Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 78 : ജയന്‍ വര്‍ഗീസ് )

Picture

അമേരിക്കയിലെ മലയാള മാധ്യമങ്ങളില്‍ എന്റെ രചനകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ അവകളില്‍ ഞാന്‍ പുലര്‍ത്തിയിരുന്ന ചെറുതല്ലാത്ത നിലവാരം പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. അമേരിക്കയില്‍ വന്ന് ഡോളര്‍ കൊയ്തെടുത്ത് സന്പന്നത നേടിക്കഴിഞ്ഞപ്പോളാണ് പല അച്ചായന്മാര്‍ക്കും അമ്മായിമാര്‍ക്കും ' ചെമ്മീനി ' ലെ ചെന്പന്‍ കുഞ്ഞിനെപ്പോലെ ' ഇനി നമ്മാക്കൊന്നു സുഖിക്കണം ' എന്ന ബോധോദയം ഉണ്ടാവുന്നത്. പണത്തോടൊപ്പം പ്രശസ്തി കൂടി ഉണ്ടാവുന്‌പോളാണ് സുഖം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അനുഭവേദ്യമാകുന്നത് എന്നറിയാവുന്ന അവര്‍ അതിനായി എളുപ്പ വഴിയില്‍ ക്രിയ ചെയ്തു വച്ചതായിരുന്നു ഇവിടെ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം സാഹിത്യ രചനകളും. മോര്‍ഫു ചെയ്ത് മനോഹരമാക്കിയ ( സ്വന്തം ഭാര്യ കണ്ടാല്‍പ്പോലും ' തള്ളെ, ഇതാരപ്പാ ' എന്ന് ചോദിച്ചു പോകുന്ന തരം ) സ്വന്തം പടത്തോടൊപ്പം അവര്‍ പ്രസിദ്ധീകരിച്ച രചനകളില്‍ അവര്‍ക്കു പുലര്‍ത്താനാവാത്ത നിലവാരം എങ്ങിനെയോ എന്റെ രചനകളില്‍ കണ്ടെത്തിയപ്പോള്‍, അവര്‍ അസ്സൂയപ്പെടുകയും, പിറു പിറുക്കുകയും ചെയ്തു എന്നതിന് തെളിവായി ഒരു റിട്ടയാര്‍ഡ് പ്രൊഫസര്‍ എന്നെക്കുറിച്ച് എഴുതിയത്
മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ ?)

 

തങ്ങളുടെ പരിമിതമായ വാക്കുകള്‍ വെറുതേ നിരത്തി വച്ച് അതിന് കവിത എന്ന മേലെഴുത്ത് ചാര്‍ത്തി വച്ചതായിരുന്നു ഇവിടുത്തെ മിക്ക കവിതകളും. എഴുതിയ വരികള്‍ക്കിടയില്‍ എഴുതാത്ത വരികളുടെ സ്പന്ദനം തുടിച്ചു നില്‍ക്കേണ്ട കവിത ഇവിടെ വായില്‍ തോന്നിയത് കോതക്ക് പാട്ടായി മാറിയപ്പോള്‍ അതിനെയും ഉദാരം! ഉദാത്തം! എന്നൊക്കെ വാഴ്ത്തിപ്പാടുവാന്‍ ചില സാഹിത്യ തൊഴിലാളികള്‍ ബേസ്‌മെന്റ് കൂട്ടായ്മകളില്‍ കള്ളടിച്ചു കിറുങ്ങി നിന്നതിന്റെ പാര്‍ശ്വ ഫലങ്ങളിലാണ് ' മഹത്തരം ' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയെങ്കിലും അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ നിന്ന് ഇത് വരെയും പുറത്തു വരാത്തത് എന്ന സത്യം ഞാന്‍ തുറന്നു പറയുന്‌പോള്‍, നാളെ ഇതിന്റെ പേരിലുള്ള ഭത്സനങ്ങള്‍ കൂടി ഏറ്റു വാങ്ങാന്‍ തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത് എന്നതിനാല്‍ എനിക്ക് ഭയമില്ല. ( ഇക്കൂട്ടരോട് : ' പേന ദൂരെയെറിഞ്ഞിട്ട് തൂന്പാപ്പണിക്ക് പോകൂ കൂട്ടരേ ' എന്നുപദേശിച്ച ശ്രീ എം. കൃഷ്ണന്‍ നായരെയും ഇവര്‍ കണക്കറ്റ് ഭല്‍സിച്ചിരുന്നുവല്ലോ? )

 

എങ്കിലും ഇവരില്‍ പലരും ശ്രദ്ധയാകര്‍ഷിക്കുകയും, പൊതു വേദികളില്‍ സ്ഥാനത്തും, അസ്ഥാനത്തും ആസനസ്ഥരാവുകയും, നാട്ടില്‍ നിന്നും, ഇവിടെ നിന്നുമൊക്കെ അവാര്‍ഡുകള്‍ തരപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ പേരിനു ശേഷമുള്ള വലിയ വലിയ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വായനാ ശീലം തീരെയില്ലാത്ത അമേരിക്കന്‍ മലയാളികള്‍ ഇവരെ അംഗീകരിക്കുന്നത് എന്ന് രണ്ടു കൂട്ടര്‍ക്കും ഒരു പോലെ അറിയാവുന്നതു കൊണ്ട് ആരും മിണ്ടുന്നില്ലെന്നേയുള്ളു.

 

എന്റെ രചനകളിലൂടെ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ വായിച്ച് ഉള്‍ക്കൊള്ളുന്ന ഒരു ന്യൂന പക്ഷമെങ്കിലും ഇവിടെ ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും നേരിട്ട് വിളിക്കുകയും, പത്രങ്ങളിലൂടെ എഴുതുകയും ഉണ്ടായിട്ടുണ്ട് എങ്കിലും, അവരോട് ഒരു നന്ദി പറയുവാനുള്ള സൗമനസ്യം ഞാന്‍ കാട്ടിയിട്ടില്ല എന്ന് കുന്പസാരിക്കുന്നു. അങ്ങിനെ ചെയ്യുന്‌പോള്‍ അത് ഒരു തരം പുറം ചൊറിയല്‍ ആയി മാറിപ്പോകുമോ എന്ന ഭയം മൂലമാണ് അങ്ങിനെ ചെയ്യാതിരുന്നത് എന്ന സത്യം വിനയ പൂര്‍വം ഇവിടെ രേഖപ്പെടിത്തിക്കൊള്ളുന്നു.

 

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വച്ച് നടത്തപ്പെട്ട സഖാവ് ഇ. എം. എസ്. അനുസ്മരണാ യോഗത്തില്‍ സംസാരിക്കുന്നതിനായി ഒരു മിസ്റ്റര്‍ പ്രകാശ് എന്നെ ക്ഷണിച്ചിരുന്നു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ പ്രകാശിനെ കാണുന്നത്. അത് കൊണ്ട് തന്നെ എന്റെ രചനകള്‍ വായിച്ച് എന്നെ മനസ്സിലാക്കിയിട്ടാവും ഈ യോഗത്തിലേക്ക് പ്രകാശ് എന്നെ ക്ഷണിച്ചത് എന്നാണു ഞാന്‍ വിലയിരുത്തിയത്. ശ്രീ ജയന്‍ കെ. സി. ഉള്‍പ്പടെ പലരും സംസാരിച്ച ആ യോഗത്തില്‍ ഞാന്‍ നടത്തിയ ഹൃസ്വമായ അനുസ്മരണാ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ശ്രീ പ്രകാശ് തന്നെ എന്നെ ഉദ്ധരിച്ച് പിന്നീട് പല യോഗങ്ങളിലും ആവര്‍ത്തിച്ചു പറയുകയുണ്ടായിട്ടുണ്ട് എന്നതിനാല്‍ എന്റെ പ്രകടനം തീരെ മോശമായിരുന്നിരിക്കാന്‍ ഇടയില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

 

ശ്രീ ഗോപിനാഥന്‍ പിള്ള പ്രസിഡണ്ടായിരിക്കുന്‌പോള്‍ കേരള സമാജത്തിന്റെ യോഗങ്ങളില്‍ പതിവായി ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. ലഘുവായ ഒരു പ്രസംഗത്തോടൊപ്പം എന്റെ ഒരു കവിത വായിക്കണം എന്നായിരുന്നു പിള്ളയുടെ ആവശ്യം. ആ ടേമിലെ മിക്ക യോഗങ്ങളിലും ഞാന്‍ കവിത വായിക്കുകയും, മിസ്റ്റര്‍ പിള്ളയും, മിസ്സിസ് ശാന്താ പിള്ളയും എന്റെ കവിതകളെക്കുറിച്ച് ആസ്വദിച്ചു സംസാരിക്കുകയും, അതിലൂടെ ഞങ്ങള്‍ അവരുടെ കുടുംബ സുഹൃത്തുക്കള്‍ ആയിത്തീരുകയും, ഇന്ന് വരെ ആ സൗഹൃദം നില നില്‍ക്കുകയും ചെയ്യുന്നു.

 

പിള്ളക്ക് ശേഷം വന്ന പ്രസിഡണ്ടും, സെക്രട്ടറിയും - അവര്‍ ഞങ്ങളുടെ പള്ളി സുഹൃത്തുക്കള്‍ ആയിരുന്നിട്ടു കൂടി - എന്നെ ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ദൂരെ നിര്‍ത്തി. വേദിയില്‍ കവിത വായിക്കാന്‍ പിള്ള ചാന്‍സ് തന്നത് കൊണ്ടാണ് എനിക്ക് ഷൈന്‍ ചെയ്യാന്‍ അവസരം കിട്ടിയതെന്നും, തങ്ങള്‍ അത് തരാന്‍ പോകുന്നില്ലെന്നും അവര്‍ തുറന്നടിച്ചു.' കേരളം സമാജത്തില്‍ എനിക്ക് മെംബര്‍ഷിപ്പ് തരാമോ? ' എന്ന എന്റെ ആവശ്യത്തിന് നേരെ പണ്ട് നരേന്ദ്ര പ്രസാദും, മുരളിയും മുഖം തിരിച്ചു കളഞ്ഞ പോലെ ഇവരും മുഖം തിരിച്ചു കളഞ്ഞു. ഇടിച്ചു കയറി ആളായി നില്‍ക്കുന്ന ഒരു ശീലം പണ്ടേ എനിക്ക് ഇല്ലാത്തത് കൊണ്ടാവാം, പിന്നീടൊരിക്കലും ആ വഴിക്കു പോകാന്‍ തോന്നിയിട്ടില്ല.

 

മലയാളി അസോസിയേഷന്‍ എന്നൊരു സംഘടന കൂടി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ അച്ഛന്‍ കുഞ്ഞ് കോവൂര്‍ പ്രസിഡണ്ടായിരിക്കുന്‌പോള്‍ അവര്‍ പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കുന്നതിനായി എന്നെ ക്ഷണിച്ചു. സുവനീര്‍ പ്രകാശിപ്പിച്ചു കൊണ്ട് ഞാന്‍ നടത്തിയ പ്രസംഗം അല്‍പ്പം നീണ്ടു പോയി എന്നത് സത്യമാണ്. അമേരിക്കയിലെത്തിയ മലയാളികള്‍ അവരുടെ സ്വത്വം നഷ്ടപ്പെട്ട് ഇന്ത്യനുമല്ലാ, അമേരിക്കനുമല്ലാ എന്ന നിലയില്‍ അവര്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒരു ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ഉഴലുന്നവരാണെന്നും, തങ്ങളുടെ തലമുറകള്‍ക്ക് വേണ്ടി റോള്‍മോഡലാവാന്‍ കഴിയാത്ത ഈ പോക്ക് മക്കളെ നേരെ നടക്കാന്‍ പഠിപ്പിക്കുന്ന 'അമ്മ ഞണ്ടിന്റെ വൃഥാ ശ്രമം പോലെ പാഴായിപ്പോവുകയേ ഉള്ളുവെന്നും, ഒക്കെ ചില കഥകളൊക്കെ പറഞ്ഞു സമര്‍ത്ഥിച്ചു വന്നപ്പോള്‍ നീണ്ടു പോയതാണെങ്കിലും അസോസിയേഷനിലെ ചില ആസ്ഥാന പണ്ഡിത പ്രമാണിമാര്‍ക്ക് അത് തീരെ രസിച്ചില്ല എന്ന് അവര്‍ പരാതി പറഞ്ഞു കളഞ്ഞു.

 

ഏതായാലും അസോസിയേഷനില്‍ ഞാനൊരു മെംബര്‍ഷിപ്പ് എടുത്തു. ഭാരവാഹിത്വത്തിന്റെ ഭാരമില്ലാതെ വലിയ ആക്ടിവിറ്റികള്‍ ഒന്നുമില്ലാതെ ഒരു സാധാരണ മെംബര്‍ മാത്രമായിരുന്നു ഞാന്‍. അക്കാലത്ത് അമേരിക്കയില്‍ നിന്ന് ഇറങ്ങുന്ന എല്ലാ മലയാളം പ്രസിദ്ധീകരണങ്ങളിലും ഞാന്‍ പതിവായി എഴുതിക്കൊണ്ടിരിക്കുകയും, ഒരു ശ്രദ്ധേയനായ എഴുത്തുകാരനാണ് ഞാന്‍ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറയുകയും ചെയ്തിരുന്നു എങ്കിലും ഇവരുടെയൊന്നും ഉള്ളില്‍ ഉണ്ടായിരുന്നത് നിഷ്‌ക്കളങ്കത ആയിരുന്നുവെന്ന് തോന്നിപ്പിക്കാത്ത ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

പുറത്തു വച്ച് കാണുന്‌പോള്‍ പതിവായി എന്നെ അഭിനന്ദിക്കാറുണ്ടായിരുന്ന ഒരു സാഹിത്യകാരന്‍ മലയാളി അസോസിയേഷനിലെ ഒരു പ്രമുഖ മെംബറായിരുന്നു. ' കാതലുള്ള ലേഖനങ്ങള്‍ വായിക്കണമെങ്കില്‍ ജയന്റെ ലേഖനങ്ങള്‍ വായിക്കണം ' എന്നാണ് എന്നെക്കാണുന്‌പോള്‍ പതിവായി അദ്ദേഹം പറയാറുണ്ടായിരുന്നത്. ഈ ദേഹം അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരെപ്പറ്റി ഒരു ലേഖനം ആയിടെ പ്രസിദ്ധീകരിച്ചതില്‍ എന്റെ പേരേ ഉണ്ടായിരുന്നില്ല. കുറെ ഡോക്ടര്‍, ഡോക്‌റ്റേറ്റ് നാമ ധാരികളും, കുറേ പ്രൊഫസര്‍ നാമ ധാരികളും, ആ കൂടെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് പറയുന്ന ലേഖന കര്‍ത്താവിന്റെ പേരും മാത്രം. ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുത്തരിയല്ലായിരുന്നെങ്കിലും, ഇയാള്‍ എന്നോട് അകമേ വിരോധം വച്ച് പുലര്‍ത്തുന്ന ഒരാളാണെന്ന് എനിക്കു മനസിലായി. ഇയാള്‍ മുഖ്യനായിട്ടുള്ള അസോസിയേഷനില്‍ ഇനി നില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് എനിക്കു തോന്നിയതിനാല്‍ ഞാന്‍ പിന്നെ ആവഴി പോയില്ല.

 

' അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ നടു മുറ്റത്ത് സ്വന്തം കസേര വലിച്ചിട്ടിരുന്ന പ്രതിഭാ ശാലിയാണ് ജയന്‍ വര്‍ഗീസ് ' എന്ന് സര്‍ഗ്ഗ വേദിയുടെ പ്രസിഡണ്ടായിരുന്ന മറ്റൊരാള്‍ പ്രസംഗിച്ചു. സര്‍ഗ്ഗ വേദിയുടെ തന്നെ ഒരു സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു കൊണ്ട് എന്നെ വേദിയിലേക്ക് ക്ഷണിക്കുന്‌പോളാണ് ഇദ്ദേഹം ഇത് പറഞ്ഞത്. സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അമേരിക്കയില്‍ മലയാള സാഹിത്യം വളരുന്നത് എന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാന്‍ തുറന്നെതിര്‍ത്തത് കൊണ്ടാണോ എന്നറിയില്ലാ, അമേരിക്കയില്‍ ചവറ് എഴുതുന്നവരുടെ ഗണത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ എന്നെ പെടുത്തിയിരിക്കുന്നത്.
സര്‍ഗ്ഗ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം ചോദിച്ച തുക ഞാന്‍ കൊടുക്കാതിരുന്നതും, സര്‍ഗ്ഗവേദിയില്‍ നടക്കുന്നത് സബോര്‍ഡിനേറ്റുകളുടെ പുറം തിരുമ്മലാണ് എന്ന എന്റെ നിരീക്ഷണവും ഇദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടാവാം.

 

അമേരിക്കയില്‍ വന്ന ശേഷം മികച്ച കവിതക്കുള്ള ' കൈരളി ' അവാര്‍ഡ്, മികച്ച ലേഖനത്തിനുള്ള ' മലയാളവേദി ' അവാര്‍ഡ്, മറ്റൊരു മികച്ച ലേഖനത്തിനുള്ള ' ലാനാ ' അവാര്‍ഡ്, മികച്ച സാഹിത്യ രചനക്കുള്ള ' ഫൊക്കാനാ ' അവാര്‍ഡ് എന്നിവയൊക്കെ എന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടും അതില്‍ ഒന്നിനെക്കുറിച്ചും ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും തയാറാവാത്ത സര്‍ഗ്ഗവേദിയോടും ഞാന്‍ സലാം പറഞ്ഞു. ( ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ' വിചാരവേദി ' എന്ന സംഘടന ഒരു രചന ചര്‍ച്ച ചെയ്യണമെങ്കില്‍ രചയിതാവ് രചനയുമായി അപേക്ഷയോടെ മുന്നില്‍ ഇരുന്നു കൊടുക്കണമത്രേ ! ഇത് ശരിയായ ഒരു സമീപനമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇവര്‍ നോക്കുന്നത് രചയിതാവിന്റെ സൗന്ദര്യമാണെങ്കില്‍ ഇതെങ്ങനെ സാഹിത്യ പോഷണമാവും? എന്തായാലും, നാളിതു വരെയും അവര്‍ക്കു മുന്‍പില്‍ ഇരുന്നു കൊടുക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ല.)

 

' തേനുള്ള പൂവുകള്‍ തേടി വണ്ടുകള്‍ പറന്നു വരും ' എന്ന ലോഹിത ദാസിന്റെ ( മണ്ടന്‍ ) ആശയം തലക്കു പിടിച്ചു പോയ ഞാന്‍ അത് കാത്തിരുന്ന് ഒരു ജീവിതം തീരാറായി. ഇനി ഒരിക്കലും അത് നടന്നില്ലെങ്കിലും ഒരു വണ്ടിനെ വലവീശിപ്പിടിച്ച് കാര്യം സാധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് കൊണ്ടാണ് ഒത്തിരിയങ്ങു സ്വയം വിസ്തരിക്കാതെ അടങ്ങിയൊതുങ്ങി ഞാന്‍ വീട്ടിലിരിക്കുന്നത്. എന്റെ രചനകള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ചില പത്രങ്ങള്‍ക്ക് മാത്രമേ അയച്ചിരുന്നുള്ളു എന്നതിനാലും, കാഴ്ചപ്പാടില്ലാതെ കസര്‍ത്ത് കാണിക്കുന്നവരുടെ കാലു നക്കാന്‍ പോകാതിരുന്നതിനാലും, എനിക്ക് നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അശേഷം ദുഖിക്കുന്നുമില്ല. ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ഞാന്‍ ഇത്രയൊക്കെ എത്തിയല്ലോ? ഇനി എനിക്ക് ഈ രംഗത്ത് നഷ്ടപ്പെടുവാന്‍ എന്തുണ്ട് - വിലങ്ങുകളല്ലാതെ ?

 

എന്തായാലും മലയാളി അവന്റെ തനി സ്വഭാവം കൊണ്ട് തന്നെ ആരെയും എന്ന പോലെ എന്നെയും അംഗീകരിക്കില്ല എന്ന സത്യം എനിക്ക് മനസിലായി. തീരെ നിവര്‍ത്തിയില്ലാതെ വന്നാല്‍ മണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയേപ്പോലെ താനൊന്നും കണ്ടിട്ടുമില്ലാ, അറിഞ്ഞിട്ടുമില്ലാ എന്ന നിലയിലുള്ള ഒരു രക്ഷപെടല്‍ അങ്ങ് നടത്തിയേക്കും. പിന്നെ ആ തലയൊന്ന് പുറത്തു കൊണ്ട് വരണമെങ്കില്‍ ചില തരികിട പരിപാടികള്‍ ഒക്കെയുണ്ട്. ഒരു വിധം നീതി ബോധമുള്ളവന് അത്തരം തരികിടകള്‍ അനുവര്‍ത്തിക്കാന്‍ മടി കാണും. അവന്റെ കാര്യം കട്ടപ്പൊഹ. അവന്റെ തലയില്‍ത്തന്നെ ചവിട്ടിക്കേറി തരികിടക്കാര്‍ അവര്‍ക്ക് വേണ്ടത് പിടിച്ചു പറ്റും. ' മൂല്യാനന്തര കാലഘട്ട ' ത്തിന്റെ പൊതു സ്വഭാവമായി മാറിക്കഴിഞ്ഞ ഈ രീതിയെ ഏറ്റവുമേറെ പിന്‍ പറ്റുന്ന ഒരു വര്‍ഗ്ഗമായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മള്‍ മലയാളികള്‍.

 

താരതമ്യേന സായിപ്പ് സത്യം കണ്ടാല്‍ അത് തുറന്നു പറയും എന്നാണ് എന്റെ അനുഭവം. അതുകൊണ്ടു തന്നെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത എന്റെ നാടകങ്ങളില്‍ ഒന്നായ ' ജ്യോതിര്‍ഗമയ ' ഇംഗ്‌ളീഷില്‍ പ്രസിദ്ധീകരിക്കണം എന്നൊരു ആഗ്രഹം ഉടലെടുത്തു. എന്‍. ബി. എസ്. ല്‍ പ്രസിദ്ധീകരണത്തിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിരുന്ന ഈ നാടകത്തിന്റെ കൈയെഴുത്ത് പ്രതിയും കൈക്കലാക്കിക്കൊണ്ടാണ് ഞാന്‍ അമേരിക്കയിലേക്ക് പോന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു നാടകത്തിന് വലിയ സ്വീകാര്യത കിട്ടിയേക്കും എന്നായിരുന്നു എന്റെ ' മലര്‍പ്പൊടി ' സ്വപ്നം.

നാടകത്തില്‍ വലിയ അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ട പലരോടും ഒരു നാടകം രംഗത്ത് അവതരിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും നല്ല ഉത്സാഹമാണ്. നല്ല കോമഡിയായിട്ടുള്ള കഥ വേണം, ആളുകള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പണം എന്നായിരുന്നു മിക്കവരുടെയും ഡിമാന്‍ഡ്. ചാനല്‍ സംസ്‌കാരം അഴിച്ചു വിട്ട മിമിക്രിയന്‍ വളിപ്പിന്റ കോവര്‍ കഴുത oമൂല്യാനന്തര കാലഘട്ടത്തിന്റെ മുഖ മുദ്രയാവുന്നത് തിരിച്ചറിഞ്ഞു കൊണ്ട് ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.

 

എന്നിട്ടും അകമനസ്സിന്റെ ആത്മ ചോദന അടക്കാനാവാതെ വീട്ടില്‍ വച്ച് ഒരു നാടകം പഠിക്കാന്‍ ആരംഭിച്ചു. നിലവാരമുള്ള കോമഡി കൊണ്ട് സന്പന്നമായ ' പ്രഭാതയാമം ' എന്ന എന്റെ നാടകമായിരുന്നു പഠിച്ചു തുടങ്ങിയത്. ബന്ധുക്കളും, സുഹൃത്തുക്കളും ഒക്കെയായി കഴിവുറ്റ ഒരു ടീം തന്നെ മുന്നോട്ടു വന്നു. എന്റെ നാടക പരിചയം തിരിച്ചറിയാന്‍ കഴിഞ്ഞതു കൊണ്ടാവാം, കുലീനകളായ ചില വീട്ടമ്മമാര്‍ തന്നെ സ്ത്രീ വേഷങ്ങള്‍ ചെയ്യാനെത്തി. നാടക പഠനം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ മ്യൂസിക്കും, ലൈറ്റും ചിട്ടപ്പെടുത്താനായി ഒരാളെ വിളിച്ചു. ഇയാള്‍ നാട്ടിലെ എന്റെ ട്രൂപ്പില്‍ ഇതൊക്കെ ചിട്ടപ്പെടുത്തിയിരുന്ന ആര്‍. സി. ബാലന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നതു കൊണ്ട് നാട് മുതലേ എനിക്ക് പരിചയമുള്ള ആള്‍ ആയിരുന്നു.

 

റിഹേഴ്സല്‍ നടക്കുന്നതിനിടക്ക് ഓരോ രംഗത്തും വെളിച്ചവും, മ്യൂസിക്കും. വീഴുന്‌പോള്‍ നടീ - നടന്‍മാര്‍ പാലിക്കേണ്ട പൊസിഷനുകളെപ്പറ്റി ഇയാളും, ചില നടന്മാരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് ആര്‍ക്കാണ് കൂടുതല്‍ നാടക പരിചയം എന്നതായി വിഷയം. വാടാ- പോടാ വിളികളും കടന്ന് നിഘണ്ടുവിലില്ലാത്ത പദങ്ങളിലേക്കും, ' ഗോഗ്വാ ' വിളികളിലേക്കും നീണ്ട് അടി വീഴും എന്ന പരുവത്തിലെത്തിയപ്പോള്‍ സ്ഥലം എന്റെ വീടായതിനാല്‍ എനിക്ക് ഇടപെടേണ്ടി വന്നു. ഈ നാടക പഠനം ഇവിടെ അവസാനിപ്പിക്കുകയാണെന്നു ഞാന്‍ പ്രഖ്യാപിച്ചു. എന്റെ വീട്ടില്‍ അതിഥികളെപ്പോലെ വന്ന നിങ്ങള്‍ ഓരോരുത്തരെയും സുരക്ഷിതരായി തിരിച്ചയക്കുവാന്‍ എന്നെ അനുവദിക്കണമെന്നും, അതിനായിക്കൊണ്ട് ആരും ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാഗ്യത്തിന് എല്ലാവരും അതനുസരിച്ചു. ഓരോരുത്തര്‍ക്കും ഉണ്ടായ മാനസിക വേദനകള്‍ക്ക് മാപ്പു ചോദിച്ചു കൊണ്ട് ഞാന്‍ തന്നെ ഓരോരുത്തരെയും യാത്രയാക്കി. അങ്ങിനെ അമേരിക്കന്‍ മണ്ണില്‍ നാടകം അവതരിപ്പിക്കാനുള്ള എന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. ( മിക്കവരുടെയും പള്ളയില്‍ നല്ല അളവില്‍ വെള്ളമുണ്ടായിരുന്നു എന്നത് ഞാന്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയിട്ടായിരുന്നു.)

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code