ജാക്സണ്‍വില്ല : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ഫ്ലോറിഡായില്‍ ലാറ്റിനൊ വോട്ടര്‍മാരുടെ ബഹുഭൂരിപക്ഷ പിന്തുണയും ഡൊണള്‍ഡ് ട്രംപിനാണെന്ന് ഫ്ലോറിഡാ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജീനെറ്റ് ന്യൂനസ് അഭിപ്രായപ്പെട്ടു.
ഫ്ളോറിഡായുടെ ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹിസ്പാനിക്ക് വനിതാ ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിയായ ജീനെറ്റ്, ലാറ്റിനോ വിഭാഗത്തിന്റെ ശക്തയായ നേതാവ് കൂടിയാണ്. ഫ്ലോറിഡായില്‍ ലാറ്റിനോ വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പ്രസിഡന്റ് ട്രംപ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന നേതാവാണെന്നും ലാറ്റിനോ വിഭാഗത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലാറ്റിനോ വിഭാഗം തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന നിലയിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്യുമ്പോള്‍ ബൈഡന് ഇതെല്ലാം അവഗണിക്കുകയാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഫ്ളോറിഡായിലെ 80 ശതമാനം കുടുംബങ്ങളുടെ ടാക്സ് വര്‍ധിപ്പിക്കുന്നതിനും പൊലീസിനെ ഡിഫണ്ട് ചെയ്യുന്നതിനും ശ്രമിക്കുന്ന ബൈഡന്റെ പ്രവര്‍ത്തനങ്ങള്‍ ലാറ്റിനൊ സമൂഹം അംഗീകരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖം നോക്കാതെ ലോകരാഷ്ട്രങ്ങളിലെ ഏകാധിപതികള്‍ക്കുനേരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന ട്രംപിന്റെ ധീരത പ്രത്യേകം അംഗീകരിക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. ബൈഡന് ഇത്തരത്തിലുള്ള ഏകാധിപതികള്‍ക്കെതിരെ ധീരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
Comments