Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎപിസി ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ്; മാധ്യമ രാഷ്ട്രീയ സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും   - ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്

Picture

ന്യൂയോര്‍ക്ക്: ഹ്യൂസ്റ്റണില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിലും കോണ്‍ക്ലേവിലും മാധ്യമചലച്ചിത്രരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സുബ്രഹ്മണ്യസ്വാമി (എംപി), എം.വി. നികേഷ് കുമാര്‍(റിപ്പോര്‍ട്ടര്‍ ചാനല്‍), ഷാനി പ്രഭാകരന്‍ (മനോരമ ന്യൂസ്), ഇ.സനീഷ് (ന്യൂസ് 18), എം.എസ്. ശ്രീകല (മാതൃഭൂമി ന്യൂസ്), ഡോ. അരുണ്‍ കുമാര്‍ (24 ന്യൂസ്), ധന്യാ രാജേന്ദ്രന്‍ (ദി ന്യൂസ് മിനിട്ട്),പി.എം. മനോജ് (മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) ഹൈബി ഈഡന്‍ (എംപി), ഷാഫി പറമ്പില്‍ (എംഎല്‍എ), എം.ബി. രാജേഷ് (മുന്‍എംപി), റിമാ കല്ലിങ്കല്‍ (ചലച്ചിത്രതാരം), പാര്‍വതി തെരുവോത്ത് (ചലച്ചിത്രതാരം), സുധീര്‍ കരമന (ചലച്ചിത്ര നടന്‍) അഡ്വ. എ. ജയശങ്കര്‍ (രാഷ്ട്രീയ നിരീക്ഷകന്‍), വിനോദ് നാരായന്‍ (വ്‌ളോഗര്‍), അഡ്വ.ഹരിഷ് വാസുദേവന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), മീരാ നായര്‍ (കവിയത്രി) എന്നിവരാണ് കോണ്‍ഫ്രന്‍സിലും കോണ്‍ക്ലേവിലും പങ്കെടുക്കുന്ന പ്രമുഖര്‍. ഇവരോടൊപ്പം മറ്റു ചില സാമൂഹ്യ രാഷ്ട്രീയ മാധ്യമ പ്രമുഖരും കോണ്‍ഫറന്‍സിന് മികവ് പകരാന്‍ വന്നെത്തുന്നതാണ്.

 

രാഷ്ടീയത്തിലും സാമ്പത്തികകാര്യത്തിലും വിദഗ്ധനായ സുബ്രഹ്മണ്യസ്വാമി ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭാ എംപിയാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം.


കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഹൈബി എറണാകുളം എംഎല്‍എ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്കു മത്സരിച്ച് വിജയിച്ചു. പാലക്കാട് എംഎല്‍എ ആയ ഷാഫി പറമ്പിലും വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന രാഷ്ട്രീയ നേതാവാണ്. എസ്എഫ്‌ഐയിലൂടെ വളര്‍ന്നുവന്ന എം.ബി. രാജേഷ് 15ാം ലോക്‌സഭയില്‍ പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

 

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡിയും മലയാള ദൃശ്യമാധ്യമരംഗത്ത് മാറ്റങ്ങള്‍ക്കു തുടക്കമിടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് എം.വി.നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകനായി തുടങ്ങി പിന്നീട് മാധ്യമസംരംഭകനായി വളര്‍ന്ന എം.വി. നികേഷ് കുമാര്‍ മാധ്യമമേഖലയിലെ വഴികാട്ടികൂടിയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി.എം. മനോജ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

 

ദൃശ്യമാധ്യരംഗത്തെ പ്രമുഖ വാര്‍ത്ത അവതാരികയും ടോക്ക് ഷോകളിലൂടെ മലയാളി പ്രേഷകര്‍ക്ക് സുപരിചിതയുമായ മാധ്യമപ്രവര്‍ത്തകയാണ് ഷാനി പ്രഭാകരന്‍. നിലവില്‍ മനോര ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്ററാണ്.

 

പത്തുവര്‍ഷമായി ആലപ്പുഴ അരൂരിലെ മനോരമ ന്യൂസ് ചാനല്‍ ഓഫീസില്‍ ജോലിചെയ്യുന്ന ഷാനി വാര്‍ത്ത അവതാരക, ന്യൂസ് എഡിറ്റിംഗ്, സമകാലികസഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ദിവസേനയുള്ള ടോക്ക് ഷോകള്‍ എന്നിവ നടത്തിവരുന്നു. ഇരുപതുവര്‍ഷമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇ. സനീഷ് ന്യൂസ് 18 ചാനലില്‍ സീനിയര്‍ ന്യൂസ് എഡിറ്ററാണ്. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ മികച്ച അവതാരകനുള്ള നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

മാതൃഭൂമി ന്യൂസില്‍ ന്യൂസ് എഡിറ്ററായ എം.എസ്.ശ്രീകല സ്‌റ്റേറ്റ് അക്രഡിറ്റേഷന്‍ കമ്മറ്റി അംഗമാണ്. മാധ്യമപ്രവര്‍ത്തന രംഗത്ത് നിരവധി അവാര്‍ഡുകള്‍ നേടിയുള്ള അവര്‍ രണ്ടു പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. മാതൃഭൂമി ചാനലിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അകം പുറം എന്ന ടോക് ഷോയുടെ അവതാരകയാണ് ശ്രീകല. മലയാളത്തിലെ ഏറെ ജനപ്രീയ പരിപാടിയായ 24 ന്യൂസിലെ ജനകീയ കോടതിയുടെ അവതാരകനും അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ് ഡോ. എ. അരുണ്‍കുമാര്‍. വിക്ടോറിയ കോളജിലെ മുന്‍ അധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്‍േതുള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദി ന്യൂസ് മിനിറ്റിന്റെ കോ ഫൗണ്ടറും എഡിറ്റര്‍ ഇന്‍ ചീഫുമാണ് ധന്യാ രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ് അവര്‍.

 

2009 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തെത്തിയ റിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.
2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലുടെയാണ് പാര്‍വതി തെരുവത്ത് മലയാള സിനിമാ രംഗത്തെത്തുന്നത്. അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റാക്കി മാറ്റിയ പാര്‍വതിക്ക് സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്തിനു പുറമേ മലയാളികളുടെ സാമൂഹ്യമണ്ഡലങ്ങളിലും സ്ത്രീപ്രശ്‌നങ്ങളിലും സജീവമായി ഇടപെടുകള്‍ നടത്തുന്ന താരങ്ങളാണ് ഇരുവരും. മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുളള നടനാണ് സുധീര്‍ കരമന.

 

അഭിഭാഷകനും രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമാണ് എ. ജയശങ്കര്‍. സാമൂഹ്യരാഷ്ട്രീയ സംഭവവികാസങ്ങളെ തന്റെ ചരിത്രബോധം കൊണ്ട് വിലയിരുത്തുന്ന അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഏറെ ശ്രദ്ധേയമാണ്.

 

സമകാലീന സംഭവങ്ങളെ അപഗ്രഥിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായ ബല്ലാത്ത പഹയന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്‌ളോഗറാണ് വിനോദ് നാരായണ്‍. കഴിഞ്ഞ 19 വര്‍ഷമായി അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്നു. അഭിഭാഷകനും പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നയാളുമാണ് ഹരിഷ് വാസുദേവന്‍. പശ്ചിമഘട്ട സംരക്ഷണം, നെല്ലിയാമ്പതി വനഭൂമി കൈയേറ്റം എന്നീ വിഷയങ്ങളില്‍ ശക്തമായ നിലപാടാണ് ഈ കാസര്‍കോട് സ്വദേശി സ്വീകരിച്ചത്. മാധ്യമങ്ങളില്‍ സജീവമായ പരിസ്ഥിതി ഇടപെടലുകള്‍ നടത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം. കവിയത്രിയും നൃത്തകിയുമാണ് മീരാ നായര്‍.

 

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഹില്‍ട്ടണ്‍ ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സും കോണ്‍ക്ലേവും നടക്കുന്നത്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code