Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ 92:ജയൻ വർഗീസ്)

Picture

അപ്രതീക്ഷിതവും, അസ്വാഭാവികവുമായ ഒരു രാത്രി വിളിയിൽ ഫോണിന്റെ അങ്ങേത്തലക്കലെ അനുജന്റെ പൊട്ടിക്കരച്ചിലിൽ " അപ്പൻ മരിച്ചു പോയി " എന്ന വാക്കുകൾ ചിതറി വീണു. ഒരു നിമിഷം ഞെട്ടിത്തെറിച്ച്സ്തബ്ധനായി നിന്ന് പോയ ഞാൻ എവിടെ നിന്നോ വന്നു ചേർന്ന അജ്ഞാതമായ ഒരാശ്വാസത്തിന്റെ നിറവിൽ" എന്റെ അപ്പൻ ആണുങ്ങളെപ്പോലെ മരിച്ചു " എന്ന് പ്രതിവചിച്ചു പോയി.


തൊണ്ണൂറ്റി ആറ് വയസ്സ്. വാക്കറിന്റെ സഹായത്തോടെ ആണെങ്കിലും, അത്യാവശ്യം സ്വന്തം കാര്യങ്ങൾ സ്വയംനടത്തി എടുക്കുവാനുള്ള ആരോഗ്യം, ഇഷ്ട ഭക്ഷണവും, സന്തത സഹചാരിയായ ഷൈജുവിനോടൊത്തുള്ളഅൽപ്പം മദ്യ പാനവും, സ്വന്തം തീരുമാനങ്ങൾ എടുക്കുവാനും, നടത്തുവാനുമുള്ള സാന്പത്തിക - സാമൂഹ്യസാഹചര്യങ്ങൾ, അപ്പന്റെ പ്രായത്തിലും, അവസ്ഥയിലും ഉള്ള ( അങ്ങിനെ അധികം പേരില്ല ) മറ്റുള്ളവരെക്കാൾഎത്രയോ ഉയരത്തിലായിരുന്നു അപ്പൻ ! ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഞാൻവിളിച്ചിരുന്നു. " എനിക്ക് കുഴപ്പമൊന്നുമില്ല, നീ വെറുതേ ആധി പിടിക്കണ്ടാ " എന്നായിരുന്നു പ്രതികരണം.


ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിന്റെ മൂന്നാം ദിവസം വാക്കറിന്റെ സഹായത്തോടെ മുറ്റത്ത്നടക്കുകയായിരുന്നു അപ്പൻ. കൊച്ചപ്പന്റെ മകൻ ജോയിയുടെ മകൻ വിനേഷ് അപ്പനോട് സംസാരിച്ചു കൊണ്ട്കൂടെത്തന്നെയുണ്ട്. നടക്കുന്നതിനിടയിൽ അപ്പന് എന്തോ വല്ലായ്‌മ തോന്നിയിരിക്കണം, " ബേബിയെ വിളിക്ക് " എന്ന് പറഞ്ഞു കൊണ്ട് അപ്പൻ വിനേഷിന്റെ കൈകളിലേക്ക് ചാഞ്ഞു. വിളി കേട്ട് വന്ന ബേബി അപ്പനെ താങ്ങി. " എനിക്കൊന്ന് കിടക്കണം " എന്ന് അപ്പൻ ബേബിയോട് പറഞ്ഞു. അവർ താങ്ങിപ്പിടിച്ച് അപ്പനെ ബെഡിൽകിടത്തി. " നീ ചെന്ന് ജോർജിനോട് വേഗം ഇങ്ങോട്ടു വരാൻ പറയ്‌ " എന്ന് പറഞ്ഞ് അപ്പൻ വിനേഷിനെപറഞ്ഞയച്ചു. കട്ടിലിലിരുന്ന് ബേബി അപ്പന്റെ കാലുകൾ തടവുകയായിരുന്നു. അഞ്ഞൂറടി മാറിയുള്ള വീട്ടിൽനിന്ന് അപ്പന്റെ രണ്ടാമത്തെ മകനായ ജോർജ് ഓടിയെത്തി.


" അപ്പാ,അപ്പാ, എന്ത് പറ്റിയപ്പാ ? " എന്ന് ചോദിച്ചു കൊണ്ട് ജോർജ് കട്ടിലിലിരുന്നു. ഉത്തരമില്ല. മൂക്കിൽ വിരൽവച്ച് പരിശോധിച്ച് നോക്കിയ ജോർജിന് മനസിലായി : അപ്പൻ ഉറങ്ങുകയാണ്, ഇനി ഉണരാതെവണ്ണം. കാലുകൾതടവിയിരുന്ന ബേബി പോലുമറിയാതെ അപ്പൻ കടന്നു പോയിരിക്കുന്നു. തുറന്നിരുന്ന ആ ദീപ്‌ത നയനങ്ങൾമക്കൾ തിരുമ്മിയടച്ചു.


തൊണ്ണൂറ്റിയാറ് വർഷങ്ങളിലെ സുദീർഘമായ ജീവിതത്തിനിടക്ക് ഒരാളെപ്പോലും, നോവിക്കുകയോ, വഞ്ചിക്കുകയോ ചെയ്യാതെ ജീവിച്ച എന്റെ അപ്പൻ, അപ്പൻ യുവാവായിരിക്കുന്പോൾ മസൂരി മൂലം മരണമടയുന്നസാധുക്കൾക്ക് ഒരു ശവപ്പെട്ടി വാങ്ങാൻ നിവർത്തിയില്ലാത്ത എത്രയോ അവസരങ്ങളിൽ സ്വന്തം പറന്പിലെ മുരിക്ക്വെട്ടിക്കീറി വാക്കത്തി കൊണ്ട് ചെത്തി മിനുക്കി പലകകളാക്കി അത് കൊണ്ട് ശവപ്പെട്ടി ഉണ്ടാക്കി ശവം മറവുചെയ്യാൻ സഹായിച്ചിരുന്ന എന്റെ അപ്പൻ, സ്നേഹ മസ്രണമായ പെരുമാറ്റത്തിലൂടെ മുഴുവൻ നാട്ടുകാരുടെയും ' പേരപ്പൻ ' ( പിതാവിന്റെ ജേഷ്ഠൻ എന്നർത്ഥം ) എന്ന് വിളിക്ക് അർഹനായിത്തീർന്ന എന്റെ അപ്പൻ, മരിച്ചുപോയി എന്ന് വിശ്വസിക്കുവാൻ ഇതെഴുതുന്ന ഇന്നും എനിക്ക് സാധിക്കുന്നില്ല.


തന്റെ പതിനാറാം വയസ്സിൽ ജീവിത ഭാരത്തിന്റെ കടും ചുമട് തോളിൽ വച്ച് കൊടുത്ത് കൊണ്ട് അന്ന് മുപ്പത്താറുകാരനായിരുന്ന എന്റെ വല്യാപ്പൻ വേർ പിരിയുന്പോൾ, ആ മരണ വീട്ടിൽ വിളക്ക് തെളിയിക്കുന്നതിനുള്ള ഒരുകുപ്പി മണ്ണെണ്ണ കടം കിട്ടാൻ വിലയില്ലാതിരുന്ന എന്റെ അപ്പൻ, അനാഥരായ അമ്മയെയും, അനുജനെയും കൂട്ടിജീവിത യാഥാർഥ്യങ്ങളുടെ പുത്തൻ പുതുമണ്ണിൽ കാലുറപ്പിച്ചു നിന്ന് പൊരുതി ജയിച്ച എന്റെ അപ്പൻ !


ഒരു ചലച്ചിത്രത്തിൽ എന്ന പോലെ ഞങ്ങളുടെ ജീവിത ചിത്രങ്ങൾ മനസിന്റെ സ്‌ക്രീനിൽ തെളിഞ്ഞു തെളിഞ്ഞുവന്നു. ' വെള്ളപ്പിത്തം ' എന്നറിയപ്പെട്ടിരുന്ന വിളർച്ച രോഗം പിടിപെട്ട് മരണത്തിന്റെ ഗുഹാ മുഖത്ത് ഇടറിവീഴാൻകാത്ത് കിടന്ന എന്നെയും തോളിൽ വഹിച്ചു കൊണ്ട് ആശുപത്രികളിൽ നിന്ന് ആശു പത്രികളിലേക്കുള്ള നിരന്തരയാത്രകൾ... അത്താഴത്തിനു പോലും അരിയില്ലാത്ത കുടിലിൽ അതിനുള്ള ചില്ലികൾ പോലും സ്വരൂപിച്ചുകൊണ്ടാണ് കാൽനടയായുള്ള ഈ ചികിത്സാ യാത്രകൾ. അപ്പന്റെ തോളിൽ നിന്ന് ' ഇനി ഇങ്ങോട്ടില്ല ' എന്ന അപശകുനം പേറി തൂങ്ങിക്കിടക്കുന്ന എന്റെ നീര് വച്ച കാലുകൾ നോക്കി തേങ്ങിക്കരഞ്ഞു കൊണ്ട് മരുന്ന് കുപ്പിയുംപേറി അപ്പന്റെയൊപ്പം ആയാസപ്പെട്ട് ഓടിയെത്തുന്ന വല്യാമ്മയുടെ ക്ഷീണിത രൂപം.


ആധുനിക ചികിത്സകർ കൈയൊഴിഞ്ഞ കാലത്ത് ദരിദ്രനും, വിക്കനുമായ തടിയറപ്പുകാരൻ കുഞ്ഞിരാൻപണിക്കൻ സൗജന്യമായി ഉണ്ടാക്കി നൽകിയ നാട്ടു മരുന്നു കൊണ്ട് പൂർണ്ണമായ രോഗ സൗഖ്യം കിട്ടിയപ്പോൾസ്വർഗ്ഗം അനുഭവേദ്ധ്യമായ ഒരു യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞ് ആശ്വസിച്ചു നിന്ന എന്റെ അപ്പൻ.


ദരിദ്ര കുടുംബത്തിന് താങ്ങായി തീരേണ്ട മൂത്ത സന്തതിയായ എനിക്ക് ' നാഴിയരിയും, ഒരയലയും ' നേടിയെടുക്കാൻ വേണ്ടി പറന്പിലെ തേൻ വരിക്ക മാവുകൾ മുറിച്ചു വിറ്റ് അപ്പൻ ഇട്ടു തന്ന ചെറിയതൊഴിലിടമായ തുണിക്കട സദാ സമയവും സാഹിത്യത്തിന്റെ പിറകേ നടന്ന് നഷ്ടപ്പെടുത്തിയപ്പോൾ, അത്വരെയുള്ള മകന്റെ സാഹിത്യ രചനകളുടെ ഒരു കെട്ട് നോട്ടു ബുക്കുകൾ നിഷ്‌ക്കരുണം പൊട്ടക്കിണറ്റിലെറിഞ്ഞുകളഞ്ഞ് മകൻ എന്ന എന്നെ സാഹിത്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പരിശ്രമിച്ചുപരാജയപ്പെട്ട എന്റെ അപ്പൻ.


സാഹിത്യം കൊണ്ടല്ലെങ്കിലും, സാമാന്യ ജീവിതത്തിന്റെ മുകൾത്തട്ടിൽ തന്നെ എത്തിച്ചേരാൻ എനിക്ക്സാധിച്ചപ്പോൾ, ഞാൻ പറഞ്ഞു കൊടുക്കുന്ന എന്റെ നർമ്മ കഥകൾ കേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു രസിച്ച എന്റെഅപ്പൻ എന്നോട് പോലും പറയാതെ ഉറങ്ങിയിരിക്കുന്നു ?അവസാന കാലത്ത് അപ്പനമ്മമാരെ പരിചരിക്കാൻഅവരോടൊപ്പം ഉണ്ടാവണം എന്ന് മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം നിറവേറ്റാൻ അവസരം ലഭിക്കാതെ ഞാനില്ലാത്തപ്പോൾ, എന്റെ അസ്സാന്നിധ്യത്തിൽ അവർ ഓരോരുത്തരായി കടന്നു പോയിരിക്കുന്നു. അമേരിക്കൻസ്വപ്നങ്ങളിൽ ആഴ്ന്നു പോയ എന്റെ ജീവിതായോധനത്തിന്റെ അടിവേരുകൾ അവിടെ നിന്ന്പറിച്ചെടുക്കുന്പോൾ ഉണ്ടാവുന്ന അതി വേദന കടിച്ചിറക്കാൻ ഞാനെന്ന ഭീരുവിനു കഴിയാതെ പോയതാവാം ഒരുകാരണം. അല്ലെങ്കിൽത്തന്നെ അനിവാര്യമായ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങി വീഴുന്പോൾ ഇവിടെആർക്ക് ആരോട് പറയാനാണ് നേരം ?


രാത്രിയിൽ തന്നെ റോയിയുടെയും വിളി വന്നു. നാട്ടിൽ പോകാനുള്ള ഏർപ്പാടുകൾ എൽദോസ് തന്നെ ചെയ്തുതന്നു. താഴത്തെ വീടിന്റെ വരാന്തയിൽ വാക്കറിന്റെ കൈപ്പിടികളിൽ പിടിച്ച് ഞങ്ങളെ നോക്കിയിരിക്കാറുള്ളഅപ്പൻ അവിടെയില്ലെന്ന് വിശ്വസിക്കാനാവാതെ അപ്പനെ കാണാൻ ഞാനും, ഭാര്യയും, റോയിയും നാട്ടിലേക്ക്തിരിച്ചു.


വിമാനം നെടുന്പാശേരിയിൽ ഇറങ്ങുന്പോൾ വെളുക്കാൻ മടിച്ചു കിടക്കുന്ന പ്രഭാതത്തിന്റെ ഉറക്കച്ചടവിൽ ഒരുചാറ്റൽ മഴ. അനീഷ് തന്റെ ഇന്നോവായുമായി എത്തിയിട്ടുണ്ട്. അതിൽ കയറി വീട്ടിലിറങ്ങുന്പോൾ ആരോനിർബന്ധിച്ചു വിളിച്ചുണർത്തിയത് പോലെ നേരം വെളുത്തു വരുന്നു. ബലിക്കാക്കകളുടെ കരച്ചിലിൽ പറന്പിലെപൈനാപ്പിൾ കാടുകളിൽ ഇര തേടലിന്റെ ചിറകടികൾ. താഴത്തെ വീട്ടിലെ വരാന്തയിൽ അപ്പന്റെ അവസാന കാലസഹായി ആയിരുന്ന വാക്കർ കാണാനില്ല. ഇനിയൊരിക്കലും അപ്പനമ്മമാർ ഓടി നടന്ന് നട്ടു വളർത്തിയകാർഷിക വിളകളുടെ തണലുകളിൽ അവരുടെ പാദ പതന നാദത്തിന്റെ നാടൻ സംഗീതം ഉണരുകയില്ലാ, അവർഉറങ്ങുകയാണ് !


കോതമംഗലത്തെ ആന്റ് ജോസഫ്‌സ് ഹോസ്പിറ്റലിൽ നിന്ന് മൃതദേഹം ഏറ്റു വാങ്ങുവാൻഎത്തിയിരിക്കുകയാണ് ഞങ്ങൾ. അപ്പന്റെ ആൺമക്കളായ ഞാനും, ജോർജും, ബേബിയും, റോയിയും മാത്രമല്ലാ, ഞങ്ങളോടൊപ്പം അപ്പന്റെ ആദ്യ മരുമകളായ മേരിക്കുട്ടിയുമുണ്ട്. കോതമംഗലം നിവാസികളും, ആശുപത്രിയിലെജീവനക്കാരും ആയിട്ടുള്ള കൊച്ചപ്പന്റെ മരു മക്കൾ എൽദോസും, രാജുവും, ഡ്രൈവർ അനീഷും സഹായികളായിഉണ്ട്. ആശുപത്രിയുടെ കാന്റീനിൽ നിന്ന് വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ചായ കുടിച്ചു.


ഫ്രീസറിൽ ആക്കുന്നതിനു മുൻപ് ആശുപത്രി ജീവനക്കാർ അപ്പനെ ഞങ്ങൾക്ക് കാണിച്ചു തന്നു. വെളുത്തുസുന്ദരനായ കൃശ ഗാത്രനായ അപ്പൻ. സാധാരണ നിലയിലായിരുന്നെങ്കിൽ " നിങ്ങൾക്കെന്താടാ പിള്ളേരേ ? "എന്ന് ചോദിക്കുമായിരുന്ന അപ്പൻ ഏതോ യാത്രയുടെ ആലസ്യത്തിൽ ഭാവമാറ്റമില്ലാതെ ഉറങ്ങുകയാണ്. തേങ്ങിപ്പോയ റോയി മുഖം പൊത്തി നിൽക്കുന്പോൾ, അപ്പന്റെ നഗ്ന പാദങ്ങളിൽ മുഖമമർത്തി ഞാൻ ചുംബിച്ചു. അടർന്നുവീണ കണ്ണീർ തുള്ളികളിൽ ചാലിച്ച് " ഞാനും വരികയാണ് " എന്ന് നിശബ്ദമായി പറയുന്പോൾതണുത്തു മരവിച്ച ആ പാദ പത്മങ്ങളിൽ നിന്ന് " മരണത്തിലേക്കല്ലാ, ജീവിതത്തിലേക്ക് പോകൂ " എന്നഒരാമന്ത്രണം ഞാൻ കേട്ടുവോ എന്ന് എനിക്ക് തോന്നി.


ഫ്രീസറിൽ ആക്കപ്പെട്ട മൃത ദേഹവുമായി ആംബുലൻസിൽ ഞങ്ങൾ വീട്ടിലേക്കു പോവുകയാണ്. ഒരു വർഷം മുൻപ് വരെ അപ്പന്റേതായി അപ്പൻ നോക്കി നടത്തിയിരുന്ന ഞങ്ങളുടെ മുകളിലത്തെ വീട്ടിൽ ആദ്യം മൃതദേഹംഎത്തിക്കണം എന്നു ഞാൻപറഞ്ഞു. വളർന്നു പടർന്നു നിൽക്കുന്ന സപ്പോട്ടയുടെ താഴ്ന്ന ശിഖരങ്ങൾആംബുലൻസിന് തടസ്സമായേക്കും എന്ന് തോന്നിയതിനാൽ അത്തരം കന്പുകൾ വെട്ടി മാറ്റാൻ വീട്ടിലേക്കുവിളിച്ചു പറഞ്ഞു. വെട്ടി മാറ്റിയ സപ്പോട്ടക്കന്പുകൾ പൊഴിച്ചിട്ട വെളുത്ത ചോര ഇറ്റു വീണ വഴിയിലൂടെആംബുലൻസ് മുകളിലെ വീട്ടിന്റെ മുറ്റത്തെത്തി നിന്നു.


ലിവിങ് റൂമിലെ വെള്ള വിരിച്ച മേശയിൽ അപ്പന്റെ മൃത ദേഹം കിടത്തിയപ്പോളേക്കും ഇതിനകംഎത്തിച്ചേർന്നിരുന്ന വലിയ ജനക്കൂട്ടം ഓടിയെത്തി. മക്കളും, കൊച്ചു മക്കളും അടങ്ങുന്ന ഞങ്ങളുടെ മാത്രമല്ലാ, ബഹുമാന പൂർവം ' പേരപ്പൻ ' എന്ന് വിളിച്ചിരുന്ന നാട്ടുകാരുടെയും തേങ്ങലുകളിൽ കനം തൂങ്ങി നിന്നഅന്തരീക്ഷം.


' സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ' എന്ന് തുടങ്ങുന്ന പ്രാർത്ഥന ഞാൻ ആരംഭിച്ചു. തേങ്ങൽച്ചീളുകളിൽ മുറിഞ്ഞു പോയ വാക്കുകളിൽ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ആ കൊച്ചു പ്രാർത്ഥന എന്നോടൊപ്പംചൊല്ലിത്തീർത്തു. പിന്നെ ഒട്ടും വൈകാതെ മൃതദേഹം താഴത്തെ വീട്ടിൽ തയ്യാറാക്കിയിരുന്ന പന്തലിലേക്ക് മാറ്റി. വീടും, റോഡും, പരിസരസും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. അമേരിക്കയിൽ ഞങ്ങളുടെ സ്നേഹിതരും, പള്ളിക്കാരുമായിട്ടുള്ള ഈപ്പൻ മാളിയേക്കൽ, ഭാര്യ റോസമ്മ, പ്രിൻസ് വലിയ വീടൻ, ഭാര്യ ജെസ്സി, സാബുഹാബേൽ, ഭാര്യ ജെസി, എന്നിവരെ കൂടാതെ ശ്രീമതിമാരായ സൂസൻ കീണേലിയും, ജോളി സാമുവേലും, എത്തിയിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ചർച്ചിന്റെ പേരിലുള്ള ഒരു റീത്ത് അവർ മൃതദേഹത്തിൽ സമർപ്പിച്ചു.


അമേരിക്കയിൽ നിന്ന് ഇപ്പോൾ നാട്ടിലുള്ള രണ്ടു തിരുമേനിമാരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കാമെന്ന്ഷെവലിയാർ ഈപ്പൻ പറഞ്ഞു. അത് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു. " പള്ളി പട്ടക്കാരുടെ കൊയ്‌ത്തു പാടമാണ് " എന്ന് പണ്ട് മുതൽ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന അപ്പന്റെ സംസ്കാര ശുശ്രൂഷക്ക് പൊങ്ങച്ചം കാണിക്കാനായിരണ്ടു മെത്രാന്മാരെ വിളിച്ചു വരുത്തിയാൽ അത് അപ്പന്റെ ആത്മാവ് ക്ഷമിക്കുകയില്ലെന്ന് ഞങ്ങൾക്ക്അറിയാമായിരുന്നു. ഇടവക വികാരിയുടെയും, അറിഞ്ഞു കേട്ട് വന്നു ചേർന്ന ഏതാനും അച്ചൻമാരുടെയുംകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. വീട്ടുകാരും, നാട്ടുകാരുമായിട്ടുള്ള മനുഷ്യർ ഒരുകുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങളോട് കാണിക്കുന്ന സ്നേഹ വായ്‌പുകൾക്ക് ചുരുങ്ങിയ വാക്കുകളിൽഞാൻ നന്ദി പറഞ്ഞു.


അങ്ങിനെ ഞങ്ങളുടെ വല്യവല്യാപ്പൻ സൗജന്യമായി കൊടുത്ത സ്ഥലത്ത്, ഒരു കുഗ്രാമത്തിന്റെ സാമൂഹ്യപുരോഗതിക്ക് അനിവാര്യമായിരുന്ന റോഡും, സ്‌കൂളും നിർമ്മിച്ച സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നപടിഞ്ഞാറേക്കുടിയിൽ മത്തായി കത്തനാർ എന്ന വല്യച്ഛൻ സ്ഥാപിച്ചതും, മതം കച്ചവടം ചെയ്‌യുന്നവരുടെഅവകാശ തർക്കങ്ങളിൽ ഇപ്പോൾ പൂട്ടിക്കിടന്ന് നശിച്ചു കൊണ്ടിരിക്കുന്നതുമായ ചാത്തമറ്റം കർമ്മേൽ പള്ളിയുടെശവക്കോട്ടയിലെ ചുവന്ന മണ്ണിൽ എന്റെ അപ്പന്റെ ഭൗതിക ശരീരവും അടക്കം ംചെയ്യപ്പെട്ടു. ഞങ്ങളുടെകുടുംബത്തിൽ നിന്ന് അടുത്തടുത്ത് കൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട നാല് പേരുടെ ഓർമ്മകുടീരങ്ങൾഒരു നിരയായി അവിടെ ചേർന്ന് നിൽക്കുന്നു. ആദ്യം വേർപിരിഞ്ഞ ഞങ്ങളുടെ അനീഷ്, പിന്നെ കുഞ്ഞമ്മ, 'അമ്മ, ഇപ്പോൾ അപ്പനും. തൊട്ടു പിറകിൽ ഉറങ്ങുന്ന കൊച്ചപ്പനും, കൊച്ചമ്മയും. പിന്നിൽ യാതൊരു അടയാളങ്ങളുംഅവശേഷിപ്പിക്കാതെ ഉറങ്ങുന്ന വല്യാമ്മ. എന്റെ പ്രാർത്ഥനകളിൽ ഓരോ ദിവസവും ഞാൻ അനുസ്മരിക്കുന്നഓർമ്മച്ചെപ്പുകൾ.


' സ്നേഹിച്ചു തീരാത്ത ഞങ്ങളുടെ പപ്പക്ക് ' എന്ന് അനീഷിന്റെ കുട്ടികളുടെ തേങ്ങൽ അടിക്കുറിപ്പായി ചേർത്ത്ഒരു വയലിന്റെ ചിത്രം കൊത്തിവച്ച ആദ്യ കുടീരം മുതൽ സ്നേഹിച്ചു തീരാത്ത കുഞ്ഞമ്മയും, സ്നേഹിച്ചുതീരാത്ത അമ്മയും, സ്നേഹിച്ചു തീരാത്ത അപ്പനും ഇപ്പോൾ ഒരേ നിരയിൽ ഉറങ്ങുന്നു. ജീവിതം ഒരുനഷ്ടക്കച്ചവടം മാത്രമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.


ഓറിയോൺ നക്ഷത്ര രാശിയുടെ മൂന്നാം ശിഖരത്തിൽ എന്നോ നടന്ന ഒരു സൂപ്പർ നോവാ സ്പോടനത്തിൽ നിന്ന്രൂപം കൊള്ളുകയും, അഞ്ഞൂറ് കോടി കൊല്ലങ്ങൾക്കകം നടക്കാനിരിക്കുന്ന മറ്റൊരു സൂപ്പർ നോവാ

സ്പോടനത്തിലൂടെ വീണ്ടും നക്ഷത്ര ധൂളികളായി വേർപിരിഞ്ഞ് പ്രപഞ്ച മഹാ സാഗരത്തിന്റെ അസാമാന്യവന്യതയിൽ അലയാനിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്ന സൗരയൂഥ നക്ഷത്ര ശാഖയിൽ ഉൾച്ചേർന്ന്മകരക്കുളിരും, മാന്പൂ മണവും കിനിയുന്ന ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിൽ മുലപ്പാലും, മുത്തങ്ങളും ചേർത്തുവച്ച് സ്നേഹത്തിന്റെ നറും ചാന്തിൽ ഒട്ടിച്ചു വച്ച് പണിതുയർത്തിയ മനുഷ്യ സ്വപ്നങ്ങളുടെ ഈ മഹാഗോപുരങ്ങൾ എന്തിനായിരുന്നു ? അവസാനം എന്ന അന്തിമ ലക്ഷ്യത്തിലേക്കുള്ള അനവരതമായ യാത്രയാണ്ജീവിതമെങ്കിൽ, ഇടക്ക് പൂക്കുന്ന പുഞ്ചിരിപ്പൂവുകളിലും, പരിഭവത്തിന്റെ നനവുകളിലും മനുഷ്യ ബന്ധങ്ങളുടെഊഷ്‌മള നിശ്വാസങ്ങൾ ഇഴ ചേർത്തു വച്ചത് എന്തിനായിരുന്നു ? ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങളിലൂടെഅന്ന് തമിഴ് പോലീസുകാരുടെ ആറടി നീളമുള്ള വെളുത്ത വടികളുടെ താൽക്കാലിക വലയത്തിനുള്ളിൽആട്ടിത്തെളിക്കപ്പെടുന്ന യാചകരോടൊപ്പം എന്നെയും ആട്ടിത്തെളിച്ച പോലെ കാലം നമ്മളെയുംആട്ടിത്തെളിക്കുകയാണോ ? അനിവാര്യമായ മരണത്തിന്റെ അജ്ഞാതമായ അഴിക്കൂടുകളിലേക്ക് ?


ഒന്നേയുള്ളു ആശ്വസിക്കാൻ. മുൾ മുനകളുടെ മൂർപ്പുകൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും, ദളമൃദുലതകളിൽ ഒളിച്ചു വച്ച സുഗന്ധം പ്രസരിപ്പിച്ചു കൊണ്ട് വിടരുന്ന സ്വപ്നങ്ങളുടെ ഈ നിറച്ചാർത്ത്. അതിൽനാം അടി പിണയുന്നു. അദമ്യമായ ആ ലഹരിയിൽ അറിയാതെ ആഴ്ന്നു പോകുന്നു. അതെ, അശാന്തവും, അനിവാര്യവുമായ ഒരു നദീ പ്രവാഹം പോലെ ലോകത്താമാനം മനുഷ്യ ജീവിതം ഒഴുകുകയാണ്, ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code