Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വപ്ന പദ്ധതികള്‍ക്ക് ഭാവുകങ്ങള്‍ (രാജു മൈലപ്ര)

Picture

(ഈ ലേഖനം ഏതെങ്കിലും വ്യക്തികളേയോ, സംഘടനകളേയോ, സ്ഥാപനങ്ങളേയോ അപകീര്‍ത്തിപ്പെടുത്താനോ, പരിഹസിക്കാനോ ആയി മന:പൂര്‍വ്വം എഴുതിയതല്ല. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് അത്തരത്തില്‍ സാമ്യമോ, ബന്ധമോ തോന്നിപ്പിക്കുമെങ്കില്‍ അത് തികയ്യും യാദൃശ്ചികമാണ്).



പണ്ടുകാലത്ത് മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒന്നോ രണ്ടോ ചെറുകിട കള്ളന്മാരും ഛോട്ടാ ചട്ടമ്പിമാരും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ ഒരു ആശാന്‍, ഒരു വൈദ്യന്‍, ഒരു പട്ടക്കാരന്‍, ഒരു പൂജാരി തുടങ്ങിയ ചിലരുംകൂടിയുണ്ടെങ്കിലേ ആ ഗ്രാമത്തിന്റെ ചിത്രത്തിനു പൂര്‍ണ്ണത വരികയുള്ളൂ. കൂട്ടത്തില്‍ ഒരു തയ്യല്‍ക്കാരന്‍, ചെരുപ്പുകുത്തി- പിന്നെ ഒരു ബാര്‍ബര്‍ ഷോപ്പും.



ഒരു ചായക്കടയാണ് ഗ്രാമത്തിന്റെ തിലകക്കുറി- ലോക വാര്‍ത്തകള്‍ വായിക്കുന്നതും, വിശകലനം ചെയ്യപ്പെടുന്നതും അവിടെയാണ്. മലയാളം വാര്‍ത്താ ചാനലുകളില്‍ എഴുമണിക്ക് നടക്കുന്ന "ചലപില കലപില' ചര്‍ച്ചകളുടെ ഒരു മുന്‍ഗാമി.



ചക്കുണ്ണി നായര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരാളാണ് മൈലപ്രാ മുക്കിന് ചായക്കട നടത്തിയിരുന്നത്. ഒടുവില്‍ഉണ്ണികൃഷ്ണന്, ഇന്ദ്രന്‍സിലുണ്ടായ ഒരു മകന്റെ ശരീരഭാഷ.



മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന കണ്ണാടി അലമാരിയില്‍ പരിപ്പുവട, പഴംപൊരി, മടക്കുസ്വാന്‍, ബോണ്ട, സുഖിയന്‍ തുടങ്ങിയ 'എക്‌സ്പയറി ഡേറ്റുകള്‍' ഇല്ലാത്ത പലഹാരങ്ങള്‍- ചായക്കട എന്നാണ് പേരെങ്കിലും അവിടെ കാപ്പിയും കിട്ടുമെന്നുള്ളതാണ് ഒരു പ്രത്യേകത. കാപ്പിയുടെ കൂടെ ഒരു കടികൂടെ ചോദിച്ചാല്‍, പൃഷ്ഠമൊന്നു ചൊറിഞ്ഞിട്ടു മാത്രമേ ചക്കുണ്ണി അത് സെര്‍വ് ചെയ്യുകയുള്ളൂ. പറ്റെഴുതി പറ്റെഴുതി നാട്ടുകാര് പറ്റിച്ചതുകൊണ്ട് ആ സ്ഥാപനം പൂട്ടിപ്പോയി.



കള്ളന്മാര്‍ക്കും ചട്ടമ്പിമാര്‍ക്കും അന്നും ഇന്നത്തെപ്പോലെ തന്നെ വലിയ നിലയും വിലയുമാണ്- അതുകൊണ്ടാണല്ലോ കാട്ടുകള്ളന്‍, കിണ്ണംകട്ട കള്ളന്‍, കള്ളന്‍ പവിത്രന്‍, കള്ളന്‍കപ്പലില്‍ തന്നെ, ചട്ടമ്പിനാട്, ചട്ടമ്പിക്കവല, ചട്ടമ്പികല്യാണി തുടങ്ങിയ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്.



മൈലപ്രാ- മണ്ണാരക്കുളഞ്ഞി ഏരിയാകള്‍ കവറു ചെയ്ത പേരുകേട്ട ഒരു മോഷ്ടാവായിരുന്നു കള്ളദാനി- തേങ്ങാ, മാങ്ങാ, വാഴക്കുല, അടയ്ക്ക തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളായിരുന്നു പുള്ളിക്കാരന്റെ മോഷണവസ്തുക്കള്‍. ഇതു വിറ്റികിട്ടുന്ന കാശുകൊണ്ട് ഷാപ്പില്‍ നിന്നും കപ്പയും കറിയും, കള്ളും കഴിച്ച് അയാള്‍ സുഭിക്ഷമായി ജീവിച്ചുപോന്നു. ഏതായാലും നാട്ടുകാരുടെ അടിയും, ഇടിയും, ചവിട്ടുംകൊണ്ട് കള്ളദാനി അകാലത്തില്‍ത്തന്നെ കാലപുരി പൂകി.



എന്റെ ചെറുപ്പത്തില്‍, ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു വലിയ ചട്ടമ്പിയായിരുന്നു തൈപ്പൊടിയന്‍- തലയിലൊരു വട്ടക്കെട്ട്, നരച്ച താടിമീശ, കലങ്ങി ചുമന്ന കണ്ണുകള്‍ക്ക് മാച്ചു ചെയ്യുവാനെന്നപോലെ മുറുക്കിച്ചുവന്ന ചുണ്ടുകള്‍, തുളവീണു തുടങ്ങിയ ബനിയന്‍, മടക്കിക്കുത്തിയ കൈലിമുണ്ട്, അരയില്‍ തിരുകിയിരിക്കുന്ന മടക്കുപിച്ചാത്തി '20' കഠാരി-
കണ്ട ആപ്പഊപ്പയെപ്പോലെ കള്ളുകുടിയനൊന്നുമായിരുന്നില്ല പൊടിയനച്ചായന്‍- നല്ല ഒന്നാന്തരം വാറ്റുചാരായം- അതു രാവിലെ തന്നെ അകത്താക്കും. ഇന്നത്തെപ്പോലെ ആപ്പും കോപ്പും ഒന്നും വേണ്ടാ ആ കാലത്ത് കള്ള് മേടിക്കാന്‍. "റൗഡി' എന്നൊരു ലേബലുണ്ടായിരുന്നതുകൊണ്ട് ലോക്കല്‍ രാഷ്ട്രീയക്കാരുമായി അടുപ്പവുമുണ്ടായിരുന്നു. അതൊണല്ലോ അതിന്റെയൊരു സ്റ്റൈല്‍. ചാരായത്തിന്റെ പെരുപ്പ് തലയില്‍ കയറുമ്പോള്‍, സ്ഥലത്തെ പലചരക്ക് കടയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഉപ്പുപെട്ടിയുടെ മുകളില്‍ ഉപവിഷ്ഠനാകും.



'എന്താടാ തുറിച്ചുനോക്കുന്നത്?' എന്നൊരു ഡയലോഗോടെ ഏതെങ്കിലുമൊരു സാധുവിനോട് തട്ടിക്കയറും. അതിനു അകമ്പടിയായി കുറച്ചു പുളിച്ച തെറിയും.


ആ കാലമെല്ലാം എന്നേ മറഞ്ഞുപോയി. ഇന്നു കളി മറ്റൊരു ലെവലിലാണ്.
ഒരു വിവാദത്തിന്റെ ആയുസ് അടുത്ത വിവാദം മാത്രം. പണ്ടു കത്തിനിന്ന ഒരു കൊലപാതക കഥയാണ് മാടത്തരുവി കൊലക്കേസ്- പിന്നെ "ഭാര്യ' സിനിമയെന്ന പേരിലിറങ്ങിയ അമ്മാളു കൊലക്കേസ്.



ഇനി സമീപ വാര്‍ത്തമാനകാലത്തിലേക്കു വന്നാല്‍ ഉദാഹരണങ്ങള്‍ ധാരാളം. കനകം മൂലം കാമിനി മൂലം.



ശോഭാ ജോണ്‍ എന്നൊരു "കോര്‍ഡിനേറ്റര്‍' ഉണ്ട്. ബ്രഹ്മചാരിയായ ഒരു പെരിയ സ്വാമിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി, പലതരും പ്രലോഭനങ്ങള്‍കൊണ്ട് വലയില്‍ വീഴ്ത്തി, അവസാനം ബ്ലാക്‌മെയിലിംഗ് നടത്തുവാന്‍ വേണ്ടി സ്വാമിയുടെ നഗ്ന ചിത്രങ്ങളെടുത്തു. അതിനു വഴങ്ങാതിരുന്ന പെരിയ സ്വാമിയുടെ ചിന്നസ്വാമിയെ ഒരു 'സാമൂഹ്യപ്രവര്‍ത്തക'യെ കൊണ്ട് മുറിച്ചെടുപ്പിച്ചു. എന്നാല്‍ അതു താനല്ല അതു മുറിച്ചുമാറ്റിയത്, തന്റെ കാമുകനായിരുന്നു എന്നു യുവതി മൊഴിമാറ്റിപ്പറഞ്ഞു. ആളുകള്‍ ഇങ്ങനെ മാറ്റി മാറ്റി പറയുന്നതുകേട്ട സ്വാമി അവസാനം 'ഇതുകൊണ്ട് വലിയ പ്രയോജനമില്ലാത്തതുകൊണ്ട് താന്‍തന്നെ ഇതു മുറിച്ചുകളഞ്ഞതാണ്' എന്നു പറഞ്ഞു.



ഇതെന്നാ വല്ല ബര്‍ത്ത്‌ഡേ കേക്കാണോ ഇങ്ങനെ പലരും മാറിമാറി കട്ടു ചെയ്യുവാന്‍ എന്നു ചില അരസികര്‍ സംശയം പ്രകടിപ്പിച്ചു. (ഇത് കേട്ട് ആരും കടുംകൈ ഒന്നും കാണിക്കരുത്).


പിന്നെ ഒരു സരിതാ തരംഗമായിരുന്നു.- കേരളാ രാഷ്ട്രീയത്തിലെ പല പ്രമുഖ വ്യക്തികളുമായും താന്‍ നടത്തിയ കാമകേളികളെക്കുറിച്ച് വളരെ അഭിമാനത്തോടെ ആ തരുണീമണി ക്യാമറക്കണ്ണുകളുടെ മുന്നില്‍ ഒരു മറയും ഇല്ലാതെ ഏറ്റുപറഞ്ഞു. 'എന്നാലും സരിത എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ' എന്നു വിലപിച്ചു നടന്ന ചില അമേരിക്കന്‍ മലയാളികളും ആ കൂട്ടത്തിലുണ്ട്.


പക്ഷെ നമ്മുടെ മുന്‍ മുഖ്യന്‍ ഉമ്മച്ചന്‍, ഉമ്മ കൊടുത്തു എന്നു പറഞ്ഞത് അത്ര ക്ലച്ചുപിടിച്ചില്ല. എങ്കിലും നമ്മുടെ ചാണ്ടിച്ചായനെകൊണ്ട് ചട്ടിചട്ടി കോടതി വരാന്തകള്‍ നിരങ്ങി നടക്കാനുള്ള ഒരു ഗതികേടിലെത്തിക്കുവാന്‍ സരിതാ മാഡത്തിനു കഴിഞ്ഞു. സോളാര്‍ തരംഗത്തില്‍, തുടര്‍ ഭരണം ലഭിക്കാതെ കോണ്‍ഗ്രസ് ഐക്യമുന്നണി നിലംപൊത്തി.



അടുത്ത അവതാരം നമ്മുടെ കൂടത്തായി സൈയനൈഡ് ജോളിയാണ്. ഇടംവലം നോക്കാതെ അമ്മായിഅപ്പനെ മുതല്‍, ബന്ധത്തില്‍പ്പെട്ട കൊച്ചുകുട്ടിയെ വരെ അവര്‍ മധുരപലഹാരങ്ങള്‍ നല്‍കി  മരണത്തിലേക്ക് തള്ളിവിട്ടു.


ഇതിനിടയില്‍ അഴിമതി ആരോപണങ്ങളും കസ്റ്റഡി മരണങ്ങളും മറ്റും കടന്നുവന്നെങ്കിലും 'കോവിഡ്' എന്ന മഹാമാരിയുടെ വരവോടുകൂടി അതെല്ലാം നിഷ്പ്രഭമായിപ്പോയി.



കോവിഡിനെ വെല്ലാന്‍ മറ്റാരുമില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് തലയില്‍ ഒരു സ്വര്‍ണ്ണക്കിരീടവുമായി സ്വപ്ന എന്നൊരു സര്‍പ്പസുന്ദരി അവതരിച്ചത്. ഒരു ഇന്റര്‍നാഷണല്‍ റോമിംഗ് താരം- നമ്മുടെ ഭരണത്തെ നിയന്ത്രിക്കുന്ന ഒരു പ്രമുഖ വ്യക്തിയെ അവരുടെ കൈകളിലിട്ട് അമ്മാനമാടുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങേരുടെ മാന്യതയുടെ മുഖംമൂടി എത്ര പെട്ടെന്നാണ് അഴിഞ്ഞുവീണത്. അവരേതെങ്കിലും നിയമത്തിനു മുന്നില്‍ വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് പാടെ തെറ്റിപ്പോയി എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇവിടുത്തെ ഒരു സെക്രട്ടറിയോ പ്യൂണോ ഒന്നുമല്ല അവരുടെ സംരക്ഷകര്‍. പൊന്നു വിളയുന്ന നാട്ടില്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് എത്രയോ പേര്‍ സുരക്ഷിത കോട്ടകള്‍ തീര്‍ത്തുകൊണ്ട് കാത്തിരിക്കുന്നു.-
കേരള സര്‍ക്കാരിന്റെ "സ്വപ്ന പദ്ധതിക്ക്' എല്ലാ ഭാവുകങ്ങളും നേരുന്നു!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code