Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശപ്പകറ്റാന്‍ മണ്ണു തിന്ന് കുട്ടികള്‍; നിസ്സഹായയായ അമ്മ 4 മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി

Picture

തിരുവനന്തപുരം: സ്വന്തം കണ്ണീര്‍ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികള്‍. പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ മടിയില്‍ വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍– നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. സാമൂഹിക വളര്‍ച്ചയുടെ അഭിമാനക്കണക്കുകള്‍ നിരത്തുന്ന കേരളത്തിന്റെ നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായി അത്.

 

സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലാണ് ആ കുടില്‍. അതില്‍ മൂന്നു മാസം മുതല്‍ 7 വയസ്സു വരെയുള്ള 6 കുരുന്നുകള്‍. അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസില്‍ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്പോള്‍ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആണ്‍കുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവന്‍ നിഷ്കളങ്കമായി പറഞ്ഞു. ആ മണ്ണോ... അഴുക്കും മാലിന്യങ്ങളും കുഴഞ്ഞത്.

 

ഫ്‌ലെക്‌സ് കൊണ്ടു മേഞ്ഞ, ബോര്‍ഡുകള്‍ വച്ചു മറച്ച ഒറ്റമുറിക്കുടിലിനകത്ത് അമ്മ ശ്രീദേവിയുടെ മടിയില്‍ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങള്‍. ആരുടെയും കണ്ണു നിറഞ്ഞുപോകുന്ന കാഴ്ച. അച്ഛനെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ ഭയന്നുവിറച്ചു: ‘‘അച്ഛന്‍ വന്നാല്‍ അടിക്കും, അമ്മയെയും അടിക്കും’’. മരംകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോന്‍. ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തില്‍ ക്രൂരതയുടെ മര്‍ദനപ്പാടുകള്‍. സമിതി പ്രവര്‍ത്തകര്‍ അടിയന്തരമായി എല്ലാവര്‍ക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂര്‍ത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോള്‍ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: ‘എന്റെ മക്കളെ ഏറ്റെടുക്കാമോ ഭക്ഷണമെങ്കിലും കിട്ടുമല്ലോ’

 

ഏഴും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയും അപ്പോള്‍ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു കൊണ്ടുപോയി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code