Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൂല്യാധിഷ്ഠിത സഭാ നവീകരണം (അലക്‌സ് എസ്തപ്പാന്‍ കാവുംപുറത്ത്)

Picture

(കെസിആര്‍എം നോര്‍ത് അമേരിക്ക സെപ്റ്റംബര്‍ 09, 2020-ന് സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ ശ്രീ അലക്‌സ് കെ. എസ്തപ്പാന്‍ (ന്യൂയോര്‍ക്ക്) നടത്തിയ പ്രഭാഷണത്തിന്‍റെ ലേഖന രൂപം - ചാക്കോ കളരിക്കല്‍)

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാഗുല്‍ത്തമലയില്‍ കുരിശില്‍ കിടന്ന് ഒരു നീതിമാന്‍ നിലവിളിച്ചു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? യേശു തന്‍റെ ജീവന്‍ വെടിഞ്ഞുകൊണ്ടു നിലവിളിച്ച ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ദൈവീകമായ ആധികാരിതയല്ല, മറിച്ച് മാനുഷികമായ ഒരു ബലഹീനതയാണ്. എങ്കിലും അവസാന നിമിഷംവരെ തന്‍റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്ന് ആ മനുഷ്യപുത്രന്‍ ദൈവഹിതം നിറവേറ്റി. കാരിരുമ്പാണികള്‍ തന്‍റെ ഉള്ളം കയ്യിലും കാലിലും അടിച്ചു കയറ്റിയിട്ടും അവസാനംവരെ വീഴാതെ പിടിച്ചു നിന്നു. അങ്ങനെയുള്ള മനുഷ്യപുത്രന്‍ ദൈവപുത്രനായി. അങ്ങനെയുള്ള ജീവിതം മനുഷ്യരക്ഷയുടെ മാര്‍ഗമായി.

 

യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയിരുന്നു എന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്. ദൈവമായ യേശു വിശ്വാസത്തിലധിഷ്ടിതമാണ്. അത് യുക്തിക്കും ബുദ്ധിക്കും മനസ്സിലാകുന്നതല്ല. വിശ്വാസമനുസ്സരിച്ച് യേശു ദൈവമാണ്; അല്ലെങ്കില്‍ ദൈവ പുത്രനാണ്; പരിശുദ്ധ ത്രീത്വത്തിന്‍റെ രണ്ടാം ആളായ പുത്രന്‍ തമ്പുരാനാണ്. അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ പരിശുദ്ധ കന്യക മറിയത്തില്‍ നിന്ന് പിറന്നവനാണ്. പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ചവനാണ്. വെള്ളം വീഞ്ഞാക്കി, അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ തീറ്റിപോറ്റി, കുഷ്ടരോഗികളെ സുഖപ്പെടുത്തി, കുരുടര്‍ക്ക് കാഴ്ച കൊടുത്തു, പിശാചുക്കളെ പുറത്താക്കി, മരിച്ചവരെ ഉയര്‍പ്പിച്ചു. മരിച്ചു മൂന്നാം നാള്‍ ഉയര്‍ത്തെണീറ്റവനാണ്. അതിനു ശേഷം നാല്‍പ്പതാം നാള്‍ സ്വര്‍ഗത്തിലേക്ക് കരകയറി പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരിക്കുന്നവനാണ്. ലോകാവസാനത്തില്‍ നമ്മളെ വിധിക്കുവാന്‍ വരുന്നവനാണ്.

 

മറുവശത്തുള്ള യേശു മനുഷ്യനാണ്. അവന്‍ കാലിത്തൊഴുത്തില്‍ പിറന്നവനാണ്. ഒരു ആശാരിയുടെ മകനായി ജനിച്ചു. ചെറുപ്പത്തില്‍ കുറച്ചു കുസൃതികളൊക്കെ കാണിച്ചവനായിരുന്നു. യേശു തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത് ദൈവരാജ്യത്തിന്‍റെ പുതിയ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ്. ബന്ധിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും അവിടുന്ന് പ്രഖ്യാപിച്ചു. അന്ന് നിലവിലിരുന്ന അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായ വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. തന്‍റെ സമൂഹത്തിലെ പുരോഹിതരുടെ തെറ്റായ പ്രവര്‍ത്തികളെ അതി നിശിതമായി വിമര്‍ശിച്ചു. കാലഹരണപ്പെട്ടതും ക്രൂരവുമായ പഴയനിയമങ്ങളെ തിരുത്തിയെഴുതി, പുതിയ നിയമങ്ങള്‍ പ്രഘോഷിച്ചു. യഹൂദര്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന ആശയം മാറ്റി എല്ലാവരും പിതാവായ ദൈവത്തിന്‍റെ മക്കള്‍ എന്ന പുതിയ ആശയം അവതരിപ്പിച്ചു. എല്ലാവരും പരസ്പരം സ്‌നേഹിക്കുവാനും പങ്കുവെക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. യഹൂദനും, വിജാതീയനും, പുറജാതിയും എല്ലാം ഒരുപോലെയായി.

 

മനുഷ്യനുപകാരമില്ലാത്ത നിയമങ്ങളെയും ആചാരങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യന്‍ സാബത്തിവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ് എന്ന് യേശു പ്രഖ്യാപിച്ചു. ബലിയല്ല കരുണയാണ് അവന്‍ ആവശ്യപ്പെട്ടത്.

 

അവന്‍ ജീവിച്ചത് സാധാരണക്കാരോടൊത്താണ്. അവന്‍ രോഗികളെ ആശ്വസിപ്പിച്ചു, അവരെ സുഖപ്പെടുത്തി. പാപികളെയും ചുങ്കക്കാരെയും അവിടുന്ന് മാറ്റി നിര്‍ത്തിയില്ല, അവരെ കല്ലെറിഞ്ഞില്ല. മനുഷ്യനായ യേശുവിനു പ്രലോഭനങ്ങള്‍ ഉണ്ടായി, പിശാചിന്‍റെ പരീക്ഷണങ്ങള്‍. ആ പിശാച് രണ്ടു കൊമ്പും ചുവന്ന കണ്ണും, നീണ്ട വാലും ഉള്ള ഒരു ഭീവത്സ രൂപമായിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ വിശ്വസിക്കുന്നവരുണ്ടായിരിക്കാം. അതെന്തു തന്നെയായാലും, തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് ലോകം പിടിച്ചെടുക്കുവാനുള്ള ഒരു പ്രലോഭനം അദ്ദേഹത്തിനുണ്ടായി എന്ന് നമുക്കനുമാനിക്കാം. എന്നാല്‍ അവന്‍ പ്രലോഭനങ്ങളില്‍ വീണില്ല. വിമര്‍ശനകളെ ഇഷ്‌പ്പെടാത്ത പുരോഹിതര്‍ യേശുവിനെ കള്ളസാക്ഷ്യങ്ങളില്‍ കുടുക്കിയും അധികാരികളെ പ്രീണിപ്പിച്ചും അവനെതിരെ ജനങ്ങളെ ഇളക്കിവിട്ടും ക്രൂശിക്കുവാന്‍ വിധി നേടിയെടുത്തു. ക്രൂരമായ പീഠനങ്ങള്‍ക്ക് അദ്ദേഹത്തെ ഇരയാക്കി. അവസാനം കാരിരുമ്പാണികളില്‍ കുരിശില്‍ തറച്ചു കൊന്നു. എല്ലാവരും ഉപേക്ഷിച്ച യേശുവിനെ ആരുടെയോ കല്ലറയില്‍ അടക്കം ചെയ്തു.

 

എന്തുകൊണ്ടാണ് ഞാന്‍ യേശുവിനെ അനുകരിക്കുവാന്‍ ആഗ്രഹിയ്ക്കുന്നത്. അദ്ദേഹം ദൈവമായതു കൊണ്ടാണോ? മനുഷ്യനായതു കൊണ്ടാണോ? ദൈവവും മനുഷ്യനുമായതു കൊണ്ടാണോ? അതോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണോ? ഇതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. എന്നെ യേശുവിലേക്ക് ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളാണ്, അദ്ദേഹത്തിന്‍റെ ആശയങ്ങളാണ്, ജീവിതത്തിന്‍റെ അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതമാണ്.

 

പിശാചിന്‍റെ പ്രലോഭനത്തില്‍പെട്ട്, സ്വന്തം സ്വാര്‍ത്ഥതക്കുവേണ്ടി ഹിറ്റ്‌ലറെപോലെ, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെപോലെ സമ്പത്തും അധികാരവും സാമ്രാജ്യങ്ങളും വെട്ടിപ്പിടിക്കുവാന്‍ യേശു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അങ്ങനെയുള്ള മനുഷ്യനോ ദൈവമോ ആയ യേശുവിനെ ആരെങ്കിലും അനുകരിക്കുമോ? എനിക്ക് തോന്നുന്നില്ല. ഞാന്‍ അനുകരിക്കില്ല. യേശു പുരോഹിത സ്രേഷ്ടന്മാരോടും സമൂഹ പ്രമാണിമാരോടും കൂടിചേര്‍ന്ന് അവരോടൊത്തു കഴിഞ്ഞിരുന്നെങ്കില്‍ യേശുവെന്ന മനുഷ്യനെയോ യേശുവെന്ന ദൈവത്തെയോ ആരെങ്കിലും അനുകരിക്കുമോ? എനിക്ക് തോന്നുന്നില്ല, ഞാന്‍ അനുകരിക്കില്ല. ഞാന്‍ അനുകരിക്കുന്ന യേശു സാധാരണക്കാരോടൊത്ത്, പാവങ്ങളോടും അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും ഒത്തു ജീവിച്ച് കടന്നു പോയവനാണ്. യേശു യഹൂദരെ ഉയര്‍ന്നവരായി കണക്കാക്കി അവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച് കടന്നുപോയിരുന്നെങ്കില്‍ അങ്ങനെയുള്ള യേശുവിനെ നമ്മള്‍ അനുകരിക്കുമെന്നു തോന്നുന്നില്ല. ഞാന്‍ അനുകരിക്കുന്നത് എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാ മനുഷ്യരെയും ഒരുപോലെ സ്‌നേഹിക്കുക എന്ന് പഠിപ്പിച്ച യേശുവിനെയാണ്.

 

താന്‍ പീഡാസഹനം അനുഭവിക്കുമെന്നുള്ള ഒരു അവബോധം യേശുവിനുണ്ടായിരുന്നു. ഗദ്‌സെമേന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വിയര്‍പ്പു തുള്ളികള്‍ രക്തത്തുള്ളികളായി രൂപാന്തരപ്പെട്ടു എന്നാണ് നമ്മള്‍ വായിക്കുന്നത്. അത്രമാത്രം മാനസ്സിക പിരിമുറുക്കത്തിലായിരുന്നു യേശു എന്ന് നമുക്ക് മനസിലാക്കാം. എങ്കിലും റോമന്‍ പടയാളികളും പുരോഹിതരും യേശുവിനെ അന്വേഷിച്ചു വന്നപ്പോള്‍ യേശു ഓടി ഒളിച്ചില്ല. നിങ്ങള്‍ അന്വേഷിക്കുന്ന നസ്രായനായ യേശുവാണ് താനെന്നു പറഞ്ഞു യേശു സധൈര്യം മുന്നോട്ടുവന്നു. ആ യേശുവിനെയാണ് ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഭീരുവിനെപോലെ ഓടിയൊളിക്കുന്നവനെയല്ല.

 

യേശുവിനു വീണ്ടും രക്ഷപെടാമായിരുന്നു. പീലാത്തോസ് കൈകഴുകി നീതിമാനെ വധശിക്ഷക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ യേശുവിന് തന്‍റെ വിശ്വാസങ്ങളെ വിട്ടുപേഷിച്ച് പുരോഹിതന്മാര്‍ ആവശ്യപെട്ടപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യേശുവിനു രക്ഷപെടാമായിരുന്നു. അങ്ങനെയുള്ള ദൈവ പുത്രനെയോ ദൈവത്തെയോ നമുക്ക് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല.

കുരിശുമരണത്തിനു വിധിക്കപ്പെട്ടു കുരിശു ചുമന്നുകൊണ്ട് അതിക്രൂരമായ പീഢകള്‍ക്ക് ഇരയാക്കപ്പെട്ട് നടന്നു പോകുന്ന യേശുവിനു രക്ഷപെടാനുള്ള അവസരം ഉണ്ടായിരുന്നു. തന്‍റെ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാല്‍ മാത്രം മതിയായിരുന്നു രക്ഷപെടുവാന്‍. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല. ആ യേശുവിനെയാണ് നമ്മള്‍ സ്‌നേഹിക്കുന്നത്. അല്ലാതെ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടപ്പോള്‍, പീഢകള്‍ മുന്നില്‍ കണ്ടപ്പോള്‍ തന്‍റെ വിശ്വാസങ്ങളെ എല്ലാം തള്ളിപ്പറയുന്ന യേശുവിനെ അവന്‍ ദൈവമാണെങ്കിലും ദൈവ പുത്രനാണെങ്കിലും നമുക്ക് സ്വീകാര്യമാകില്ല.

 

കാരിരുമ്പാണികളാല്‍ കുരിശില്‍ തറക്കപ്പെട്ടു പിടഞ്ഞു മരിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിന് തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ ശബ്ദിക്കാമായിരുന്നു. അവരെ ശപിക്കാമായിരുന്നു. എന്നാല്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. കുരിശില്‍ നിന്ന് രക്ഷപെടാന്‍ യേശു ശ്രമിച്ചില്ല. അതിനുള്ള ശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നോ, ഇല്ലയോ എന്നെനിക്കറിയില്ല. ദൈവമാണെന്ന് വിശ്വസിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അതിന് സാധിക്കുമായിരുന്നു. രക്ഷപെടുവാന്‍ ശ്രമിക്കുകയായിരുന്നെങ്കില്‍ ആ യേശുവിനെ അനുകരിക്കുവാന്‍ നമുക്ക് മടിയുണ്ടായേനെ. തന്‍റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ പോലും ബലികഴിക്കുവാന്‍ തയ്യാറായ യേശുവാണ് നമ്മുടെ മാതൃക.

 

അതെ, എന്നെ യേശുവിലേക്ക് ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളാണ്, അദ്ദേഹത്തിന്‍റെ ആശയങ്ങളാണ്, അദ്ദേഹത്തിന്‍റെ ജീവിതമാണ്. യേശുവിനെ അനുകരിക്കുന്നവരെയും അദ്ദേഹത്തിന്‍റെ സ്ഥാനത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരെയും അളക്കുന്നതിനുള്ള മാനദണ്ഡം അതാണ്.

 

യേശു ബലിയര്‍പ്പിച്ചിരുന്നില്ല. നേര്‍ച്ച കാഴ്ച്ചകള്‍ അര്‍പ്പിച്ചു പിതാവായ ദൈവത്തെ പ്രസാദിപ്പിച്ചിരുന്നില്ല. ദൈവത്തെ ആരാധിച്ചിരുന്നില്ല. കണ്ഠം പൊട്ടുമാറുച്ചത്തില്‍ സ്‌തോത്രം പാടി ദൈവത്തെ സന്തോഷിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ യേശു പിതാവായ ദൈവത്തോട് ഏകാന്തതയില്‍ പ്രാത്ഥിച്ചിരുന്നു എന്ന് നമ്മള്‍ കാണുന്നുണ്ട്. പക്ഷേ, യേശുവിന്‍റെ സ്ഥാനത്തു നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന പുരോഹിതര്‍ ചെയ്യുന്നതും ജനങ്ങളോട് ചെയ്യുവാന്‍ ആവശ്യപ്പെടുന്നതും യേശു ചെയ്യാത്ത കാര്യങ്ങളാണ്; യേശു എതിര്‍ത്ത കാര്യങ്ങളാണ്. പുരോഹിതര്‍ ആചാരാനുഷ്ഠാനങ്ങളിലും കൂദാശകളിലും അധിഷ്ഠിതമായ ഒരു സഭയെ പടുത്തുയര്‍ത്തി ജനങ്ങളെ അതിന് അടിമകളാക്കിയിരിക്കുന്നു. അതില്‍നിന്നു മോചനം ഉണ്ടായാല്‍ മാത്രമേ നമുക്ക് യേശു വിഭാവനം ചെയ്ത സ്വര്‍ഗരാജ്യം സ്രഷ്ടിക്കുവാന്‍ സാധിക്കുകയുള്ളു.

 

പരസ്‌നേഹത്തില്‍ ജീവിച്ച്, മറ്റുള്ളവരുമായി തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവച്ച്, സത്യത്തിനു സാഷ്യം വഹിച്ച്, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ സ്വര്‍ഗം കുടികൊള്ളും. അങ്ങനെയുള്ളവരുടെ സമൂഹം ഭൂമിയിലെ സ്വര്‍ഗരാജ്യം ആയിരിക്കും. അങ്ങനെയുള്ള മനുഷ്യപുത്രന്മാര്‍ ദൈവപുത്രരായിത്തീരും. യേശു അങ്ങനെ ജീവിച്ചാണ് കടന്നുപോയത്. അതുകൊണ്ടാണ് യേശു എന്ന മനുഷ്യപുത്രന്‍ ദൈവ പുത്രനായത്. സ്വര്‍ഗം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിശ്വാസത്തിന്‍റെ കാര്യമാണ്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് തന്നെ വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും യേശുവിനെ അനുകരിച്ചു ജീവിച്ചാല്‍ നിങ്ങള്‍ക്ക് ഈ ലോകത്തിലും പരലോകത്തിലും സ്വര്‍ഗാനുഭവമുണ്ടാകും. നിങ്ങള്‍ക്ക് ദൈവ സാന്നിദ്ധ്യം അനുഭവപ്പെടും. അങ്ങനെയല്ലാതെ ജീവിച്ച് മരിക്കുന്ന യേശുവിനോ മറ്റുള്ളവര്‍ക്കോ സ്വര്‍ഗരാജ്യം അനുഭവപ്പെടുകയില്ല.

 

യേശുവിന്‍റെ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരുടെ, അതനുസരിച്ച് ജീവിക്കുന്നവരുടെ സമൂഹമായിരിക്കണം സഭ. പക്ഷേ ഇന്നത് യേശുവിന്‍റെ കാലത്ത് യേശുവിനെ എതിര്‍ത്ത പുരോഹിതരെ പോലുള്ള ഇന്നത്തെ പുരോഹിതരുടെ കയ്യില്‍ അകപ്പെട്ടിരിക്കുകയാണ്. പരസ്പ്പരം സ്‌നേഹിക്കുക എന്നുള്ള ഏറ്റവും ലളിതമായ കല്പനക്കു പകരം ബൈബിളിലെ പല വാക്യങ്ങളും പല തരത്തില്‍ വ്യാഖ്യാനിച്ച് പല തരത്തിലുള്ള സഭകളും ദൈവ ശാസ്ത്രങ്ങളും കൂദാശകളും ആചാരങ്ങളും ഉണ്ടാക്കി ജനങ്ങളെ അവരുടെ അടിമകളാക്കിയിരിക്കുന്നു. സഭകള്‍ തമ്മില്‍ മല്‍സരിക്കുന്നു; സമ്പത്തിനും അധികാരത്തിനും വേണ്ടി വഴക്കടിക്കുന്നു. ഐക്യത്തിന് പകരം വിഘടനം വളര്‍ത്തുന്നു. സാഹോദര്യത്തിനു പകരം വര്‍ഗീയത വളര്‍ത്തുന്നു. സിറോ മലബാര്‍ സഭയില്‍ അവരുടെ പ്രത്യേക കുരിശിന്‍റെ പേരിലും കുര്‍ബാന ചൊല്ലുമ്പോള്‍ പുരോഹിതന്‍ എങ്ങോട്ടു തിരിഞ്ഞു നില്‍ക്കണം എന്നൊക്കെയുള്ളതിന്‍റെ പേരിലുമാണ് വഴക്കടിക്കുന്നത്. വേറൊരു കൂട്ടര്‍ സ്വവംശ വിവാഹ നിഷ്ട പാലിക്കാത്തതിന്‍റെ പേരില്‍ സ്വന്തം സഹോദരങ്ങളെ പുറത്താക്കുന്നു. ഇതൊക്കെ ഇഹലോകത്തില്‍ സ്വര്‍ഗരാജ്യ സൃഷ്ടിക്കോ പരലോകത്തില്‍ സ്വര്‍ഗ പ്രാപ്തിക്കോ ഉതകില്ല എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി വിശ്വാസിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇതില്‍നിന്നു നമുക്ക് മോചനം വേണം. അതിനുള്ള പോംവഴി എന്താണ്?

 

ചര്‍ച് ട്രസ്റ്റ് ബിന്‍ പാസ്സാക്കിയാല്‍ കുറച്ചു മാറ്റമുണ്ടാകാം. കാരണം സഭകളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വിശ്വാസികളുടെ കണ്‍ട്രോളില്‍ ആകും. സമ്പത്തിന്‍റെ ദുരുപയോഗം കുറയും. എന്നാല്‍ പുരോഹിതര്‍ അവരുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടി പഠിപ്പിക്കുന്ന പല വിശ്വാസങ്ങള്‍ക്കും അടിമകളായി തീര്‍ന്നിരിക്കുന്ന, പുരോഹിതര്‍ ദൈവ പ്രതിപുരുഷരാണെന്നു വിശ്വസിക്കുന്ന, അവര്‍ പറയുന്ന ആചാരാനുഷ്ടാനങ്ങളിലൂടെ സ്വര്‍ഗത്തിലേക്ക് പോകുവാന്‍ ഒരുങ്ങിയിരിക്കുന്ന വിശ്വാസികളെ കണ്‍ട്രോള്‍ ചെയ്യുവാന്‍ പുരോഹിതര്‍ക്ക് ഒരു പ്രയാസവും കാണില്ല. അതുകൊണ്ട് ട്രസ്റ്റ് ബിന്‍ എല്ലാത്തിനും ഒരു പരിഹാരമാണ് എന്നെനിക്കു തോന്നുന്നില്ല. കൂടാതെ മൂല്യങ്ങളില്‍ വിശ്വസിക്കാത്ത സ്വാര്‍ത്ഥമതികളായ അല്‍മേനികള്‍ക്കും സമ്പത്ത് ദുരുപയോഗം ചെയ്യുവാന്‍ ഒരു മടിയും കാണില്ല.

 

ജനങ്ങള്‍ സഭയുടെ സമ്പത്തിന്‍റെ മാത്രം ഉടമകള്‍ ആയാല്‍ പോരാ, സഭയുടെ മൊത്തം അധികാരം ജനങ്ങളില്‍ ആയിരിക്കണം. അവരെ നയിക്കുന്നവരെ അവര്‍ തെരഞ്ഞെടുക്കണം. അവരെ മാറ്റുവാനുള്ള അധികാരവും ജനങ്ങള്‍ക്കുണ്ടാകണം. കേരള സഭയില്‍ പള്ളിയോഗ നടപടികളിലൂടെ ഇങ്ങനെയൊക്കെ ഒരുകാലത്ത് നടന്നിരുന്നു. ഇന്നതല്ല നടക്കുന്നത്. എവിടെയോ ഇരിക്കുന്ന മെത്രാനും മാര്‍പാപ്പയും അവരുടെ അധികാരം ജങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അവരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന വൈദികരില്‍ പലരും സത്യ സഭയെ നയിക്കുവാന്‍ യോഗ്യരല്ല. പക്ഷേ ജനങ്ങള്‍ക്കു നോക്കുകുത്തിയായി നില്‍ക്കാനേ സാധിക്കുന്നുള്ളു. അതുകൊണ്ടാണ് ഫ്രാങ്കോ ബിഷപ്പിനും, റോബിനും, കൊക്കനും, സിസ്റ്റര്‍ അഭയുടെ ഘാതകര്‍ക്കും സഭയുടെ സ്ഥാനങ്ങളില്‍ തുടരുവാന്‍ സാധിക്കുന്നത്. പുരോഹിതന് യേശുവിന്‍റെ സ്ഥാനത്തു നില്‍ക്കണമെങ്കില്‍ അവര്‍ യേശു ചെയ്തതുപോലെ ചെയ്യണം. അതാണവരെ ദൈവ പ്രതിപുരുഷന്മാരാക്കുന്നത്. അതിനു സാധിക്കാത്തവരെ ദൈവജനത്തിനു സ്വീകരിക്കേണ്ട ആവശ്യമില്ല. പക്ഷേ ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
യേശു ബലി അര്‍പ്പിച്ചതായോ അതിന് പുരോഹിതരെ നിയമിച്ചതായോ നമ്മള്‍ കാണുന്നില്ല. യേശു നിയമിച്ചത് ജനങ്ങളെ സേവിക്കുന്നവരെയാണ്. പുരോഹിതര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന നിയമങ്ങളും ആചാരങ്ങളും ദൈവരാജ്യ സ്രഷ്ടിക്കു തടസ്സമായി നില്‍ക്കുന്നു. അവ ജനങ്ങളെ വഴി തെറ്റിക്കുന്നവയാണ്. പുരോഹിതരുടെ കല്പനകള്‍ക്കു യാതൊരു വിലയുമില്ല എന്നുള്ളത് കോറോണവൈറസ് പരത്തിയ മഹാമാരി തെളിയിച്ചിരിക്കുകയാണ്. പള്ളികള്‍ ഇന്ന് ശൂന്യമായി കിടക്കുന്നു. കുര്‍ബാനക്ക് ആളില്ല, കുമ്പസാരിക്കാന്‍ ആളില്ല, ആര്‍ഭാടവങ്ങളുള്ള മരിച്ചടക്കില്ല. കല്യാണങ്ങള്‍ ലളിതമായി നടത്തുന്നു. ഞാന്‍ കൂദാശകള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരല്ല. പക്ഷേ അവ നല്‍കുന്ന സന്ദേശങ്ങള്‍ക്കെതിരാണ്. കൂദാശകള്‍ക്ക് അതില്‍ത്തന്നെ എന്തോ ശക്തിയുണ്ടെന്ന സന്ദേശം തെറ്റാണ്. കൂദാശകളാണ് സ്വര്‍ഗത്തിലേക്കുള്ള വഴി എന്നുള്ള സന്ദേശം തെറ്റാണ്. കൂദാശകളും ആചാരങ്ങളും സ്‌നേഹം വളര്‍ത്തുന്നത്തിന് ഉപകാരമായാല്‍ അതുകൊണ്ട് പ്രയോജനം ഉണ്ടാകും. പക്ഷേ ഇന്നത് നടക്കുന്നില്ല. കൂദാശകള്‍ പരികര്‍മം ചെയ്യുന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു. കുമ്പസാരമെന്ന കൂദാശയെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനുപോലും ഉപയോഗിക്കുന്നു. ഈ ലോകത്തിലും അതിനു ശേഷവും, സ്വര്‍ഗം ലഭിക്കുവാന്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളു. യേശു കല്‍പ്പിച്ച മാര്‍ഗം; യേശു ജീവിച്ചു കാണിച്ച മാര്‍ഗം - പരസ്പരം സ്‌നേഹിക്കുക, നമ്മുടെ സുഖങ്ങളും ദുഃഖങ്ങളും ജീവിത ഭാരങ്ങളും പരസ്പരം പങ്ക് വെക്കുക, സത്യത്തിനു സാക്ഷ്യം വഹിക്കുക, നീതിക്കുവേണ്ടി ദാഹിക്കുക. അപ്പോള്‍ സ്വര്‍ഗം താനേ ഇറങ്ങി വരും.

കര്‍ത്താവെ കര്‍ത്താവെ എന്ന് വിളിക്കുന്നവനല്ല, ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നാണ് യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ഇഷ്ട്ടം നമ്മള്‍ പരസ്പ്പരം സ്‌നേഹിക്കുക എന്നുള്ളതാണ്. പരസ്‌നേഹം വളര്‍ത്തുന്നതായിരിക്കണം നമ്മുടെ കൂട്ടായ്മകള്‍. നമ്മള്‍ സമ്മേളിക്കുന്നത് അതിനു വേണ്ടിയായിരിക്കണം. എന്നാല്‍ അത് മാത്രം ഇന്ന് നടക്കുന്നില്ല. പുരോഹിതന്‍ ബലി അര്‍പ്പിക്കുന്ന, കൂദാശകള്‍ പരികര്‍മം ചെയ്യുന്ന വേദിയാണ്, നമ്മള്‍ കൂടുന്ന പള്ളികള്‍. അവിടെ ജനങ്ങള്‍ പുണ്യവാന്മാരെ വണങ്ങുന്നു. അവരോട് പ്രാര്‍ത്ഥിച്ചും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും വ്യക്തിപരമായ നേട്ടങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുകയാണ്. അതുവഴി നമ്മുടെ സമ്പത്ത് പുരോഹിതരിലേക്കു വന്നു ചേരുന്നു. അതവര്‍ അവരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നു. അതുവഴി സ്വര്‍ഗരാജ്യം സ്രഷ്ടിക്കപ്പെടുന്നില്ല. അത്തരം വേദികള്‍ സ്‌നേഹം വളര്‍ത്തുന്നവകളാകണം; നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്ക് വെക്കുന്നവകളാകണം; സമൂഹത്തില്‍ സത്യവും നീതിയും വളര്‍ത്തുവാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്ന വേദികളായിത്തീരണം. എങ്കില്‍ മാത്രമേ സ്വര്‍ഗരാജ്യം സ്രഷ്ടിക്കപ്പെടുകയുള്ളു.

 

അങ്ങനെയുള്ള ഒരു ദൈവരാജ്യ സൃഷ്ടിയിലല്ല സഭാധികാരികള്‍ ഇന്നേര്‍പ്പെട്ടിരിക്കുന്നത്. അവര്‍ അവരുടെ അധികാരവും, സമ്പത്തും സ്ഥാനങ്ങളും ഉറപ്പിക്കുവാന്‍ നെട്ടോട്ടമോടുകയാണ്. അതിനു വേണ്ടിയുള്ള ദൈവ ശാസ്ത്രങ്ങളും പ്രബോധനങ്ങളും സഭാ നിയമങ്ങളും അവരുണ്ടാക്കിയിരിക്കുന്നു. മാര്‍പാപ്പയുടെ തെറ്റാവരവും, പുരോഹിതര്‍ യേശുവിന്‍റെ പ്രതിപുരുഷരാണെന്നും, കൂദാശകള്‍ പ്രസാദവര സ്രോതസ്സുകളാണെന്നും ഒക്കെയുള്ള പഠിപ്പിക്കലുകള്‍ അതിനുവേണ്ടിയുള്ളതാണ്. ഇതൊക്കെ പുരോഹിതരുടെ മഹത്വവും അധികാരവും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉഡായിപ്പുകളാണ്. അങ്ങനെ അവര്‍ ജനങ്ങളെ വഴി തെറ്റിക്കുകയാണ്; ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.

മാമോദീസ മുതല്‍ അന്ത്യ കൂദാശ വരെയുള്ള കൂദാശകളില്‍ വിശ്വാസികളെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. മാമോദീസയിലൂടെ ഉത്ഭവ പാപം മോചിക്കപ്പെടുന്നു എന്ന് പഠിപ്പിക്കുന്നു. സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവ് എഴുന്നെള്ളി വരുന്നു എന്ന് പഠിപ്പിക്കുന്നു. അതും പ്രാവിന്‍റെ രൂപത്തില്‍. അതുകൊണ്ടാണ് ഈ അടുത്ത കാലത്ത് പ്രാവ് പള്ളിയില്‍ വന്നത് സോഷ്യല്‍ മീഡിയായില്‍ വലിയ വാര്‍ത്തയായത്. ആദ്യകുര്‍ബാന സ്വീകരണ സമയത്ത് കുട്ടികളെ എന്തെല്ലാമാണ് പഠിപ്പിക്കുന്നത്? നാക്കെങ്ങനെയാണ് നീട്ടേണ്ടത് തിരുവോസ്തി കടിക്കാതെ എങ്ങനെയാണ് വിഴുങ്ങേണ്ടത് എന്നെല്ലാം പഠിപ്പിക്കുന്നതാണ് കുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങളില്‍ പ്രധാനം. കാരണം തിരുവോസ്തി യേശുവിന്‍റെ ജീവനുള്ള തിരുശരീരമാണെന്നുള്ളതാണ് സഭയുടെ പ്രബോധനം, അതാണ് കുട്ടികളെ പഠിപ്പിക്കുന്നതും. അപ്പോള്‍ ഓസ്തിയെ കടിച്ചാല്‍ യേശുവിനു നോവില്ലേ! മണ്ണും കല്ലുകൊണ്ടും പടുത്തുയര്‍ത്തിയിരിക്കുന്ന അംബര ചുംബികളായ കെട്ടിടങ്ങള്‍ എങ്ങനെ ദൈവാലയങ്ങളായി? അവ എങ്ങനെ കാലിത്തൊഴുത്തില്‍ പിറന്ന ആശാരിചെറുക്കന്റെ ആലയങ്ങളായി? സക്രാരിയില്‍ ഇരിക്കുന്ന തിരുവോസ്തി എങ്ങനെ ദൈവമായി? ഇത്തരം മൂഢ വിശ്വാസങ്ങളില്‍ ജനങ്ങളെ തളച്ചിടാന്‍ പുരോഹിതര്‍ക്ക് എങ്ങനെ കഴിഞ്ഞു? മനുഷ്യന് ദൈവം നല്‍കിയിയിരിക്കുന്ന ബുദ്ധിയേയും യുക്തിയേയും ഉപയോഗിക്കുവാന്‍ അവനെന്തുകൊണ്ട് ഇത്രമാത്രം പരാജയപ്പെട്ടു! അത്രമാത്രം ബ്രെയിന്‍ വാഷ് ആണ് ഇവിടെ നടന്നിരിക്കുന്നത്!

 

ഈ തിരുവോസ്തി സ്വര്‍ണക്കളറുള്ള അരുളിക്കയില്‍ വച്ച് രാജകീയ വേഷഭൂഷാദികള്‍ അണിഞ്ഞു നില്‍ക്കുന്ന പുരോഹിതന്‍ ജനങ്ങളെ ആശിര്‍വദിക്കുമ്പോള്‍ ജനങ്ങള്‍ ഭയഭക്തിയില്‍ മുഴുകി കൂടുതല്‍ ചൂഷണത്തിന് മെരുക്കപ്പെടുന്നു. അതുകൊണ്ടും മെരുങ്ങാത്തവരെ ധ്യാന ഗുരുക്കന്മാരും കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങളും മെരുക്കിയെടുക്കും. ഇതുകൊണ്ടൊക്കെ സ്വര്‍ഗരാജ്യമല്ല സൃഷ്ടിക്കപ്പെടുന്നത്. അരാജകത്വവും അന്ധവിശ്വാസവും വളരുന്നു; ചൂഷണം വര്‍ദ്ധിക്കുന്നു. ഇതൊക്കെ മാറണമെങ്കില്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മാറ്റങ്ങള്‍ ഉണ്ടാകണം.

 

യേശു പഴയ നിയമങ്ങളെ മാറ്റി എഴുതി. പഴയ നിയമത്തിലെ യഹൂദരുടെ ദൈവമായ യഹോവയും പുതിയ നിയമത്തിലെ യേശുവിന്‍റെ പിതാവായ ദൈവവും തമ്മില്‍ യാതൊരു സാമ്യവുമില്ല എന്നുള്ളതാണ് വാസ്തവം. കണ്ണിനു കണ്ണ്, പല്ലിന് പല്ല് എന്ന പഴയ നിയമത്തിനു പകരം ഒരു ചെകിട്ടത്തടിച്ചാല്‍ മറു ചെകിടും കാണിച്ചു കൊടുക്കുക, ശത്രുക്കളെ പോലും സ്‌നേഹിക്കുക എന്നാണ് യേശു പഠിപ്പിച്ചത്. പുതിയ നിയമം അവസാനത്തെ വാക്കല്ല. മാറ്റങ്ങള്‍ ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. പരസ്പരസ്‌നേഹമാണ് യേശു വിഭാവനം ചെയ്ത ദൈവരാജ്യത്തിന്‍റെ അടിസ്ഥാനം. അതിന് അനുസൃതമല്ലാത്ത എല്ലാ നിയമങ്ങളും മാറ്റിയെഴുതണം. സ്‌നേഹമാണ് എല്ലാം എന്നാണ് പൗലോസ് ശ്ലീഹ കോറിന്തോസ്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്.

 

വാസ്തവത്തില്‍ ലോകം മുഴുവന്‍ ദൈവ രാജ്യ സ്രഷ്ട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ലോകത്തുണ്ടായ എല്ലാ സിദ്ധാന്തങ്ങളും തന്നെ അതിനുവേണ്ടിയാണ്. കലാകാലങ്ങളില്‍ ജനിച്ച നവോത്ഥാന നായകര്‍ അതിനുവേണ്ടിയാണ് ശ്രമിച്ചത്, ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യേശു വിഭാവനം ചെയ്തത് അടിമത്വമല്ല, വിമോചനമാണ്. സമത്വത്തില്‍ അധിഷ്ഠിതമായ, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. യേശു വിഭാവനം ചെയ്ത ഭൂമിയിലെ ദൈവരാജ്യം അതാണ്.


വാസ്തവത്തില്‍ ദൈവരാജ്യ സ്രഷ്ട്ടിക്കു പുരോഹിതസഭ ഒരു വിഘാതമായി നില്‍ക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിന്‍റെ ഏറ്റവും നല്ല ഒരു ഉദാഹരണം അമേരിക്കന്‍ ചരിത്രമാണ്. അമേരിക്കന്‍ ഭരണ ഘടനയുടെ അടിസ്ഥാന തത്വം 'ഋ്‌ലൃ്യ ാമി ശ െരൃലമലേറ ലൂൗമഹ' എന്നുള്ളതാണ്. അതിന്‍റെ അര്‍ത്ഥം എല്ലാവരും തുല്യരാണെന്നുള്ളതാണ്. എന്നാല്‍ എല്ലാവരും തുല്യരായിരുന്നോ? അല്ല. ഒരു വിഭാഗം വളരെ കാലം അടിമകളായിരുന്നു. സ്ത്രീകള്‍ പുരുഷ മേധാവിത്വത്തിനടിമകളായിരുന്നു. അവര്‍ക്ക് വോട്ടവകാശം പോലുമില്ലായിരുന്നു. വെളുത്ത വര്‍ഗക്കാരല്ലാത്തവര്‍ക്ക് തുല്യനീതിയും വോട്ടവകാശവും കിട്ടിയിട്ട് അധികം കാലമായിട്ടില്ല. ഘഏആഠ കമ്മ്യൂണിറ്റിക്ക് തുല്യാവകാശം ഇപ്പോള്‍ മാത്രമാണ് കിട്ടിയത്. എല്ലാവരും തുല്യരാണെന്നത് അടിസ്ഥാന തത്വമാണെങ്കിലും അത് പലര്‍ക്കും നിഷേധിക്കപ്പെടുന്നു. അത് ഉറപ്പിച്ചു നിര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ സ്വാര്‍ത്ഥമതികള്‍ അത് തട്ടിപ്പറിക്കും. സഭയിലും സംഭവിച്ചിരിക്കുന്നത് അതാണ്. പരസ്‌നേഹത്തിലധിഷ്ടിതമായ ഒരു സാമൂഹ്യ ക്രമമാണ് യേശു വിഭാവനം ചെയ്ത സ്വര്‍ഗരാജ്യമെങ്കിലും പരസ്‌നേഹം മാത്രം ഇന്ന് സഭയിലില്ല. ഒരു കൂട്ടര്‍ വേറൊരു ജനതയെ അടിമകളാക്കിയപ്പോള്‍ സഭ എതിര്‍ത്തോ? ഇല്ല. അവരെ മാറ്റി നിര്‍ത്തിയപ്പോള്‍ സഭ എതിര്‍ത്തോ? ഇല്ല. അവര്‍ക്കു നീതി നിഷേധിച്ചപ്പോള്‍ സഭ എതിര്‍ത്തോ? ഇല്ല. അവരൊക്കെ ക്രിസ്ത്യാനികളായിരുന്നു എന്നുള്ളതാണ് ദുഃഖകരമായ സത്യം. സഭാധികാരികള്‍ നീതി നിഷേധകരോടൊത്ത് തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്കു കോട്ടം തട്ടാതെ നോക്കുകയായിരുന്നു. അവര്‍ക്ക് യാതൊരു നീതിബോധവും ഇല്ലായിരുന്നു. പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ യേശുവിന്‍റെ സത്യസഭ എത്രമാത്രം ആഴമുള്ള ഗര്‍ത്തത്തിലേക്കാണ് വീണിരിക്കുന്നത് എന്നുള്ളതിന്‍റെ ഉദാഹരമാണ് ക്രിസ്ത്യാനികള്‍ അടിമക്കച്ചവടം നടത്തിയെന്നുള്ള തും, അടിമ വ്യവസ്ഥിതിയെ നിലനിര്‍ത്തുവാന്‍ അവര്‍ ആഭ്യന്തര യുദ്ധം ചെയ്തു എന്നുള്ള തും. പുരോഹിതരുടെ കൂദാശകളില്‍ അവര്‍ പങ്കെടുത്തപ്പോഴും ആചാരങ്ങള്‍ നടത്തിയപ്പോഴും മറ്റുള്ളവരെ തന്നെപ്പോലെ സ്‌നേഹിക്കണമെന്ന യേശുവിന്‍റെ സന്ദേശം അവര്‍ക്കു കിട്ടിയില്ല. എന്നാല്‍ വേറൊരു ക്രിസ്ത്യാനി, റവ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, അമേരിക്കന്‍ ജനതയെ, ക്രിസ്ത്യന്‍ സമൂഹത്തെ, അമേരിക്കന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലേക്കും യേശു പഠിപ്പിച്ച സനാതന സന്ദേശങ്ങളിലേക്കും തിരിച്ചു പോകുവാന്‍ ആഹ്വാനം ചെയ്തു, അവരെ വിമോചനത്തിലേക്ക് നയിച്ചു. അതാണ് സഭാ നവീകരണക്കാര്‍ ആവശ്യപ്പെടുന്നതും, അതിനാണ് ശ്രമിക്കുന്നതും.

 

സഭക്ക് പുറത്തുള്ള ശക്തികള്‍ ഇന്ന് സഭയെ തിരുത്തുവാന്‍ ശ്രമിക്കുകയാണ്. സമൂഹത്തിലെ അനീതികള്‍ അവസാനിപ്പിക്കുന്നതിന് സഭ ശ്രമിക്കുന്നതിനു പകരം സഭയിലെ അനീതികള്‍ അവസാനിപ്പിക്കുവാന്‍ സാമൂഹ്യ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുകയാണ്. സ്‌നേഹവും സ്വാര്‍ത്ഥതയും തമ്മിലുള്ള സംഘടനമാണ് ഇന്ന് നടക്കുന്നത്. അത് എന്നും നടക്കും. സ്വാര്‍ത്ഥത തലപൊക്കുക ഇല്ലാത്ത രീതിയില്‍ സാമൂഹ്യ സംവിധാനങ്ങള്‍ ഉണ്ടാകണം. അതിന് ഓരോ കാലത്തും ഓരോ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥത എങ്ങനെ കുറക്കാം, സ്നേഹം എങ്ങനെ വളര്‍ത്താം എന്നുള്ളതാണ് പള്ളികളിലും പള്ളിയോഗങ്ങളിലും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യ സമത്വത്തിന് ഇന്ന് ലോകം മുഴുവന്‍ ദാഹിക്കുകയാണ്. പക്ഷേ പള്ളിക്കകത്ത് അത് കാണുന്നില്ല.

 

പുരോഹിതരുണ്ടാക്കിയ പാരലല്‍ തത്വങ്ങളിലൂടെയാണ് ഇന്ന് സഭ പൊയ്‌കൊണ്ടിരിക്കുന്നത്. പുരോഹിതര്‍ സര്‍വവും കയ്യടക്കി വച്ചിരിക്കുകയാണ്. അവരുടെ നിയമങ്ങളാണ് നടക്കുന്നത്. ആ നിയമങ്ങള്‍ക്ക് വിധേയമാകാന്‍ ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്തും സഭാ സംവിധാനങ്ങള്‍ ഉപയോഗിച്ചും പാകപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും, അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടും ജനങ്ങള്‍ പ്രതികരിക്കാത്തത്. കൂട്ടത്തിലുള്ള കന്യാസ്ത്രീകള്‍ പോലും പീഡകരോടൊത്തു നില്‍ക്കുന്നത്. അവരെ രക്ഷിക്കുവാന്‍ കള്ളസാഷ്യം പോലും പറയുവാന്‍ തയ്യാറാകുന്നത്. അതിനു തയാറാകാത്തവരെ നശിപ്പിക്കുവാന്‍ പോലും പുരോഹിതരും മേലാളന്മാരും തയാറാകുന്നത്. കേരളത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കും ഫ്രാങ്കോ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീകള്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവമതാണ്. മരണ ശേഷമുള്ള സ്വര്‍ഗ്ഗരാജ്യമെന്ന മോഹന വലയത്തില്‍ എല്ലാവരേയും ബന്ധിച്ചിട്ടിരിക്കുകയാണ്. ഇതില്‍നിന്നു മോചനം വേണമെങ്കില്‍ ജനങ്ങളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് അവരുടെ അവകാശങ്ങളേപറ്റി ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും ഇന്നും പ്രഖ്യാപിക്കപ്പെടണം. യേശുവിനെ കുരിശില്‍ തറച്ച പുരോഹിത വര്‍ഗം അതത്ര എളുപ്പം അനുവദിക്കുമെന്ന് തോന്നുന്നില്ല.

 

സഭയിലും സമൂഹത്തിലും എല്ലാവര്‍ക്കും തുല്യ നീതിയുണ്ടായിരിക്കണം. വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതിയുണ്ടാകണം. എല്ലാവര്‍ക്കും തുല്യ നീതിയില്ലെങ്കില്‍ പരസ്പ്പരം സ്‌നേഹിക്കുക എന്നുള്ള കല്‍പ്പന അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പരസ്പരം സ്നേഹിക്കുമ്പോള്‍ അവിടെ വര്‍ഗ്മില്ല, വര്‍ണ്മില്ല, ജാതിയില്ല, മതമില്ല, അധികാരത്തിനുള്ള വടംവലിയുമില്ല. ഈശ്വര വിശ്വാസിയും നിരീശ്വരവാദിയും തമ്മില്‍ യാതൊരു വ്യതാസവുമില്ല. എല്ലാവരും പരസ്‌നേഹത്തിന്‍റെ ഭാഗമാകുമ്പോള്‍ സഭ തന്നെ ആവശ്യമില്ല. അങ്ങനെ സ്വര്‍ഗസുന്ദരമായ ഒരു പുതിയ ഭൂമിയെ സൃഷ്ടിക്കുവാന്‍ നമുക്കൊന്നിക്കാം.

 

 Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code