Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബജറ്റുകളില്‍ കര്‍ഷകരെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകും: ഇന്‍ഫാം

Picture

കൊച്ചി: വരാന്‍പോകുന്ന കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ കര്‍ഷകരെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്നും കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളില്‍ എന്തൊക്കെ നടപ്പിലാക്കിയെന്ന് സര്‍ക്കാരുകള്‍ ധവളപത്രമിറക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.



ബജറ്റുപ്രസംഗങ്ങളിലെ കഥകളിലും കവിതകളിലും പൊള്ളയായ വാഗ്ദാനങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത മൈതാനപ്രസംഗങ്ങളുടെ നിലവാരത്തിലേയ്ക്ക് സര്‍ക്കാര്‍ ബജറ്റുകള്‍ തരംതാഴുന്നത് ദുഃഖകരമാണ്. രാജ്യത്തെയും സംസ്ഥാനത്തെയും സമ്പദ്ഘടന തകര്‍ന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷികമേഖലയുടെ വന്‍തകര്‍ച്ച തുടരുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. ദേശീയ സംസ്ഥാന വളര്‍ച്ചാനിരക്കുകളില്‍ വന്‍ ഇടിവും നേരിടുന്നു.


സംസ്ഥാന സര്‍ക്കാരിന്റെ കടക്കെണി ഓരോ വര്‍ഷവും കുതിക്കുക മാത്രമല്ല പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മിതിക്കുമായി വിദേശ ഏജന്‍സികളില്‍ നിന്ന് കടംവാങ്ങിയ തുകപോലും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളത്തിനും ധൂര്‍ത്തിനുമായി വകമാറ്റപ്പെട്ടു. വിവാദങ്ങള്‍ നിരന്തരം സൃഷ്ടിച്ച് ജനകീയ വിഷയങ്ങളില്‍നിന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഒളിച്ചോടുവാന്‍ ശ്രമിക്കുമ്പോഴാണ് ഈ വര്‍ഷത്തെ ബജറ്റവതരണമെന്നത് ഏറെ പ്രസക്തമാണ്. കാര്‍ഷികമേഖലയെ പുനര്‍ജീവിപ്പിക്കാതെ ഇന്ത്യയിലെയും കേരളത്തിലെയും സമ്പദ്ഘടനയ്ക്ക് വളര്‍ച്ചയുണ്ടാകില്ല. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിളമാറ്റകൃഷിക്കും കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്തിനും പ്ലാന്റേഷന്‍ നിയമങ്ങളില്‍ ഭേദഗതിക്കും വനനിയമങ്ങളില്‍ തിരുത്തലിനും കൃഷിക്കാരന്റെയും കൃഷിയുടെയും സംരക്ഷണത്തിനും സര്‍ക്കാര്‍ തയ്യാറാകണം.



ഭൂനികുതി വര്‍ദ്ധിപ്പിച്ചും കൃഷിഭൂമിയുടെ അടിസ്ഥാനവില ഉയര്‍ത്തി ക്രയവിക്രയങ്ങള്‍ നിശ്ചലമാക്കിയും അസംഘടിത കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമ്പൂര്‍ണ്ണ പൊളിച്ചെഴുത്തു നടത്തി സാര്‍വ്വത്രിക പെന്‍ഷന്‍ നടപ്പിലാക്കുവാനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകണം. കഴിഞ്ഞ ബജറ്റുകളിലെ നിര്‍ദ്ദേശങ്ങള്‍ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങിയെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും വരാന്‍പോകുന്ന തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ വേണ്ടിയുള്ള ആയുധം മാത്രമായി ബജറ്റിനെ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റരുതെന്നും കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വ്യക്തവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

ഫാ. ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code