Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമാ സഭയും സംശുദ്ധമായ ദൈവാരാധനയും (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

Picture

ദൈവാരാധനയ്ക്കായി പള്ളിയില്‍ പോകുന്ന മാര്‍ത്തോമ്മക്കാര്‍, എങ്ങനെയുള്ള ഒരു ദൈവത്തെ ആരാധിക്കുവാനാണ് ഞായറാഴ്ച പള്ളിയില്‍ പോകുന്നതെന്നും, എന്തു ലക്ഷ്യമാണ് അവരുടെ ആരാധനയ്ക്കുള്ളതെന്നുമുള്ള ഒരു ഏകദേശ അറിവ് ഉണ്ടായിരിക്കേണ്ടത് അവശ്യം ആവശ്യമാകുന്നു.

 

ദൈവാരാധനയിലെ കാതലായ ചില കാര്യങ്ങള്‍ ഒന്നോടിച്ചു പറയുവാനേ ഞാന്‍ ഇവിടെ മുതിരുന്നുള്ളൂ. നാം ആരാധിക്കുന്ന ദൈവം ആരാകുന്നു? അതിശയകരമായി മനുഷ്യനെ സൃഷ്ടിച്ച, ഈ അത്ഭുത പ്രപഞ്ചത്തിന്റെ ഉടയവനായ ദൈവത്തെക്കുറിച്ച് വളരെ പരിമിതമായ ഒരരിവ് മാത്രമേ മനുഷ്യനുള്ളൂ. ആയിരം പതിനായിരം ജന്മങ്ങള്‍ കിട്ടി ആയിരമായിരം സര്‍വ്വകലാശാലകളില്‍ പഠനങ്ങള്‍ നടത്തിയാലും അനന്തമായ ആകാശമുള്‍പ്പടെയുള്ള ഈ അത്ഭുത പ്രപഞ്ചത്തെപ്പറ്റിയോ, ദൈവ മഹത്വത്തെപ്പറ്റിയോ അംശമായ ഒരറിവേ അവനു കിട്ടുകയുള്ളല്ലോ?

 

സര്‍വ്വ പ്രധാനമായി, ദൈവത്തെ ആരാധിക്കുന്ന തന്റെ ഭക്തന്മാര്‍ ആത്മവിശുദ്ധി ഉള്ളവരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. സ്തുതികളില്‍ വസിക്കുന്നവനും, വിശുദ്ധരില്‍ അതിവിശുദ്ധനും, മഹത്വത്തില്‍ മഹോന്നതനും, സ്‌നേഹത്തിന്റേയും ജ്ഞാനത്തിന്റേയും സര്‍വ്വ നന്മകളുടേയും ഉറവിടമായ ദൈവത്തിന്റെ പരിശുദ്ധ സന്നിധാനത്തിലേക്കാണ് ആരാധനയ്ക്കായി കടന്നുവരുന്നതെന്നുള്ള സത്യം ക്രിസ്തുവിശ്വാസികള്‍ക്ക് ഉണ്ടെങ്കില്‍- എത്ര വലിയവരായാലും അവര്‍ തങ്ങളുടെ കാലുകളില്‍ നിന്നും ചെരിപ്പുകളും, ഷൂസുകളും ഊരിമാറ്റി ശരീരവിശുദ്ധി വരുത്തേണ്ടതാണ്.

 

ഒരിക്കലും മാനസാന്തരം പ്രാപിക്കാത്ത, അത് ആവശ്യമില്ലെന്നു കരുതുന്ന അധികം മാര്‍ത്തോമ്മാക്കാരും, പ്രവര്‍ത്തികളിലും ജീവിതശൈലികളിലും സ്വയത്തെ ത്യജിക്കാത്ത മറ്റനേകായിരം ഇതര സഭാ വിശ്വാസികളും ഈ പാവനമായ ദൈവാരാധന വിഷയത്തില്‍ മുന്‍വിധിയൊന്നും കൂടാതെ ഹിന്ദുമത ഭക്തന്മാരേയും ഇസ്ലാം മത വിശ്വാസികളേയും കണ്ടു പഠിക്കണം. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഒരു ഹിന്ദുവിന്റേയും മുസ്ലീമിന്റേയും കാലില്‍ ചെരിപ്പോ, ഷൂസോ കാണുകയില്ല! സത്യ ദൈവ വിശ്വാസികള്‍ എന്നവകാശപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഈ ശരീരശുദ്ധിയുണ്ടോ? ചിന്തിച്ചാലും. പാപമോചനം പ്രാപിക്കാതെയും കാലില്‍ ചെരിപ്പും ഷൂസും ധരിച്ചുകൊണ്ടും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ക്രിസ്തു വിശ്വാസിയേ! ക്രിസ്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നന്നു. തന്നോട് അടുത്തുവരാന്‍ ശ്രമിച്ച മോശയോട് ദൈവം കല്‍പിച്ച "നിന്റെ കാലില്‍ നിന്നും ചെരുപ്പ് ഊരിമാറ്റുക' എന്നുള്ള കല്‍പ്പന ഇന്നും എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും ബാധകമാണെന്നുള്ള സത്യം നാം വിസ്മരിക്കരുത്.

 

പല പതിറ്റാണ്ടായി മാര്‍ത്തോമ്മാ സഭ അനുഷ്ഠിച്ചുപോരുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് നിര്‍ദോഷകരമാം വിധത്തിലുള്ള മാറ്റം അഥവാ നവീകരണം വരുത്തേണ്ട കാലം വളരെ അതിക്രമിച്ചുപോയിരിക്കുന്നു.

 

പല പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളുടെ തിരുവത്താഴ ശുശ്രൂഷയില്‍ ക്രിസ്തുവിന്റെ തിരുശരീര രക്ത പ്രതീകങ്ങളായ അപ്പവും വീഞ്ഞും വൈദീകന്‍ പ്രാര്‍ത്ഥിച്ച് വാഴ്ത്തി അനുഗ്രഹിച്ച് സ്വയം കഴിക്കാനായി വിശ്വാസികളുടെ കൈയില്‍ കൊടുക്കുന്നു. പാസ്റ്റര്‍ നിര്‍ദേശിക്കുമ്പോള്‍ അവര്‍ അതു കഴിക്കുകയും ചെയ്യുന്നു. മെതോഡിസ്റ്റ്, പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ചുകളിലെ ഇങ്ങനെയുള്ള തിരുവത്താഴ ശുശ്രൂഷകളില്‍ ഞാന്‍ പങ്കുകൊള്ളുകയും ചെയ്തിട്ടുണ്ട്.

 

മാര്‍ത്തോമ്മാ സഭയിലെ വൈദീകര്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് വിശ്വാസികളുടെ വായിലേക്ക് വീഞ്ഞ് നല്‍കുന്ന ഇപ്പോഴത്തെ രീതി അനാരോഗ്യകരമായിട്ടുള്ളതാണെന്നു ഞാന്‍ ഇവിടെ സവിനയം പറഞ്ഞുകൊള്ളട്ടെ. വൈദീകന്‍ ഇങ്ങനെ വിശ്വാസികള്‍ക്ക് വീഞ്ഞ് കൊടുക്കുമ്പോള്‍ അതു കൈക്കൊള്ളുന്നവരുടെ വായിലൊരിടത്തും സ്പര്‍ശിക്കില്ലെന്നു ഉറപ്പു പറയാന്‍ എത്ര വൈദീകര്‍ക്ക് കഴിയും? പ്രായമുള്ള വൈദീകര്‍ക്കും കൈയ്ക്ക് വിറയില്‍ അനുഭവപ്പെടുന്നവര്‍ക്കുമൊക്കെ ഇത് ബുദ്ധിമുട്ടുള്ളതാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? വിശ്വാസികളുടെ വായിലേക്ക് വൈദീകന്‍ ഇങ്ങനെ വീഞ്ഞ് നല്‍കുമ്പോള്‍ സ്പൂണ്‍ അവരുടെ ആരുടെയെങ്കിലും വായില്‍ അറിയാതെ സ്പര്‍ശിച്ചാല്‍, ആ ആളിന്റെ വായിലെ ഉമിനീര്‍ ആ സ്പൂണില്‍ പുരളുകയും അതു കുര്‍ബാന കൈക്കൊള്ളുന്ന അടുത്ത ആളിന്റെ വായിലേക്ക് സംക്രമിച്ചെന്നും വരാം. ഇത് അനാരോഗ്യകരമായ ഒരു പ്രക്രിയ തന്നെയാകുന്നു എന്നു ഡോക്ടര്‍മാര്‍ പോലും സമ്മദിക്കുന്നതാണ്. ഇനിയും ഈ കാര്യത്തിലുള്ള മറ്റൊരു ദോഷം, സ്പൂണിലൂടെ വിശ്വാസിക്ക് നല്‍കുന്ന വീഞ്ഞിന്റെ ഒരു ഭാഗം ചിലപ്പോഴൊക്കെ കുര്‍ബാന കൈക്കൊള്ളുന്നവരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിച്ചു വീഴുകയും ചെയ്യാറുണ്ടെന്നുള്ള സത്യവും നാമിവിടെ ഓര്‍ക്കണം.

 

ലളിതമായ രീതിയില്‍ ഈ ന്യൂനത ഒഴിവാക്കാവുന്നതാണ്. സ്പൂണിലൂടെ എടുക്കുന്ന അളവ് വീഞ്ഞോ, അഥവാ അതില്‍ അല്‍പ്പം കൂടി കൂടിയ ഒരളവിലുള്ള വീഞ്ഞ് ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ (Container) ഒഴിച്ചുവെച്ച് വൈദീകര്‍ക്ക് നേരിട്ട് വിശ്വാസികള്‍ക്ക് അനായാസമായും വേഗത്തിലും കൊടുക്കാവുന്നതാണ്. വീഞ്ഞ് എടുക്കുന്ന ഈ കണ്ടെയ്‌നറുകള്‍ കഴുകി വൃത്തിയാക്കി തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്.

 

വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ വരുത്താവുന്ന ലളിതമായ ഈ ചെറിയ മാറ്റത്തില്‍ യാതൊരു അപാകതയും ന്യൂനതയുമില്ലെന്നും ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ.

 

ദൈവത്തിന്റെ ഏറ്റവും വലിയ ഇഷ്ടം വിശ്വാസിയുടെ ശുദ്ധീകരണമാകുന്നു. മാര്‍ത്തോമാ സഭാ നേതൃത്വം ദൈവാത്മാവില്‍ ഈ വിഷയത്തെപ്പറ്റി കൂലങ്കഷമായി ചിന്തിച്ച് ആരോഗ്യകരവും കാലാനുസൃതവുമായ മാറ്റങ്ങള്‍ കൈക്കൊള്ളുവാന്‍ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

 

മാര്‍ത്തോമ്മാ സഭയുടെ ഇന്നിന്റെ ഏറ്റവും വലിയ ആവശ്യം പ്രൗഡിയുള്ള വലിയ പള്ളികളോ, ഭൗതീകമായ നേട്ടങ്ങളോ അല്ല! പ്രത്യുത, അത് വ്യക്തികളായിട്ടും, കുടുംബങ്ങളായിട്ടുമുള്ള മാനസാന്തരവും, ധാര്‍മ്മികതയും, യഥാര്‍ത്ഥമായ ക്രിസ്തീയ ദര്‍ശനവും, പരസ്പര സ്‌നേഹവും കാരുണ്യവും വിനയവും വിശുദ്ധിയും ദൈവ ഇഷ്ടം നിവര്‍ത്തിക്കുന്ന വിശ്വാസികളും സംശുദ്ധിയുള്ള ആരാധനയുമാകുന്നു.

 

(തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code