കൊച്ചി : ആന്റോ ആന്റണി എം.പിയുടെ ഭാര്യ ഗ്രേസ് ആന്റോയുടെ വിവാദപ്രസംഗം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വോട്ടുതേടി എന്നാരോപിച്ച് ആന്റോ ആന്റണിഎം.പിക്കെതിരെ നല്കിയ തിരഞ്ഞെടുപ്പു ഹര്‍ജി തെളിവെടുപ്പിനായി നവംബര്‍ 13 ലേക്ക് മാറ്റി. ഇടതുമുന്നണിയുടെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപനാണ് ഹര്ജിക്കാരന്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ പ്രാഥമിക തടസവാദങ്ങള്‍ ഹൈക്കോടതി തള്ളി. പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചശേഷം കോടതി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാക്ഷികളെ സമന്‍സ് നല്കി വിളിച്ചുവരുത്തി തെളിവെടുക്കും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഗ്രേസ് ആന്റോ പെന്തക്കോസ്തു യോഗങ്ങളില്‍ ക്രിസ്തുമതത്തിന്റെ പേരുപറഞ്ഞ് വോട്ടുതേടിയെന്നും ശബരിമല യുവതീ പ്രവേശനവിഷയം മതപരമായി ഉന്നയിച്ച് ആന്റോ ആന്റണി പ്രസംഗിച്ചെന്നുമാണ് അനന്തഗോപന്റെ ഹര്‍ജിയിലെ ആരോപണം. മതത്തിന്റെ പേരിലും മതസ്പര്‍ദ്ധ ചൂണ്ടിക്കാട്ടിയും വോട്ടുതേടുന്നത് ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരമുള്ള അഴിമതിയാണെന്നും ആന്റോ ആന്റണിയെ തിരഞ്ഞെടുത്തത് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ വാദം.
Comments