Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 76: ജയന്‍ വര്‍ഗീസ്)

Picture

ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചേച്ചിയും കുടുംബവും ഫ്‌ലോറിഡായിലേക്ക് താമസം മാറ്റി. മുന്നമേ ഫ്‌ലോറിഡയില്‍ എത്തി താമസം ഉറപ്പിച്ചിരുന്ന ഇളയ അനുജത്തി ലീലയേയും, കുടുംബത്തെയും വിസിറ്റ് ചെയ്‌യാന്‍ പോയ അവര്‍ അവിടുത്തെ കാലാവസ്ഥയും, മറ്റു സാഹചര്യങ്ങളും കൂടുതല്‍ അനുകൂലമാണെന്ന് കണ്ട് അങ്ങോട്ട് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് വരികയും, ആറ് മാസക്കാലം കൂടെ താമസിപ്പിച്ചു സംരക്ഷിക്കുകയും ചെയ്ത ചേച്ചിക്കുടുംബത്തിന്റെ അകന്നു പോകല്‍ വലിയ വേദനയാണ് മനസ്സില്‍ നിറച്ചത്. എന്തിനും, ഏതിനും എപ്പോള്‍ വിളിച്ചാലും ഓടിയെത്തിയിരുന്ന അനീഷിന്റെയും, അഭിലാഷിന്റേയും ( ചേച്ചിയുടെ മക്കള്‍ ) അസാന്നിധ്യം ഒരു വലിയ ഒറ്റപ്പെടല്‍ പോലെ തോന്നിപ്പിച്ചു. അവര്‍ വിറ്റു കളഞ്ഞ വീടിനു മുന്നിലൂടെ പോകുന്‌പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു തുളുന്പിയിരുന്നത് മറ്റാരും കാണാതെ സൂക്ഷിക്കുവാന്‍ വളരെ പാട് പെട്ടിരുന്നു.

 

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സ്വന്തമായുണ്ടായിരുന്ന മൂന്നു വീടുകള്‍ വിറ്റ് കിട്ടിയ തുകയുമായി ഫ്‌ലോറിഡായിലെത്തിയ അവര്‍ക്ക് വീടുകള്‍ ഉള്ളതും, ഇല്ലാത്തതുമായ ധാരാളം പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാന്‍ സാധിച്ചു. അവര്‍ വാങ്ങിയ പ്രോപ്പര്‍ട്ടികളില്‍ ചിലത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും, പൊന്നുംവില എന്ന നിലയില്‍ പൊന്നിന്റെ വില തന്നെ കിട്ടുകയും ചെയ്തപ്പോള്‍ അതറിഞ്ഞ ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താന്പായിലെ സൈഫര്‍ ഹില്‍ ഏരിയായിലേക്കു കുടിയേറി. മേരിക്കുട്ടിയുടെ സഹോദരങ്ങള്‍ എല്ലാവരും തന്നെ അവിടെ പ്രോപ്പര്‍ട്ടികള്‍ വാങ്ങുകയും, ഞങ്ങളോടൊപ്പം വന്ന പൗലോസ് അളിയന്റെ കുടുംബം ഉള്‍പ്പടെ പലരും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു.

 

' ഒന്ന് വച്ചാല്‍ രണ്ടു കിട്ടും, വെയ്‌രാജാ, വെയ് ' എന്ന കിലുക്കി കുത്തുകാരന്റെ വിളി പോലെയായിരുന്നു ഫ്‌ലോറിഡയില്‍ നിന്നുള്ള വിളികള്‍. ഇത് കേട്ട് ശരിക്കും വെപ്രാളപ്പെട്ടത് മേരിക്കുട്ടി ആയിരുന്നു. ' സഹോദരങ്ങളെല്ലാവരും അങ്ങോട്ട് പോകും, നമ്മള്‍ ഇവിടെ ഒറ്റപ്പെട്ടു പോകും ' എന്നുള്ള അവളുടെ മുറവിളിക്ക് ചെവി കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. മകന് പൂര്‍ണ്ണമായും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവന്റെ അത് വരെയുണ്ടായിരുന്ന സന്പാദ്യത്തില്‍ നിന്ന് ഒരു ലക്ഷത്തോളം ഡോളര്‍ റെഡി ക്യാഷ് കൊടുത്ത് ഞങ്ങളും അവിടെ ഒരു പ്രോപ്പര്‍ട്ടി വാങ്ങി. രണ്ടേക്കര്‍ അന്‍പത്തി ഏഴു സെന്റ് വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഈ പ്രോപ്പര്‍ട്ടി നാളെ വേണ്ടി വന്നാല്‍ ഒരു വീട് വച്ച് താമസിക്കുവാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഹൈ ക്ലാസ് കമ്യൂണിറ്റിയുടെ ഭാഗമായിരുന്നു.

 

വര്‍ഷം തോറും ചെറുതല്ലാത്ത ഒരു തുക പ്രോപ്പര്‍ട്ടി ടാക്‌സ് അടച്ചു കൊണ്ടാണ് എല്ലാവരും തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ സൂക്ഷിച്ചിരുന്നത്. വില വാണം പോലെ കുതിച്ചുയരുകയായിരുന്നതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ അത് തിരിച്ചു പിടിക്കാം എന്നായിരുന്നു ഏവരുടെയും കണക്കു കൂട്ടല്‍. എന്നാല്‍, എല്ലാവരുടെയും എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ടായിരുന്നു ആയിടെ ഫ്‌ലോറിഡയില്‍ തുടരെത്തുടരെ ആഞ്ഞടിച്ച ഏതാനും ചുഴലിക്കാറ്റുകള്‍. ജലാഭിമുഖ ആഡംബര വില്ലകള്‍ കടല്‍ നക്കിയെടുത്തു. കാറ്റടിച്ചും, മരം വീണും ഉള്‍നാടുകളിലെ ഭവനങ്ങള്‍ പോലും താമസ യോഗ്യമല്ലാതായിത്തീര്‍ന്നു. പുനരധിവാസ കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ അപ്പവും, മീനും ഭക്ഷിച്ചു മാസങ്ങളോളം പലര്‍ക്കും കഴിയേണ്ടി വന്നു.

 

ഒരു വലിയ സാന്പത്തിക മാന്ദ്യത്തിന് അമേരിക്ക സാക്ഷ്യം വഹിക്കേണ്ടി വന്ന സാഹചര്യത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നിരിക്കാം. ഫ്‌ലോറിഡായില്‍ പ്രോപ്പര്‍ട്ടി വില നാലില്‍ ഒന്നായി ഇടിഞ്ഞു. ആ വിലക്ക് പോലും വാങ്ങാന്‍ ആളില്ലാതെയായി. നാലിന്റെ മൂല്യത്തിന് മൂന്ന് ഭാഗം വരെ ലോണ്‍ കൊടുത്ത ബാങ്കുകള്‍ ഒന്ന് പോലും തിരിച്ചു പിടിക്കാനാവാതെ പൊളിഞ്ഞു. പല ബാങ്കുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു പിന്‍ വാങ്ങി. മലയാളികള്‍ ഉള്‍പ്പടെ ഒത്തിരി പേര്‍ തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ വെറുതേ കൈയൊഴിഞ്ഞു കളഞ്ഞു.

 

എല്‍ദോസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരില്‍ ഒരാളായിരുന്ന ദര്‍ശന്‍ ആയിടെ കേരളത്തില്‍ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിച്ചു. വിദേശത്തു ജോലിയുള്ളവരും, നാട്ടിലെ പണക്കാരുമൊക്കെ നഗരങ്ങളില്‍ ഫഌറ്റുകള്‍ വാങ്ങിക്കൂട്ടുന്ന ഒരു സമയമായിരുന്നു അത്. ധാരാളം പാര്‍പ്പിട സമുച്ചയങ്ങള്‍ തങ്ങളുടെ സ്‌പെഷാലിറ്റികള്‍ വിവരിച്ചു കൊണ്ടുള്ള പരസ്യങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതിലൊക്കെ ആകൃഷ്ടനായിപ്പോയ എല്‍ദോസ് 'ഹീരാ വാട്ടേഴ്‌സ് ' എന്ന കന്പനിയുടെ കടവന്ത്രയിലുള്ള ( എറണാകുളം ) പാര്‍പ്പിട സമുച്ചയത്തിന്റെ പതിനൊന്നാം നിലയില്‍ ഒരു ഫഌറ്റ് സ്വന്തമാക്കി. മൂന്നു ബെഡ് റൂമുകളും, മൂന്നു ബാത്ത് റൂമുകളും, ലിവിങ് കം ഡൈനിങ് റൂമും, കിച്ചനും ഒക്കെയുള്ള മനോഹരമായ ഒരപ്പാര്‍ട്ടുമെന്റായിരുന്നു അതെങ്കിലും, നാട്ടിലെത്തുന്ന അവസരങ്ങളില്‍ പോലും തിരക്ക് മൂലം വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ അതില്‍ താമസിക്കാന്‍ സാധിച്ചുള്ളൂ എന്നതാണ് സത്യം.

 

ക്രമേണ ഞങ്ങളുടെ സാന്പത്തിക നില മെച്ചപ്പെട്ടു. എനിക്ക് സാധാരണ നിലയിലുള്ള ഒരു ജോലിയും, മകന് എക്‌സിക്യുട്ടീവ് പദവിയിലുള്ള ജോലിയും ഉണ്ടായിരുന്നത് കൂടാതെ മേരിക്കുട്ടിയുടെ ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ലഭിച്ചിരുന്നു. നാലേകാല്‍ ഡോളറിന്റെ മിനിമം വേജസില്‍ തുടങ്ങിയതാണെങ്കിലും, പ്രോഫഷണല്‍ ജോലികള്‍ ചെയ്‌യുന്ന മറ്റുള്ളവരോടൊപ്പം വരുന്ന ഒരു നിലവാരത്തില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ക്കും സാധിച്ചിരുന്നു.

 

മെയിന്റെനന്‍സില്‍ ജോലി ചെയ്തുകൊണ്ടുള്ള വര്‍ഷങ്ങളുടെ അനുഭവ ജ്ഞാനവും, ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഏതു തരത്തിലുമുള്ള ടൂളുകള്‍ വായ്പയെടുക്കാനുള്ള സൗകര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ കൊച്ചു വീട് പൂര്‍ണ്ണമായും ഞാന്‍ ' റിനോവേറ്റ് ' ( പുതുക്കിപ്പണിയുക എന്ന് മലയാളം ) ചെയ്‌തെടുത്തു. മുകളിലെ ഒരു ഇടഭിത്തി നീക്കം ചെയ്തു കൊണ്ട് ലിവിങ് ഡൈനിങ് റൂമുകള്‍ ഒന്നാക്കി മാറ്റിയപ്പോള്‍ തന്നെ വീടിനു ഒരു പുതിയ ലുക്ക് കൈവന്നു. കിച്ചണിലെ ഫ്‌ലോര്‍ ടൈലുകള്‍ മാറ്റിയതുള്‍പ്പടെ എല്ലാ ഏരിയയിലും ഒരു പുത്തന്‍ ടച്ചപ്പ് കൊണ്ട് വന്നു. മുകള്‍ നിലയിലെ കിച്ചന്‍ ഒഴികെയുള്ള മുഴുവന്‍ ഫ്‌ലോറും ഓക് വുഡിന്റെ നാച്വറല്‍ ഫിനിഷിങ് പ്ലാങ്ക് നിരത്തി ഫിനിഷ് ചെയ്തു.

 

താഴത്തെ നിലയിലെ കിച്ചന്‍ മുഴുവനുമായി പുതുക്കിപ്പണിതു. കാബിനെറ്റുകളുംഫര്‍ണീച്ചറുകളും എല്ലാം പുതുക്കി., എന്റെ സ്വന്തം ഡിസൈനില്‍ എല്ലാം ഒന്ന് റീ സ്ട്രക്ച്ചര്‍ നടത്തി. കിച്ചണില്‍ ഉള്‍പ്പടെ മുഴുവന്‍ ഫ്‌ലോറും ആല്‍മണ്ട് നിറത്തിലുള്ള പോര്‍സലിന്‍ ഫ്‌ലോര്‍ ടൈലുകള്‍ നിരത്തി മനോഹരമാക്കി. പുത്തന്‍ പെയിന്റും, പുത്തന്‍ ഫര്‍ണിച്ചറും ഒക്കെക്കൂടി മനോഹരമായ ഒരു ചെറിയ വീട് എന്ന സ്റ്റാറ്റസില്‍ എത്തി നില്‍ക്കുന്‌പോള്‍ വീടിന്റെ മാര്‍ക്കറ്റ് വില വാങ്ങിയ വിലയേക്കാള്‍ നാലിരട്ടി ഉയര്‍ന്നിരുന്നു. ( ദൈവം നേരിട്ട് വാങ്ങിത്തന്നതു പോലെ അന്നത്തെ മാര്‍ക്കറ്റ് വിലയിലും കുറച്ച് ഈ വീട് ലഭ്യമായ കാര്യം ഞാന്‍ മുന്‍പ് വിവരിച്ചിട്ടുണ്ടല്ലോ ?

 

ആറ്റിക്കില്‍ പ്ലൈവുഡ് അടിച്ച് ഒരു ഫ്‌ലോര്‍ പോലെയാക്കിയെടുത്തു. സാധനങ്ങള്‍ എത്ര വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കുവാന്‍ വിശാലമായ ഒരിടം അങ്ങനെ ലഭ്യമായി. പുറത്തെ യാര്‍ഡില്‍ ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത് ഒരു കൊച്ചു ഷെഡ് പണിതെടുത്തു. ട്രീറ്റിഡ് വുഡും, വൈനല്‍ സൈഡിങ്ങും ഒക്കെ ഉപയോഗിച്ച് പണിതത് കൊണ്ട് ഒരു ജീവിത കാലത്തേക്ക് ജീര്‍ണ്ണിക്കും എന്ന ഭയം കൂടാതെ സാധനങ്ങള്‍ സൂക്ഷിക്കാവുന്ന ഒരു സ്‌റ്റോറേജ് ആയിത്തീര്‍ന്നു ഇത്. ബാക് യാര്‍ഡില്‍ ഗാല്‍വനൈസ്ഡ് പൈപ്പുകളും, ഇന്‍സുലേറ്റഡ് മേഷും ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത സ്ഥിരം പന്തലില്‍ പാവല്‍, പടവലം മുതലായ പച്ചക്കറി വള്ളികള്‍ പടര്‍ത്തി വളര്‍ത്തുവാന്‍ സാധിച്ചതിനാല്‍ എല്ലാ വര്‍ഷവും പന്തല്‍ കെട്ടേണ്ട വലിയ ഭാരം ഒഴിവായിക്കിട്ടി. മാത്രമല്ലാ, വേനല്‍ക്കാലങ്ങളില്‍ പൂക്കളും ചിത്ര ശലഭങ്ങളും സന്ധിക്കുന്ന ഇടതൂര്‍ന്ന പച്ചക്കറി ചെടികളുടെ മേലാപ്പിനടിയില്‍ നടക്കുവാനും, ആവശ്യമെങ്കില്‍ അല്‍പ്പനേരം ഉറങ്ങുവാനും വേണ്ട സൗകര്യങ്ങളോടെയാണ് ഈ തണ്ണീര്‍പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ നിന്ന് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ സംഭരിക്കുവാനും, ഫ്രഷ്‌നെസ് ചോരാതെ ഒരു വര്‍ഷത്തേക്ക് സൂക്ഷിച്ചു വയ്ക്കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ( ഇത്രയും കാര്യങ്ങള്‍ കോണ്‍ട്രാക്റ്റ് കൊടുത്ത് ചെയ്യിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം ഡോളര്‍ കയ്യില്‍ നിന്ന് പോകുമായിരുന്നുവെങ്കിലും, നമുക്ക് ചെലവായത് മെറ്റീരിയല്‍ വാങ്ങിയ ചെറിയ ചെലവ് മാത്രം. )

 

പ്രതികൂല കാലാവസ്ഥയും, അതുമൂലം സാമൂഹ്യ സാഹചര്യങ്ങളില്‍ വന്ന മാറ്റവും കണക്കിലെടുത്ത് ഫ്‌ലോറിഡായിലേക്കുള്ള മാറ്റം വേണ്ടെന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കിട്ടുന്ന വിലക്ക് സ്ഥലം വിറ്റു കളയാം എന്ന് തീരുമാനിച്ച് ഒരു റിലേറ്ററെ ഏല്‍പ്പിച്ചു. ആറ് മാസക്കാലം അയാള്‍ 'ഫോര്‍ സെയില്‍ ' ബോര്‍ഡും തൂക്കി കാത്തിരുന്നിട്ടും ഒരാള്‍ പോലും വിളിച്ചു ചോദിക്കുക പോലും ചെയ്തില്ലത്രേ.

 

മേരിക്കുട്ടിയുടെ അനുജത്തി ജെസ്സിയുടെ മകന്‍ ജസ്റ്റിന്‍ ജോലി സംബന്ധമായി അന്ന് ഫ്‌ലോറിഡയില്‍ ആയിരുന്നു. ജസ്റ്റിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് കൂടി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ പ്രോപ്പര്‍ട്ടി ജസ്റ്റിന്‍ ഇടപെട്ട് വിറ്റു തന്നു. നാല്പതിനായിരം ഡോളര്‍ നഷ്ടത്തില്‍ കലാശിച്ചെങ്കിലും ആ ഒരു വലിയ ഭാരം തലയില്‍ നിന്ന് ഒഴിവായിപ്പോയി.

 

( വീടുകളുടെ മോര്‍ട്ടഗേജ് ബാലന്‍സ് മുന്‍കൂര്‍ അടച്ചു തീര്‍ക്കുന്ന തിരക്കിലായിരുന്ന ഞങ്ങള്‍ക്ക് ഫ്‌ലോറിഡാ പ്രോപ്പര്‍ട്ടി വിറ്റു കിട്ടിയ തുക കൂടി ബാങ്കില്‍ അടക്കാന്‍ സാധിച്ചതിനാല്‍ നാല്‍പ്പതിനായിരം ഡോളറിന്റെ നഷ്ടം ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കണക്കു കൂട്ടുന്‌പോള്‍ ഒരു നഷ്ടമേ അല്ലാതായിത്തീര്‍ന്നു. )
.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code