ചെന്നൈ: പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതിക്കു ദാരുണാന്ത്യം. തമിഴ്നാട്ടിലെ ആവഡിയിലാണ് സംഭവം. ടി.മേഴ്സി സ്റ്റെഫി (23) ആണ് മരിച്ചത്. ചെന്നൈ സ്വദേശികളായ മേഴ്സിയും അപ്പുവും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ജനുവരിയില്‍ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച ഓഫിസില്‍ നിന്നും വൈകുന്നേരം മേഴ്സിയെ വിളിച്ചുകൊണ്ട് അപ്പു വരികയായിരുന്നു. വണ്ടല്ലൂര്മിഞ്ചൂര് നാലുവരിപ്പാതയില്‍ വഴിയരികിലുള്ള ഒരു കൃഷിസ്ഥലത്ത് സംസാരിച്ചിരിക്കാനായി ഇവര്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് കൃഷിയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന പഴയ കിണര്‍ മേഴ്സിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പടിക്കെട്ടോടു കൂടി ഉള്ളിലേക്ക് ഇറങ്ങാവുന്ന തരത്തിലുള്ള കിണറിന്റെ പടിയിലിരുന്ന് ഫോട്ടോയെടുക്കണമെന്ന് മേഴ്സി പറഞ്ഞു. മേഴ്സിയുടെ ആവശ്യത്തിന് അപ്പുവും കൂട്ടുനിന്നു.
ഇരുവരും ഒരുമിച്ചിരുന്ന് ഫോട്ടോയെടുക്കുന്ന കൂട്ടത്തില്‍ മേഴ്സി കിണറ്റിലേക്കു വഴുതി വീഴുകയായിരുന്നു. മേഴ്സിയെ പിടിക്കാന്‍ ശ്രമിച്ച അപ്പുവും കിണറ്റിലേക്കു വീണു. കിണറ്റില്‍ തലയിടിച്ചാണ് മേഴ്സി വീണത്. അപ്പുവിന്റെ കരച്ചില് കേട്ട് പരിസരത്തുള്ള കൃഷിക്കാരാണ് അപ്പുവിനെ രക്ഷിച്ചത്. മേഴ്സിയുടെ ശരീരം അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. അപ്പുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments