Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം   - ജോസഫ് ജോണ്‍ കാല്‍ഗറി.

Picture

കാല്‍ഗറി: നൂറുവര്‍ഷത്തില്‍പ്പരം പാരമ്പര്യമുള്ള കാല്‍ഗറി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തില്‍ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്‌സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ സാന്നിധ്യം നിലനിര്‍ത്തിപ്പോരുന്നു. കാല്‍ഗറിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ കൂട്ടി ഫാ. ജിമ്മി പുറ്റനാനിക്കല്‍ "കാല്‍ഗറി റണ്‍ റൈഡേഴ്‌സ്' 2012-ലാണ് തുടക്കമിടുന്നത്. അതിനുമുമ്പ് "സതേണ്‍ ചാര്‍ജേഴ്‌സ്' എന്ന പേരില്‍ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം സി & ഡിസിഎല്‍ വീക്ക്‌ഡേ ലീഗില്‍ കളിച്ചിരുന്നു. സായാഹ്നങ്ങളില്‍ ജോലി കഴിഞ്ഞ് വിനോദത്തോടൊപ്പം വ്യായാമം എന്ന ആശയത്തോടെ തുടങ്ങിയ ഈ സംരംഭം പടര്‍ന്നു പന്തലിച്ചത് വളരെ പെട്ടെന്നായിരുന്നു.

 

സി & ഡിസിഎല്‍ ലീഗ് കളിക്കാന്‍ മിനിമം ആവശ്യകതയായ ഒമ്പത് കളിക്കാരെ ചേര്‍ത്ത് രൂപീകരിച്ച മലയാളി ടീം ഭാഷയുടേയും ദേശങ്ങളുടേയും അതിര്‍വരമ്പുകള്‍ താണ്ടി ഇന്നു 35 പേരും, 2 ടീമുകളുമായി (ആല്‍ഫ & ബീറ്റ) പടര്‍ന്നു പന്തലിക്കുമ്പോഴും മലയാളത്തിന്റെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുപോരുന്നു. കളിക്കിടയില്‍ എതിരാളില്‍ക്ക് മനസിലാകാത്തവിധം തന്ത്രങ്ങള്‍ മെനയുവാനും, ആശയവിനിമയം നടത്താനും മലയാളം പ്രധാന ഭാഷയായി ഉപയോഗിക്കുന്നത് ഒരു അതുല്യതയാണ്. വീക്ക് ഡേയ്‌സില്‍ തുടങ്ങി ടി20, 35 ഓവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്, 50 ഓവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ വരെ എത്തിനില്‍ക്കുന്നു ഈ മലനാടന്‍ ജൈത്രയാത്ര.

 

കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പൊടുന്നനെ റണ്‍ റൈഡേഴ്‌സ് മറ്റു ടീമുകളുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. 2015-ല്‍ ക്രൗണ്‍ സി.സി (ക്രിക്കറ്റ് ക്ലബ്) ക്ഷണം സ്വീകരിച്ച് "ക്രൗണ്‍ റണ്‍ റൈഡേഴ്‌സ്' എന്ന പേരില്‍ സി & ഡിസിഎല്‍ പ്രൊഫഷണല്‍ ലീഗ് മത്സരങ്ങള്‍ കളിച്ചുതുടങ്ങി. പിന്നീട് 2019-ല്‍ "കാല്‍ഗറി ക്രിക്കറ്റ് അക്കാഡമി' (സി.സി.എ) ക്ലബില്‍ ചേരുകയും, തുടര്‍ന്ന് രണ്ട് ടീമുകളായി ടി 20യും, 35ഉം, 50ഉം കളിക്കുകയുണ്ടായി.

 

2020-ല്‍ വീണ്ടും രണ്ടു ടീം ആയി ഇറങ്ങി ഉയരങ്ങളുടെ അടുത്തപടി എത്തിപ്പിടിക്കാന്‍ ഇറങ്ങിയ റണ്‍ റൈഡേഴ്‌സിനു മുന്നില്‍ കോവിഡ് മഹാമാരി മാര്‍ഗതടസമായി. മൂന്നു ടീമുകള്‍ അടങ്ങുന്ന ടി20 മിനി ലീഗായി മത്സരങ്ങള്‍ ചുരുങ്ങിയിട്ടും ഗ്രൂപ്പ് ലീഡേഴ്‌സ് ആയി അടിപതറാതെ ടീം ആല്‍ഫയും, ബീറ്റയും മുന്നോട്ടു കുതിക്കുന്നു.

 

2020 ജനുവരിയില്‍ കാല്‍ഗറി - മക്കോള്‍ എംഎല്‍എ ഇര്‍ഫാന്‍ സാബിര്‍, കാല്‍ഗറി സിറ്റി കൗണ്‍സില്‍ അംഗമായ ജോര്‍ജ് ചൗഹാല്‍ എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച വാര്‍ഷിക സി & ഡിസിഎല്‍ വാര്‍ഷിക വിരുന്നു സത്കാരവും അവാര്‍ഡ് സെറിമണിയില്‍ റണ്‍ റൈഡേഴ്‌സ് ടീം അംഗങ്ങള്‍ വാരിക്കൂട്ടിയ അവാര്‍ഡുകള്‍ ടീമിന്റെ കഴിവിനും പ്രതിഭയ്ക്കും സാക്ഷ്യംവഹിക്കുന്നു. നാല്‍പ്പതോളം ടീമുകള്‍ വരുന്ന ലീഗിലെ മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഓള്‍റൗണ്ടര്‍, മികച്ച ഫീല്‍ഡര്‍ ട്രോഫികള്‍ ഇപ്പോള്‍ കാല്‍ഗറി റണ്‍ റൈഡേഴ്‌സിനു സ്വന്തം.

 

പെറ്റമ്മയായ കേരളത്തിനോടെന്നപോലെ പോറ്റമ്മയായ കാനഡയോടും റണ്‍ റൈഡേഴ്‌സ് കൂറുപുലര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നുണ്ട്. കാലഗറിയില്‍ പട്ടിണി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഫാ. പ്രിന്‍സ് മൂക്കനൊട്ടിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന "പെലിക്കണ്‍ ഫൗണ്ടേഷനില്‍' 2019-ല്‍ ഭക്ഷണ വിതരണം നടത്തി. ഈവര്‍ഷം സീസണ്‍ അവസാനിച്ചതിനുശേഷം സെപ്റ്റംബര്‍ 5-ന് കനേഡിയന്‍ ബ്ലഡ് സര്‍വീസസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

 

മലയാളികള്‍ അല്ലാത്തവര്‍പോലും അച്ചടക്കമുള്ള റണ്‍ റൈഡേഴ്‌സ് ടീമിന്റെ കൂടെ കളിക്കണം എന്നുള്ള ആഗ്രഹം മൂലം ഇപ്പോള്‍ ടീമില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ജാതി,മത,ഭാഷ, രാഷ്ട്ര ഭേദമെന്യേ കാല്‍ഗറിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കളിക്കാനും, ലീഗ് തലത്തില്‍ കഴിവ് തെളിയിക്കുവാനും ഒരു വേദിയുണ്ടാക്കുക എന്ന ഉദ്യമം റണ്‍ റൈഡേഴ്‌സ് ക്ലബ് ഇന്നും പരിപാലിച്ചുപോരുന്നു. നിലവിലുള്ള ആല്‍ഫ, ബീറ്റ ടീമുകള്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് കളിക്കാന്‍ അവസരമൊരുക്കി മൂന്നാമത് ഒരു ടീം കൂടി വിപുലീകരിക്കാനും, ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സോക്കര്‍, വോളിബോള്‍, ബാഡ്മിന്റണ്‍ എന്നിവ അടങ്ങുന്ന ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ക്ലബ് ആയി വളര്‍ത്തിയെടുക്കാനാണ് റണ്‍ റൈഡേഴ്‌സ് ക്ലബിന്റെ ആഗ്രഹം. ഇതിനായി മലയാളി കളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ റണ്‍ റൈഡേഴ്‌സിനു 2021-ല്‍ സ്വന്തമായി ഒരു ക്ലബ് രജിസ്റ്റര്‍ ചെയ്ത് സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.

 

റണ്‍ റൈഡേഴ്‌സില്‍ ചേരുവാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും, ക്ലബ് സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്. ജോര്‍ജ് മാത്യൂസ് (403 922 2223), സന്ദീപ് സാം അലക്‌സാണ്ടര്‍ (403 891 5194).

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code