Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രംപ് = തുറുപ്പ് = വിജയം (രാജു മൈലപ്രാ)

Picture

വിനോദങ്ങളിലേര്‍പ്പെടുക എന്നുള്ളത് പുരാതകാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. വിനോദങ്ങളില്ലെങ്കില്‍ ജീവിതം വിരസമായിപ്പോകും.പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് നായാട്ടിനു പോകുന്നത് ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. കണ്ണില്‍ കാണുന്ന ആനയേയും, പുലിയേയും, കടുവായേയും, കാട്ടുപോത്തിനേയുമെല്ലാം അമ്പെയ്തു വീഴ്ത്തും. ഇന്നു ഇക്കാലത്തെപ്പോലെ വെടിവെയ്പ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല.


മേനകാഗാന്ധിയെപ്പോലെയുള്ള മൃഗസ്‌നേഹികളോ, രഞ്ജിനി ഹരിദാസിനെപ്പോലെയുള്ള തെരുവ് നായ സ്‌നേഹികളോ അന്നുണ്ടായിരുന്നില്ല.

അങ്ങനെ തലമുറ തലമുറ കൈമാറിവന്ന ഒരു നായാട്ട് കഥയാണ് "ശാകുന്തളം'. നിന്ന നില്‍പില്‍ ദുഷ്യന്ത മാഹാരാജാവിനൊരു പൂതി- കാട്ടില്‍ വേട്ടയ്ക്കുപോകണം. പരിവാരങ്ങളുമായി ദുഷ്യന്തന്‍ കാട്ടിലേക്ക്- അവിടെ ചെന്നപ്പോഴാണ് കഥയുടെ ട്വിസ്റ്റ്. ശകുന്തള എന്നു പേരുള്ള സുന്ദരിയായ ഒരു ആശ്രമ കന്യകയെ ഒരു കരിവണ്ട് പുറകെ നടന്ന് ശല്യം ചെയ്യുകയാണ്. "ഞാന്‍ മഹര്‍ഷി അമ്മാവനോടു പറയും, ഗുണ്ടകളെ വിട്ട് നിന്റെ മുട്ടുകാല് തല്ലിയൊടിക്കും' എന്നൊക്കെ ചില വാണിംഗ് കൊടുത്തെങ്കിലും വണ്ടു പിന്മാറുന്ന ലക്ഷണമില്ല.
വീണ്ടും ട്വിസ്റ്റ്-
നമ്മുടെ നിത്യഹരിത നായകന്‍ പ്രേംനസീറിനെപ്പോലെ ചിരിച്ചുകൊണ്ട് "മണ്ടിപ്പെണ്ണേ!' എന്നൊരു ഡയലോഗുമായി, ആവനാഴിയില്‍ അമ്പും വില്ലുമായി ശകുന്തളയുടെ രക്ഷകനായി രംഗപ്രവേശനം ചെയ്യുന്നത്.
പിന്നെ മോതിരം കൈമാറിയെന്നോ
അവളുടെ വയറ്റില്‍ ഗര്‍ഭമുന കൊണ്ടെന്നോ
അവള്‍ ഗര്‍ഭിണിയായെന്നോ മറ്റുമുള്ള കഥകള്‍.


മാലിനി നദിയില്‍ കണ്ണാടി നോക്കി മേക്കപ്പിട്ടുകൊണ്ടിരുന്ന ഒരു പുള്ളിമാന്‍ ഇതിനെല്ലാം സാക്ഷിയായി. 'ആരോടും പോയിപ്പറയരുതീക്കഥ' എന്നു താണുവീണ്ട് പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍- എരിവും പുളിയുമുള്ള ഒരു കഥ കിട്ടിയാല്‍ നാലു പേരോട് പറയാതെ എങ്ങനെ ഉറക്കം വരും?

മലയാളികളുടെ ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്നാണ് ചീട്ടുകളി. ചീട്ടുകളിയും വെള്ളമടിയും സഹോദന്മാരെപ്പോലെയാണ്. ഏതെല്ലാം തരത്തിലും ഇന്തതിലുമാണ് ചീട്ടുകളി. മുച്ചീട്ടുകളി മുതലങ്ങു തുടങ്ങുകയല്ലേ- പത്ത്, ഇരുപത്തിനാല്, ഇരുപത്തിയെട്ട്, അന്‍പത്തിയാറ്, റമ്മി, ബ്ലാക് ജാക്ക്...എന്നുവേണ്ട.പാവങ്ങള്‍ പത്ത് ചക്രം വെച്ച് ഏതെങ്കിലും മരത്തിന്റെ മറവിലിരുന്ന് കളിച്ചാല്‍, പോലീസുകാര്‍ ഓടിച്ചിട്ട് പിടിക്കും. കൈയ്യിലുള്ള കാശ് തട്ടിപ്പറിച്ചിട്ട് നല്ല ചാമ്പും ചാമ്പും.

ലക്ഷങ്ങള്‍ മറിയുന്ന മുന്തിയ ക്ലബുകളില്‍ പോലീസ് ഓഫീസേഴ്‌സ് ഉള്‍പ്പടെയുള്ള മാന്യന്മാര്‍ക്ക് ചീട്ടു കളിക്കുന്നതിനു ഒരു തടസ്സവുമില്ല.


ചീട്ടുകളുടെ കൂട്ടത്തില്‍ രാജാവ്, രാജ്ഞി, ആസ്. ജോക്കര്‍ അങ്ങനെ പലതുമുണ്ട്. ഇവരെല്ലാം ശക്തരാണ്. എന്നാല്‍ വെറും ഇസ്‌പേഡ് ഏഴാംകൂലിയാണെങ്കില്‍ത്തന്നെയും, ഒത്തുകിട്ടിയാല്‍ ഇവരെയെല്ലാം ഒറ്റയടിക്ക് മലര്‍ത്തുവാനുള്ള കഴിവ്, "ട്രമ്പ്' എന്നൊരു പദവിക്കുണ്ട്- അതായത് തുറുപ്പുചീട്ടിന്.പറഞ്ഞുവന്നപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. നമ്മുടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് ട്രംപ് എന്നാണല്ലോ- പ്രസിഡന്റ് തെരഞ്ഞെടുപ്പാണെങ്കില്‍ ഇങ്ങു പടിവാതില്‍ക്കല്‍ എത്തി. "കൊറോണ' ഒരു വിഷയമാണെങ്കില്‍ത്തന്നെയും, കൊറോണക്കാലമായതുകൊണ്ട് തെരഞ്ഞടുപ്പ് രംഗം അത്രകണ്ട് അങ്ങു കൊഴുക്കുന്നില്ല.


ട്രംപാണെങ്കില്‍ തനിക്കിഷ്ടമില്ലാത്തവരേയെല്ലാം തന്റെ പ്രസിഡന്റ് പദവി എന്ന തുറുപ്പു ചീട്ടിട്ട് വെട്ടി നിരത്തുകയാണ്. തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രക്കാരോട് "കടക്ക് പുറത്ത്' എന്നു പറയുവാന്‍ ഒരു മടിയുമില്ല.

കഴിഞ്ഞ പ്രസിഡന്റ് മത്സരത്തിനു നില്‍ക്കുമ്പോള്‍ താന്‍ ജയിക്കുമെന്നു ട്രംപുപോലും കരുതിക്കാണില്ല. അഭിപ്രായ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വളരെ മുന്നിലാണെന്നു കണ്ട ട്രംപ് "ഈമെയില്‍ വിവാദം' എന്നൊരു തുറുപ്പുചീട്ടിറക്കി.അവസാനം വീണു കിട്ടുന്ന ഏതെങ്കിലും വിവാദത്തെ ആശ്രയിച്ചായിരിക്കും, ഒരു സാധാരണ അമേരിക്കന്‍ പൗരന്‍ തന്റെ വോട്ട് ആര്‍ക്കാണെന്ന് നിശ്ചയിക്കുന്നത്.

ട്രംപിന്റെ എതിരാളികള്‍ അത്ര പോര- ബൈഡന് വലിയ പ്രസംഗചാതുര്യമോ, വ്യക്തമായ നയങ്ങളോ ഇല്ല- ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു "കരിസ്മയുമില്ല'- പ്രായാധിക്യം മറ്റൊരു പ്രധാന ഘടകമാണ്.

വൈസ് പ്രസിഡന്റായി മത്സരിക്കുന്നത് കമലാ ഹാരിസാണ്. അവര്‍ അമേരിക്കയില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഒരു സ്ത്രീയാണ്. കമല ഇന്ത്യക്കാരിയാണെന്നു പറഞ്ഞ് ചിലര്‍ "ജെയ്' വിളിക്കുന്നുണ്ട്. ജമൈക്കനാണെന്നു മറ്റൊരു കൂട്ടര്‍. 'ആഫ്രോ- അമേരിക്കന്‍' എന്നു മറ്റു ചിലര്‍. ഈ എത്ത്‌നിക്ക് ബാക്ക്ഗ്രൗണ്ടൊന്നും ഒരു പ്ലസ് പോയിന്റല്ല- അവരുടെ പല നിലപാടുകളും ഇന്ത്യയുടെ താത്പര്യത്തിന് എതിരായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതു അവര്‍ ഒരു കഴിവില്ലാത്ത സ്ത്രീ എന്നര്‍ത്ഥമാക്കുന്നില്ല.


ട്രംപിന്റെ തുറുപ്പുചീട്ടുകള്‍ എന്തൊക്കെയാണ്? പ്രഥമവും, പ്രധാനവുമായി അമേരിക്കയിലെ മിഡില്‍ ക്ലാസിനും, അപ്പര്‍ ക്ലാസിനും കേള്‍ക്കുവാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ അദ്ദേഹം പ്രസംഗവേദികളില്‍ പറയുന്നു. കൈയ്യടി നേടുന്നു. ചൈനയോടുള്ള വെറുപ്പ് കിട്ടുന്ന വേദികളിലെല്ലാം വിളിച്ചുപറയുന്നു. (എങ്കിലും ചില ബിസിനസ് കരാറുകളുണ്ടെന്നു കേള്‍ക്കുന്നു).

ഇല്ലീഗലായി വന്നിട്ടുള്ള മെക്‌സിക്കരെയെല്ലാം മതിലു കെട്ടി അപ്പുറത്തു നിര്‍ത്തുമെന്നു പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനു കൊടുക്കുന്ന ഗ്രാന്റ് വെറും വെയ്സ്റ്റാണെന്നു കരുതി അതു നിര്‍ത്തിവെയ്ക്കുന്നു. യു.എന്നിന്റെ കാര്യവും കണ്ടറിയണം.ഇലക്ഷനു മുമ്പ് തന്റെ ഡെക്കില്‍ നിന്നും രണ്ട് തുറുപ്പുചീട്ട് ട്രംപിറക്കി എതിരാളികളെ വെട്ടും.
1. കൊറോണയ്ക്കു പ്രതിരോധ മരുന്ന് അല്ലെങ്കില്‍ വാക്‌സിന്‍.
2. എല്ലാ അമേരിക്കക്കാര്‍ക്കും തരക്കേടില്ലാത്ത ഒരു സ്റ്റിമുലസ് ചെക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്.ഒടുവില്‍ക്കിട്ടിയത്:
മറച്ചുവെയ്‌ക്കേണ്ടത് മറച്ചുവെച്ചും, പറയേണ്ട കാര്യങ്ങള്‍ പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും ജയിച്ചത്. പല മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അതു നടന്നു. അതു നടത്തി (മന്ത്രി ജലീല്‍).
ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിവരുന്നതേയുള്ളൂ.!Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code