Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹാകവി അക്കിത്തത്തിന് അശ്രുപൂജ

Picture

തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്.

 

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

 

46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

 

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീര്‍ത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

 

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code