Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമനകരയിലെ ആശാരി (കഥ: പി. ടി. പൗലോസ്)

Picture

''ജാനൂ......ജാനുവേ.......എടീ ജാന്‍സി.....''

അടുക്കളയില്‍നിന്നും ഷീലാമ്മചേച്ചി തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു. സന്ധ്യക്ക് മുറ്റമടിക്കുകയായിരുന്ന ജാനു ചൂല് നിലത്തിട്ട് ദേഷ്യത്തോടെ

''എന്താ ഷീലാമ്മച്ചി''



''നമ്മുടെ തള്ളക്കോഴി ഇന്നലെമുതല്‍ കൂട്ടില്‍ കേറുന്നില്ല. ആ പൂവന്‍ചെകുത്താനെ പേടിച്ച് താഴത്തെ പറങ്കിമാവിന്‍തൊട്ടിയിലെങ്ങാനും കാണും. ഒന്ന് നോക്ക് കൊച്ചെ''


ജാനു എന്തോ പിറുപിറുത്തുകൊണ്ട് താഴെ പറങ്കിമാവിന്‍പറമ്പിലേക്ക് പോയി.



ജാനു എന്ന് വിളിപ്പേരുള്ള ജാന്‍സി മാത്യു കൂത്താട്ടുകുളം സി. എസ്. ഐ.
പള്ളി  നടത്തിപ്പുകാരനും പ്രധാന  ശിശ്രൂഷകനും ഒക്കെയായ മത്തായി ഉപദേശിയുടെയും ഷീലാമ്മയുടെയും
ഒറ്റമോള്‍. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ജാനുവിന് അല്പം കുറുമ്പുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍. പള്ളിയോട് ചേര്‍ന്നുള്ള ബംഗ്‌ളാവില്‍ ഉപദേശിയും
കുടുംബവും താമസം. തൊട്ടപ്പുറത്തെ പള്ളിയുടെതന്നെ പഴയ രണ്ടുമുറി വീട് ടൗണിലെ ഒരു ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനായ എനിക്ക് താമസിക്കാന്‍ വാടകക്ക് തന്നിരിക്കുന്നു. ജാനുവിന് ഇംഗ്ലീഷ്, മാത്ത്‌സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതുകൊണ്ട് ഉപദേശി വാടക എന്നോട് വാങ്ങാറില്ല.


അന്നൊരു ഞായറാഴ്ച. വൈകുന്നേരങ്ങളില്‍ ടൗണിലൂടെ ഒരു നടത്തവും പരിചയക്കാരോട് അല്പം സൊറപറച്ചിലും എനിക്ക് ഒരു പതിവ് ശീലമായിരുന്നു. ഇറങ്ങുവാന്‍ ഒരുങ്ങുമ്പോള്‍ മുന്‍വശത്തെ വാതിലില്‍ ആരോ ശക്തിയോടെ നിറുത്താതെ മുട്ടുന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ജാനുവാണ്. മുഖത്ത് വല്ലാത്ത പരിഭ്രമം. കുട്ടി വല്ലാതെ വിയര്‍ത്തിട്ടുണ്ട്. ഞാന്‍ ചോദിച്ചു ''എന്ത് പറ്റി മോളെ'' അവളുടെ കാലുകള്‍ നിലത്തുറക്കുന്നില്ല. ജാനു എന്റെ കൈകളിലേക്ക് വീഴുകയായിരുന്നു. ഞാനവളെ കട്ടിലില്‍ ഇരുത്തി. നനഞ്ഞ തുണികൊണ്ട് മുഖം തുടച്ചു. കുടിക്കാന്‍ തണുത്ത വെള്ളവും കൊടുത്തു. അല്പം കഴിഞ്ഞ് അവള്‍ സംസാരിച്ചുതുടങ്ങി.


''താഴെ പറങ്കിപ്പറമ്പിലെ കാട് കയറിയ ഭാഗത്ത് ഒരു പൊട്ടക്കിണര്‍ ഉണ്ട്. സാര്‍ അതില്‍ ചെന്നൊന്നു നോക്കണം. കിണറ്റിലെ വെള്ളത്തില്‍ ആരോ കിടക്കുന്നതുപോലെ. ഒരു ചീഞ്ഞ നാറ്റം വന്നതുകൊണ്ട് ഞങ്ങളുടെ തള്ളക്കോഴി ചത്തുകിടക്കുന്നതാണോ എന്ന് നോക്കിയതാ. പക്ഷെ, ഇതൊരു മനുഷ്യന്‍....''



അവള്‍ക്ക് പിന്നെ ഒന്നും പറയാന്‍ പറ്റാത്തതുപോലെ. കണ്ടകാര്യം ഷീലാമ്മച്ചിയോട് പറയണ്ട എന്നുപറഞ് ഞാന്‍ ജാനുവിനെ ബംഗ്‌ളാവിന്റെ പിറകുവശത്തൂടെ വീട്ടിലേക്ക് കയറ്റിവിട്ടു. കണ്ടകാര്യം അമ്മയോട് പറയാതെ എന്നോട് പറഞ്ഞ ആ കുട്ടിയുടെ പ്രായത്തില്‍ക്കവിഞ്ഞ പക്വതയെ ഞാന്‍ മനസാ അഭിനന്ദിച്ചു. ഞാനൊരു ടോര്‍ച്ചെടുത്തു പുറത്തേക്കിറങ്ങി. നേരം സന്ധ്യ കഴിഞ്ഞ് ഇരുള്‍ വ്യാപിച്ചുതുടങ്ങി. നടയിറങ്ങി ഏറ്റവും താഴ്ഭാഗത്തുള്ള പറങ്കിപ്പറമ്പിലെത്തി.കമ്മ്യൂണിസ്റ്റ് പച്ചയും ചൊറികണ്ണനുംകൊണ്ട് പറമ്പിന്റെ തെക്കുഭാഗം മൂടിക്കിടന്നു. കാട് വകഞ്ഞുമാറ്റി പൊട്ടക്കിണറിനടുത്ത് എത്തിയപ്പോള്‍  അസഹ്യമായ നാറ്റം. മൂക്കുപൊത്തി കിണറ്റിലേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. വെള്ളയുടുപ്പിട്ട ഒരാള്‍ വെള്ളത്തില്‍ പൊങ്ങി കമഴ്ന്നു കിടക്കുന്നു. ഞാന്‍ നടകയറി മുകളിലെത്തി പള്ളിമുറ്റത്തെ വാകമരച്ചോട്ടില്‍ എവിടെയോ സുവിശേഷവേലക്കുപോയ മത്തായി ഉപദേശിയെ കാത്തിരിപ്പായി.


അറുപത്തേഴിലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം. അന്ന് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടൗണിലെ സമാപനറാലിയായിരുന്നു. ഉത്തരവാദഭരണ പ്രക്ഷോപത്തിന്റെ ഓര്‍മ്മകള്‍ അലതല്ലുന്ന, ഒരുകാലത്ത് സമരതീഷ്ണമായിരുന്ന   രാഷ്ട്രീയഭൂപടത്തിലെ രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളം അന്ന് അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി. പകല്‍ മുഴുവനും ഇന്‍ക്വിലാബ് വിളിച്ചു നഷ്ടമായ ഊര്‍ജ്ജം വീണ്ടെടുക്കുന്നതിന് ഗ്രാമങ്ങളില്‍നിന്നെത്തിയ സഖാക്കളില്‍ ചിലര്‍ കൂട്ടമായും അല്ലാതെയും ടൌണ്‍ കള്ളുഷാപ്പിലേക്ക് എം. സി. റോഡിലെ വഴിവിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ പോകുന്നത് എനിക്കിവിടെ ഇരുന്നും കാണാമായിരുന്നു. കൂത്താട്ടുകുളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ ടൌണ്‍ കള്ളുഷാപ്പിനും ഇടമുണ്ട്. വിപ്ലവനാടക ചിന്തകള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ടൗണ്‍ഷാപ്പ് വേദിയായിരുന്നു. എല്ലാ ചിന്തകള്‍ക്കും ചൂടുപകരാന്‍ മാങ്കുളം കീലറും ദാസപ്പന്‍മേരിയും വൈകുന്നേരങ്ങളില്‍ എത്തുമായിരുന്നു. കിഴക്കന്‍ മലകളിലെ മാങ്കുളം എസ്‌റ്റേറ്റില്‍ കീലര്‍ സായിപ്പിന് അരിവെക്കാന്‍ പോയ മാട്ടേല്‍ കൊച്ചേലി തിരിച്ചുവന്നത് മാങ്കുളം കീലറായി .  ഭാര്യ സിനിമയില്‍ സത്യന്റെ അംബാസഡര്‍ കാര്‍ തുടച്ചു എന്നവകാശപ്പെട്ട് കൂത്താട്ടുകുളത്തെ ആദ്യ സിനിമാനടനായി വാളായിക്കുന്ന് മുഷിയന്‍  ബാര്‍ബറിന്റെ രണ്ടുമക്കളില്‍ മൂത്തവന്‍ ദാസപ്പന്‍. വാളായിക്കുന്നിലെ ഒരു പാര്‍ട്ടി മീറ്റിങ്ങില്‍ ദാസപ്പനും കൊളമ്പാടം തിരുകല്ലേല്‍ ദേവസ്യയുടെ മകള്‍ മേരിയും ഒരു വിപ്ലവയുഗ്മഗാനം പാടി. അതോടെ കൂത്താട്ടുകുളത്തെ ആദ്യ സിനിമാക്കാരനില്‍ മേരി അനുരക്തയായി. യോഗം കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ മലഞ്ചെരുവിലെ കുറ്റിക്കാട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ചകളെ സാക്ഷി നിറുത്തി ദാസപ്പനുവേണ്ടി മേരി അവളുടെ സ്വര്‍ഗ്ഗകവാടം തുറന്നു. സ്വര്‍ഗ്ഗം കണ്ടു നാണിച്ചുപോയ ദാസപ്പനെ പിന്നീടാരും കണ്ടിട്ടുമില്ല. ആദ്യമായി പുരുഷനെ അറിഞ്ഞ മേരിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടു. അവളെ അപ്പന്‍ ദേവസ്യ വടക്കെവിടെയോ ഒരു സിദ്ധന്‍റെ അടുത്തുകൊണ്ടുപോയി .  തിരികെവന്നിട്ടും ദാസപ്പന്റെ പ്രേമം പ്രേതമായി അവളിലുടക്കികിടന്നു. അവള്‍ക്കു കാണുന്ന പുരുഷന്മാരെല്ലാം ദാസപ്പന്മാരായി തോന്നി. അങ്ങനെ അവള്‍ ദാസപ്പന്‍മേരിയായി പുതിയ തൊഴില്‍ സ്വീകരിച്ചു. ടൗണ്‍ഷാപ്പിന്റെ കവാടത്തില്‍ കറിക്കച്ചവടം നടത്തുന്ന പുതിയപറമ്പില്‍ ശങ്കരന്‍ തന്റെ കടയോട് ചേര്‍ന്ന് ഒരു മരബെഞ്ച് ഇട്ടിട്ടുണ്ട്. അതാണ് മേരിയുടെയും കീലറിന്റെയും സായാഹ്നങ്ങളിലെ വിലപേശലിനുള്ള ഇരിപ്പിടം.



രാത്രി പത്തോടടുത്തുകാണും. മത്തായി
ഉപദേശി ടോര്‍ച്ചു മിന്നിച്ച് താഴെനിന്നും നടകയറിവരുന്നത് ഞാന്‍ കണ്ടു. പള്ളിമുറ്റത്ത് എത്തിയപ്പോള്‍ വീട്ടിലേക്കു പോകാതെ ഞാന്‍ തടഞ്ഞുനിറുത്തി .  പറങ്കിപ്പറമ്പിലെ കിണറ്റില്‍കണ്ട കാര്യം ചുരുക്കിപറഞ്ഞു. ഉപദേശി
ജാനുവിനെക്കാള്‍ കഷ്ടമായി. ശരീരം തളര്‍ന്നു വീഴാന്‍ തുടങ്ങി.  ഞാന്‍ പിടിച്ചു പള്ളിവരാന്തയില്‍ ഇരുത്തി. അല്പം കഴിഞ്ഞ് ഞാന്‍ ഉപദേശിയോട് ചോദിച്ചു.



''നമുക്ക് പോലീസില്‍ അറിയിക്കണ്ടേ ?''
''വേണം''
''എന്നാല്‍ നമുക്ക് സ്‌റ്റേഷനിലേക്ക് പോകാം. ഷീലച്ചേച്ചിയോട് ഇപ്പോള്‍ പറയണ്ട''



ഞങ്ങള്‍ രണ്ടാളും ടൌണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. തല നരച്ച 'ഏഡ് മൂത്ത' എസ് . ഐ. രാത്രിയിലും സ്‌റ്റേഷനില്‍ ഉണ്ട്. വരാന്തയില്‍ പാറാവു പോലീസും ഉള്ളിലൊരു റൈറ്ററും. അതാണ് സ്‌റ്റേഷനിലെ ആ സമയത്തെ സ്റ്റാഫ്. ഞാന്‍ കിണറ്റില്‍ കണ്ട കാര്യം എസ് .ഐ യോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിസ്സാരമായ മറുപടി ഇങ്ങനെ.



''എനിക്ക് റിട്ടയര്‍ ആകാന്‍ മൂന്നുമാസമേയുള്ളു. അതുകൊണ്ട് കൂടുതല്‍ പുലിവാല് പിടിക്കാന്‍ ഞാനില്ല. പ്രേതത്തിന് കാവലിരിക്കാന്‍ ഇവിടെയിപ്പോള്‍ പോലീസുകാരുമില്ല. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞകാര്യം നാളെ രാവിലെ അറിഞ്ഞതായിട്ട് ഞാനിവിടെ രേഖപ്പെടുത്തും. അപ്പോള്‍ പ്രേതത്തിന് രാത്രിയില്‍ കാവലിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം''



എസ് .ഐ. എഴുന്നേറ്റ് പാറാവുകാരനോട് എന്തോ പറഞ്ഞ് റൈറ്ററുടെ മുറിയിലേക്ക് പോയി. ഞങ്ങള്‍ നിരാശരായി തിരികെപോന്നു. ഉപദേശി വളരെ ക്ഷീണിതനായിരുന്നു. എന്നെ കാര്യങ്ങള്‍ ഏല്പിച്ച് ഉപദേശി വീടിനുള്ളിലേക്ക് പോയി. ഞാന്‍ രാത്രി മുഴുവനും പറങ്കിപ്പറമ്പിലെ പൊട്ടക്കിണറിന് കാവലായി പള്ളിനടയില്‍ ഇരുന്നു. കൊതുകുകള്‍ കൂട്ടംകൂട്ടമായി കൂട്ടിന് വന്നുകൊണ്ടേയിരുന്നു.


രാവിലെ എസ് .ഐ യും രണ്ടു പോലീസുകാരും പറങ്കിപ്പറമ്പിലെത്തി
നടപടികള്‍ക്ക് തുടക്കമിട്ടു. നാട്ടുകാരുടെ സഹായത്തോടെ പ്രേതത്തെ കിണറ്റില്‍നിന്നും പൊക്കി
കരക്കിട്ടു. മാംസഭാഗങ്ങള്‍ വിട്ടുമാറിയ
ഒരസ്ഥിപഞ്ജരമായിരുന്നു. മുഖം
വ്യക്തമല്ല. വെള്ളയോ മഞ്ഞയോ എന്ന് തിട്ടമല്ലാത്ത ഒരു ഉടുപ്പും ചുറ്റിമുറുക്കിക്കെട്ടിയ കൈലിയുമാണ്  വേഷം. അസഹ്യമായ ദുര്‍ഗന്ധം. പ്രേതം കാണാന്‍ വന്ന പാലാ ബസ്സിലെ കണ്ടക്ടര്‍ പറഞ്ഞു. രണ്ടാഴ്ചയായി അമനകരയില്‍നിന്നും ഒരു നാണപ്പനാശാരിയെ കാണാനില്ല എന്ന്. അയാളുടെ വീട്ടുപേരറിയില്ലെന്നും ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങി അന്വേഷിച്ചാല്‍ അറിയാന്‍ പറ്റുമെന്നും. ഇതുകേട്ട് ഉപദേശി എന്റെ പിന്നാലെ കൂടി. ഉപദേശിയുടെ ദയനീയാവസ്ഥ മനസ്സിലാക്കി ഞാന്‍ അമനകരക്കു ബസ്സ് കയറി. സ്‌റ്റോപ്പിലിറങ്ങി അന്വേഷിച്ചപ്പോള്‍ നാണപ്പന്‍ ആശാരിയുടെ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. വൈയ്‌ക്കോല്‍ മേഞ്ഞ ഒരൊറ്റമുറി വീട്. മരപ്പലകയടിച്ച ഭിത്തി. ചാണകം മെഴുകിയ തറയില്‍ എട്ടോ പത്തോ വയസ്സുള്ള ഒരു പയ്യന്‍ മൂട് കീറിയ കാക്കിനിക്കറുമിട്ട് നാല് കാലില്‍ ആന നടക്കുന്നതുപോലെ നടക്കുന്നു. എന്തോ ഒരുതരം കളിയാണ്. മുറ്റത്തു നില്‍ക്കുന്ന ഉയരമുള്ള മാവില്‍ നിറയെ മാങ്ങയുണ്ട്. അത് എറിഞ്ഞുവീഴ്ത്താന്‍ കൈയില്‍ കല്ലുമായി ഒരു ടീനേജുകാരന്‍. അവനും കാക്കിനിക്കറും കയ്യില്ലാത്ത പിഞ്ചിയ ബനിയനും വേഷം. നടുമുറ്റത്ത് നാല്പത്തിയഞ്ചോളം വയസ്സ് തോന്നിക്കുന്ന മുട്ടോളം വച്ച് കൈലിമുണ്ടുടുത് പൊക്കിളുകാണുന്ന ബ്ലൗസുമിട്ട് തലയില്‍ അവിടവിടെ നരകയറിയ ഒരു സ്ത്രീ കൂട്ടിയിട്ട തെങ്ങിന്‍മടല് വെട്ടി വിറകാക്കുന്നു. ആ സ്ത്രീ ആശാരിയുടെ ഭാര്യ ആണെന്നും മാവേലേറുകാരനും ആനകളിക്കാരനും മക്കളാണെന്നും ഊഹിച്ചുകൊണ്ട് ഞാനാ സ്ത്രീയോട് ചോദിച്ചു.



''ഇത് നാണപ്പനാശാരിയുടെ വീടല്ലേ ?''
''ആണെങ്കില്‍....''
''ആശാരിയെ ഒന്നുകാണാന്‍ വന്നതാ ''
''ഇവിടില്ല'' മുഖത്തടിച്ച പോലത്തെ മറുപടി. ഞാന്‍ ചോദിച്ചു.
''എവിടെ പോയി?''
''അറിയില്ല. പോയാല്‍ രണ്ടുമൂന്നാഴ്ച കഴിഞ്ഞൊക്കെയേ വരൂള്ളൂ '' എന്ന് നിസ്സാരമായി പറഞ്ഞ് ആ സ്ത്രീ വീടിന്റെ മറുഭാഗത്തേക്ക് നടന്നു.



ഞാന്‍ മാവേലെറിയുന്ന കക്ഷിയെ വിളിച്ചു. ഇതിനോടകം അവന്‍ കുറെ മാങ്ങ എറിഞ്ഞുകൂട്ടിയിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ അവന്റെ പേര് ഗംഗാധരന്‍ എന്നും വീട്ടില്‍ വിളിക്കുന്നത് ഗംഗയെന്നും ഉഴവൂര്‍ കോളേജില്‍ ഒന്നാംവര്‍ഷ പ്രീഡിഗ്രിക്ക് ആറുമാസം പോയി പഠിത്തം നിറുത്തിയെന്നും പറഞ്ഞു. അവനും പറഞ്ഞു അച്ഛന്‍ ഇങ്ങനെ ആഴ്ചകളായി മാറിനില്‍ക്കാറുണ്ടെന്നും ഇപ്രാവശ്യം കാണിച്ചുകുളങ്ങര അമ്പലത്തില്‍ ഉത്സവത്തിനോ മറ്റൊ പോയതായിരിക്കും എന്നൊരു ഊഹമുണ്ടെന്നും. ഒരനാഥശവം കൂത്താട്ടുകുളത്ത് കിട്ടിയിട്ടുണ്ട്. അതൊന്നു കാണാന്‍ വരുമോ എന്ന് ചോദിച്ചപ്പോള്‍ അവനാദ്യം പറഞ്ഞു അത് അച്ഛന്‍ ആയിരിക്കില്ല, അവന്‍ വരുന്നില്ല. അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമ്മയോട് സമ്മതം വാങ്ങി എന്റെ കൂടെ പോന്നു .


ഞങ്ങളെത്തിയപ്പോള്‍ അനാഥപ്രേതമെന്ന പേരില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസുകാര്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും അറിയിച്ചതുകൊണ്ട് തിരക്കുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പറങ്കിപ്പറമ്പില്‍ വച്ചുതന്നെ പോസ്റ്റുമാര്‍ട്ടവും നടത്തി. പ്രേതത്തിന് ഏതാണ്ട് രണ്ടാഴ്ച പഴക്കമുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. ഞാന്‍ പ്രേതത്തെ മൂടിയ തുണി മാറ്റി ഗംഗാധരനെ കാണിച്ചു. അവന്‍ മൂക്കുപൊത്തി അടുത്തുവന്നു. വലതുകാലിന്റെ വിരലുകളില്‍ ശ്രദ്ധിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ഇത് അച്ഛനാണ്. അച്ഛന്റെ  വലതുകാലിന്റെ പെരുവിരല്‍  ഇതുപോലെ വലതുവശത്തേക്ക് വളഞ്ഞാണ് ഇരുന്നത്. പോലീസുകാര്‍ ഉടുപ്പും കൈലിമുണ്ടും കാണിച്ചുകൊടുത്തു. അതും അച്ഛന്റെ ആണെന്ന് അവന്‍ സമ്മതിച്ചു. ഉടുപ്പ് രാമപുരം സ്‌റ്റൈലോ ടെയിലേഴ്‌സില്‍ തയ്പ്പിച്ചതാണെന്നും അവന്‍ പറഞ്ഞു. നോക്കിയപ്പോള്‍ കോളറില്‍ 'സ്‌റ്റൈലോ' സ്റ്റിക്കറും തയ്ച്ചുപിടിപ്പിച്ചിട്ടുണ്ട്. പോലീസുകാര്‍ ഉടനെ കോട്ടയം ജില്ലയില്‍ രാമപുരം അമനകര ഇല്ലിപ്പറമ്പില്‍ കേശവനാശാരി മകന്‍ നാണപ്പന്‍ ആശാരി അമ്പതു വയസ്സ് എന്ന് ഇന്‍ക്വസ്റ്റിലും മഹസ്സറിലും വേണ്ട തിരുത്തുകള്‍ നടത്തി അനാഥ പ്രേതത്തെ നാഥനുള്ള പ്രേതമാക്കി എന്നെയും ഉപദേശിയെയും മഹസ്സര്‍ സാക്ഷികളാക്കി ഒപ്പിടുവിച്ച് പോലീസുകാര്‍ സ്ഥലം വിട്ടു. പ്രേതത്തിന് ഉടമസ്ഥനുണ്ടായതില്‍ എനിക്കും ഉപദേശിക്കും ആശ്വാസം. ഞാന്‍ ഗംഗയോട് ചോദിച്ചു.



''അച്ഛനെ എങ്ങനെയാണ് വീട്ടില്‍ കൊണ്ടുപോകുന്നത്. ഞാനൊരു വണ്ടി വിളിക്കട്ടെ ?''
അവന്റെ മറുപടി
''ഞാന്‍ അച്ഛനെ എങ്ങും കൊണ്ടുപോകുന്നില്ല. നിങ്ങളെന്തെങ്കിലും ചെയ്‌തോ. ഞാനീ ചീഞ്ഞുനാറുന്ന ശവത്തെ വീട്ടില്‍ കൊണ്ടുചെന്നാല്‍ അമ്മ എന്നെയോടിക്കും ''

എന്നുപറഞ്ഞ് ഗംഗാധരന്‍ പള്ളിനടയിറങ്ങി ഓടിമറഞ്ഞു. അവന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഞാനും ഉപദേശിയും ഞെട്ടിപ്പോയി. അച്ഛനെ വേണ്ടാത്ത മകന്‍! എല്ലാവരും പോയി. ഞാനും ഉപദേശിയും പിന്നെ പ്രേതവും മാത്രം പറങ്കിപ്പറമ്പില്‍. ഇനിയെന്തു ചെയ്യും? ഉപദേശി എന്നോട്.  ഞാനും തിരിച്ചു ചോദിച്ചു ഇനിയെന്തു ചെയ്യും. എന്തോ ആലോചിട്ട് ഉപദേശി പോയി. അല്പം കഴിഞ്ഞ്  ഉപദേശി ഒരു വാക്കത്തിയുമായി തിരികെ വന്നു. ഒരു കയ്യില്‍ തൂമ്പയും മറുകയ്യില്‍ മണ്‍വെട്ടിയുമായി പള്ളിയിലെ പുറംപണിക്കാരന്‍ കൊച്ചുതൊമ്മനും കൂടെയുണ്ട്. ഉപദേശിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഞാനും കൊച്ചുതൊമ്മനും കൂടി പ്രേതം മുകളിലെ പള്ളി ശവക്കോട്ടയിലേക്ക് എടുത്തു. ഉപദേശി ശവക്കോട്ടയില്‍നിന്നും പോകുന്നതിനുമുമ്പ് ചൂണ്ടിക്കാണിച്ച തെക്കുപടിഞ്ഞാറേക്കോണിലെ കാടുകള്‍ വെട്ടിത്തെളിച് ഞാനും കൊച്ചുതൊമ്മനും കുഴിയെടുക്കാന്‍ തുടങ്ങി. തൊമ്മന് അന്തിക്കളള് ഒരു ശീലമാണ്. ഇന്നലെ കള്ളുഷാപ്പില്‍ വച്ച് കൊച്ചുതൊമ്മന്‍ ഒരു കഥ കേട്ടത് കുഴിയെടുക്കന്നതിനിടയില്‍ എന്നോട് പറഞ്ഞു. രണ്ടാഴ്ചമുമ്പ് ശങ്കരന്റെ കറിക്കടക്കുള്ളില്‍ മദ്യലഹരിയില്‍ ദാസപ്പന്‍മേരിക്ക് വേണ്ടിയുള്ള ഇടപാടുകാരുടെ പിടിവലിയില്‍ ശ്വാസംനിലച്ച ഒരു വരത്തന്റെ കഥ. ഞാന്‍ തൂമ്പ നിലത്തിട്ട് തൊമ്മനെ ഒന്നുനോക്കി. അവന്‍ പിന്നെ മിണ്ടിയില്ല. കുഴിതീര്‍ത്ത് ആശാരിയെ അതിലിട്ടു മൂടി.


സംഭവബഹുലമായ ഒരു പകലിന് സാക്ഷിയായ സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എരിഞ്ഞടങ്ങി. ഞാനും കൊച്ചുതൊമ്മനും പണി തീര്‍ത്ത് പള്ളിമുറ്റത്തെത്തിയപ്പോള്‍ ആവി പറക്കുന്ന രണ്ടുകപ്പ് കട്ടന്‍ കാപ്പിയുമായി ജാനു നില്‍പ്പുണ്ടായിയുന്നു. പോയ ഒരുദിവസം ഒരു യുഗംപോലെ തോന്നി. കാലികപ്പ് ജാനുവിന് തിരികെ കൊടുത്ത് ഞാന്‍ ഇരുള്‍ വ്യാപിച്ച നടകളിറങ്ങി തൊട്ടുതാഴെയുള്ള ക്ഷേത്രക്കുളത്തിലേക്ക് നടന്നു, ഇനിയും ഒരു പരോപകാരത്തിന് അവസരം കിട്ടല്ലേ എന്ന പ്രാര്‍ത്ഥനയോടെ...

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code