Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കത്തോലിക്കാ സഭയും മഹാനായ ഫ്രാന്‍സീസ് മാര്‍പാപ്പയും (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി)

Picture

ലോകത്തിലെ ഇന്നത്തെ ആത്മീയ നേതാക്കന്മാരില്‍ അധികംപേരും സ്വാര്‍ത്ഥതയുടേയും പണക്കൊതിയുടേയും ആള്‍രൂപങ്ങളാകുന്നു. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പേരില്‍, പ്രശസ്തരായ സുവിശേഷഘോഷകര്‍ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നത് ബഹുമില്യന്‍ ഡോളറുകളാണ്. കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഭൗതീകമായി ഇന്നു തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. ലോകം മുഴുവനായി വളര്‍ന്നുകൊണ്ടിരിക്കുന്ന പെന്തക്കോസ്ത് സഭകളും ഭൗതീകമായ സ്വാര്‍ത്ഥ, സുഖജീവിതത്തിനു തന്നെയാണ് പരമപ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നുള്ളതല്ലേ സത്യം? മറിച്ച് സാധുക്കള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആലംബഹീനര്‍ക്കുമൊക്കെ ഇവര്‍ എന്തു മനുഷ്യസേവനമാണ് ചെയ്യുന്നത്.? ഭൂരിപക്ഷത്തിന്റെ കാര്യമാണ് പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായിട്ട് എല്ലാ വിഭാഗങ്ങളിലുമുണ്ട്. പശുത്തൊഴുത്തില്‍ പിറന്ന്, മുക്കുവരോടും, താണവരോടുകൂടി സഹവസിച്ച്, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച്, മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടി മരക്കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിനേയും അവന്റെ കുരിശിന്റെ വഴികളെയും തന്നെയാണോ ഇന്നത്തെ ക്രൈസ്തവ സഭാ വിശ്വാസികള്‍ അനുഗമനം ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലായെങ്കില്‍ ക്രിസ്തുവിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ ഇവര്‍ എങ്ങനെ പ്രവേശിക്കും?

 

മനുഷ്യരായ നാം അന്യോന്യം സ്‌നേഹിക്കുകയും മറ്റുള്ളവരോട് കരുണയും കരുതലമുള്ളവരായിരിക്കണം എന്നാണ് സ്‌നേഹനിധിയായ ദൈവം ആഗ്രഹിക്കുന്നത്. എല്ലാ ധാര്‍മ്മിക മൂല്യങ്ങളുടേയും ഉറവിടം ദൈവമാകുന്നു. അവന്റെ കൃപയുടെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ മനുഷ്യന് സന്തോഷവും സമാധാനവും ആത്മരക്ഷയും ലഭ്യമാകുകയുള്ളൂ.

 

എന്റെ ഈ ചെറു ലേഖനത്തിന്റെ പ്രതിപാദ്യവിഷയം കത്തോലിക്കാ സഭയും മഹാനായ ഫ്രാന്‍സീസ് മാര്‍പാ#്പയും എന്നുള്ളതാണ്. കത്തോലിക്കാ സഭയെ ഞാന്‍ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ജാതി മത ഭേദമെന്യേ ലോകത്തങ്ങോളമിങ്ങോളം അവര്‍ മനുഷ്യരാശിക്ക് ചെയ്തുകൊണ്ടിരിക്കുന്ന നിസ്തുലമായ കാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിക്കൊണ്ടാകുന്നു. നിസ്വാര്‍ത്ഥമായ ഈ കൃത്യനിര്‍വഹണത്തില്‍ എത്രയോ കത്തോലിക്കാ വൈദീകരേയും കന്യാസ്ത്രീകളേയുമാണ് വര്‍ഗ്ഗീയവാദികള്‍ കൊലചെയ്തിട്ടുള്ളത്. ?

 

കത്തോലിക്കാ തിരുസഭയെപ്പറ്റി പറയുമ്പോള്‍ അതിന്റെ ഒരു വലിയ വീഴ്ചയെപ്പറ്റിക്കൂടി ഇവിടെ പരാമര്‍ശിക്കാതെ പോയാല്‍, സത്യഭദ്രമായ ഒരു വിലയിരുത്തല്‍ ആയിരിക്കില്ലെന്നു ഞാന്‍ കരുതുന്നു. കത്തോലിക്കാ സഭയിലെ വൈദീകരുടേയും സഭാ സേവനത്തിനു വിളിക്കപ്പെടുന്ന യുവതികളുടേയും നിര്‍ബന്ധപൂര്‍വ്വമായ ബ്രഹ്മചര്യാവ്രതം അഥവാ സന്യാസ ജീവിതം ഉദ്ദേശിക്കുന്ന ഗുണത്തേക്കാള്‍ എത്രയോ അധികം ദോഷഫലങ്ങളാകുന്നു അതുമൂലം സഭയില്‍ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നുള്ള സത്യം സഭാ നേതൃത്വം എന്തുകൊണ്ടോ ഇനിയും മനസ്സിലാക്കുന്നില്ല. ലൈംഗീകാപരാധങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ആത്മീയ നേതാക്കന്മാര്‍ തടവില്‍ അടയ്ക്കപ്പെടുന്നത് ഒരു സഭയ്ക്കും ഭൂഷണമല്ലല്ലോ? അതുകൊണ്ട് ദാമ്പത്യജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വൈദീകരേയും, കന്യാസ്ത്രീകളേയും കത്തോലിക്കാ സഭ അതിനു അവരെ അനുവദിക്കേണ്ടകാലം വളരെ അതിക്രമിച്ചുപോയിരിക്കുന്നു! വിവാഹജീവിതം പരിശുദ്ധമാണ്. അത് തടയപ്പെടേണ്ട തിന്മയല്ല, പ്രത്യുത നിസര്‍ഗ്ഗസുന്ദരവും ആനന്ദദായകവുമായ നന്മയാകുന്നു. അത് അരുതെന്ന് ദൈവമോ അവന്റെ തിരുവചനമോ ഒരിടത്തും അനുശാസിച്ചിട്ടുമില്ല. പ്രലോഭനങ്ങളെ അതിജീവിച്ച് ആത്മശുദ്ധിയോടുകൂടി ജീവിക്കാന്‍ കഴിവുള്ളവര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കട്ടെ. അത് നല്ലത്. "ദൈവത്തിന്റെ വലിയ ഇഷ്ടം നമ്മുടെ ആത്മ ശുദ്ധ തന്നെ.'

 

കത്തോലിക്കാ സഭയുടെ പരമോന്നത സിംഹാസനത്തില്‍ വാണരുളുന്ന വിശ്വാരാധ്യനായ ഫ്രാന്‍സീസ് മാര്‍പാപ്പയിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് സസ്‌നേഹം ഞാന്‍ ഇതിവിടെ പര്യവസാനിപ്പിച്ചുകൊള്ളട്ടെ.

 

കത്തോലിക്കാ സഭയ്ക്ക് ദൈവം നല്‍കിയ അതിശ്രേഷ്ഠ ദാനമാകുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ! പുളകോദ്ഗമകാരിയായ ദൈവസ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ആത്മതേജസാകുന്നു ഈ മാര്‍പാപ്പ! നിതാന്ത സുന്ദരമായ ലാളിത്യമാകുന്നു ഈ മഹാത്മാവിന്റെ മുഖമുദ്ര! "ദൈവത്തിങ്കലേക്ക് കയറുന്നതിനുള്ള വഴി തന്നെത്താന്‍ താഴേയ്ക്കിറങ്ങുന്നതാണ്' എന്നു ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. ഈ മഹല്‍സത്യം യഥായഥം മനസ്സിലാക്കി ക്രിസ്തുയേശുവിലുള്ള ഭാവത്തില്‍ ജീവിക്കുവാന്‍ ആത്മസമര്‍പ്പണം ചെയ്ത മഹാനായ ആത്മീയ നേതാവാകുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ എന്നു ഞാന്‍ ഇവിടെ വിലയിരുത്തിക്കൊള്ളട്ടെ.

 

"ധനവും പദവിയും അധികാരവുമല്ല ആവശ്യം; ഹൃദയശുദ്ധിയാണ് അതിനാവശ്യം' എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തിലും ഫ്രാന്‍സീസ് മാര്‍പാപ്പ അനുഗ്രഹീതനാണ്. ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കപടമില്ല എന്ന് നഥനയേലിനെപ്പറ്റി യേശു വിശേഷിപ്പിച്ചതുപോലെ മഹാനായ ഈ മാര്‍പാപ്പയെപ്പറ്റി "ഇതാ ആഗോള കത്തോലിക്കാ തിരുസഭയുടെ പരമാധ്യക്ഷന്‍, ഫ്രാന്‍സീസ് മാര്‍പാപ്പ അദ്ദേഹത്തില്‍ കളങ്കമില്ല'. എന്നു ഞാനും അസന്നിഗ്ധമായി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

 

സ്വയത്തേയും ജഢത്തേയും, അതിന്റെ രാഗഭാവങ്ങളോടുകൂടി ക്രൂശിച്ച്, ക്രിസ്തുവിന്റെ ആത്മാവില്‍, വിനയത്തോടും വിശുദ്ധിയോടുംകൂടി ആത്മീയ ജീവിതം നയിക്കുന്ന എത്ര ആത്മീയ നേതാക്കന്മാര്‍ ക്രൈസ്തവ സഭകളില്‍ ഇന്നുണ്ട്? "തങ്ങളെ നോക്കി' ജീവിക്കാന്‍ സഭാംഗങ്ങളോട് പറയുവാന്‍ ഇന്ന് നമ്മുടെ എത്ര ഇടയന്മാര്‍ക്ക് കഴിയും? കാവി വസ്ത്രമോ, ചെങ്കുപ്പായമോ ധരിച്ചാല്‍ ആരും ആത്മീയരായിത്തീരുകയില്ലെന്നു നാം അറിയണം. ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് ആയുസ്സാരോഗ്യവും ദൈവകൃപകളും ഏറെയായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊള്ളുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code