Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ് പുന്നൂസ് ഐപിഎസ് ലാന സമ്മേളനത്തില്‍ മുഖ്യാതിഥി   - സിജു വി. ജോര്‍ജ്

Picture

ഡാളസ് : ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ) യുടെ 11 മതു ദേശീയ സമ്മേളനത്തിനു തിരി തെളിയുവാന്‍ ഇനിയും രണ്ടു ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഡാളസ്സില്‍, ലാന സെക്രട്ടറി ജോസന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സമ്മേളനവിജയത്തിനായുള്ള ക്രമീകരണങ്ങള്‍ ഏകദേശം പൂര്‍ത്തിയായ കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ സമ്മേളനത്തിന്റെ പൂര്‍ണ വിജയത്തിനായുള്ള മിനുക്കുപണികള്‍ക്കായി മാറ്റി വച്ചിരിക്കുന്നു.

 

ലാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ഓച്ചാലില്‍, ലാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി, എം. എസ്. ടി. നമ്പൂതിരി മുതലായ പ്രഗത്ഭരായ മുന്‍ നേതൃത്വത്തിന്റെ ഉപദേശങ്ങളും അഭിപ്രായങ്ങളും യഥാസമയങ്ങളില്‍ പ്രയോജനപ്പെടുത്തി ഡാളസ്സിലെ സമാനമനസ്കരായ സാഹിത്യ സ്‌നേഹികളും കലാകാരന്മാരും തങ്ങളുടെ നിരന്തരമായ സഹകരണത്തിന്റെയും സമര്‍പ്പണത്തിന്റെയും പരിണിത ഫലമായി ഈ ലാന സമ്മേളനം, ഇതില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും അവിസ്മരണീയമായ ഒരനുഭവമാക്കിമാറ്റും എന്നതില്‍ തര്‍ക്കമില്ല.

 

ഈ വര്‍ഷത്തെ ലാന സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ കേരളത്തില്‍ നിന്നും എത്തുന്നത് ബഹുമാനപെട്ട മുന്‍ ഡി. ജി. പി. ജേക്കബ് പുന്നൂസ് ആണ്. പ്രഗല്‍മാനായ പോലീസ് മേധാവി, അനുഭവ സമ്പന്നനായ കുറ്റാന്വേഷകന്‍,പുരോഗമനചിന്താഗതിക്കാരനായ ഭരണ പരിഷ്കര്‍ത്താവ്, പരന്ന വായനയിലൂടെ നിറഞ്ഞ അറിവിന്നുടമ, ഉജ്ജ്വല വാഗ്മി. അതിലെല്ലാമുപരി സഹൃദയനായ സാഹിത്യ സ്‌നേഹി.ജേക്കബ് പുന്നൂസിന്റെ വിശിഷ്ട സാന്നിധ്യം ഡാളസ്സിലെ ലാന സമ്മേളനത്തിന്റെ ഗരിമയും ഗാംഭീര്യവും പതിന്മടങ്ങു വര്‍ധിപ്പിക്കും എന്ന് നിസ്സംശയം പറയാം.

 

നവംബര്‍ ഒന്നാം തീയതി വൈകിട്ട് കൃത്യം ആറു മണിക്ക് ഡി. വിനയചദ്രന്‍ നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ലാന സമ്മേളന വേദിയില്‍ ശ്രീ ജേക്കബ് പുന്നൂസ് ഭദ്രദീപം തെളിയിച്ചു ലാന സമ്മേളനം ഔപചാരികമായി ഉല്‍ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ നോര്‍ത്ത് അമേരിക്കയിലും കാനഡയിലും നിന്നും എത്തിച്ചേരുന്ന പ്രഗത്ഭരും പ്രശസ്തരുമായ മലയാള സാഹിത്യ പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകളും, പഠന ശിബിരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച വൈകിട്ട് ഉല്‍ഘാടന സമ്മേളനത്തിന് ശേഷം Dr. A. P. സുകുമാര്‍, Dr. N. P. ഷീല, എബ്രഹാം തെക്കേമുറി, തമ്പി ആന്റണി തുടങ്ങി പ്രശസ്തരായ നോവലിസ്റ്റുകള്‍ നയിക്കുന്ന നോവല്‍ സാഹിത്യ ചര്‍ച്ച ഉണ്ടായിരിക്കും. തുടര്‍ന്ന് ബിന്ദു ടിജി, സന്തോഷ് പാലാ എന്നിവര്‍ നേതൃത്വം നല്‍കുന്ന 'കാവ്യാമൃതം' എന്ന കവിയരങ്ങില്‍ ലാനയിലെ പ്രഗത്ഭരായ കവികള്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിക്കും.



സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച കെ. കെ. ജോണ്‍സണ്‍, നിര്‍മല ജോസഫ് എന്നിവര്‍ നയിക്കുന്ന 'ചെറുകഥയുടെ വായനാനുഭവം 'അവതരണവും ചര്‍ച്ചയും ഉണ്ടായിരിക്കും. തുടര്‍ന്ന് ജെയിംസ് കുരീക്കാട്ടില്‍ , അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ അവതരിപ്പിക്കുന്ന പുസ്തക പരിചയം / പുസ്തക പ്രകാശനം നടത്തപ്പെടും.

 

ഈ വര്‍ഷത്തെ ലാന സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത എന്നവകാശപ്പെടാവുന്ന 'ഭാഷയും സംസ്കാരവും ഞാനും ', പുതു തലമുറയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി ജെയ്ന്‍ ജോസഫ് , ജയന്ത് കാമിച്ചേരി എന്നിവര്‍ നയിക്കുന്ന സാഹിത്യ ചര്‍ച്ചയാണ്. അമേരിക്കയില്‍ ബെസ്‌റ് സെല്ലെര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി ഇംഗ്ലീഷ് നോവലുകളുടെ കര്‍ത്താവായ ശ്രീമതി. കിഷന്‍ പോള്‍, അറിയപ്പെടുന്ന യുവ എഴുത്തുകാരി ആരതി വാരിയര്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ( ഓസ്റ്റിന്‍) മലയാളം അധ്യാപികയായ ശ്രീമതി. Dr. ദര്‍ശന എസ്. മനയത്തു തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്.

 

തുടര്‍ന്ന് നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ 'മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കുന്നതാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, സംഘാടകനും ഭാഷാസ്‌നേഹിയുമായ ശ്രീ. ജെ. മാത്യൂസ് മാധ്യമ ചര്‍ച്ചകളുടെ ചുക്കാന്‍ പിടിക്കുന്നതായിരിക്കും.

 

മണ്മറഞ്ഞ പ്രശസ്ത കവിയും തത്വചിന്തകനുമായ ഡി. വിനയചന്ദ്രന്റെ സ്‌നേഹസ്മരണാര്ഥം ഈ ലാന സമ്മേളന വേദിയെ 'ഡി. വിനയചന്ദ്രന്‍ നഗര്‍ ' എന്ന് നാമകരണം ചെയ്തിരിക്കുന്നു. പ്രഗത്ഭനായ അധ്യാപകനും, നിസ്വാര്‍ത്ഥനായ മനുഷ്യസ്‌നേഹിയും ആയിരുന്ന ശ്രീ. വിനയചന്ദ്രന്‍, ലാനയുടെ മുന്‍കാല സമ്മേളങ്ങളില്‍ പങ്കെടുക്കുകയും തുടര്‍ന്നുള്ള കാലങ്ങളില്‍ ലാനയുടെ ഉറ്റ സുഹൃത്തും, ഉപദേഷ്ടാവും അഭ്യുധേയകാംക്ഷിയും ആയിരുന്നു എന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. ഡി. വിനയചന്ദ്രന്‍ സ്മാരക പ്രഭാഷണം ഡോക്ടര്‍ എം. വി. പിള്ള നിര്‍വഹിക്കും.

 

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ക്കുള്ള ലാന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം 'ഭാഷക്കൊരു വാക്ക് ' സമര്‍പ്പിച്ചവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതിയ വാക്കുകള്‍ വേദിയില്‍ വിളംബരം ചെയ്യുന്നതാണ്.

 

ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ലാനയുടെ സമാപന സമ്മേളനത്തിനു ശേഷം 'കേരള പിറവി ' ആഘോഷിക്കുന്നതാണ്. കേരളീയ വേഷവിധാനത്തില്‍ എത്തിച്ചേരുന്ന സുന്ദരികളില്‍ നിന്നും 'മലയാളി മങ്ക'യെ കണ്ടുപിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ശ്രീമതി. പ്രേമ ആന്റണി സസന്തോഷം ഏറ്റെടുത്തു കഴിഞ്ഞു.

 

ഞായറാഴ്ച രാവിലെ ലാനയുടെ പ്രധിനിധി സമ്മേളനവും തുടര്‍ന്ന് ലാനയുടെ അടുത്ത ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും ആയിരിക്കും. ഉച്ച ഊണിനു ശേഷം കേരള മുന്‍ ഡി. ജി. പി. ജേക്കബ് പുന്നൂസുമായി സമകാലിക സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ മുന്‍നിര്‍ത്തി ഒരു സമഗ്ര ചര്‍ച്ചയ്ക്കും ലാന വേദിയൊരുക്കും. ഡാളസ്സില്‍ നടക്കാനിരിക്കുന്ന അറ്റ് ലാന സമ്മേളനത്തിന്റെ സമഗ്ര വിജയത്തിനായി ലാനയുടെ എല്ലാ അഭ്യുധേയകാംക്ഷികളെയും ഭാഷാസ്‌നേഹികളെയും സ്‌നേഹാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ലാന ഭാരവാഹികള്‍ അറിയിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന ലാന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ജോണ്‍ മാത്യു ( ലാന പ്രസിഡണ്ട് ) 2818155899 , ജോസന്‍ ജോര്‍ജ് (ലാന സെക്രട്ടറി ) 4697673208. ജോസ് ഓച്ചാലില്‍ (ലാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ) 4693635642., എബ്രഹാം തെക്കേമുറി (ലാന കണ്‍വെന്‍ഷന്‍ ചെയര്‍ പേഴ്‌സണ്‍ ) 4692225521.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code