Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 65: ജയന്‍ വര്‍ഗീസ്)

Picture

ഡ്രൈ ക്‌ളീന്‍ സെന്ററിലെ അള്‍ട്രെഷന്‍ ജോലി കൊണ്ട് വലിയ വരുമാനം കിട്ടാതെയായി. ഒരു ദിവസം നൂറു ഡോളര്‍ വരെ കിട്ടിയ ദിവസങ്ങളുണ്ട് അവിടെ. ഇപ്പോള്‍ പണി വരുന്നില്ലെന്നാണ് ബോസിന്റെ ന്യായീകരണം. ഓരോ ദിവസവും ചെല്ലുന്‌പോള്‍ മൂന്നോ, നാലോ പീസുകള്‍ ഉണ്ടാവും റിപ്പയര്‍ ചെയ്യാന്‍. വരുമാനം പതിനഞ്ചോ, ഇരുപതോ ഡോളര്‍ വരെയായി താഴ്ന്നു. ബോസിന് എന്നോടുള്ള താല്‍പ്പര്യം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം ചെല്ലുന്‌പോള്‍ ഒരു ചൈനീസ് യുവതി സീറ്റിലിരുന്നു മിഷ്യനില്‍ തയ്ക്കുന്നു. എന്നെ കണ്ടതേ ബോസ് ഓടിവന്നു. ' നിങ്ങള്‍ക്ക് ജോലി കഴിഞ്ഞേ വരാന്‍ പറ്റുകയുള്ളു എന്നതിനാല്‍, സ്ഥിരം കടയിലിരിക്കാന്‍ തയ്യാറായി വന്ന ഒരാളെ നിയമിച്ചുവെന്നും, അത് കൊണ്ട് ഇവള്‍ പോയിക്കഴിഞ്ഞു ബാക്കി വരുന്ന ജോലികള്‍ മാത്രമേ തരാന്‍ പറ്റുകയുള്ളു എന്നും, ബോസ് എന്നെ അറിയിച്ചു. അത് കൊണ്ടാണ് ഈയിടെ ജോലി കുറഞ്ഞതെന്നും, ഇപ്പോള്‍ പോകുന്നത് പോലെ മുന്നോട്ട് പോകാമെന്നാണ് തന്റെ അഭിപ്രായം എന്ന് കൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു.

 

അങ്ങിനെയാണെങ്കില്‍ ഈ യുവതിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ ഇവിടുത്തെ കാര്യങ്ങള്‍ എന്ന് പറഞ്ഞ് ഞാന്‍ ഒഴിവായിപ്പോന്നപ്പോള്‍, ചൈനീസ് യുവതിയുടെ പതിഞ്ഞ മൂക്കുള്ള മഞ്ഞ മുഖത്ത് ഒരു ഇരയെ കടിച്ചു കൊന്നതിന്റെ ക്രൂര സംതൃപ്തി ഓളം വെട്ടുന്നത് ഞാന്‍ വായിച്ചെടുത്തു. കന്പനിയില്‍ കുറച്ചു പൈസ കൂടി കൂട്ടിത്തന്നതിനാലും, മിക്ക ദിവസങ്ങളിലും ഓവര്‍ ടൈം ഉണ്ടായിരുന്നതിനാലും വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ ഓടുകയായിരുന്നു.

 

മകളുടെ രണ്ടാമത്തെ കുട്ടി 'ഷെറിന്‍ ' പിറന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പഴയ അസുഖം ' പര്‍പുറ ' വീണ്ടും പ്രത്യക്ഷപ്പെട്ടു. ഷെറിനെ ഗര്‍ഭിണിയായിരുന്ന കാലത്തും ഈ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടിരുന്നുവെങ്കിലും, പ്രസവത്തോടെ അത് മാറുമെന്നാണ് കരുതിയിരുന്നത്. മാറിയില്ലെന്ന് മാത്രമല്ലാ, കൂടൂതല്‍ ശക്തിയായി രോഗം തിരിച്ച് വരികയും ചെയ്തു. ' പ്രകൃതി ചികിത്സ എന്നൊക്കെ പറയുന്നത് വെറും അന്ധ വിശ്വാസം മാത്രമാണെന്നും, ഒരിക്കല്‍ രോഗം മാറി എന്നത് ഒരു തോന്നല്‍ മാത്രമായിരുന്നെ ' ന്നും, ശാസ്ത്രീയ ബോധമുള്ള ഇവിടുത്തെ ബന്ധുക്കളുംസുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.. ' ഒരിക്കല്‍ പൂര്‍ണ്ണ സൗഖ്യം തന്ന ചികിത്സക്ക് വീണ്ടും അത് തരാന്‍ കഴിയുമെന്നും, അത് കൊണ്ട് പ്രകൃതി ചികിത്സ മാത്രമേ ചെയ്യുന്നുള്ളു ' എന്നും മകള്‍ നിലപാട് എടുത്തതോടെ ഏവര്‍ക്കും അതിനു വഴങ്ങേണ്ടി വന്നു.

 

അങ്ങിനെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടി അവള്‍ നാട്ടിലേക്ക് തിരിച്ചു. ഇത്തവണ അവളുടെ കൂടെ പോകാന്‍ എനിക്ക് സാധിച്ചില്ല. പകരം മേരിക്കുട്ടിയാണ് പോയത്. അമേരിക്കയില്‍ താമസിക്കുന്ന മകളെ വിസിറ്റ് ചെയ്തു മടങ്ങുന്ന ഒരു വല്യപ്പച്ചനും കൂട്ടിനുണ്ടായിരുന്നു. ഇഗ്‌ളീഷ് അറിയാത്ത വല്യപ്പച്ചന് ഇവരും, ഒരു അപ്പച്ചന്‍ എന്ന നിലയിലുള്ള തുണ ഇവര്‍ക്കും ആ യാത്രയില്‍ പരസ്പരം കൂട്ടായി നിന്നു.

 

നാട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ പ്രകൃതി ചികിത്സാ ആചാര്യനായ ശ്രീ സി. ആര്‍. ആര്‍. വര്‍മ്മയുടെ മേല്‍നോട്ടത്തില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ' സഞ്ജീവനി ' എന്ന ചികിത്സാ കേന്ദ്രത്തില്‍ അവര്‍ അഡ്മിറ്റായി. രണ്ടു പിഞ്ചു കുട്ടികള്‍ക്കും, അവള്‍ക്കും വേണ്ട പരിചരണവുമായി മേരിക്കുട്ടിയും കൂടെയുണ്ട്.

 

ലളിതവും, നിരുപദ്രവകരവുമായ ഒരു ചികിത്സാ രീതിയാണ് പ്രകൃതി ചികിത്സ എന്ന ആയുര്‍വേദത്തിന്റെ പ്രാഗ് രൂപം. പഞ്ച ഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ മനുഷ്യ ശരീരം ' ശാസ്ത്രീയം ' എന്ന് വിളിക്കപ്പെടുന്ന ആധുനിക ജീവിത രീതികളില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന അനാവശ്യ വസ്തുക്കള്‍ ഉള്‍ക്കൊണ്ട് മലിനമാവുന്‌പോള്‍ ആ വസ്തുക്കളെ ( ആയുര്‍വേദം ' വിഷം ' എന്നും, അലോപ്പതി ' ടോക്‌സിന്‍ ' എന്നും ഇതിനെ വിളിക്കുന്നു.) പുറം തള്ളാന്‍ വേണ്ടി ശരീരം തുറക്കുന്ന ഔട്ട് ലെറ്റുകള്‍ മാത്രമാണ് രോഗങ്ങള്‍ എന്ന് പ്രകൃതി ചികിത്സകര്‍ വിലയിരുത്തുന്നു.

 

വീണ്ടും വിഷം അകത്തെത്താതെയും, അകത്തെ വിഷങ്ങളെ സൗമ്യമായി പുറം തള്ളാന്‍ സഹായിച്ചും, അമ്ല ( ആസിഡ് ) രൂപം പ്രാപിച്ച പ്രസ്തുത വിഷങ്ങളെ നിര്‍വീര്യമാക്കാനായി ക്ഷാര ( ആല്‍ക്കലി ) രൂപത്തിലുള്ള മരുന്നും, ഭക്ഷണവും നല്‍കിയും ശരീരത്തെക്കൊണ്ടു തന്നെ സ്വന്തം കേടുപാടുകള്‍ തീര്‍ക്കുന്ന പ്രിക്രിയയാണ് ഓരോ രോഗിയിലും നടപ്പിലാക്കുന്നത്. ഒരു പ്രാവശ്യം ഇതിനു വിധേയനാകുന്ന മനുഷ്യന്‍ അവനു കാണാനും, അറിയാനും കഴിയുന്ന രോഗങ്ങള്‍ സുഖപ്പെടുന്നതോടൊപ്പം അവന്‍ കാണുകയോ, അറിയുകയോ ചെയ്‌യാത്ത രോഗങ്ങള്‍ അകത്തുണ്ടെങ്കില്‍ അതും കൂടി മാറി ഒരു പുനജ്ജന്മമാണ് സാധ്യമാവുന്നത്.

 

സേവനത്തിന്റെ ആട്ടിന്‍ തോലിന്നകത്ത് ഒളിച്ചിരുന്ന് കൊണ്ട് ലാഭം മാത്രം ലക്ഷ്യമാക്കുന്ന ചില ഭിഷഗ്വരന്മാരെങ്കിലും ഇത്തരം രീതികളെ അന്ധ വിശ്വാസപരം എന്ന് ആക്ഷേപിക്കുകയും, ചാനല്‍ ചര്‍ച്ചകളില്‍ വരെ പങ്കെടുത്തു കൊണ്ട് പ്രതിഫലം പറ്റുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെയും, ഭൗതിക വാദത്തിന്റെയും കൊടിപ്പടങ്ങള്‍ ഏന്തുന്ന സര്‍ക്കാരുകള്‍ പോലും മാര്‍ക്‌സിസവും മനുഷ്യ സ്‌നേഹമാണ് എന്ന് മനസിലാക്കാതെ സത്യം പറയുന്നവനെ അറസ്റ്റു ചെയ്തു അകത്താക്കുന്ന കാടത്വമാണ് ഇന്നും നടപ്പിലാക്കുന്നത് എന്നത് നമ്മുടെ സമകാലീന ദുരന്തം.

 

വര്‍മ്മാജി നേരിട്ടെത്തിയാണ് മകളുടെ ചികിത്സകള്‍ നിയന്ത്രിച്ചത്. അസുഖം പൂര്‍ണ്ണമായും മാറുന്നതിന്റെ ഭാഗമായി ഒരു പനി വരുമെന്ന് അദ്ദേഹം മുന്നമേ പറഞ്ഞിരുന്നു. പനിയിലൂടെ ശരീര താപം ഉയര്‍ത്തി വച്ച് കൊണ്ട് ശാരീരത്തില്‍ അവശഷിക്കുന്ന വിഷം കൂടി നിര്‍വീര്യമാക്കി പുറം തള്ളിക്കൊണ്ടാവും പ്രാണന്‍ പൂര്‍ണ്ണ മോചനം സാധ്യമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പനി വരുന്നതിന് മുന്‍പ് സുഖം തോന്നി മടങ്ങിപ്പോയാലും വീണ്ടും അസുഖം വരാനുള്ള സാധ്യതയുണ്ടെന്നു കൂടി അദ്ദേഹം പറയുകയും, ഈ തത്വം ആദ്യം മനസ്സിലാക്കിയിരുന്നത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സാക്ഷാല്‍ ' ഹിപ്പോ ക്രാറ്റസ് ' ആയിരുന്നുവെന്നും, അത് കൊണ്ടാണ്, ' എനിക്ക് പനി തരൂ, എല്ലാ രോഗവും അത് കൊണ്ട് ഞാന്‍ സുഖപ്പെടുത്താം ' എന്ന് അദ്ദേഹം പ്രസ്താവിച്ചത് എന്നും വര്‍മ്മാജി ഞങ്ങളെ പഠിപ്പിച്ചു. ( ഈ ഹിപ്പോക്രാറ്റസിന്റെ പേരില്‍ പ്രതിജ്ഞയെടുത്തു പുറത്തിറങ്ങുന്ന ഭിഷഗ്വരന്മാരാണ് ഒരേയൊരു പനിക്കു തരം തിരിച്ചു പല പേരുകള്‍ ചാര്‍ത്തിച്ച്, അതിന്റെ കാരണം നാട്ടിലുള്ള പാവം ജീവികളുടെ മേല്‍ ആരോപിച്ച്, പക്ഷികളെയും, പന്നികളെയും, വവ്വാലുകളെയുമൊക്കെ നിര്‍ദ്ദയം കൊന്നൊടുക്കുന്നത് )

 

കടുത്ത ആഹാര നിയന്ത്രണവും, പഥ്യവും, ഉപവാസവും എല്ലാം കൂടിയതാണ് ചികിത്സ. ഒരു മാസം കഴിഞ്ഞപ്പോളേക്കും അവള്‍ വല്ലാതെ ഷീണിച്ചു പോയിരുന്നു. അസുഖം സുഖപ്പെട്ടതായി തോന്നിയെങ്കിലും, പനി വന്ന ശേഷമേ പോകാവൂ എന്ന നിര്‍ദ്ദേശം പാലിച്ചു കൊണ്ട് വീണ്ടും ചികിത്സ തുടര്‍ന്നു. ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ പനി വന്നു. മൂന്നു ദിവസം ശക്തിയായി പനിച്ചു. രാസ മരുന്നുകള്‍ ഉപയോഗിക്കരുത് എന്ന കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നത് കൊണ്ട് ആഹാര രൂപത്തിലുള്ള മരുന്നുകള്‍ മാത്രമേ ഉപയോഗിച്ചുള്ളൂ. മൂന്നാം ദിവസം പനി മാറി എഴുന്നേറ്റു. ഇതിനകം മരുമകനും സഞ്ജീവനിയില്‍ എത്തിയിരുന്നു. രണ്ടു ദിവസത്തിനകം എല്ലാവരും കൂടി തിരിച്ചു പൊന്നു. ഒരസ്തി പഞ്ജരം പോലെ അവളും കുടുംബവും എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ആ ദിവസം ഞാന്‍ ഇന്നുമോര്‍ക്കുന്നു.

 

അതിനു ശേഷം രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. അങ്ങിനെ ഒരു രോഗം വന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇന്ന് വരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അല്‍പ്പ കാലം കൊണ്ട് ശരീര ക്ഷീണമൊക്കെ മാറിയ അവള്‍ പഠിച്ചു നേഴ്‌സിങ് പാസായിട്ട് , സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ' സീ വ്യൂ ഹോസ്പിറ്റല്‍ ആന്‍ഡ് ഹോം ' എന്ന സ്ഥാപനത്തില്‍ നഴ്‌സായി ജോലി ചെയ്തു കൊണ്ട് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു.

 

ജെ. പി. മോര്‍ഗന്‍ എന്ന വലിയ സ്ഥാപനത്തില്‍ തീരെ ചെറിയ ഒരു ജോലിയാണ് മകന്‍ ചെയ്തു കൊണ്ടിരുന്നത് എങ്കിലും, അവന്റെ വിശ്വസ്തതയും, സത്യ സന്ധതയുമെല്ലാം അവന്റെ ബോസിനെയും, സഹ പ്രവര്‍ത്തകരെയുമെല്ലാം ആകര്‍ഷിച്ചു. ആളുകളോട് നന്നായിട്ട് ഇടപെടാനുള്ള ഒരു കഴിവ് എന്നെക്കാള്‍ കൂടുതലായി പണ്ടേ അവനുണ്ടായിരുന്നു. ജാഡകളും, പൊങ്ങച്ചങ്ങളും കാണിക്കാതെ വെറും പച്ച മനുഷ്യനായി ജീവിക്കുന്നതിനുള്ള പരിശീലനം വീട്ടില്‍ നിന്ന് തന്നെ അവനു ലഭിച്ചിരുന്നു. ഇത് കൊണ്ട് ഒക്കെയാവണം എന്ന് കരുതുന്നു, അവന്റെ ബോസ് ഇടപെട്ട് തീരെ മോശമല്ലാത്ത ഒരു ശന്പള വര്‍ദ്ധനവ് അവനു ലഭിച്ചു.

 

മാത്രമല്ലാ, ബിസിനസ് ബാങ്കിങ്ങ് രംഗത്ത് ഉയര്‍ന്ന പടികള്‍ താണ്ടുന്നതിനുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കുവാന്‍ വേണ്ട ഉപദേശങ്ങളും, വിര്‍ദ്ദേശങ്ങളും അവര്‍ അവനു നല്‍കി. പഠനത്തോടൊപ്പം ഫുള്‍ടൈം ജോലി ചെയ്‌യുന്നതിനുള്ള പ്രത്യേക അവസരവും അവര്‍ അവനു അനുവദിച്ചത് മൂലം, രാവിലെ ഏഴു മണിക്ക് ഫെറി ടെര്‍മിനലില്‍ അവനെ ഇറക്കി വിട്ടതിനു ശേഷമാണ് പ്ലിമത് മില്‍സില്‍ ഞങ്ങള്‍ ജോലിക്കു പോയിരുന്നത്.

 

മന്‍ഹാട്ടനിലുള്ള ' ബറൂഖ് കോളേജ് ' ആണ് അവന്‍ തെരഞ്ഞെടുത്തത്.


ഐ. ടി. മേഖല അടിസ്ഥാനമാക്കിയുള്ള വ്യാവസായിക ബാങ്കിങ്ങില്‍ ബിരുദങ്ങള്‍ക്കായുള്ള പഠനവും, ജെ. പി. മോര്‍ഗനില്‍ ജോലിയുമായി പലപ്പോഴും രാത്രിയില്‍ പത്തു മണി കഴിഞ്ഞാണ് അവന്‍ വീട്ടില്‍ എത്തിയിരുന്നത്.

 

ക്രമേണ ഞങ്ങളുടെ സാന്പത്തിക സ്ഥിതിയൊക്കെ അല്‍പ്പം മെച്ചപ്പെട്ടു. കടങ്ങള്‍ ഒക്കെ വീടി ഒരു ചെറിയ നീക്കിയിരിപ്പ് ഞങ്ങള്‍ക്കുണ്ടായി. ഈ കാലയളവില്‍ ആണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും മനോഹരം എന്ന് ഞാന്‍ കരുതുന്ന ഒരു സ്ഥലം വില്‍പ്പനക്ക് വരുന്നത്. പണ്ടത്തെ രാത്രി കാലങ്ങളില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച കെ. പി. സ്കറിയാ സാറിന്റെ തറവാട്ടു വീടായിരുന്നു അത്. ( ഇവരുടെ നെല്‍പ്പാടത്ത് വെട്ടു ചൂണ്ടയിട്ട് വരാലിനെ പിടിക്കാനും, കൈത്തോടുകളില്‍ കൂടു വച്ച് മറ്റു മീനുകളെ പിടിക്കാനുമായി ഞാനും, കൊച്ചപ്പന്റെ മകന്‍ ജോര്‍ജും, തണ്ടേല്‍ മത്തായി കാരണവരുടെ മകന്‍ തോമ്മാക്കുഞ്ഞും രാതി കാലങ്ങളില്‍ കാവല്‍ കിടന്നത് ഈ വീട്ടുകാരുടെ വലിയ തൊഴുത്തിന്റെ മച്ചിന്‍ പുറത്ത് വൈക്കോല്‍ സൂക്ഷിക്കുന്ന ഇടത്ത് ആയിരുന്നു. അത്തരത്തില്‍ ഉള്ള ഒരു രാത്രിയില്‍ അന്ന് തറവാട്ടില്‍ താമസിച്ചിരുന്ന സ്കറിയാ സാറിന്റെ സഹോദരന്റെ മൂത്ത കുഞ്ഞ് അഞ്ചു വയസുകാരിയായ എല്‍സി ശര്‍ദ്ദിലും, ഒഴിച്ചിലും വന്ന് അവശയായി പിടയുന്നത് ഞങ്ങളുടെയെല്ലാം മുന്നില്‍ വച്ചായിരുന്നു. അഞ്ചു മൈല്‍ ദൂരെയുള്ള ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഒരു ജീപ്പ് വിളിക്കണമെങ്കിലും അഞ്ചു മൈല്‍ നടന്നു തന്നെ പോകണം. ' ഏതായാലും നേരം വെളുക്കട്ടെ 'എന്ന കുട്ടിയുടെ പിതാവിന്റെ വാക്ക് കേട്ട് ഞങ്ങളെല്ലാം കാത്തിരുന്നു. രാത്രി മൂന്നു മണി ആയപ്പോഴേക്കും ഞങ്ങളുടെയെല്ലാം ഓമനയായിരുന്ന എല്‍സി മരിച്ചു പോയി. അതിനെ തോളിലെടുത്തു നടന്നിട്ടാണെങ്കിലും ആശുപത്രിയില്‍ എത്തിക്കാമായിരുന്നു എന്ന ബോധം അന്ന് ഞാനുള്‍പ്പടെ ആരുടേയും തലയില്‍ കയറിയില്ല.)

 

രണ്ടേക്കര്‍ പതിന്നാല് സെന്റ് വിസ്തീര്‍ണ്ണം ഉള്ളതും, റോഡില്‍ നിന്ന് അല്‍പ്പം ഉയര്‍ന്ന് സമചതുരമായി കിടക്കുന്നതും, വീട്ടില്‍ നിന്ന് നോക്കിയാല്‍ അതി വിശാലമായ ചാത്തമറ്റം പാടം അതിരിടുന്ന മുള്ളരിങ്ങാടന്‍ മല നിരകളുടെ നീല നിറം ചൂടിയ ഞൊറിവുകള്‍ കൂന്പന്‍ തൊപ്പികളായി നിലയുറപ്പിച്ചു കൊണ്ട് ഒഴുകിയെത്തുന്ന വെള്ളി മേഘ സുന്ദരികളെ ഉമ്മ വയ്ക്കുന്ന അപൂര്‍വ ദൃശ്യം ആവോളം നുകരുന്നതിനുള്ള അവസരവും ആ സ്ഥലത്തിനുണ്ടായിരുന്നു. ഭാഗ ഉടന്പടി പ്രകാരം ഈ വീടും പുരയിടവും രണ്ടു പേര്‍ക്കായിട്ടാണ് ലഭിച്ചത്. തറവാട്ടിലെ മൂത്ത മകന്‍ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നത് കൊണ്ട് അദ്ദേഹത്തിന്‍റെ മകനായ പൗലോച്ചനായിരുന്നു പകുതി. പൗലോച്ചന്റെ അമ്മച്ചി സാറാക്കുട്ടിചേച്ചി ഞങ്ങളുടെ നാട്ടില്‍ അറിവും, വായനയും, കലാ സാഹിത്യ വാസനകളും ഉള്ള എല്ലാം തികഞ്ഞ ഒരു സ്ത്രീയായിരുന്നു എന്ന് മാത്രമല്ലാ, നാട്ടില്‍ വച്ച് എന്റെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളെ വളരെ ആദരവോടെ വീക്ഷിച്ചിരുന്ന അവര്‍ എന്റെ അടുത്ത സുഹൃത്തും, സഹായിയുമായിരുന്നു.

 

ബാക്കി പകുതി പൗലോച്ചന്റെ പിതൃ സഹോദരനും, ബത്തേരി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും, വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ. പി. തോമസ് സാറിന്റേതായിരുന്നു. ജോലിയും, രാഷ്ട്രീയ പ്രവര്‍ത്തനവുമായി തോമസ് സാര്‍ ബത്തേരിയിലേക്ക് താമസം മാറ്റിയിരുന്നതിനാല്‍ നാട്ടിലെ വീതം വില്‍ക്കേണ്ടത് അദ്ദേഹത്തിന്റെയും ആവശ്യമായിരുന്നു. ഈ സ്ഥലങ്ങള്‍ വാങ്ങുന്നതില്‍ എന്റെ അപ്പന് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. കാരണം, സാന്പത്തികമായി നല്ല നിലയില്‍ ആയിരുന്ന ഈ വീട്ടിലെ കാരണവരോട് എന്നുമെന്നും ' പച്ച വായ്പ ' വാങ്ങിയിരുന്ന ആളാണ് അപ്പന്‍. ( സീസണില്‍ ആദ്യം വിളയുന്ന നെല്ല് കൊയ്തു മെതിച്ച് ഉണ്ടാവുന്ന പച്ചനെല്ല് വായ്പയായി വാങ്ങുന്ന സംപ്രദായമാണ് പച്ച വായ്പ. ഇങ്ങനെ വാങ്ങുന്ന നെല്ല് പത്തിടങ്ങഴി ഉണക്കിപ്പാറ്റി എടുക്കുന്‌പോള്‍ ഏഴിടങ്ങഴിയേ ഉണ്ടാവൂ. ഈ കടം വീട്ടാനായി നമ്മുടെ നെല്ല് ഉണക്കിപ്പാറ്റി പത്തിടങ്ങഴി തന്നെ അളന്നു കൊടുക്കണം അതാണ് രീതി. ഒരു മാസത്തിനിടയില്‍ മൂന്നിടങ്ങഴിയുടെ നഷ്ടം ഉണ്ടാവുമെങ്കിലും, കൊയ്ത്തിന് മുന്‍പുള്ള പഞ്ഞ ആഴ്ചകളില്‍ ലഭ്യമാവുന്ന ഈ പച്ചനെല്ല് പാവങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ സഹായമായിരുന്നു എന്ന് സമ്മതിക്കണം. )

 

പൗലോച്ചന്റെ വീതമാണ് ആദ്യം വാങ്ങിയത്. അളവില്‍ ഒരു രണ്ടു സെന്റിന്റെ കുറവ് കണ്ടങ്കിലും, അത് വക വയ്ക്കാതെ ആധാര പ്രകാരമുള്ള മുഴുവന്‍ സ്ഥലത്തിനും വില കൊടുത്ത് കൊണ്ട് ആണ് സ്ഥലം വാങ്ങിയത്. ഒരാളോട് ഒരു സാധനം വാങ്ങുന്‌പോള്‍ ആ കൂടെ അയാളുടെ മനസ്സ് കൂടി വാങ്ങണം എന്ന ഒരു ചിന്ത ( ഒരു പക്ഷെ, വിചിത്രമാവാം.) ഞാന്‍ സൂക്ഷിച്ചിരുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.

 

ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടാണ് തോമസ് സാറിന്റെ സ്ഥലം വാങ്ങിയത്. അന്ന് ഞങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നു. എല്‍ദോസ് വന്നിട്ടില്ല. മേരിക്കുട്ടിയുടെ സഹോദരീ ഭര്‍ത്താവും, വണ്ണപ്പുറത്തെ പ്രമുഖ വ്യവസായിയുമായ തൊമ്മച്ചന്‍ തോമസ് സാറിന്റെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്നതിനാല്‍ ആ ബന്ധം ഉപയോഗപ്പെടുത്തി തൊമ്മച്ചനാണ് ഇടനിലക്കാരന്‍ ആയി നിന്ന് കൊണ്ട് എല്ലാം പറഞ്ഞു ശരിയാക്കിയത്. സ്ഥലത്തിന്റെ വില ഞങ്ങള്‍ തോമസ് സാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊടുത്തു. അതിനു ശേഷം ഒരു മാസം കൂടി കഴിഞ്ഞിട്ടാണ് ഞങ്ങളുടെ അസാന്നിധ്യത്തില്‍ അദ്ദേഹം ആധാരം രെജിസ്റ്റര്‍ ചെയ്തു തന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code