Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ ബോര്‍ഡ് റബര്‍സ്റ്റാമ്പ്; കര്‍ഷകര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു: ഇന്‍ഫാം

Picture

കോട്ടയം: റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനങ്ങളിലും റിപ്പോര്‍ട്ടുകളിലും കര്‍ഷകകര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഒരു റബര്‍സ്റ്റാമ്പായി ബോര്‍ഡ് അധഃപതിച്ചുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.



സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച് സംസ്ഥാന ഖജനാവില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ക്കായി നടപ്പിലാക്കിയിരിക്കുന്ന 150 രൂപയുടെ പദ്ധതിയുടെ പിതൃത്വം റബര്‍ ബോര്‍ഡോ, കേന്ദ്രസര്‍ക്കാരോ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ആര്‍പിഎസ് വഴി കര്‍ഷകരിലേയ്ക്ക് നേരിട്ട് സഹായധനം എത്തിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒരു വിഹിതവും ഇതുവരെ ലഭിച്ചിട്ടില്ല. ഏഴുവര്‍ഷക്കാലമായി തുടരുന്ന വിലത്തകര്‍ച്ചയില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപന മാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. തുറമുഖനിയന്ത്രണമുണ്ടാക്കി, ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി എന്നീ അവകാശവാദമുന്നയിക്കുമ്പോഴും വിപണിയില്‍ വിലയിടിയുകയാണുണ്ടാതെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. റബര്‍ നയം പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ വിലത്തകര്‍ച്ച നേരിടുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ അസംസ്കൃത റബര്‍ വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ ഇടനിലക്കാരായി റബര്‍ബോര്‍ഡ് മാറിയിരിക്കുന്നത് ദുഃഖകരമാണ്.



ഒരു കിലോഗ്രാം ഉണക്കഷീറ്റ്‌റബറിന് 172 രൂപയാണ് ഉല്പാദനചെലവെന്നുള്ള കണക്ക് ലോകസഭയില്‍ കേന്ദ്രമന്ത്രി രേഖാമൂലം നല്‍കിയത് വിസ്മരിച്ചുകൊണ്ടാണ് റബര്‍ബോര്‍ഡ് റബറിന് 165 രൂപയുടെ ഉത്തേജകപാക്കേജ് നല്‍കണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. റബര്‍ ആക്ട് 13-ാം വകുപ്പുപ്രകാരം റബറിന് താങ്ങുവില പ്രഖ്യാപിക്കുക, റബറിനെ കാര്‍ഷിക ഉല്പന്നമാക്കുക, റബര്‍ വ്യാപാരത്തിലെ ലൈസന്‍സ് പ്രശ്‌നം പരിഹരിക്കുക എന്നീ വിഷയങ്ങളില്‍ ഇന്‍ഫാമും റബര്‍ ഡീലേഴ്‌സ് ഫെഡറേഷനും സംയുക്തമായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സെപ്തംബര്‍ 25ന് ഫയലില്‍ സ്വീകരിച്ചു. ഒക്‌ടോബര്‍ 4ന് കേന്ദ്രസര്‍ക്കാരിനും റബര്‍ബോര്‍ഡിനും നോട്ടീസയച്ചിരിക്കുമ്പോള്‍ പുതിയ ഉത്തേജകപാക്കേജ് നിര്‍ദ്ദേശവുമായി റബര്‍ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്. റബര്‍പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായവും നേടിയെടുക്കുവാന്‍ കഴിയാത്ത റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് അപമാനമാണ്.



ആസിയാന്‍ കരാറിന്റെ നടത്തിപ്പ് കാലാവധി 2019 ഡിസംബര്‍ 31ന് കഴിയുന്നു. കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന ഉല്പന്നങ്ങള്‍ തുടര്‍ന്ന് നികുതിരഹിതമായി ഇറക്കുമതി ചെയ്യപ്പെടും. ഇതുവരെ നെഗറ്റീവ് ലിസ്റ്റില്‍ പെട്ടിരുന്ന റബര്‍ 2020 ജനുവരി 1 മുതല്‍ ഇപ്പോഴുള്ള 25 ശതമാനം ഇറക്കുമതിച്ചുങ്കം ഒഴിവാക്കി നികുതിരഹിതമായി ഇറക്കുമതി ചെയ്യപ്പെടുവാനുള്ള നീക്കമാണ് നടക്കുന്നത്. ആര്‍സിഇപി കരാറിലൂടെ എല്ലാ റബറധിഷ്ഠിത ഉല്പന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെ ആഭ്യന്തരവിപണി കീഴടക്കുമ്പോള്‍ റബര്‍മേഖലയുടെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നും നിക്ഷേപക്കരാറുകളുടെ പിന്‍ബലത്തില്‍ ആര്‍സിഇപി അംഗരാജ്യങ്ങളിലേയ്ക്കുള്ള സംഘടിത കാര്‍ഷിക കുടിയേറ്റത്തിന്റെ സാധ്യതകള്‍ മാത്രമേ കര്‍ഷകരുടെ മുമ്പിലുള്ളൂവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code