Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രകൃതിയുടെ പുണ്യവാളന്‍: വിശുദ്ധ ഫ്രാന്‍സീസ് അസ്സീസ്സി (ഡോ. ജോര്‍ജ് മരങ്ങോലി)

Picture

ഈ പ്രപഞ്ചവും സകല ചരാചരങ്ങളും ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണെന്നു വിശ്വസിച്ച് എല്ലാറ്റിനേയും സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്ത പ്രകൃതിയുടെ പുണ്യവാളന്‍ എന്നറിയപ്പെടുന്ന താപസശ്രേഷ്ഠനാണ് വി. ഫ്രാന്‍സീസ് അസ്സീസ്സി. പക്ഷികളും മൃഗങ്ങള്‍ പോലും ഫ്രാന്‍സീസിന്റെ ചുറ്റും കൂടിനിന്ന് അദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അലറി അടുത്ത ചെന്നായയെപ്പോലും ദൈവസ്‌നേഹത്തിന്റെ ശക്തിയാല്‍ മെരുക്കിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സൂര്യനെ "സഹോദരന്‍' എന്നും, ചന്ദ്രനെ "സഹോദരി'യെന്നും, പക്ഷികളെ "സഹോദരിമാര്‍' എന്നും സ്‌നേഹപൂര്‍വ്വം അഭിസംബോധന ചെയ്ത് ക്രൈസ്തവ ധര്‍മ്മത്തിനുവേണ്ടി തന്നെത്തന്നെ യേശുനാഥന് സമര്‍പ്പിച്ച കര്‍മ്മയോഗി കൂടിയാണ് വി. ഫ്രാന്‍സീസ് അസ്സീസ്സി.

 

ഇറ്റലിയിലെ "അസ്സീസ്സി' ഗ്രാമത്തില്‍ ആരു ധനാഢ്യനായ സിക്ക് വ്യവസായി, പീറ്റര്‍ ബെര്‍നര്‍ഡോണ്‍ എന്ന മകനായി 1181-ലാണ് ജ്യോവാനി ബെര്‍നര്‍ഡോണ്‍ എന്ന ഫ്രാന്‍സീസ് ജനിച്ചത്. ഫ്രാന്‍സുകാരിയായിരുന്നു അമ്മ. ചെറുപ്പത്തിലെ "ഫ്രാന്‍സിസ്‌കോ' അഥവാ ഫ്രഞ്ചുകാരന്‍ എന്ന പേരാണ് മകനെ തന്റെ പിതാവ് വിളിച്ചിരുന്നത്. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഡാന്‍സും പാട്ടും മറ്റു കലാപരിപാടികളുമായി ആഢംബര ജീവിതം നയിച്ച ഫ്രാന്‍സീസ് പഠനകാര്യത്തില്‍ പുറകോട്ടായിരുന്നുവെന്നു മാത്രമല്ല, ബിസിനസ് കാര്യങ്ങളില്‍ പിതാവിനെ സഹായിക്കാനും താത്പര്യം കാണിച്ചില്ല. പതിനാലാം വയസ്സില്‍ പഠനം നിര്‍ത്തിയശേഷം സൈനിക സേവനത്തിന്റെ കീര്‍ത്തി സ്വപ്നം കണ്ടുകൊണ്ടു നടന്ന ഫ്രാന്‍സീസ് ഇരുപതാം വയസ്സില്‍ പെറുഗിയന്‍ പട്ടണത്തിനെതിരായി യുദ്ധം ചെയ്ത് തടവുകാരനായി. ഒരു വര്‍ഷത്തെ ജയില്‍ ജീവിതം ഫ്രാന്‍സീസിനെ ഒരു വ്യത്യസ്ത മനുഷ്യനാക്കി. "സാന്‍ഡാമിയാനോ'യിലെ ഇടിഞ്ഞുപൊളിഞ്ഞ് നിലംപതിക്കാറായ ദേവാലയം പുതുക്കിപ്പണിയാന്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ ക്രൂശിതരൂപത്തിലെ ക്രിസ്തുനാഥന്‍ ഫ്രാന്‍സീസിനോട് പറഞ്ഞതനുസരിച്ച് തന്റെ കുടുംബ സ്വത്തുക്കളും, കുതിരകളേയുമെല്ലാം വിറ്റ് ഫ്രാന്‍സീസ് പണം സ്വരൂപിക്കാന്‍ തുടങ്ങി. രോഷാകുലനായ പിതാവിനെ പേടിച്ച് അദ്ദേഹം ഒരു മാസത്തേക്ക് ഒരു ഗുഹയില്‍ പോയി ഒളിച്ചു താമസിച്ചു. തിരിച്ചുവന്നപ്പോള്‍ പട്ടിണി കിടന്ന് ക്ഷീണിച്ച് അവശനായി, വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ച ഫ്രാന്‍സീസിനെ കണ്ടപ്പോള്‍ ജനം ഭ്രാന്തനെന്നു കൂക്കിവിളിച്ച് കല്ലെറിഞ്ഞു! ഫ്രാന്‍സിസിന്റെ പിതാവ് അയാളെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയെങ്കിലും ഫ്രാന്‍സീസിന്റെ അമ്മ അയാളെ മോചിപ്പിച്ചു. തന്റെ മകന്റെ അയുക്തമായ പെരുമാറ്റം നിര്‍ത്തി സ്വത്തുക്കള്‍ വിറ്റുണ്ടാക്കിയ പണം തിരികെ നല്‍കാന്‍ സ്ഥലത്തെ മെത്രാന്റെ സാന്നിധ്യത്തില്‍ ഫ്രാന്‍സീസിന്റെ പിതാവ് ശാഠ്യംപിടിച്ചു. താന്‍ ധരിച്ചിരുന്ന ഉടുവസ്ത്രം അഴിച്ച് പിതാവിന്റെ കാല്‍ക്കല്‍ വച്ചിട്ട് ഫ്രാന്‍സീസ് പറഞ്ഞു: "ഈ നിമിഷം വരെ അങ്ങയെ ഭൂമിയിലെ എന്റെ പിതാവ് എന്നു വിളിച്ചു; എന്നാല്‍ ഇന്നു ഞാന്‍ പറയുന്നു, എന്റെ പിതാവ് സ്വര്‍ഗ്ഗസ്ഥനായ ദൈവമാണ്'- ഫ്രാന്‍സീസ് പടിയിറങ്ങി.

 

ക്രസ്തുനാഥന്റെ മലയിലെ പ്രസംഗം സ്വജീവിതത്തില്‍ ഉള്‍ക്കൊണ്ട് ഇത്രമാത്രം പ്രചരിപ്പിച്ച മറ്റൊരു താപസ്വി ഇന്നുവരെ ജീവിച്ചിരുന്നിട്ടില്ല. ഫ്രാന്‍സീസിന്റെ സേവനത്മകമായ ജീവിതശൈലിയില്‍ ആകൃഷ്ടരായ പന്ത്രണ്ട് ചെറുപ്പക്കാര്‍ അദ്ദേഹത്തൊപ്പം കൂടി., ഫ്രാന്‍സീസിന്റെ ആധ്യാത്മികചൈതന്യം മനസ്സിലാക്കിയ മാര്‍പാപ്പ ഫ്രാന്‍സിസ്കന്‍ സഭ സ്ഥാപിക്കുവാന്‍ ഫ്രാന്‍സിസിനു അനുവാദം കൊടുത്തു. ഇക്കാലത്തുതന്നെ സ്ത്രീകള്‍ക്കുവേണ്ടി "പാവപ്പെട്ട ക്ലാരമാരുടെ സഭയും' ഫ്രാന്‍സീസ് സ്ഥാപിക്കുകയുണ്ടായി. കുരിശുയുദ്ധത്തിന്റെ കാലത്ത്, ക്രിസ്ത്യാനികളെ കൂട്ടമായി കുരുതികഴിച്ചിരുന്നപ്പോള്‍ ഫ്രാന്‍സീസിന്റെ എളിമയും സാഹോദര്യവും കണ്ട് സുല്‍ത്താനെ കാണാന്‍ ഫ്രാന്‍സീസിനു അനുമതി ലഭിച്ചു. ഇതിന്റെ ഫലമായി ജറുസലേമിലെ ക്രിസ്തീയ പാരമ്പര്യങ്ങളുടെ പരിപാലകരായി ഫ്രാന്‍സിസ്കന്‍ സഭക്കാരെ പില്‍ക്കാലത്ത് സുല്‍ത്താന്‍ നിയോഗിക്കുകയും ചെയ്തു.

 

1224-ല്‍ മല മുകളില്‍ ധ്യാനിച്ചുകൊണ്ടിരുന്ന ഫ്രാന്‍സീസിന് ക്രിസ്തുനാഥന്റെ അഞ്ച് തിരുമുറിവുകളും തന്റെ ശരീരത്തില്‍ ഉണ്ടായി രക്തം വാര്‍ന്നൊഴുകുന്ന ഒരു അനുഭവം ഉണ്ടായതായി സന്തതസഹചാരിയായിരുന്ന ബ്രദര്‍ ലിയോ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഏതാണ്ട് ഇരുപത് വര്‍ഷക്കാലം ദൈവസ്‌നേഹം പ്രഘോഷിച്ച് ജീവിച്ച ഫ്രാന്‍സീസിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു! ശരീരം മുഴുവന്‍ നീര് കെട്ടിനില്‍ക്കുന്ന "എഡിമ' എന്ന രോഗം പിടിപെട്ട് കിടപ്പിലായ ആ സന്യാസി 1226 ഒക്‌ടോബര്‍ മൂന്നാം തീയതി നാല്‍പ്പത്തിനാലാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.

 

1228 ജൂലൈ 16-ന് ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ ഫ്രാന്‍സീസ് അസ്സീസിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. പക്ഷി മൃഗാദികളുടേയും പ്രകൃതിയുടേയും രക്ഷാധികാരികൂടിയായ വി. ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ഒക്‌ടോബര്‍ നാലാം തീയതിയാണ്.

 

drmarangoly@gmail.com

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code