Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനയുടെ പേരില്‍ വീണ്ടും വ്യാജ വാര്‍ത്തകള്‍; ജാഗ്രത പുലര്‍ത്തണമെന്ന് ഔദ്യോഗിക നേതൃത്വം   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ പേരില്‍ വീണ്ടും വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം പൊതുജനങ്ങളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

 

ഫൊക്കാന സെപ്റ്റംബര്‍ 27 ന് സൂം ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് വിളിച്ചുകൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ഔദ്യോഗിക നേതൃത്വം ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിട്ടില്ലെന്നും ഇത് അംഗ സംഘടനകളേയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലൈസി അലക്‌സ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുജ ജോസ്, ഷീല ജോസഫ്, വിജി നായര്‍ എന്നിവര്‍ അറിയിച്ചു.

ഫൊക്കാന എന്ന മഹത് പ്രസ്ഥാനത്തെ തകര്‍ക്കുവാനും അസ്ഥിരപ്പെടുത്തുവാനും തല്പര കക്ഷികള്‍ കഴിഞ്ഞ കുറേ കാലമായി ശ്രമം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27 ന് ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നടന്നുവെന്ന് കാട്ടി വ്യാജ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു.

 

അനധികൃതമായി വ്യാജ തെരഞ്ഞെടുപ്പ് നടത്തിയവര്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം കോടതിയെ സമീപിക്കുകയും ന്യൂയോര്‍ക്ക് ക്വീന്‍സ് സുപ്രീം കോടതി തല്പരകക്ഷികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് നിരീക്ഷിക്കുകയും കോടതിയുടെ വിധി പ്രസ്താവിക്കും വരെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 12ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് (കേസ് നമ്പര്‍ 71 2736/20) പ്രകാരം ഫൊക്കാനയുടെ ഔദ്യോഗിക കാര്യങ്ങളില്‍ അനധികൃതമായി ഇടപെടരുതെന്നും, ഔദ്യോഗിക ഭാരവാഹികളുടെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തരുതെന്നും തല്പര കക്ഷികളെ കോടതി വിലക്കിയിരുന്നു. ആ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫൊക്കാന ഔദ്യോഗിക നേതൃത്വമെന്ന വ്യാജേന തല്പര കക്ഷികള്‍ സെപ്റ്റംബര്‍ 27 ന് വിളിച്ചിരിക്കുന്ന സൂം കോണ്‍ഫറന്‍സ് കോടതിയലക്ഷ്യവും ഉത്തരവുകളുടെ ലംഘനവുമാണ്.

 

കൂടാതെ, ഫൊക്കാനയുടെ 2020- 22 കമ്മിറ്റിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ജനറല്‍ കൌണ്‍സില്‍ നടത്തുവാനും യാതൊരു നിയമ തടസവും നിലനില്‍ക്കുന്നില്ലെന്നും, ന്യൂയോര്‍ക്ക് കോടതിയില്‍ നിന്നും കേസ് മെരിലാന്‍ഡ് ഡിസ്ട്രിക്ട് കോടതിയിലേക്ക് മാറ്റിയെന്നുമുള്ള വസ്തുതാവിരുദ്ധമായ പ്രസ്താവന കോടതിയെ ധിക്കരിക്കുന്നതാണെന്നു മാത്രമല്ല പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. "നിയന്ത്രണാജ്ഞ (restraining order) യുടെ കാലാവുധി 14 ദിവസം മാത്രമേ നിലനില്‍ക്കൂ എന്ന് എതിര്‍ കക്ഷികളുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്' എന്ന പ്രസ്താവന എത്രമാത്രം ഗൗരവമേറിയതാണെന്നും പൊതുജനങ്ങള്‍ മനസിലാക്കണം. അത് കോടതിയെ അവഹേളിക്കുന്നതിനു തുല്യവും, എതിര്‍ കക്ഷികളുടെ അഭിഭാഷകന്റെ നീതിശാസ്ത്രത്തേയും അന്തസിനേയും സത്യസന്ധതയേയും കളങ്കപ്പെടുത്തുന്നതുമാണ്.

 

ഒക്ടോബര്‍ 22ന് ക്വീന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയിലും, അംഗസംഘടനകള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരും എക്‌സിക്യൂട്ടീവ് അംഗങ്ങളും അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം, വ്യാജ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തിയവര്‍ മാത്രമല്ല, അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചവരും കോടതിയലക്ഷ്യത്തിന് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

 

കോവിഡ്19 വ്യാപനം ഗുരുതരമായി തുടരുകയും സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിബന്ധനകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം, അംഗ സംഘടനാ പ്രതിനിധികളുടെ അനുവാദത്തോടെ, കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും 2021 ലേക്ക് മാറ്റി വെച്ചത്. അതുവരെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാരവാഹിത്വത്തിന് നിയമ സാധുതയും അംഗങ്ങളുടെ പിന്‍ബലവുമുണ്ട്. വ്യാജ വാര്‍ത്തകള്‍ പരസ്യപ്പെടുത്തി ഫൊക്കാനയെന്ന മാതൃകാ സംഘടനയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഔദ്യോഗിക നേതൃത്വം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code