മോസ്കോ: വിശുദ്ധ കുര്‍ബാന സംഘടിപ്പിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക വിശ്വാസിക്ക് റഷ്യ പിഴ ചുമത്തി. നിഖിത ഗ്ലുസ്നോവ് എന്ന കത്തോലിക്ക വിശ്വാസിയ്ക്കാണ് റഷ്യന്‍ ഭരണകൂടം പിഴ ചുമത്തിയത്. മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഫോറം 18 എന്ന സംഘടനയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരമ്പരാഗത ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധകുര്‍ബാന സംഘടിപ്പിച്ചു എന്നതാണ് സെന്റ് പയസ് ടെന്ത് കമ്മ്യൂണിറ്റിയിലെ അംഗമായ നിഖിതയ്ക്ക് പിഴ ചുമത്താന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. 5000 റൂബിള്‍ നിഖിത സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അധികൃതരുടെ സമ്മതമില്ലാതെ പുറത്ത് നിന്നുള്ള ഒരു വൈദികനെ രാജ്യത്തേക്ക് ക്ഷണിച്ച് കുര്‍ബാന അര്‍പ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കത്തോലിക്കാ വിശ്വാസത്തെ പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ വിതരണം നടന്നതായി ആരോപണമുണ്ട്. അതേസമയം വത്തിക്കാനുമായി പൂര്‍ണമായ ഐക്യം ഇല്ലാത്ത പ്രസ്ഥാനമാണ് സെന്റ് പയസ് ടെന്ത് കമ്മ്യൂണിറ്റി. 2016ല്‍ പാസാക്കിയ "അനധികൃതമായ മിഷ്ണറി പ്രവര്‍ത്തനത്തിനെതിരെ"യുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പല നടപടികളും റഷ്യന്‍ അധികൃതര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. 2020 ആദ്യത്തെ ആറു മാസങ്ങള്‍ക്കുള്ളില്‍ തന്നെ 42 കേസുകളാണ് ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും വ്യക്തികള്‍ക്ക് എതിരെയാണ്.
സംഘടനകള്‍ക്കെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേസുകളും പിഴശിക്ഷയില്‍ അവസാനിക്കുമെങ്കിലും രണ്ടു കേസുകളില്‍ വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഒരു കത്തോലിക്ക വിശ്വാസിക്കെതിരെ റഷ്യന്‍ അധികൃതര്‍ കുറ്റം ചുമത്തുന്നത്. മധ്യ ഏഷ്യയിലും റഷ്യയില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ പറ്റി സെപ്റ്റംബര്‍ 16നു അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന് ഹിയറിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പല പ്രാദേശിക സര്‍ക്കാരുകളും രജിസ്ട്രേഷന് അടക്കമുള്ളവ തടഞ്ഞ് മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്ന് വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments