‍ അഞ്ജു ഭവനില്‍ അശോകന്റെ മകള്‍ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടില്‍ അനി ശിവദാസിന്റെ മകള്‍ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്പനാട്ടു കായലില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തോടെ അമൃതയുടെ മൃതദേഹം പൂച്ചാക്കല്‍ പാണാവള്ളി ഊടുപുഴ കടത്തുകടവ് ഭാഗത്തു നിന്നും ആര്യയുടെ മൃതദേഹം പെരുമ്പളം സൗത്ത് ജെട്ടി ഭാഗത്തു നിന്നുമാണു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ പെരുമ്പളം സൗത്ത് ബോട്ട് ജെട്ടിക്കു സമീപം രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയെന്ന വിവരം ലഭിച്ചു. ഇത് ആര്യയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇരുവരും അഞ്ചലിലുള്ള സ്വകാര്യ കോളജിലെ ബിഎ (ചരിത്രം) വിദ്യാര്‍ഥിനികളായിരുന്നു. 13നു രാവിലെ 10ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ഉച്ചയ്ക്കു 12ന് ആര്യയുടെ ഫോണില്‍ വിളിച്ചു വീട്ടുകാര്‍ സംസാരിച്ചിരുന്നു. ഇരുവരും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നു വൈകിട്ടു വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് ഇരുവീട്ടുകാരും അഞ്ചല്‍, ചടയമംഗലം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കി.
ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്ന കാവില്‍ പുത്തന്‍പുരയില്‍ സീതാലക്ഷ്മി പൊലീസിനോടു പറഞ്ഞിരുന്നു. വാഹനങ്ങളില്‍ മാലിന്യം എത്തിച്ചു പാലത്തില്‍നിന്ന് ആറ്റിലേക്കു വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇതിന്റെ ശബ്ദമാണെന്ന് ആദ്യം കരുതി. തൊട്ടു പിന്നാലെ ഒന്നിലധികം പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് ആരോ ആറ്റില്‍ വീണതാകാമെന്നു സംശയം തോന്നിയതെന്ന് അവര്‍ പറഞ്ഞു.
ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ സാധിച്ചില്ല. വൈക്കം പൊലീസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍നിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തു. കാണാതായ യുവതികളില്‍ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ആര്യയുടെ അമ്മ: ഗീത. സഹോദരി: അഞ്ജു. അമൃതയുടെ അമ്മ: ബിന്ദുകല. സഹോദരി: അഖില.
Comments