Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു ചരിത്രയുഗത്തിനു ശുഭസമാപ്തിയായി; ഇനി മറ്റൊരു ലോകത്തെ നക്ഷത്രമായി തിരുമേനി ഉദിച്ചുയരട്ടെ

Picture

ഫ്‌ളോറിഡ: ദൈവത്തിന്റെ അഭിഷിക്തന്‍, കാലഘട്ടത്തിന്റെ ശക്തനായ പ്രവാചകന്‍, ദൈവത്തോടും സഭയോടും തികഞ്ഞ ആത്മാര്‍ത്ഥതയും വിശ്വസ്തതയും പുലര്‍ത്തിയ മനക്കരുത്തുള്ള ധീര ക്രിസ്തു ഭടന്‍- എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും യോഗ്യനായ മഹാനായിരുന്നു കാലം ചെയ്ത മാര്‍ത്തോമ്മാ സഭ പരമദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ്. തിരുമേനിയുമായി ഒരു വ്യാഴവട്ടക്കാലം ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന താന്‍ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ അപാരതകള്‍ കണ്ടനുഭവിച്ചറിഞ്ഞ വ്യക്തിയാണെന്നും ഡോ. മാമ്മന്‍ സി. ജേക്കബ് അനുസ്മരിച്ചു.

 

അടിയൊഴുക്കുകളെ ആഴത്തില്‍ മനസിലാക്കിയ ഒരു ഭരണ തന്ത്രജ്ഞനായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ തിരുമേനി എക്കാലവും മുഖ്യ പരിഗണന നല്‍കിയിരുന്നത് വിശ്വാസ സമൂഹവും സഭയും എന്നിവ മാത്രമായിരുന്നു . സഭാ പരമായ കാര്യങ്ങളില്‍ പലപ്പോഴും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പതറാത്ത മനസ്സുമായി ഏതറ്റവരെയും പോകാന്‍ തയ്യാറായ ഒരു കര്‍മ്മയോഗിയുമായിരുന്നു. സഭയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. സഭയുടെ നന്മയ്ക്കും യശഃസിനും വേണ്ടി വിട്ടു വീഴ്ച്ചയില്ലാതെ മുന്നില്‍ നിന്ന് പൊരുതിയ യേശുവിന്റെ ഈ വിശ്വസ്ത പോരാളി തന്റെ കര്‍മ്മ മണ്ഡലത്തില്‍ എന്നും ഒരു കെടാവിളക്കായി നിലകൊണ്ടിരുന്നു.-ഒരു കാലഘട്ടത്തിന്റെ സൂര്യന്‍ തന്റെ ദൗത്യ നിര്‍വഹണത്തിന് ശേഷം മറ്റൊരു ലോകത്തെ നക്ഷത്രമായി ഉദിച്ചു.... - ഡോ. മാമ്മന്‍ സി. അനുസ്മരിച്ചു.

 

ഫ്ളോറിഡയില്‍ എത്തിയാല്‍ അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്നത് തന്റെ ഭവനത്തിലായിരുന്നു. തന്റെ അമേരിക്കന്‍ ജീവിതത്തില്‍ 5 തവണ വീടുകള്‍ മാറിയിട്ടുണ്ട്. താന്‍ ജീവിച്ചിട്ടുള്ള എല്ലാ വീടുകളിലും തന്നോടും കുടുംബത്തോടും ഒപ്പം താമസിച്ചിട്ടുള്ള തിരുമേനിയുടെ സാന്നിധ്യം കൊണ്ട് താനും കുടുംബവും അനുഗ്രഹീതമായിരുന്നുവെന്ന് മാമ്മന്‍ സി. വൈകാരികതയോടെ ഓര്‍മ്മകള്‍ പങ്കുവച്ചു. പുറമെ കര്‍ക്കശക്കാരാണെന്നു തോന്നിക്കുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഹൃദയ ശുദ്ധിയും സൗമ്യ സ്വഭാവക്കാരനുമായ ഒരു തിരുമേനിയെയാണ് ജോസഫ് മാര്‍ത്തോമ്മാ തിരുമേനിയില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത്. നിര്‍ദ്ധനരോട് മനസ് നിറയെ സഹാനുഭൂതി കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം അവരെ സഹായിക്കാന്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്.

 

അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയിലുള്ള ഡോ.പി.ടി. മാമ്മന്റെ വസതിയില്‍ പോയ കാര്യം ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് മാര്‍ത്തോമ്മാ സഭയുടെ സഫര്‍ഗന്‍ മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം . അമേരിക്കയിലെ സഭ മക്കളോട് എന്നും സ്‌നേഹം മാത്രമായിരുന്നു തിരുമേനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാത്ത അമേരിക്കയിലെ സഭ മക്കള്‍ വളരെ വിരളമായിരിക്കും. സഭയ്ക്കും സമുദായത്തിനപ്പുറം മാവാനികതയ്ക്കായിരുന്നു അദ്ദേഹം മുന്‍തുക്കം നല്‍കിയിരുന്നത്. എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന സന്ദേശമാണ് അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. സഭയിലെ മക്കള്‍ക്കും വൈദികര്‍ക്കും മാനവികതയുടെ പാഠമാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനരീതികള്‍കൊണ്ടാണ് മാര്‍ത്തോമ്മാ സഭയ്ക്ക് ആഗോള തലത്തില്‍ യശസ്സ് ഉയര്‍ത്താന്‍ കാരണമായതെന്നും മാമ്മന്‍ സി.ചൂണ്ടിക്കാട്ടി.

 

പ്രാത്ഥനയിലൂടെ ആലോചിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമായി കണ്ടിരുന്ന അദ്ദേഹം അവ നടപ്പിലാക്കാന്‍ പലപ്പോഴും കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ട്. ഇതുമൂലം കര്‍ക്കശക്കാരന്‍ എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ മുന്നോട്ടു പോകുമ്പോല്‍ ദൈവം തന്നില്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി എന്ന് ചിന്തിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

 

മാരാമണ്‍ കണ്‍വെന്‍ഷനുകള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സഭയുടെ ചരിത്ര താളുകളില്‍ തങ്ക ലിപികളില്‍ രചിക്കപ്പെട്ടു കഴിഞ്ഞു. അവശര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നിലകൊണ്ടിരുന്ന ആ വലിയ മഹാത്മാവിന്റെ വേര്‍പാടില്‍ നിന്ന് മാര്‍ത്തോമ്മാ സഭയ്ക്ക് മുക്തി നേടാന്‍ സമയം ഇനിയും വേണ്ടി വന്നേക്കാം എങ്കിലും ആ പുണ്യാല്‍മ്മാവിന്റെ ഓര്‍മ്മകള്‍ മാത്രം മതിയാകും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തോടെ മുന്നേറാന്‍. സ്വര്‍ഗ്ഗവാതില്‍ പക്ഷികള്‍ മിഴി തുറന്നു കഴിഞ്ഞു. സ്വര്‍ഗം അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. തിരുമേനി അങ്ങേയ്ക്ക് വിട . ദൈവ തിരുകുമാരന്റെ ഭവനത്തില്‍ അന്ത്യ വിശ്രമം കൊള്ളുമ്പോള്‍ സഭയുടെ വളര്‍ച്ചക്കായി ദൈവമക്കള്‍ക്കായി അങ്ങയുടെ പ്രാത്ഥനകള്‍ സ്വര്‍ഗം കേള്‍ക്കട്ടെ.

 

അദ്ദേഹവുമായി അടുത്തു സഹകരിക്കുവാന്‍ ഏറെ അവസരങ്ങള്‍ ജീവിതത്തില്‍ ലഭിച്ചത് എന്നും സ്മരണയില്‍ മായാതെ നില നില്‍ക്കും. മാര്‍ത്തോമ്മാ സഭയുടെ സൂര്യതേജസിന് ആദരാജ്ഞലികള്‍!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code