Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കേരളത്തിലെ മണ്ണുഖനനം (ഒരു ദൃക്‌സാക്ഷി വിവരണം- തോമസ് കൂവള്ളൂര്‍)

Picture

ന്യൂയോര്‍ക്ക്: ഈയിടെ ഏതാനും ദിവസങ്ങള്‍ കേരളത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞ ഈ ലേഖകന് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍ കേരളത്തിലെ മണ്ണ് മാഫിയകള്‍ എത്രമാത്രം ക്രൂരമായാണ് കേരളത്തിലെ മനോഹരമായ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ള സത്യം നേരിട്ട് കാണുവാനുള്ള അവസരം ലഭിച്ചു.

 

കേരളത്തിന്റെ ഹൃദയഭാഗമായ കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനെട്ടാം (18) വാര്‍ഡില്‍ കക്കത്തുമല - മേട്ടുംപാറ റോഡിനഭിമുഖമായി പണികഴിപ്പിച്ചിരിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വെങ്ങാലില്‍ ജെയ്‌മോന്‍ കുരുവിള എന്ന പ്രവാസിയുടെ അതിഥിയായി 2020 ജനുവരി രണ്ടാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ താമസിക്കുന്ന അവസരത്തിലാണ് കേരളത്തിലെ മണ്ണ് മാഫിയകളുടെ ഭൂമിയോടുള്ള ക്രൂരത കാണുവാന്‍ കഴിഞ്ഞത്.

 

വിദേശത്തുപോയി കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച്, താന്‍ സ്വപ്നംകണ്ട രീതിയില്‍ നല്ലൊരു വീടുവെച്ച് കുറെക്കാലത്തെ പ്രവാസ ജീവിതത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തി ശിഷ്ടകാലം ബന്ധുമിത്രാദികളോടൊപ്പം സ്വസ്ഥമായി ജീവിക്കണമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസിയായ ജെയ്‌മോന്‍ വെങ്ങാലിലിന്റെ പുരയിടത്തിനു മൊത്തം ഹാനിവരത്തക്ക വിധത്തിലാണ് ഈ ക്രൂരത നടമാടിയത്.

 

ജെയ്‌മോന്റെ വീടിന്റെ പുരയിടത്തിനു തൊട്ടുപുറകില്‍ ആ പുരയിടത്തോടു ചേര്‍ന്നു കിടക്കുന്ന ഒരു കുന്ന് വെറും മൂന്നു ദിവസം കൊണ്ട് ആധുനിക മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരന്നെടുത്ത് നൂറുകണക്കിന് ടിപ്പറുകളില്‍ മണ്ണ് മാറ്റുകയുണ്ടായി.

 

ജനുവരി 5-ന് രാത്രി 2 മണിയോടുകൂടി വീടിനു പുറകുവശത്തെ പറമ്പില്‍ നിന്നും വലിയൊരു ബഹളം കേട്ടു. അധികം താമസിയാതെ നൂറുകണക്കിനു ലോറികള്‍ തുടര്‍ച്ചയായി പ്രസ്തുത സ്ഥലത്ത് കയറി ഇറങ്ങുന്നതുപോലെ വലിയ ഇരമ്പലും. പിറ്റേന്ന് പകല്‍ വീടിന്റെ പുറകുവശത്ത് പോയി ഈ ലേഖകന്‍ നോക്കിയെങ്കിലും കാര്യമായി ഒന്നുംതന്നെ കാണാന്‍ കഴിഞ്ഞില്ല. ജനുവരി ആറാം തീയതിയും പാതിരാത്രി കഴിഞ്ഞപ്പോള്‍ തലേ രാത്രിയിലേതുപോലെ ബഹളും കേട്ടുവെങ്കിലും പ്രവാസിയായ എനിക്ക് കേരളത്തില്‍ എന്തുകാര്യം എന്ന ചിന്തയോടെ നോക്കാന്‍ ശ്രമിച്ചില്ല.

 

ഒടുവില്‍ മൂന്നാം ദിവസമായ ഏഴാം തീയതി രാത്രിയും സംഭവബഹുലമായി കടന്നുപോയി. എട്ടാംതീയതി കേരളത്തിലാകമാനം ബന്ദാചരണം ആയിരുന്നതിനാല്‍ ആ ദിവസം ശാന്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താമസിക്കുന്ന പുരയിടത്തിനു പുറകുവശത്ത് എന്താണ് നടക്കുന്നതെന്ന് ഒന്നു നോക്കാമെന്നു തീരുമാനിച്ചു. നോക്കിയപ്പോള്‍ ഞാനാകെ അന്ധാളിച്ചുപോയി. കാരണം പ്രവാസിയായ ജെയ്‌മോന്‍ വെങ്ങാലിലിന്റെ പുരയിടം വലിയൊരു കുന്നിന്‍ മുകളില്‍ ഇരിക്കുന്നതുപോലെയും, പുറകുവശം അഗാധമായ ഒരു ഗര്‍ത്തമായി മാറിയിരിക്കുന്നതും കാണാന്‍ കഴിഞ്ഞു.

 

ഇത്രയുമായ സ്ഥിതിക്ക് തൊട്ടടുത്ത് താമസിക്കുന്ന എന്റെ ഭാര്യാ സഹോദരനെ വിളിച്ച് സംഭവം കാണിച്ചു. ഉടന്‍ ജെയ്‌മോന്റെ ബന്ധുവായ ജോയി പനങ്കാലയെ വിളിച്ച് വിവരം ധരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകന്‍കൂടിയായ ജോയി പനങ്കാലയും മറ്റ് ഏതാനും പ്രകൃതി സംരക്ഷണ സമിതി അംഗങ്ങളും, തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ബിജു മറ്റപ്പള്ളിയും പാഞ്ഞെത്തി. ബിജു മറ്റപ്പള്ളിയുടെ നിര്‍ദേശപ്രകാരം ജോയി പനങ്കാലയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളുടെ ഇടയില്‍ ഇറങ്ങി ഒപ്പുശേഖരണവും നടത്തി. ഇതിനിടെ വില്ലേജ് ഓഫീസര്‍ക്കും, കളക്ടര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ക്കും ഉള്ള പരാതി എഴുതിയുണ്ടാക്കാന്‍ എന്നാല്‍ കഴിയും വിധം സഹായിച്ചു എന്നതില്‍ ഞാനും അഭിമാനിക്കുന്നു.

 

ചുരുങ്ങിയ സമയംകൊണ്ട് നാല്‍പ്പതില്‍പ്പരം ഒപ്പുകള്‍ ശേഖരിച്ച് ജോയി പനങ്കാലാ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കി. ജോയിയുടെ നിര്‍ബന്ധപ്രകാരം ബന്ദായിട്ടുകൂടി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സംഭവം നേരിട്ട് കാണുകയും തുടര്‍ന്നു മണ്ണ് മാറ്റാതിരിക്കാനുള്ള സ്റ്റോപ്പ് ഓര്‍ഡര്‍ കൊടുക്കുമെന്നും പറഞ്ഞു. എന്നു തന്നെയല്ല, വീണ്ടും മണ്ണ് മാറ്റാന്‍ വന്നാല്‍ നാട്ടുകാരോട് തടഞ്ഞുകൊള്ളാനും വില്ലേജ് ഓഫീസര്‍ പറഞ്ഞു.

 

ഏതായാലും പ്രതീക്ഷിച്ചപോലെ തന്നെ അന്നുരാത്രിയും പാതിരാ കഴിഞ്ഞപ്പോള്‍ നിരവധി ലോറികള്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും തദ്ദേശവാസികള്‍ അവരെ തടയുകയും മേലില്‍ മണ്ണ് മാറ്റാന്‍ പാടില്ലെന്നു വിലക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തകനായ ജോയി പനങ്കാലയാണ് അതിനു നേതൃത്വം നല്‍കിയത്. പോലീസിന്റെ പോലും സാന്നിധ്യമില്ലാതെ പ്രദേശത്തെ പ്രശ്‌നങ്ങള്‍ ജനകീയമായിത്തന്നെ കൈകാര്യം ചെയ്ത ജോയി പനങ്കാലയെപ്പോലുള്ളവര്‍ സമൂഹത്തിന്റെ മുതല്‍ക്കൂട്ടാണെന്നു പറയാം. അദ്ദേഹത്തെ പോലുള്ളവരെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.

 

ഈ മണ്ണെടുപ്പു മുലം ജെയ്‌മോന്‍ വെങ്ങാലിലിന്റെ മൊത്തം പുരയിടം തന്നെ അപകടാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഒരിക്കലും വറ്റാത്ത അദ്ദേഹത്തിന്റെ കിണറിലെ ജലനിരപ്പ് തന്നെ ക്രമാതീതമായി താഴാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ മണ്ണ് മാന്തിയും, പ്രവാസികളെ ഏതു വിധേനയും ദ്രോഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുള്ളതാണ് വാസ്തവം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ഉദ്യോഗസ്ഥന്മാരും, എന്തിനേറെ പോലീസ് മേധാവികള്‍ വരെ മണ്ണ് മാഫിയകളുടെ വെറും ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നതായറിയുന്നു. വിദേശത്താണെങ്കിലും അവിടെ ഇരുന്നുകൊണ്ട് ജെയ്‌മോന്‍ വെങ്ങാലില്‍ മൈനിംങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റുമായും, വകുപ്പ് മന്ത്രിയുമായും, കളക്ടര്‍ മുതലായവരുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്.

 

ജെയ്‌മോന്റെ പുരയിടം അടുത്ത കാലവര്‍ഷത്തില്‍ താഴേയ്ക്ക് ഇരുന്നുപോകാന്‍ സാധ്യതയുള്ളതായി കാണാം. ഏതായാലും വക്കീലന്മാരെവരെ അദ്ദേഹം ബന്ധപ്പെടുകയും, ഞാന്‍ സ്ഥലത്തുള്ളപ്പോള്‍ തന്നെ അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

 

പ്രവാസികള്‍ക്ക് നേരേയുള്ള കേരളത്തിലം മണ്ണ് മാഫിയകളുടെ ഇത്തരത്തിലുള്ള ക്രൂരമായ നടപടികളെ നേരിടാന്‍ എല്ലാ പ്രവാസി സംഘടനകളും, അവയുടെ നേതാക്കന്മാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ ലേഖകന് പറയാനുള്ളത്. ഇത്തരത്തിലുള്ള മന:സാക്ഷിയില്ലാത്ത മണ്ണെടുപ്പ് കേരളത്തിന്റെ മൊത്തം പ്രകൃതിയെ തന്നെ സാരമായി ബാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. വാസ്തവത്തില്‍ പ്രവാസികളുടെ ഭൂമിയും, സ്വത്തും സംരക്ഷിക്കേണ്ടത് കേരളത്തിലെ ഭരണ തലപ്പത്തിരിക്കുന്ന ഗവണ്‍മെന്റാണ്. ഭരണ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നടപടികള്‍ക്ക് കര്‍ശനമായ നിയമ നടപടികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടാകാനുള്ള ദുരന്തങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല.

 

ഈ മണ്ണെടുപ്പ് മൂലം ഈ കഴിഞ്ഞ വര്‍ഷം ടാര്‍ ചെയ്ത മേട്ടുംപാറ- കക്കാത്തുമല റോഡ് തന്നെ ആയിരക്കണക്കിന് ടിപ്പറുകള്‍ ഓടിയതുമൂലം തകരാറിലാകാന്‍ സാധ്യതയുള്ളതായി പഞ്ചായത്ത് മെമ്പര്‍ ബിജു മറ്റപ്പള്ളി തന്റെ പത്ര പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി. പ്രസ്തുത വാര്‍ത്ത മലയാള മനോരമയുടെ കോട്ടയം റിപ്പോര്‍ട്ടില്‍ വായിക്കുകയുണ്ടായി.

 

ഈ ലേഖകന്റെ വളരെ ചുരുങ്ങിയ കേരള യാത്രയില്‍ പ്രവാസികള്‍ക്കും, അവരുടെ സ്വത്തിനും, ജീവനുതന്നെ സുരക്ഷിതമില്ലാത്ത ഒരു ഭീകരാന്തരീക്ഷമാണ് കേരളത്തില്‍ ഇന്നു നിലവിലുള്ളതെന്നു നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. കേരളാ ഗവണ്‍മെന്റിന്റേയും അധികാരികളുടേയും ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടതാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു.

 

വാര്‍ത്ത തയാറാക്കിയത്: തോമസ് കൂവള്ളൂര്‍.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code