Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ: 88:ജയൻ വർഗീസ്)

Picture

വീണ്ടും അമേരിക്കയിൽ തിരിച്ചെത്തിയ ഞങ്ങൾ അവരവരുടെ ജീവിത വ്യാപാരങ്ങളിൽ മുഴുകി. സ്റ്റാറ്റൻഐലൻഡ് കെയർ സെന്ററിലെ എന്റെ ലാവണത്തിൽ ചില പ്രത്യേക ജോലികൾ എന്റെ പ്രത്യേക ചുമതലയിൽആയിരുന്നു നടന്നിരുന്നത്. പ്രത്യേകിച്ചും കാർപ്പന്ററിയിൽ മറ്റാരേക്കാളും കൃത്യതയോടെ ജോലി ചെയ്‌യുവാൻഎനിക്ക് സാധിച്ചിരുന്നു എന്നതിനാലാവാം, അത്തരം ജോലികൾ എന്റെ തലയിൽ തന്നെ വന്നു വീണത്. കാർപ്പന്ററിയിൽ അതി വിദഗ്‌ദനായിരുന്ന മിസ്റ്റർ മിൽട്ടന്റെ പരിശീലനത്തിലാണ് ഞാൻ അത്തരം ജോലികൾപഠിച്ചെടുത്തത്. മര ഉരുപ്പടികൾ പുറത്തു നിന്ന് വാങ്ങുന്നതിനു പകരം സ്വന്തമായി സ്വന്തം ഡിസൈനിൽഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു മിൽട്ടന്റെ രീതി.


നഴ്‌സിംഗ് ഹോമിലേക്ക് ആവശ്യമായ ബുക്ക് ഷെൽഫുകൾ, ചില പ്രത്യേക ആവശ്യങ്ങൾക്കുള്ള പ്രത്യേക തരംമേശകൾ, നഴ്‌സിംഗ് സ്റ്റേഷന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നഴ്‌സിംഗ് കൗണ്ടർ ടോപ്പുകൾ എന്നിവയെല്ലാംമിൽട്ടൺ ഉണ്ടാക്കിയെടുക്കുന്പോൾ സഹായിയായും, ചില അവസരങ്ങളിൽ മിൽട്ടന്റെ നിർദ്ദേശാനുസരണംസ്വന്തമായും ഞാൻ അത്തരം ജോലികൾ ചെയ്തിരുന്നു. ഒരളവ് കിട്ടിയാൽ ആദ്യ അറ്റംപ്റ്റിൽ തന്നെ കൃത്യമായിഅത് മുറിച്ചെടുക്കുന്നതിനുള്ള സ്‌കിൽസ് എനിക്കുണ്ടായിരുന്നു എന്നതിനാലും, മിസ് കട്ട് കൊണ്ട് മെറ്റീരിയൽനഷ്ടപ്പെടില്ല എന്നതിനാലും ആയിരിക്കണം തന്റെ സഹായിയും, ശിഷ്യനുമായി എന്നെത്തന്നെ മിൽട്ടൺതെരഞ്ഞെടുത്തത്.


നല്ല സൗന്ദര്യ ബോധമുണ്ടായിരുന്ന മിൽട്ടനോടൊപ്പം ഞാനും കൂടി ചേർന്ന് ഉണ്ടാക്കിയെടുത്ത അത്തരംഉപകരണങ്ങളും, വളരെ സൂക്ഷ്മതയോടെ ഞങ്ങൾ ചെയ്‌തെടുത്ത ഫോർ മൈക്കാ വർക്കുകളും യാതൊരുകേടുമില്ലാതെ നഴ്‌സിംഗ് ഹോമിൽ ഇന്നും നില നിൽക്കുന്നുണ്ട്. മിൽട്ടന്റെ കാലത്തും അതിനു ശേഷവും കർപ്പന്ററിസംബന്ധമായ ചെറിയ ആവശ്യങ്ങൾക്കായി മിസ്റ്റർ ഫ്രെഡ് മാൻ ഉൾപ്പടെയുള്ള ചിലരെങ്കിലും എന്നെയാണ്സമീപിച്ചിരുന്നത്. ആ പരിചയം ഉപയോഗപ്പെടുത്തിയാണ് മിസ്റ്റർ ഫ്രെഡ് മാൻ ഡയറക്ടറായിട്ടുള്ള പർച്ചേസിംഗ്ഡിപ്പാർട്ട്‌ മെന്റിൽ അസിസ്റ്റന്റ് പർച്ചേസ് മാനേജരായി ആൻസിക്ക് ജോലി ലഭിക്കുവാൻ ഇടയായിത്തീർന്നത്.


മിൽട്ടൺ റിട്ടയർമെന്റ് എടുത്തതിനു ശേഷം ഡയറക്ടറായി വന്ന ജെയ്‌മി എന്ന ജയിംസും എന്നോട് വളരെസ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. .അഹങ്കാരം എന്നത് എന്താണെന്നറിയാത്ത ഒരുമനുഷ്യനായിരുന്നു ജെയ്‌മി. മെയിന്റനൻസ് ഡിപ്പാർട്ട്‌ മെന്റിന്റെ ഡയറക്ടർ ആയിരിക്കുന്പോഴും, തന്റെ കീഴിൽഉള്ളവരെക്കാളും താഴെയാണ് താൻ എന്ന നിലയിലായിരുന്നു ജെയ്‌മിയുടെ പെരുമാറ്റം. ' മിൽട്ടൺ ആൻഡ് ക്രൂ ' എന്ന ഒരു ബാനറിന്നടിയിൽ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയുള്ള ഒരു ബന്ധം ജോലിക്കാർക്കിടയിൽനില നിന്നിരുന്നു. ടോണിയും, ലൈനറും, ബോണീജയും കൂടി ഉൾപ്പെട്ട ഈ കുടുംബ സൗഹൃദം പിന്നീട് വന്നചിലർക്ക് നില നിർത്താനായില്ല എന്ന് മാത്രമല്ലാ, അവരോടൊപ്പം ജോലി ചെയ്‌യുന്നതിൽ ഒരു അസ്വസ്ഥതഅനുഭവപ്പെടുക കൂടി ചെയ്തിരുന്നു എന്നതാണ് സത്യം.


അഞ്ഞൂറിലധികം വാതിലുകളോടെ പ്രവർത്തിച്ചിരുന്ന നഴ്‌സിംഗ് ഹോമിൽ മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോഒക്കെ ഡോറുകൾ പണി മുടക്കുക സാധാരണമാണ്. കാർപ്പന്ററിയുടെ ചുമതലക്കാരനായിരുന്നഎന്നെയായിരിക്കും ഇത് റിപ്പയർ ചെയ്‌യാനായി നിയോഗിക്കപ്പെടുക. റെസിഡൻസ് റൂമുകളുടെ ഡോറുകൾഫയർ സേഫ്റ്റിയുടെ ഭാഗമായി പൂർണ്ണമായും പ്രവർത്തന ക്ഷമമായിരിക്കണം എന്ന് നിയമമുണ്ട്. ഡോറുകൾഅനായാസം അടയ്‌ക്കുവാനും, തുറക്കുവാനും കഴിയണം എന്ന് മാത്രമല്ലാ, അടച്ചു കഴിഞ്ഞാൽ പുകയും, തീയുംഅകത്തു കടക്കാത്ത വിധത്തിൽ സുരക്ഷിതം ആയിരിക്കണം എന്ന് കൂടി നിർബന്ധമുണ്ട്. അപ്രതീക്ഷിതമായഒരു തീപിടുത്തം ഉണ്ടായാൽ പോലും അന്തേവാസികളുടെ ജീവരക്ഷ ഉറപ്പാക്കാനാണ് സർക്കാർസംവിധാനങ്ങളുടെ ഭാഗമായി ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും, അത് പാലിക്കപ്പെടുന്നുണ്ടോ എന്ന്കാലാ കാലങ്ങളിൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുള്ളതും.


ഡോറുകളുടെ റിപ്പയറിങ്ങുമായി ഞാൻ ബന്ധപ്പെട്ട അവസരത്തിൽ ആണ് അറിഞ്ഞത്, മിൽട്ടണും, ടോണിയുംമുൻപ് റിപ്പയർ ചെയ്‌തവയായിരുന്നു അവയിൽ അധികവും എന്ന വസ്തുത. അവർ റിപ്പയർ ചെയ്ത ഡോറുകൾപോലും വീണ്ടും വീണ്ടും, തകരാറിൽ ആവുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി. മിക്ക ഡോറുകളുടെയും അടിഭാഗംതറയിൽ ഉരയുന്നതായിരുന്നു പ്രധാന പ്രശ്നം. അവരുടെ രീതിയിൽ ഞാൻ റിപ്പയർ ചെയ്ത ഡോറുകൾക്കുംഇതേ പ്രശ്നം വീണ്ടും ഉണ്ടാവുന്നതായി ഞാൻ കണ്ടെത്തി.


ഭാരമേറിയ ഡോറുകൾ കാലപ്പഴക്കം കൊണ്ട് ഡോർ ഫ്രെയിമിന്റെ മുകൾ ഭാഗത്തു നിന്ന് മുന്നോട്ടുതൂങ്ങുന്നതായിരുന്നു പൂർണമായും അടയാതെ അടിവശം തറയിൽ ഉരസുന്നതിന്റെ കാരണം എന്ന് ഞാൻമനസിലാക്കി. ഇതിനു ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ എന്റേതായ ചില നാടൻ രീതികൾ ഞാൻകണ്ടെത്തി. ഡോർ വേർപെടുത്തി കൊണ്ട് വന്ന് ആവശ്യമായ മാറ്റങ്ങളോടെ വുഡ് ഗ്ലൂ ഉപയോഗിച്ച് റീ ഗ്ലൂചെയ്യുന്നതായിരുന്നു എന്റെ രീതി. ഇപ്രകാരം റീ ഗ്ലൂ ചെയ്യുന്ന ഡോറുകൾ ക്ളാന്പുകൾ പിടിപ്പിച്ചു മുറുക്കിഇരുപത്തി നാല് മണിക്കൂർ ഉണങ്ങാനായി വയ്‌ക്കും. പിറ്റേ ദിവസം ക്ളാന്പുകളിൽ നിന്ന് വേർപെടുത്തി, സാൻഡ്ചെയ്തു മിനുക്കി വീണ്ടും പിടിപ്പിച്ചു കഴിയുന്പോൾ പെർഫെക്ട് പെർഫോമൻസ്. ഈ ഡോറുകൾ ലൈനർഎത്തി പെയിന്റ് ചെയ്തു കഴിയുന്പോൾ പുതു പുത്തൻ പോലെയായിത്തീരും ആ ഡോറുകൾ.


എന്റെ രീതി നിലവിൽ ഉണ്ടായിരുന്ന മോഡേൺ രീതികളേക്കാൾ മെച്ചമായിരുന്നു എന്ന് മാത്രമല്ലാ, ഞാൻ ചെയ്തഡോറുകൾ വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും യാതൊരു പ്രശ്നങ്ങളും കൂടാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്എന്നും കണ്ടെത്തിയ മാനേജുമെന്റ് ആവശ്യമെങ്കിൽ മുഴുവൻ ഡോറുകളും ഇപ്രകാരം ഫിക്സ് ചെയ്യുവാൻ എന്നെചുമതലപ്പെടുത്തുകയായിരുന്നു. ഏതെങ്കിലും തരത്തിൽ പ്രശ്നം ഉള്ളതായിക്കണ്ട നൂറിലധികൾ ഡോറുകൾഇപ്രകാരം ഞാൻ നവീകരിച്ചു. ഒരു ഡോർ ശരിയാക്കാൻ സുമാർ രണ്ടു ദിവസം വേണ്ടിയിരുന്നു എന്നതിനാലും, എനിക്ക് ചുമതലയുള്ള ഫ്ലോറിലെ സാധാരണ റിപ്പയറുകൾ കഴിഞ്ഞിട്ടുള്ള സമയത്തു വേണം ഇത് ചെയ്യാൻഎന്നതിനാലുമാണ് നവീകരിച്ച ഡോറുകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നത് എന്ന് എല്ലാവർക്കുംഅറിയാമായിരുന്നു.


വളരെ ശാന്തവും, സമാധാന പൂർണ്ണവുമായ ഒരിടമായിരുന്നു എനിക്ക് ജോലിസ്ഥലം. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിന്പുറത്തുള്ള മിക്ക ജോലിക്കാരുമായി തികഞ്ഞ സൗഹൃദം പുലർത്തുവാൻ എനിക്ക് സാധിച്ചതും, മിൽട്ടന്റെ സന്തതസഹചാരി എന്ന നിലയിൽ സ്ഥാപനത്തിന്റെ ഉടമകളുമായി ഉണ്ടായിരുന്ന അടുപ്പവും മൂലമാകാം ഈയൊരുമാനസിക അവസ്ഥ എനിക്ക് അനുഭവേദ്യമായത് എന്നാണ് ഞാൻ വിലയിരുത്തുന്നത്. ഞാൻ ജോലിചെയ്തിരുന്ന കാലത്താണ് ഏറ്റവുമേറെ മലയാളികൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത് എന്നതിൽഎന്റേതായ ചെറിയ പങ്കും ഇവിടെ പരിഗണിക്കേണ്ടതുണ്ട്.


നാട്ടിൽ വീടും കൂടുമുള്ള എല്ലാ പ്രവാസികളെയും ഞെട്ടിച്ചു കൊണ്ട് ഏതെങ്കിലും പാതിരാത്രിയിൽ ഇടിവെട്ട്പോലെ കടന്നു വരാറുള്ള ആ ഫോൺവിളി എന്നെയും തേടിയെത്തി. " അമ്മയ്‌ക്ക്‌ സീരിയസ് ആണ്കാണണമെങ്കിൽ ഉടൻ വരണം " അനുജൻ ബേബിയാണ് അങ്ങേത്തലക്കൽ. ഞാനും മേരിക്കുട്ടിയും, ഞങ്ങളുടെമകൾ ആശയും, റോയിയും പോകാൻ തീരുമാനിച്ചു. മകന്റെ കൊച്ചു കുട്ടികൾ നിയയും, ഡിലനും, മൂന്നാമതെത്തിയ ആറു മാസം തികയാത്തവൾ മിലയും, തനിച്ചാവുന്നത് ഒഴിവാക്കാൻ മകൻ യാത്ര വേണ്ടെന്ന്വച്ചു.


മക്കളെ പെറ്റു വളർത്തി ലാളിച്ച് ഓമനിക്കുന്ന മാതാ പിതാക്കൾ അവസാന കാലത്ത് അവരുടെ തണലിൽജീവിക്കാമെന്നും, അവരുടെ മടിയിൽ തല വച്ച് മരിക്കാമെന്നുമുള്ള ഒരു നിശബ്ദ സ്വപ്നം കാത്തുസൂക്ഷിക്കുന്നുണ്ടാവണം. പരിഷ്‌കൃത സമൂഹങ്ങളിലെ മോഡേൺ ജീവിത രീതികളിൽ അമ്മയപ്പന്മാർ വെറുംഎടുക്കാത്ത നാണയങ്ങളായി അവഗണിക്കപ്പെട്ടു പോവുകയാണ്. പുരാവസ്തു കേന്ദ്രങ്ങൾ പോലെ മുളച്ചുപൊന്തുന്ന വൃദ്ധ സദനങ്ങളിലെ നിശബ്ദ നെടുവീർപ്പുകളിലും, കൺതടങ്ങളിൽ നിറഞ്ഞു കൂടുന്നകാണാക്കണ്ണീരിലും ഞാനും, നിങ്ങളും ഉൾക്കൊള്ളുന്ന മക്കൾക്കൂട്ടത്തിന് വരുവാനുള്ള നാളെകളുടെ അനുഭവതോറ്റങ്ങളാണ് പാടിത്തീർക്കുന്നതെന്ന് ഒരു മക്കളും ഇന്നറിയുന്നില്ല. എല്ലാ ന്യായീകരണങ്ങളോടെയുംമാതാപിതാക്കളെ വഴിയിലുപേക്ഷിച്ചു ജീവിത സാഹചര്യങ്ങളുടെ പുത്തൻ പച്ചപ്പുകൾ തേടി പോകുന്നഞാനുൾപ്പെടെയുള്ള എല്ലാ മക്കളെയും ' മുലപ്പാലിന്റെ ശാപം ' പിൻ തുടരുന്നുണ്ടെന്നാണ് എന്റെ സുചിന്തിതമായഅഭിപ്രായം.


നെടുന്പാശേരിയിൽ ഇറങ്ങിയ ഉടനെ ഞങ്ങൾ വീട്ടിൽ വിളിച്ചു. അമ്മയുടെ ജീവനുള്ള ശരീരം അവസാനമായിഒന്ന് കൂടെ കാണാൻ കഴിഞ്ഞേക്കുമെന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു കൊണ്ട് തലേ ദിവസംമൂന്നു മണി കഴിഞ്ഞ നേരത്ത് 'അമ്മ യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ കണ്ണുകളിൽ ഊറിക്കൂടിയകദനത്തിന്റെ കണ്ണീർ ജലം കവിളിലൂടെ ഒലിച്ചിറങ്ങുന്പോൾ അത് മറ്റാരും കാണാതെ ഓരോരുത്തരും മറച്ചുപിടിക്കുന്പോൾ എന്റെ മകൾ മാത്രം അവളുടെ ബാല്യ കാല സ്‌മരണകളിൽ കെട്ടു പിണഞ്ഞു കിടക്കുന്നതീവ്രമായ വാത്സല്യത്തിന്റെ താരാട്ടു കേട്ടാവണം, പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി.


കനം തൂങ്ങിയ പ്രഭാതത്തിന്റെ കണ്ണീരല വകഞ്ഞു മാറ്റി ഞങ്ങൾ വീട്ടിലെത്തുന്പോൾ എല്ലാം ശാന്തം. എല്ലാകോണുകളിൽ നിന്നും ഉയരുന്ന തേങ്ങലുകൾ മാത്രം സ്പന്ദിച്ചു നിൽക്കുന്ന വീട്ടിൽ തലേ ദിവസം തന്നെഏർപ്പാടാക്കിയ സ്‌പടിക സജ്ജനയിൽ 'അമ്മ ഉറങ്ങുന്നു. രണ്ടു വർഷക്കാലം രോഗിയായിക്കിടന്നതിന്റെവൈവശ്യം ഒന്നുമില്ലാതെ, ആരെയും കൂസാത്ത അസാമാന്യ ധീരതയുടെ ആ ആൾ രൂപം, ആദർശ ധീരനായഅപ്പന്റെ ആ ഓമന മകൾ, സുന്ദരിയായി, സുസ്‌മേര വദനയായി ഉറങ്ങുകയാണ്, ഞങ്ങളുടെ പാദ പതനനാദത്തിന് ഇനിയൊരിക്കലും കാതോർക്കാതെ ഉറങ്ങുകയാണ്! അതെ, ഉറങ്ങുകയാണ്.


എട്ടു മക്കൾ പിറന്ന അമ്മയുടെ ഏഴു മക്കളും ഇപ്പൊൾ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ ഒരു കുഞ്ഞനുജൻ രണ്ടുവയസ് തികയുന്നതിന് മുൻപ് അപസ്മാര രോഗത്താൽ മരിച്ചു പോയിരുന്നു. ചെകുത്താന്മാർ ഉണ്ടാക്കുന്നതാണ്അപസ്മാര രോഗം എന്ന് വിശ്വസിച്ചിരുന്ന 'അമ്മ ചെകുത്താന് ചോര കൊടുത്താൽ രോഗ ശമനം ഉണ്ടാവുമെന്ന്എന്നെയും വിശ്വസിപ്പിച്ചിരുന്നതിനാൽ, കുട്ടിക്ക് ഇളക്കം ഉണ്ടായ ഒരവസരത്തിൽ അന്ന് ടീനേജിലെത്താത്ത ഞാൻഎന്റെ വിരൽ ബ്ലേഡ് കൊണ്ട് സ്വയം മുറിച്ച് അതിൽ നിന്നുള്ള ചോര കുഞ്ഞിന്റെ ചോരിവായിൽ ഇറ്റിച്ചുകൊടുത്തിരുന്നു. അത് കൊണ്ടൊന്നും യാതൊരു പ്രയോജനവും കിട്ടാതെ സുന്ദര രൂപനായിരുന്ന ആ ഓമനഞങ്ങൾക്കെല്ലാം മുൻപേ അരങ്ങൊഴിയുകയായിരുന്നു.


അമ്മയുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് കടിഞ്ഞൂൽ പുത്രനായ എന്റെ സാന്നിധ്യത്തിൽ മരിക്കാൻസാധിക്കുകയാണെങ്കിൽ ആത്മാവിന്റെ ആകാശ യാത്രകളിൽ ഉണ്ടാവാനിടയുള്ള തടസ്സങ്ങളെഅതിജീവിക്കുവാൻ അമ്മയുടെ ആത്മാവിന് സാധിക്കുമെന്ന് പറഞ്ഞിരുന്നു. രോഗിയായി കിടക്കുന്പോൾ ഇത്പറഞ്ഞ അമ്മയോട് : '' അമ്മ ധൈര്യമായി പൊയ്‌ക്കോ, തക്ക സമയത്ത് ഞാനുണ്ടാവും " എന്ന്പറഞ്ഞിരുന്നെങ്കിലും, ആ വാക്കു പാലിക്കുവാൻ കഴിയാതെ അമ്മയുടെ മരണ സമയത്ത്‌ ഞാൻ ഏതോആകാശത്തിൽ എവിടെയോ ആയിരുന്നുവല്ലോ ?


ഉറക്കെ ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു എനിക്ക്. നെഞ്ചകം നിറഞ്ഞു തികട്ടിയെത്തുന്ന കരച്ചിലിന്റെസാന്നിധ്യം ഞാൻ തിരിച്ചറിയുന്നുമുണ്ട്. ആ ശബ്ദം പുറത്തു വരാൻ അനുവദിച്ചാൽ എന്നെ നോക്കി നിൽക്കുന്നഎന്റെ സഹോദരങ്ങളെ നിയന്ത്രിക്കുവാൻ ആർക്കും സാധിക്കുകയില്ലെന്ന് എനിക്കറിയാം. അവർക്കില്ലാത്ത ഒരുപ്രത്യേകതയും എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നെങ്കിലും, എന്നെ ഒരു റോൾ മോഡലായിട്ടാണ് എന്നുംഅവർ കണ്ടിരുന്നത് എന്നതിനാൽ അവരെ കരയിപ്പിക്കാതെ നോക്കേണ്ടത്ത് എന്റെ കടമയാണെന്ന് ഞാൻവിശ്വസിച്ചു. എന്റെ നെഞ്ച് ഉണർന്നു താഴുന്നതും, കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴികിയിറങ്ങുന്നതുംഅറിയുന്പോൾ തന്നെ ഒരു തേങ്ങൽ പോലും പുറത്തേക്കു തെറിക്കാതെ ഞാനാടക്കി നിർത്തി. ( എന്റെമസിലുകൾ വലിഞ്ഞു മുറുകിയിട്ടാണ് കാണപ്പെട്ടിരുന്നതെന്ന് പിന്നീട് ഭാര്യ തന്നെ പറയുകയുണ്ടായിട്ടുണ്ട്.)


അര ഡസനിലധികം അച്ചന്മാരുടെ സാന്നിധ്യത്തിൽ അമ്മയുടെ ശവമടക്ക് നടന്നു. അനീഷിന്റെയും, കുഞ്ഞമ്മയുടെയും കല്ലറകൾക്കു നടുവിൽ അമ്മയും ശവക്കോട്ടയിലെ ചുവന്ന മണ്ണിൽ അമർന്നു. ഒരുകാര്യസ്ഥനെപ്പോലെ അപ്പൻ എല്ലായിടത്തും ഉണ്ടായിരുന്നു. തന്നിൽ നിക്ഷിപ്‌തമായ ഒരു ഉത്തരവാദിത്വംനിർവഹിക്കുന്ന ഒരുദ്യോഗസ്ഥന്റെ ഭാവമായിരുന്നു അപ്പന്റെ മുഖത്ത്. തന്റെ സന്തത സഹചാരിയായഷൈജുവിനേയും കൂട്ടി ശവക്കോട്ടയിലോളം അപ്പൻ വന്നിരുന്നു. അപ്പോളൊന്നും ഒരു തുള്ളി കൊണ്ട് പോലുംനിറയാതിരുന്ന ആ കണ്ണുകൾ വീട്ടിലെത്തി സ്വന്തം മുറിയടച്ചതിന് ശേഷം രണ്ടു നീർച്ചോലകളായിമാറിയിട്ടുണ്ടാവണം. അടച്ച മുറിയിൽ നിന്നും പുറത്തേക്ക് തെറിച്ച തേങ്ങൽ ചീളുകളിൽ നിന്ന് ഒരു ജീവിതകാലത്തിന്റെ ഓർമ്മപ്പൂവുകൾ ചിതറി വീഴുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.


ഓരോ ജീവിയെക്കൊണ്ടും ' നീയൊരു അനാഥനാണ് ' എന്ന പ്രപഞ്ച സത്യം സ്വയം ബോധ്യപ്പെടുത്തുന്നസന്ദർഭമാണ് അതിന്റെ മാതാപിതാക്കളുടെ മരണം. തന്റേതായ യാതൊരു പങ്കുമില്ലാതെ അതു സ്വന്തംജീവിതത്തിലേക്കു കടന്നു വരുന്പോൾ, തനിക്കു വേണ്ടി കാത്തു വച്ച ഒരു പാൽക്കുടത്തിന്റെ സ്വപ്‌നം കൂടിഅതിന്റെ ആത്മാവ് പേറുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ കാത്തിരിക്കുന്ന ഒരു ചിറകിൻ കീഴിലെ ഇളംചൂടിന്റെ സുരക്ഷിതത്വ ബോധം. മനുഷ്യൻ ഉൾപ്പടെ സസ്തനികളായ ചില ജീവികളെങ്കിലും അമ്മപ്പാലിന്റെ മുലഞെട്ടുകൾ നിസ്സഹായനായ ശിശുവിന്റെ ചൊരി വായിലേക്ക് എത്തിച്ചു കൊടുക്കുന്പോൾ, അതിനു സാധിക്കാതെനാല് കാലിൽ ഉയർന്നു നിൽക്കുന്ന 'അമ്മ മൃഗങ്ങളുടെ മുല ഞെട്ടുകൾ എത്തിപ്പിടിക്കാനുള്ള ആത്മ ചോദനംഅകത്തുള്ളത് കൊണ്ടാണ്, നാൽക്കാലികളുടെ കുട്ടികൾ അതിന്റെ ആദ്യ പ്രവർത്തിയായി മുടന്തിഎഴുന്നേക്കുന്നത് തന്നെ! ഇവിടെ ദൈവ സ്നേഹം നറും പാലായി ചുരന്നൊഴുകുന്നു ! നിസ്സാരനും, നിസ്സഹായനുമായ ഓരോ ജീവിക്കും വേണ്ടി ഈ സുരക്ഷിതത്വ ബോധ വലയം വിഭാവനം ചെയ്‌യുകയും, പ്രയോജകന് പോലും അജ്ഞാതമായ അനേകം സാഹചര്യങ്ങളിലൂടെ അത് നടപ്പിലാക്കുകയും ചെയ്‌യുന്നപ്രപഞ്ചാത്മാവ് തന്നെയാണ്, നിത്യ സത്യമായി നില നിന്ന് കൊണ്ട് ' നീ അനാഥനല്ല ' എന്ന അവബോധംഅവനിൽത്തന്നെ സൃഷ്ടിച്ചു കൊണ്ട് വീണ്ടും അവനെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കണ്ടെത്താൻകഴിഞ്ഞതോടെ എനിക്കന്ന് ആശ്വസിച്ച് സുഖമായി ഉറങ്ങാൻ കഴിഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code