Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണനാളുകളില്‍ കനിവിന്റെ പൂക്കളമിട്ട തിയേറ്റര്‍ ജി ന്യൂയോര്‍ക്ക്

Picture

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി വീശിയടിച്ച ഈ കാലത്തു ജീവിതക്രമം അകെ താളം തെറ്റി ലോക ജനത വലയുമ്പോള്‍, അതില്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു വിഭാമാണ് കലാകാരന്മാര്‍. പ്രത്യേകിച്ച് സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ . ഉത്സവകാലങ്ങളും ഓണക്കാലവും മറ്റും സാധാരണ കലാകാരന്മാര്‍ക്ക് അല്പം വരുമാനം ലഭിക്കുന്ന സീസണ്‍ ആണ്. എന്നാല്‍ അനന്തമായി നീളുന്ന കോവിഡ് താണ്ഡവം ഇവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിക്കളഞ്ഞു. കേരളത്തില്‍ കഴിഞ്ഞ എട്ടു മാസത്തില്‍ അധികമായി വേദികളും പ്രോഗ്രാമുകളും ഇല്ലാതെ പ്രൊഫഷണല്‍ കലാകാരന്മാര്‍ കഷ്ടപ്പെടുകയാണ്. മറ്റൊരു തൊഴിലും വശമില്ലാത്ത ഇവരെ രോഗാവസ്ഥയും ഭീമമായ സാമ്പത്തിക ബധ്യതകളും വല്ലാതെ അലട്ടുന്നു. പലരും ഉപജീവനത്തിനായി മല്‍സ്യകച്ചവടവും, ചായ കച്ചവടവും മറ്റും തുടങ്ങിയിരിക്കുന്നു. അതിനും കഴിയാത്തവര്‍, മുണ്ടു മുറുക്കിയുടുത്തു മുഴുപട്ടിണിയില്‍ രോഗാവസ്ഥകളോട് മല്ലിടുന്നു. ഈ അവസ്ഥയില്‍ ആണ് ന്യൂയോര്‍ക്കിലെ നാടക കൂട്ടായ്മയായ "തിയേറ്റര്‍ ജി' ഈ തിരുവോണനാളില്‍ അവശത അനുഭവിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു കൈത്താങ്ങായത്. മലയാള നാടക പ്രസ്ഥാനത്തിന് പുതിയ മാര്‍ഗദീപം തെളിയിച്ച നാടക ആചാര്യനായ പ്രൊഫ .ജി .ശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള സംഘടനയാണ് തിയേറ്റര്‍ ജി ന്യൂയോര്‍ക്ക്. എട്ടു വര്‍ഷമായി പ്രൊഫഷണല്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്ന ഒരു കൂട്ടായ്മയാണെങ്കിലും ,കഴിഞ്ഞ വര്‍ഷമാണ് തിയേറ്റര്‍ ജി ന്യൂയോര്‍ക്ക് എന്ന പേരില്‍ ഒരു സംഘടനാസ്വഭാവം കൈവരിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ച "ഭാരതീയം' എന്ന നാടകം കാണാന്‍ വന്ന കാണികള്‍ നല്‍കിയ സംഭാവനയാണ് ഈ ദുരിത കാലത്തില്‍ കേരളത്തിലെ അശരണരായ നാടക പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായത് .പക്ഷാഘാതം മൂലം സംസാരശേഷി നഷ്ടപ്പെട്ട് വേദിയോട് വിടപറഞ്ഞു സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ ഇപ്പോള്‍ സഹോദരിയുടെ വീട്ടില്‍ തന്റെ ജീവിത സായാഹ്നം തള്ളി നീക്കുന്ന പ്രശസ്ത ഹാസ്യ നടന്‍ കാഞ്ഞിരപ്പുഴ ശശി, അമ്പത്തഞ്ചു വര്‍ഷത്തിലധികമായി പ്രൊഫഷണല്‍ നാടക രംഗത്ത് സജീവ സാനിധ്യവും ,എണ്‍പത്തഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, മികച്ച സംവിധാനത്തിനും, നടനുമുള്ള സംസഥാന അവാര്‍ഡുകള്‍ നിരവധി തവണ കരസ്ഥമാക്കുകയും ചെയത് ഇപ്പോള്‍ ഹൃദ്രോഗ ബാധിതനായി ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം കൂട്ടിക്കട സ്വദേശി കബീര്‍ദാസ് എന്നിവര്‍ക്ക് ചികിത്സ സഹായമാണ് തിയേറ്റര്‍ ജി എത്തിച്ചത്.

 

കൂടാതെ അവശത അനുഭവിക്കുന്ന നിരവധി നാടക കലാകാരന്മാര്‍ക്ക് ഈ ഓണക്കാലത്തു സഹായമെത്തിക്കാന്‍ തിയേറ്റര്‍ ജി ക്കു കഴിഞ്ഞു. ഒരു കാലത്തു നൃത്ത നാടക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ചിത്ര എന്ന മുനീറ, ഇപ്പോള്‍ കയ്യിലും കാലിലും കമ്പി ഇട്ടിരിക്കുന്നു. മാനസിക രോഗി ആയിരുന്ന ഭര്‍ത്താവു മരിച്ചു. രണ്ടു പെണ്‍കുട്ടികളാണ് ചിത്രയ്ക്ക്.

 

ശരീരത്തിന്റെ ഒരു വശം തളര്‍ന്നു കിടപ്പിലായി പോയ നൃത്ത അദ്ധ്യാപകന്‍ -അനന്തപുരം സുരേഷ്, സ്വന്തമായി ഒരു കൂരപോലുമില്ലാതെ രണ്ടു കുട്ടികളില്‍ ഒരാള്‍ക്ക് ഉള്ള കാന്‍സര്‍ രോഗവുമായി മല്ലിടുന്ന നൃത്ത നാടക നടി- സ്റ്റെല്ല ജോണി, 25 വര്‍ഷമായി പ്രൊഫഷണല്‍ നാടക രംഗത്ത് അഭിനയിച്ചുകൊണ്ടിരുന്ന, 2018 ഇല്‍ നാടക വണ്ടി അപകടത്തെ തുടര്‍ന്ന് നടുവിന് ക്ഷതം പറ്റി രംഗം വിട്ടൊഴിഞ്ഞ പ്രദീപ് നൂറനാട്,40 വര്‍ഷത്തിലധികമായി പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായിരുന്ന ഇപ്പോള്‍ ശരീരം തളര്‍ന്നു വീട്ടില്‍ വിശ്രമിക്കുന്ന കെപിഎസി ഗൗതമന്‍, രംഗ വേദിയുടെ കണക്കു കുറിക്കുന്നതിനിടയില്‍ ജീവിതത്തിന്റെ കണക്കുകള്‍ തെറ്റിപ്പോയ പ്രശസ്ത നൃത്ത നാടക സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കവടിയാര്‍ സുരേഷ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

 

വീല്‍ ചെയറില്‍ ഇരുന്നു നാടകവും, കരോക്കേ ഗാനമേളയും ഒക്കെ നടത്തുന്ന വികലാംഗരായ നൂറോളം കലാകാരന്മാര്‍ക്ക് "തണല്‍' എന്ന അവരുടെ സംഘടനയോടൊപ്പം ചേര്‍ന്ന് പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ ഓണക്കിറ്റ് വിതരണം നടത്താനും "തിയേറ്റര്‍ ജി'ക്കു കഴിഞ്ഞു.

 

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും, സംവിധായകനും ആയ ശബരിനാഥ് ആണ് തിയേറ്റര്‍ ജിയുടെ അമരക്കാരന്‍. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു പറ്റം കലാകാരന്മാരുടെയും, ട്രൈസ്റ്റേറ്റ് ഏരിയയിലെ കലാസ്വാദകരുടെയും, മനുഷ്യസ്‌നേഹികളായ കുറെ സുഹൃത്തുക്കളുടെയും സന്മനസുകൊണ്ടാണ് ഇത്രയും സഹായം എത്തിക്കാന്‍ കഴിഞ്ഞത് എന്ന് ശബരിനാഥ് പറഞ്ഞു. തിയേറ്റര്‍ ജി ന്യൂയോക്കിന്റെ ഉപദേശകസമിതി അംഗങ്ങള്‍ ആയ പദ്മകുമാര്‍ നായര്‍, അറ്റോര്‍ണി വിനോദ് കെആര്‍കെ, അജിത് കൊച്ചുകുടിയില്‍ എന്നിവര്‍ എല്ലാ വിധ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി "തിയേറ്റര്‍ ജി' യുടെ ഭാവി പരിപാടികളില്‍ ബദ്ധശ്രദ്ധ പതിപ്പിക്കുന്നു. സെന്റര്‍ ഓഫ് ലിവിങ് സാരഥി ഡോ. മധു പിള്ളയുടെ മേല്‍നോട്ടത്തില്‍ ആണ് ന്യൂയോര്‍ക്കില്‍ "ഭാരതീയം' നാടകം അരങ്ങേറിയത്. ടിക്കറ്റ് ഇല്ലാതെ നടത്തിയ പരിപാടിയില്‍, നാടകം കഴിഞ്ഞു പിരിഞ്ഞു പോയ കാണികള്‍ മനസു നിറഞ്ഞു സമര്‍പ്പിച്ച ദക്ഷിണയായാണ് ഈ ഓണ നാളുകളില്‍ അവശത നിറഞ്ഞ കലാകാരന്മാരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ന്യൂയോര്‍ക്കില്‍ വ്യവസായ പ്രമുഖനായ പദ്മകുമാര്‍ നായരും , കേരളത്തില്‍ ഉണ്ണി മാക്‌സും, കണ്ണന്‍ രവീസുമാണ്.

 

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code