Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍- 49: ജയന്‍ വര്‍ഗീസ്)

Picture

ഒരു പഴയ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് നെല്ലീസ് സോവിങ് ഫാക്ടറി. അര്‍ജന്റീനയില്‍ നിന്ന് കുടിയേറിയിട്ടുള്ള നെല്ലിയും ഒരു നല്ല തയ്യല്‍ക്കാരിയാണ്. മെല്ലിച്ച ശരീരമുള്ള അന്‍പതു കാരിയായ അവര്‍ ആവശ്യമില്ലാതെ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യാറില്ല. എന്നാല്‍ മെഷീനില്‍ തയ്ച്ചു കൊണ്ടിരിക്കുന്‌പോള്‍ ചിലപ്പോള്‍ കണ്ണീര്‍ ഒഴുക്കുന്നത് കാണാം. ആരെങ്കിലും കാണുന്നതായി തോന്നിയാല്‍ അപ്പോള്‍ത്തന്നെ കണ്ണീര്‍ തുടച്ചു സാധാരണ ഭാവം കൊണ്ടുവരും. നെല്ലിയുടെ കുടുംബത്തെപ്പറ്റിയോ, ഭര്‍ത്താവോ, മക്കളോ ഉണ്ടോ എന്നതിനെപ്പറ്റിയോ, അവര്‍ എവിടെയാണ് താമസിക്കുന്നത് എന്നോ അവിടെ ആര്‍ക്കും ഒന്നും അറിഞ്ഞു കൂടാ. അവര്‍ അല്‍പ്പം തുറന്നു സംസാരിക്കുന്നത് കൊളംബിയന്‍ സുന്ദരി ഗ്ലാഡിസിനോട് മാത്രമായിരുന്നു.

 

ബഹുരാഷ്ട്ര കന്പനികളുടെ സ്‌കൈ സ്‌ക്രേപ്പര്‍ ബില്‍ഡിങ്ങുകളില്‍ കറങ്ങുന്ന കസേരകളില്‍ ജോലി ചെയ്യുന്ന എക്‌സിക്കുട്ടീവുകളുടെ നാടായ അമേരിക്കയില്‍ എനിക്ക് ഒരു ജോലി തന്നത്, ആരോടും പറയാതെ വേദനകള്‍ ഉള്ളിലൊതുക്കി നടക്കുന്ന ഒരു തയ്യല്‍ക്കാരി അവളുടെ സ്വന്തം തൊഴിലിടത്തില്‍. ആര്‍ക്കും വേണ്ടാത്ത എനിക്ക് ഒരു ജോലി തന്നതിന്റെ പേരില്‍ ആ സ്ത്രീക്കും എന്തെങ്കിലും കിട്ടണം എന്ന് ഞാന്‍ മനസ്സില്‍ തീരുമാനം എടുത്തു. അത് കൊണ്ട് തന്നെ വിശ്രമം എടുക്കാതെ ഞാന്‍ ജോലി ചെയ്തു. ഉച്ചക്ക് അര മണിക്കൂര്‍ ലഞ്ച് ബ്രെക് ഒഴികെ ഞാന്‍ മിഷ്യനില്‍ നിന്ന് എഴുന്നേല്‍ക്കാറില്ല. എട്ടു മണിക്ക് തുടങ്ങിയാല്‍ നാലരക്ക് അവസാനിക്കുന്നതായിരുന്നു ജോലി സമയം. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ജോലി. ശനി ഞായര്‍ അവധി. മുന്‍ പരിചയം ഉണ്ടായിരുന്നത് കൊണ്ടാവാം, ഈ ജോലി ഒരു ഭാരമായി എനിക്ക് തോന്നിയില്ല.

 

( ആഴ്ച്ചപ്പാര്‍ട്ടികളില്‍ ഒത്തു കൂടുന്‌പോള്‍ ആളുകള്‍ അവരുടെ ആദ്യകാല ജോലിയെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ളത് വ്യത്യസ്ഥമായ മറ്റൊരു കഥയാണ്. എങ്ങിനെയും എട്ടു മണിക്കൂര്‍ ഒപ്പിച്ച് കിട്ടുന്നത് കൈക്കലാക്കുക എന്നതായിരുന്നു അവരുടെ രീതി. ' വല്ല കറന്പനോ, പോര്‍ട്രിക്കനോ ' ഒക്കെ ചത്തു പണിയുന്നത് കണ്ടിട്ട് നമ്മള്‍ മിടുക്കന്മാരായ മലയാളികള്‍ അങ്ങിനെ ചെയ്‌യേണ്ടതില്ല എന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു. ഒരു കാര്‍ഡ് ബോര്‍ഡ് കന്പനിയില്‍ ജോലി ചെയ്‌യുന്‌പോള്‍ പല തവണ ചിലര്‍ ബാത്തുറൂമില്‍ പോക്ക് പതിവാക്കി. കൂടുതല്‍ സമയം കൊല്ലാനായി ക്ലോസറ്റിലാണ് കുത്തിയിരിക്കുക. ടോയ്‌ലറ്റ് ഡോറിന്റെ അടിയിലൂടെ ഇരിക്കുന്നവരുടെ പാദങ്ങള്‍ സൂപ്പര്‍വൈസര്‍ കാണുന്നുണ്ട് എന്നറിഞ്ഞതോടെ ക്‌ളോസറ്റിന്റെ മുകളിലുള്ള സീറ്റില്‍ കാല്‍ വച്ച് കുത്തിയിരുന്നായി പിന്നത്തെ വിശ്രമം. അകത്തു പോയ ആളെ വളരെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞിട്ട് സൂപ്പര്‍വൈസര്‍ അടിയിലൂടെ കുനിഞ്ഞു നോക്കി കാര്യം കണ്ടെത്തിയെന്നും, ദേഷ്യപ്പെട്ട് " ഫക്കിങ് ഇന്ത്യന്‍സ് ! ദേ ഡോണ്ട് നോ ഹവ് ടു യൂസ് ദ ടോയിലറ്റ് " എന്ന് കമന്റു പാസാക്കുകയും ചെയ്തുവത്രേ ? അമേരിക്കയില്‍ ജോലി ചെയ്‌യുന്ന ധാരാളം മലയാളികളുടെ പൊതുവായ നയം ഇന്നും ഇത് തന്നെയാണ് എന്ന് ഞാന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. )

 

ഈ ആഴ്ചയില്‍ ജോലി ചെയ്യുന്നതിന്റെ കൂലി ( ചെക്ക് ) പിന്നെ വരുന്ന വ്യാഴാഴ്ചയാണ് കിട്ടുന്നത്. അങ്ങിനെ ആദ്യത്തെ ശന്പളം ഒരു വ്യാഴാഴ്ചയില്‍ കിട്ടി. നൂറ്റി നാല്‍പ്പത്തി രണ്ട് ഡോളര്‍. നാല്‍പ്പത് മണിക്കൂറാണ് ജോലി സമയം എങ്കിലും, നെല്ലിയുടെ കന്പനി നിയമപ്രകാരം രെജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന തൊഴിലിടമായതിനാല്‍ നിലവിലുള്ള ടാക്‌സുകളും, സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ അടക്കേണ്ടുന്ന തുകയും എല്ലാം കഴിച്ചിട്ടുള്ള നെറ്റ് ബാലന്‍സാണ് ഈ നൂറ്റി നാല്‍പ്പത്തി രണ്ടു ഡോളര്‍. ചെക്കുമായി വീട്ടിലെത്തിയ ഞാന്‍ ചെക്ക് കൊച്ചേച്ചിയുടെ കയ്യില്‍ കൊടുത്തു. ചെക്ക് വാങ്ങി നോക്കിയ ശേഷം ചേച്ചി അത് എന്റെ കയ്യില്‍ തന്നെ തന്നു. ശനിയാഴ്ച ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി ചെക്ക് അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ നമുക്ക് പണമാക്കി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു എന്ന് ചേച്ചി പറഞ്ഞു. അതിന്‍ പ്രകാരം സമീപത്തുള്ള ഒരു സിറ്റിബാങ്ക് ശാഖയില്‍ എന്റെയും, ഭാര്യയുടെയും പേരിലുള്ള ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് ചെക്ക് അവിടെ നിക്ഷേപിച്ചു.

 

നെല്ലീസ് ഫാക്ടറിയില്‍ ഓര്‍ഡറുകള്‍ ധാരാളമായി വന്നു കൊണ്ടിരുന്നു. എവിടെയോ ഉള്ള ഗാര്‍മെന്‍റ് ഫാക്ടറികളില്‍ നിന്ന് ഇലക്ട്രിക് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കട്ടിങ് പൂര്‍ത്തിയാക്കിയ വസ്ത്ര ഭാഗങ്ങളാണ് പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്തു വരുന്നത്. ഇതില്‍ ഒരട്ടിയില്‍ നൂറു മുതല്‍ മുന്നൂറു വരെ വസ്ത്ര ഭാഗങ്ങളുണ്ടാവും. നെല്ലീസ് ഫാക്ടറിയില്‍ ഈ വസ്ത്ര ഭാഗങ്ങള്‍ തയ്ച്ചു കൂട്ടിച്ചേര്‍ക്കുന്‌പോള്‍ അത് നിശ്ചിത വസ്ത്രമായി തീരുന്നു. ചെറിയ വാനുകളിലാണ് കട്ടിങ് കഴിഞ്ഞ തുണികള്‍ അട്ടികളായി വരുന്നത്. ഫിലിപ്പീന്‍ കാരന്‍ അതെല്ലാം അണ്‍ലോഡ് ചെയ്തു വയ്ക്കും. ഒരട്ടി എടുത്തു വച്ചാല്‍ അതില്‍ വേണ്ട ഒരു തയ്യല്‍ ഒരാള്‍ നടത്തിയാല്‍ മതി. ഒരാള്‍ സ്ലീവ് മടക്കി തയ്ക്കുകയാണെങ്കില്‍ അയാള്‍ അത് തന്നെയാണ് അട്ടി തീരും വരെ ചെയ്യേണ്ടത്. മറ്റെയാള്‍ ആ സ്ലീവ് ബോഡിയില്‍ പിടിപ്പിക്കുകയാണെങ്കില്‍ അത് തന്നെ ചെയ്തു കൊണ്ടിരിക്കും, അട്ടി തീരുന്നതു വരെ. കൂടുതല്‍ ശ്രദ്ധ വേണ്ട പണികള്‍ നെല്ലി നേരിട്ടാണ് ചെയ്യുന്നത്. തയ്ച്ചു തീരുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് മടക്കാതെ ഹാങ്ങറില്‍ തൂക്കി ബാഗിങ് മെഷീനില്‍ തൂക്കിയിട്ടാല്‍ മതി, മെഷീന്‍ നേര്‍ത്ത ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഹാങ്ങര്‍ റാട്ടുകളില്‍ നിരയായി തൂക്കിയിടും. വീലുകള്‍ പിടിപ്പിച്ചിട്ടുള്ള ഈ റാട്ടുകള്‍ അതേ പടി ഉരുട്ടിക്കയറ്റി വലിയ പെട്ടി ട്രക്കുകളില്‍ നിറച്ചിട്ടാണ് സാധനം കൊണ്ട് പോകുന്നത്. നെല്ലിക്ക് എണ്ണത്തിനാണ് കൂലി. എങ്കിലും ഈ ബിസിനസ്സ് കൊണ്ട് നെല്ലി വളരെ പണം സന്പാദിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.

 

കൊളംബിയന്‍ സുന്ദരി ഗ്ലാഡിസ് ആണ് എന്റെ അടുത്ത മെഷീനില്‍ ജോലി ചെയ്യുന്നത്. രൂപം പോലെ തന്നെ ആകര്‍ഷകമായിരുന്നു അവളുടെ പെരുമാറ്റവും. ഇരുപത്തഞ്ചിനും, മുപ്പതിനും ഇടയിലായിരിക്കും പ്രായം എന്നേ പറയാന്‍ പറ്റൂ. പ്രായം ചോദിക്കുക എന്ന മണ്ടത്തരം കാണിച്ചാല്‍ മതി എത്ര വലിയ സൗഹൃദവും തെറ്റിപ്പിരിയാന്‍ എന്ന് ഞാന്‍ മുന്നമേ മനസിലാക്കിയിരുന്നു. ബോയ് ഫ്രണ്ട് കൂടെയുണ്ട്. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള സര്‍ക്കാര്‍ വക അപ്പാര്‍ട് മെന്റിലാണ് താമസം. കുട്ടികള്‍ ആയിട്ടില്ല. ബോയ് ഫ്രണ്ട് ആണ് കൊണ്ട് വരുന്നതും, കൊണ്ട് പോകുന്നതും. വണ്ടിയില്‍ നിന്ന് ഇറങ്ങിയ ശേഷവും, വണ്ടിയിലോട്ടു കേറുന്നതിന് മുന്‍പും അഞ്ചു മിനിറ്റോളം നേരം പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കും, എന്നിട്ടാണ് യാത്ര. എന്നോട് വലിയ സ്‌നേഹമാണ്. " ഗേള്‍ ഫ്രണ്ട് ഇല്ലേ? " എന്ന് ഒരിക്കല്‍ ചോദിച്ചു. " ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ക്ക് ഗേള്‍ ഫ്രണ്ട് അല്ല, ഭാര്യയാണ് കൂടെയുള്ളത് " എന്ന് പറഞ്ഞു. " എത്ര വര്‍ഷമായി കൂടെയുണ്ട്? " എന്ന ചോദ്യത്തിന് " ലൈഫ് ലോങ്ങ് " എന്ന ഉത്തരം പറഞ്ഞ എന്നെ നോക്കി അവള്‍ മനോഹരമായി ചിരിച്ചു. എന്നിട്ടവസാനം " പൂവര്‍ ഇന്ത്യന്‍സ് " എന്ന് മൊഴിയുകയും ചെയ്തു.

 

ഒരുവിധം നന്നായി ഇഗ്‌ളീഷ് സംസാരിക്കുന്ന അവളോട് : " നിനക്ക് നഴ്‌സിംഗ് അസിസ്റ്റന്റായിട്ടു ഒക്കെ ജോലി കിട്ടുമല്ലോ?അതിന് നല്ല വേതനം കിട്ടുമല്ലോ? " എന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു പോയി. പുളി കടിച്ച പോലെ അവളുടെ ചുണ്ടുകള്‍ വലിഞ്ഞു കോടി. എന്നിട്ട് വെറുപ്പോടെ എന്നെ നോക്കിക്കൊണ്ട് : " ഓ! നഴ്‌സിംഗ് ? ഷിറ്റ് ആന്‍ഡ് ബ്ലഡ് ? ഐ ഹെയിറ്റ് ഇറ്റ്." എന്ന് വെറുപ്പോടെ മറുപടി പറഞ്ഞു. പാവം നമ്മുടെ മലയാളി പെണ്‍കുട്ടികള്‍. എത്ര സമര്‍പ്പണത്തോടെയാണ് ലോകത്താകമാനം അവര്‍ നഴ്‌സിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

 

ഒരു മാസം കഴിഞ്ഞു. എല്ലാവരുമായി നല്ല ലോഹ്യത്തിലാണ് ഞാന്‍. എന്നെക്കാള്‍ നല്ല തയ്യല്‍ക്കാരിയായ മേരിക്കുട്ടി വീട്ടിലിരിക്കുന്നു. വീട്ടിലെ പാചകം കൊണ്ട് ഒതുങ്ങിക്കൂടിയാല്‍ എങ്ങനെ ജീവിക്കും ? അവള്‍ക്കും കൂടി ഒരു ജോലി കൊടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നെല്ലിയോട് ചോദിച്ചു. ആലോചിക്കട്ടെ എന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒന്നുകൂടി ചോദിച്ചു. കൊണ്ടുവരുവാന്‍ പറഞ്ഞു. ഒരു തിങ്കളാഴ്ച അവളെയും കൂട്ടി ഞാനെത്തി. അവളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് പലതിനും ഞാന്‍ മറുപടി പറയേണ്ടി വന്നു. ഒരു ഡ്രസ്സ് അവളെക്കൊണ്ട് തയ്പ്പിച്ചു നോക്കി. നെല്ലിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അന്ന് തന്നെ ജോലി തുടങ്ങിക്കോളാന്‍ പറഞ്ഞു. ഗ്ലാഡിസിന്റെ അപ്പുറത്തുള്ള മെഷീന്‍ അവള്‍ക്ക് കിട്ടി. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും നെല്ലീസ് കന്പനിയിലെ ജോലിക്കാരായിത്തീര്‍ന്നു.

 

ചേച്ചിയുടെ വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചു കൊണ്ടിരുന്ന കുടുംബം ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി. പൗലോസ് അളിയനും ഭാര്യയും ആ കൂടെ മാറി. താഴെ നിലയിലേക്ക് ഞങ്ങള്‍ താമസം മാറ്റിയപ്പോള്‍ വീട്ടിലെ തിരക്ക് ഒഴിവായിക്കിട്ടി. പ്രീ ഡിഗ്രി പൂര്‍ത്തിയാക്കാതെ പോന്ന ഞങ്ങളുടെ മകള്‍ ആശക്ക് ഇവിടെ തുടര്‍ന്ന് പഠിക്കാന്‍ കഴിയണമെങ്കില്‍ ഇവിടുത്തെ ജി. ഡി. പരീക്ഷ ജയിക്കണം. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടക്ക് അഞ്ചു മൈല്‍ ദൂരെയുള്ള ഒരു അഡല്‍റ്റ് ഹോമില്‍ അവള്‍ക്ക് നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി കിട്ടി. ശന്പളം മിനിമം വേജസ് തന്നെ. ഞങ്ങളുടെ താമസ സ്ഥലത്തു നിന്ന് അങ്ങോട്ടക്ക് നേരിട്ട് ബസ് ഇല്ല. ഇവിടുന്ന് ഒരു ബസ് കയറിയാല്‍ ഫെറി ടെര്‍മിനല്‍ എന്ന ബസ്‌റ്റോപ്പില്‍ ഇറങ്ങിയിട്ട് അവിടെ നിന്ന് മറ്റൊരു ബസില്‍ കയറിയിട്ട് വേണം എത്തിച്ചേരുവാന്‍. കേവലം അഞ്ചു മൈല്‍ ദൂരം എത്തിച്ചേരാന്‍ ചിരുങ്ങിയത് ഒരു മണിക്കൂര്‍ യാത്ര. അതുകൊണ്ടു തന്നെ ചേട്ടനും, ചേച്ചിയും, മറ്റു സുഹൃത്തുക്കളും ഒഴിവുള്ളപ്പോള്‍ അവളെ ഡ്രോപ്പ് ചെയ്യുകയും, പിക് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. ന്യൂ യോര്‍ക്ക് സിറ്റിയുടെ ഭാഗമായ ഇവിടെപ്പോലും സ്വന്തമായി വാഹനം ഇല്ലാത്തവര്‍ അനുഭവിക്കേണ്ടി വരുന്ന പലവിധ ബുദ്ധിമുട്ടുകളില്‍ ഒന്ന് മാത്രമായിരുന്നു ഇത്.

 

ശന്പളം കുറവായിരുന്നെങ്കിലും ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്ക് ജോലിയായി. മകന്‍ ഏഴാം ഗ്രേഡില്‍ ചേര്‍ന്ന് പഠിക്കുന്നു. വാടകക്ക് ഒരു ബേസ്‌മെന്റ് ( ബേസ്‌മെന്റിനു വാടക കുറവായിരിക്കും.) എടുത്താല്‍ കഷ്ടി പിഷ്ടി കഴിഞ്ഞു കൂടാം എന്ന നിലയായി. അതിനു മുന്‍പ് െ്രെഡവിങ് പഠിച്ചു ലൈസന്‍സ് എടുക്കേണ്ടത് ഒരാവശ്യമായിരുന്നു. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും െ്രെഡവിങ് അറിയില്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ വലിയ വിഷമം ആയിരിക്കും. നമ്മളെ സഹായിക്കാന്‍ തയാറുള്ളവര്‍ ഉണ്ടായിരിക്കാം. പക്ഷേ, നമുക്കാവശ്യമുള്ള സമയത്ത് അവരെല്ലാം മിക്കവാറും ജോലിയില്‍ ആയിരിക്കും. അതിലുപരി ഇവിടുത്ത ട്രാഫിക് നിയമങ്ങളുടെ നൂലാമാലകള്‍ നിമിത്തം ഒരു വയലേഷനോ, ആക്‌സിഡന്റൊ ഒക്കെ ഉണ്ടായിപ്പോയാല്‍ ഒരുവേള ലൈസന്‍സ് റദ്ദു ചെയ്യപ്പെടുകയോ, വാങ്ങിയ വീട് ഇന്‍ഷൂറന്‍സ് കന്പനി കൊണ്ട് പോവുകയോ വരെ സംഭവിച്ചേക്കാം. ജോലി സ്ഥലത്തു നിന്ന് സുഹൃത്തിന്റെ കാറില്‍ മടങ്ങുന്‌പോള്‍ ആക്‌സിഡന്റ് ഉണ്ടാവുകയും, തനിക്കു മുന്നമേ ഉണ്ടായിരുന്ന ശാരീരിക വൈകല്യങ്ങള്‍ ആ ആക്‌സിഡന്റ് മൂലം സംഭവിച്ചതാണെന്ന് വരുത്തി വാഹന ഉടമയായ സുഹൃത്തിനെതിരെ ലോസ്യൂട്ട് ഫയല്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടിയ മഹാന്മാരായ മലയാളികള്‍ മാന്യന്മാരായി ജീവിച്ചിരിക്കുന്ന സമൂഹമാണ് അമേരിക്കന്‍ മലയാളി സമൂഹം എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്.

 

െ്രെഡവിംഗ് പഠിച്ചിട്ടു വേണം പോരാന്‍ എന്ന ചേച്ചിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴയിലുള്ള ഒരു െ്രെഡവിങ് സ്കൂളില്‍ പോയി അഞ്ചാറു ക്‌ളാസുകള്‍ ഞാന്‍ എടുത്തിരുന്നു. സ്കൂള്‍ ഉടമ തന്നെ ഏര്‍പ്പാട് ചെയ്ത െ്രെഡവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് ലൈസന്‍സും കിട്ടിയിരുന്നു. െ്രെഡവിംഗ് പഠിത്തത്തിന്റെ ഭാഗമായി തൊടുപുഴ റോഡിലൂടെ കാറോടിച്ചു പോകുന്‌പോള്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന അഞ്ചു വയസുള്ള ഒരാണ്‍കുട്ടിയെ തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ കാര്‍ ചീറിപ്പാഞ്ഞു പോയതും, ആ കുഞ്ഞു പേടിച്ചു നിലവിളിച്ചതും, അതിനു ശേഷം െ്രെഡവിംഗ് സീറ്റില്‍ ഇരിക്കുന്‌പോള്‍ മേലാകെ വിറയല്‍ അനുഭവപ്പെടുന്നതും മൂലം പിന്നീട് ഞാന്‍ െ്രെഡവിങ് സീറ്റില്‍ കയറിയിട്ടേയില്ലായിരുന്നു.

 

ചേട്ടന്റെ കൂടെ െ്രെഡവിങ് പഠനം തുടങ്ങി. ഒഴിവു ദിവസങ്ങളില്‍ ഒരു കോളേജിന്റെ വിശാലമായ പാര്‍ക്കിങ് ലോട്ടിലാണ് പഠനം. അടുത്തെങ്ങും വാഹനങ്ങള്‍ ഇല്ലാത്ത വിശാലമായ പാര്‍ക്കിങ് ലോട്ടായിരുന്നിട്ടു കൂടി എന്റെ കാര്‍ നിയന്ത്രണം വിട്ട് എങ്ങോട്ടൊക്കെയോ പായുകയാണ്. മനം മടുത്ത് വീട്ടിലെത്തിയ ചേട്ടന്‍ ചേച്ചിക്ക് കൊടുത്ത റിപ്പോര്‍ട്ട് : " ലൈസെന്‍സ് ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല ; വണ്ടി ഓടിക്കാനറിയില്ല." എന്നായിരുന്നു.

 

െ്രെഡവിങ്‌സ്കൂളുകാരെ വിളിക്കാം എന്ന് തീരുമാനിച്ചു. കണ്‍പുരികങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ രോമങ്ങളും വെളുത്ത ആറടിക്കാരനായ ഒരു സായിപ്പ് ആയിരുന്നു ഇന്‍സ്‌ട്രെക്ടര്‍ ആയി എത്തിയത്. മുപ്പത്തഞ്ചു ഡോളറാണ് ഒരു മണിക്കൂര്‍ ക്ലാസിന്റെ ഫീസ്. പണം കൈപ്പറ്റി അയാള്‍ എന്നെ െ്രെഡവിംഗ് സീറ്റില്‍ ഇരുത്തി. പറയുന്ന ഓരോ വാചകത്തിനു മുന്നിലും ' ഫക്കിങ് ' എന്ന് ചേര്‍ത്തു പറയുന്നത് അയാളുടെ ഒരു രീതിയായിരുന്നു. ഇതൊരു തെറിവാക്ക് ആയിട്ടാണ് പരിഗണിക്കപ്പെടുന്നത് എങ്കിലും ഇവിടുത്തുകാരുടെ ഒരു നോര്‍മല്‍ പദപ്രയോഗം മാത്രമാണ് ഇതെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. ഫക്കിങ് സീറ്റ് ബെല്‍റ്റ്, ഫക്കിങ് മിറര്‍, ഫക്കിങ് സ്‌റ്റോപ്പ് സൈന്‍ മുതലായ അയാളുടെ പദപ്രയോഗങ്ങളില്‍ പകുതിയും, എനിക്ക് മനസിലായില്ല. ഞാന്‍ പറഞ്ഞതില്‍ ഒന്നും തന്നെ അയാള്‍ക്കും മനസിലായിട്ടുണ്ടാവില്ല എന്നാണു എന്റെ വിശ്വാസം. ഏതായാലും അര മണിക്കൂര്‍ എത്തുന്നതിന് മുന്‍പ് തന്നെ " നോ മോര്‍ " എന്ന് പറഞ്ഞു കൊണ്ട് അയാള്‍ എന്നെ റോഡില്‍ ഇറക്കി വിട്ടിട്ടു ദേഷ്യത്തോടെ കാര്‍ ഓടിച്ചു പോയി.

 

വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ മറ്റൊരു െ്രെഡവിംഗ് സ്കൂള്‍ നോക്കാമെന്നും, ചേട്ടന്‍ കൂടെ വരാമെന്നും പറഞ്ഞു. അങ്ങിനെ മറ്റൊരു സ്കൂളിലെ മറ്റൊരു ഇന്‍സ്‌ട്രെക്ടറുടെ കൂടെയായി പഠനം. വളരെ സ്‌നേഹപൂര്‍വം പെരുമാറുന്ന അറുപതു കഴിഞ്ഞ ഒരു സ്‌പെയിന്‍ കാരനായിരുന്നു ഇന്‍സ്റ്റക്ടര്‍. അദ്ദേഹം പറയുന്നതു എനിക്കും, ഞാന്‍ പറയുന്നത് അദ്ദേഹത്തിനും മനസിലാവുന്നുണ്ടായിരുന്നു. അഥവാ, മനസ്സിലായില്ലെങ്കില്‍ ദ്വിഭാഷിയായി ചേട്ടന്‍ കൂടെയുണ്ടായിരുന്നു താനും. അഞ്ചു ക്‌ളാസുകള്‍ അദ്ദേഹം എനിക്ക് തന്നു. ഞാന്‍ ശരിക്കും ഓടിക്കാന്‍ പഠിച്ചു എന്ന് പറഞ്ഞു കൊണ്ട് റോഡ് ടെസ്റ്റ് എടുക്കുന്നതിനുള്ള പേപ്പര്‍ എനിക്ക് തരികയും ചെയ്തവെങ്കിലും, റോഡ് ടെസ്റ്റ് എടുക്കാന്‍ പോയ ഞാന്‍ പരാജയപ്പെട്ടു. െ്രെഡവ് ചെയ്‌യുന്‌പോള്‍ ഞാന്‍ നേര്‍വസ് ആകുന്നുവെന്നും, റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നുമായിരുന്നു. വിശദീകരണം.

 

ഞങ്ങള്‍ക്കെല്ലാം ജോലി ആയപ്പോഴും ഞങ്ങളുടെ കൂടെ വന്ന പൗലോസ് അളിയനും, സാറാക്കുട്ടി ചേച്ചിക്കും ജോലിയൊന്നും ആയിരുന്നില്ല. ഭാഷാ പരമായ പരിമിതികള്‍ അവര്‍ക്കും ഉണ്ടായിരുന്നു എന്നതായിരുന്നു ഒരു പ്രധാന കാരണം. ചേച്ചിക്ക് തയ്യല്‍ അറിയാമായിരുന്നത് കൊണ്ട് നെല്ലീസില്‍ ഒരു ചാന്‍സ് കിട്ടുമോ എന്ന് ചേച്ചി എന്നോടാരാഞ്ഞു. പല പ്രാവശ്യം ഞാന്‍ നെല്ലിയോട് യാചിച്ചപ്പോള്‍ ചേച്ചിക്കും കൂടി നെല്ലി ജോലി കൊടുത്തു. തോമക്കുഞ്ഞു ചേട്ടന്റെ കുട്ടികള്‍ അന്ന് നെല്ലീസ് പ്രവര്‍ത്തിക്കുന്ന ഏരിയായില്‍ ആണ് പഠിച്ചു കൊണ്ടിരുന്നത്. കുട്ടികളെ ഡ്രോപ്പ് ചെയ്യാന്‍ പോകുന്‌പോള്‍ ഞങ്ങളെക്കൂടി ചേട്ടന്‍ നെല്ലീസില്‍ ഡ്രോപ്പ് ചെയ്യുമായിരുന്നു.

 

അളിയന് മാത്രം ജോലിയില്ലാതെ നില്‍ക്കുന്നതില്‍ കക്ഷിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. അളിയന് കൂടി ഒരു ജോലി ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പാചകത്തിലൊക്കെ വിദഗ്ധനായ അദ്ദേഹത്തിന് പറ്റിയ ഒരു ജോലി കിട്ടുമോയെന്നു പലേടത്തും ഞാന്‍ തിരക്കി. ' കെന്റക്കി ഫ്രെയ്ഡ് ചിക്കന്‍ ' എന്ന സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ ജോലിയുണ്ടെന്ന് അറിഞ്ഞു. പക്ഷെ, നല്ല കമ്യൂണിക്കേഷന്‍ സ്കില്‍സ് വേണം. ' നാളെ ആളെയും കൊണ്ട് വരാം ' എന്ന് പറഞ്ഞിട്ട് പൊന്നു. പിറ്റേ ദിവസം അളിയനെയും കൂട്ടി അവിടെയെത്തി ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു കൊടുത്തു. അവിടെത്തന്നെ ജോലി ചെയ്തിരുന്ന ഒരു മലയാളിയെ പരിചയപ്പെട്ട് അളിയനെ ഏല്‍പ്പിച്ചു കൊടുത്തു. ഭാഷയെക്കുറിച്ചു പറഞ്ഞപ്പോള്‍ " ഭാഷയൊന്നും പ്രശ്‌നമല്ല, അത് ഞാന്‍ നോക്കിക്കോളാം. " എന്ന് അയാള്‍ പറഞ്ഞു. വര്‍ഷങ്ങളോളം കെന്റക്കി ഫ്രെയ്ഡ് ചിക്കനില്‍ ജോലി ചെയ്തു വിരമിച്ച അദ്ദേഹം ഇന്നും വിശ്വസിക്കുന്നത് മുന്‍പ് കണ്ടിട്ടേയില്ലാത്ത അയാള്‍ മുഖാന്തിരമാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത് എന്നാണ്. അത് തിരുത്തുവാന്‍ ഇത് വരെയും ഞാന്‍ ശ്രമിച്ചിട്ടുമില്ല.

 

രണ്ടാഴ്ചക്ക് ശേഷം തുടരുന്നതാണ്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code