Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 29: ജയന്‍ വര്‍ഗീസ്)

Picture

അവതരണ ചെലവിനായി അക്കാദമിയില്‍ നിന്ന് കിട്ടിയ ചെറിയ തുക അന്നത്തെ ചെലവുകള്‍ക്ക് വീതിച്ചു നല്‍കിക്കൊണ്ട് വെറും കൈയുമായി ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. എന്റെ അഭാവത്തില്‍ വീടും കടയും നോക്കി നടത്തിയിരുന്ന ഭാര്യക്ക് ഒരു വിശ്രമമാവട്ടെ എന്ന് കരുതി വീണ്ടും കടയില്‍ പോയിത്തുടങ്ങി. നാടകം കാണാന്‍ വന്നവരില്‍ നിന്ന് കിട്ടിയ വിവരണം മൂലമാകാം, എനിക്ക് എഴുതാന്‍ കഴിയും എന്നൊരു ധാരണ നാട്ടുകാര്‍ക്ക്, പ്രത്യേകിച്ചും വിദ്യാഭ്യാസമുള്ളവര്‍ക്ക് ഉണ്ടാവുകയും, അവരില്‍ പലരും എന്റെ സുഹൃത്തുക്കള്‍ ആയി മാറുകയും ഉണ്ടായി. നാട് നീളെ നാടകം അവതരിപ്പിക്കുന്നതിനു മുന്‍പ് ആദ്യം അവ സ്വന്തം നാട്ടിലായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത് എന്നൊരു കുറ്റ ബോധം എനിക്കും ഉണ്ടായി.

 

സംഗീത നാടക അക്കാദമിയുടെ ആസ്ഥാനമായ തൃശൂരിലെ മോഡല്‍ റീജിയണല്‍ തീയറ്ററില്‍ വച്ചാണ് സംസ്ഥാന നാടക മത്സരം നടക്കുന്നത്. കഷ്ടി ഒരു മാസം കൂടിയേ അതിനു സമയമുള്ളു. ഒരു മാസത്തോളം ഒറ്റക്ക് കടയും, വീടും നോക്കി നടത്തിയ ഭാര്യ ഒന്ന് വിശ്രമിക്കുകയാണ്. കട വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പാലായിലേക്കുള്ളതിന്റെ ഇരട്ടി ദൂരമുണ്ട് തൃശൂരിലേക്ക്. ആരോടെങ്കിലും കുറച്ചുപൈസ കടം വാങ്ങാതെ കാര്യം നടക്കുകയില്ല എന്ന അവസ്ഥ. ഈ വിവരം ഞാന്‍ ജ്വാലയില്‍ പറഞ്ഞു. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാടകം അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നേക്കുമോ എന്ന ആശങ്ക എല്ലാവരിലും നിറഞ്ഞു നിന്നു.

 

ജ്വാലയുടെ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ വിവരം പുറത്തു ചാടി. നാടകം കാണാന്‍ വന്നിരുന്ന തോമാച്ചന്‍ ചേട്ടനും മത്തനും ഉള്‍പ്പടെയുള്ളവര്‍ കൂടിയാലോചിച്ചിരിക്കണം. നാട്ടുകാരും സുഹൃത്തുക്കളുമായ ഒട്ടേറെപ്പേര്‍ കടയില്‍ വന്ന് വിവരങ്ങള്‍ തിരക്കുകയും, \' തൃശൂരില്‍ പോകാതിരിക്കരുത് \' എന്നും \' അതിനുള്ള പൈസ ഞങ്ങളൊക്കെക്കൂടി തരും \' എന്നും പറഞ്ഞു കൊണ്ട് അന്പത് രൂപാ മുതല്‍ അഞ്ചു രൂപാ വരെയുള്ള തുകകള്‍ എന്നെ ഏല്‍പ്പിക്കുകയും, ആകെക്കൂടി അഞ്ഞൂറിലധികം രൂപായുടെ ഒരു ഫണ്ട് എന്റെ കൈയില്‍ വന്നു ചേരുകയും ഉണ്ടായി.

 

എന്റെ നാട്ടില്‍ നിന്ന് എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമായിരുന്നു ഇത്. അത് എന്നില്‍ വളര്‍ത്തിയ ആത്മ വിശ്വാസത്തിന്റെ അളവ് വളരെ വലുതായിരുന്നു. നാടക വേദിയുടെ നൈതിക മുഖ ശോഭയില്‍ കരി പുരട്ടിയ കള്ളന്മാരും \' ഖലാ സ്‌നേഹ \' ത്തിന്റെ പേരില്‍ ഇന്നത്തേപ്പോലെ അന്നും രംഗത്തുണ്ടായിരുന്നു. ഏതൊരു നാട്ടിലെയും ഏതൊരു സാധാരണ മനുഷ്യന്റെയും കാഴ്ചപ്പാടില്‍ മിക്ക നാടകാവതരണങ്ങളും ഒരു പിള്ളേര് കളിയാണ്. തൊഴിലില്ലാത്ത കുറെ ചെറുപ്പക്കാര്‍ സംഘടിക്കുന്നു, ഏതെങ്കിലും ഒരു നാടകം എടുത്ത് റിഹേഴ്‌സല്‍ നടത്തുന്നു, അഭിനയം തൊഴിലാക്കിയ ഒന്നോ, രണ്ടോ നടികളെ തങ്ക വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് പോലെ കൊണ്ട് വരുന്നു, അവരുടെ പിറകെ മണത്തു, മണത്തു അഭിനേതാക്കളും, സംഘാടകരും കുറേക്കാലം നടക്കുന്നു, ഈ നടികളുടെ മേലുള്ള അവകാശ തര്‍ക്കങ്ങളില്‍ ട്രൂപ്പിനുള്ളില്‍ രൂപം കൊള്ളുന്ന കശപിശ നാട്ടുകാരുടെ ചെവിയിലും എത്തുന്നു, അവസാനം ഒരു തല്ലിക്കൂട്ട് നാടകം അവതരിപ്പിക്കുന്നു, കൂറേ ചീത്തപ്പേരും സ്വന്തമാക്കി ഓരോരുത്തരും പടം മടക്കുന്നു. ഇത്തരം നൂറു കണക്കിന് കഥകള്‍ ഓരോരുത്തര്‍ക്കും അറിവുള്ളതു കൊണ്ടാണ് നാടകക്കാരന്‍ എന്ന് കേള്‍ക്കുന്‌പോള്‍ത്തന്നെ അയാള്‍ക്ക് പുച്ഛത്തിന്റെ ഒരു വാല്‍ കൂടി നാട്ടുകാര്‍ ചാര്‍ത്തി കൊടുക്കുന്നത്. ( നാടകത്തെക്കുറിച്ച് തീരെ മതിപ്പില്ലാതിരുന്ന വീട്ടുകാരും, ബന്ധുക്കളും ആണ് എനിക്കുണ്ടായിരുന്നത്. ഒരിക്കല്‍ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് പരിഹാസത്തോടെ എന്നോട് നേരിട്ട് ചോദിച്ചത് \" നിങ്ങളുടെ ഈ \' മാട്ടേക്കളി \' കൊണ്ട് ഒരു ചായ കുടിക്കാനുള്ള പൈസ ഉണ്ടാക്കുവാന്‍ സാധിക്കുമോ ? \" എന്നായിരുന്നു. ബിസിനസ്സ് കാരനായ അദ്ദേഹം പണം കൊയ്‌യുന്‌പോള്‍, നമ്മള്‍ നാടകം കളിച്ച് ഉള്ള പൈസ കൂടി കളയുകയായിരുന്നു എന്ന് സ്വയം ബോധ്യമുള്ള എനിക്ക് വായടച്ച് തല കുന്പിട്ട് ഇരിക്കേണ്ടി വന്നു. )

 

എന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ എന്റെ നാട്ടില്‍ അംഗീകരിക്കപ്പെടാതിരുന്നതിന്റെ കാരണങ്ങള്‍ പകല്‍ പോലെ ഇന്നും എനിക്ക് വ്യക്തമാണ്. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞ ഒരു ദരിദ്രവാസി തെണ്ടിച്ചെറുക്കന്‍, അടുത്ത നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്ത ഒരു സാന്പത്തിക സാഹചര്യത്തില്‍, പണ്ഡിതന്മാരും, ഉന്നത കുല ജാതരുമായ മഹാന്മാര്‍ പോലും പേടിച്ചു കൈ വയ്ക്കുന്ന ഒരു മേഖലയില്‍ കൈ വച്ച് പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞാല്‍, ആരായാലും ഒന്ന് നെറ്റി ചുളിച്ചു പോകുമല്ലോ? അത് മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഇന്നും എനിക്കാരോടും പരിഭവവുമില്ല. എന്റെ പല രചനകളിലും തുടിച്ചു നില്‍ക്കുന്ന സഗ്ഗാത്മക സാഹിത്യ മൂല്യം എങ്ങിനെ ആവിഷ്ക്കരിക്കപ്പെട്ടുവെന്ന് പില്‍ക്കാലത്ത് ഞാന്‍ പോലും അത്ഭുതപ്പെട്ടു പോയിട്ടുണ്ട് എന്നതാണ് യഥാര്‍ത്ഥ സത്യം. ആരോരുമറിയാതെ കാട്ടില്‍ വളരുന്ന ഒരു പാഴ് മുളം തണ്ടില്‍ നിന്ന് പാട്ടിന്റെ പാലാഴി സൃഷ്ടിക്കുന്നത് ആ മൂളം തണ്ടല്ലാ എന്നും, അതിലൂടെ ഒരു സംഗീതജ്ഞന്‍ തന്നെത്തന്നെ ആവിഷ്ക്കരിക്കുന്‌പോളാണ് സംഗീതമുണ്ടാവുന്നത് എന്നും ഇന്ന് ഞാന്‍ അറിയുന്നുണ്ട്. ഇവിടെ ഞാന്‍ ആ മുളം തണ്ടാണ്, ആര്‍ക്കും വേണ്ടാത്ത വെറും മുളം തണ്ട്. ഇതിലൂടെ പാടുന്ന സര്‍വോന്നതനായ ആ സംഗീതജ്ഞനെ ഞാനെന്റെ ഹൃദയത്തില്‍ തന്നെ ചേര്‍ത്തു പുണര്‍ന്നു കൊള്ളട്ടെ. ആദ്യകാലം മുതല്‍ക്കേ ഒരു വീര നായകനെപ്പോലെ എന്നെ അംഗീകരിച്ച് ആരാധിച്ചിരുന്ന, പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള പാവപ്പെട്ടവരുടെ ഒരു ചെറിയ കൂട്ടം ഉണ്ടായിരുന്നു എന്നത് അവരോടുള്ള എല്ലാ ആദരവുകളോടെയും ഇവിടെ അനുസ്മരിക്കുന്നു.

 

സംസ്ഥാന തല നാടകാവതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. തൃശൂര്‍ മുതല്‍ പാലാ വരെയുള്ള ഒരു വിസ്തൃത മേഖലയില്‍ ചിതറിക്കിടക്കുന്ന അഭിനേതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകകരുടെയും വീടുകളില്‍ ഞാന്‍ നേരിട്ട് ചെന്ന് അവരെ പഴയ റിഹേഴ്‌സല്‍ ക്യാംപിലേക്കു ക്ഷണിച്ചു. ഓരോരുത്തര്‍ക്കും അവിടെ എത്തിച്ചേരുന്നതിനുള്ള വണ്ടിക്കൂലിയും നിര്‍ബന്ധിച്ചു ഏല്‍പ്പിച്ചു. ( അവരുടെ കൈയില്‍ നിന്ന് ഇതിനേക്കാള്‍ എത്രയോ വലിയ തുക ഇതിനകം ചെലവായിരിക്കുന്നു.) വെറും മൂന്നു ദിവസത്തെ ക്യാംപ്. മൂന്നാം ദിവസം നാടകം അവതരിപ്പിച്ചു മടങ്ങും. ഇതാണ് വ്യവസ്ഥ. വാഴക്കുളത്തെ കൊവേന്തയുടെ വണ്ടി തന്നെ തൃശൂരിലേക്കും ഏര്‍പ്പാടാക്കി.

 

കൃത്യ സമയത്തു തന്നെ എല്ലാവരും പഴയ ക്യാംപിലെത്തി. പാലായില്‍ നേടിയ വിജയത്തിന്റെ അഭിനന്ദനങ്ങളുമായി വീട്ടുകാരും, നാട്ടുകാരും ഞങ്ങളെ സ്വീകരിച്ചു. യാതൊരു തിരക്കുമില്ലാതെ ഒരോര്‍മ്മ പുതുക്കല്‍ ക്യാംപ്. രണ്ടോ, മൂന്നോ റിഹേഴ്‌സലുകള്‍ മാത്രം.സങ്കീര്‍ണ്ണങ്ങളായ ആക്ഷന്‍ രംഗങ്ങള്‍ പലതവണ ആവര്‍ത്തിച്ചു ഉറപ്പാക്കി. എല്ലാം വളരെ തൃപ്തികരമായി നടന്നു. പറഞ്ഞ സമയത്തു തന്നെ മിനിവാന്‍ എത്തി. വളരെ സന്തോഷത്തോടെ എല്ലാ തയാറെടുപ്പുകളുമായി ഒരുമനസ്സോടെ ഞങ്ങള്‍ തൃശൂരിലേക്ക് പുറപ്പെട്ടു.

 

കളിയും, ചിരിയും, തമാശുകളുമായി എല്ലാവരും സന്തോഷത്തിലാണ്. ലിസ്സി തോമസും, വത്സലയും, വത്സലയുടെ അമ്മയും മാത്രം അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ മുഴുകിയിരിക്കുന്നു. വണ്ടി മൂവാറ്റുപുഴയും കടന്ന് \' മണ്ണൂര്‍ \' എന്ന സ്ഥലത്തെത്തി. അധികം ആള്‍താമസമില്ലാത്ത ഒരു ഏരിയ. ഒരു ചെറിയ ശബ്ദത്തോടെ വണ്ടി കുലുങ്ങി നിന്നു. െ്രെഡവര്‍ ഇറങ്ങി ബോണറ്റ് പൊക്കിവച്ചു ചിലതൊക്കെ ചെയ്തു. തിരിച്ചു കയറി വണ്ടിയെടുക്കാന്‍ ശ്രമിച്ചു. കറുത്ത പുക തുപ്പി എന്‍ജിന്‍ ചീറുന്നതല്ലാതെ ഒരടി പോലും വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. വീണ്ടും പുറത്തിറങ്ങിയ െ്രെഡവറോടൊപ്പം ഞാനും, മൂക്കനും, മറ്റു ചിലരും പുറത്തിയിറങ്ങിയെങ്കിലും, ഓട്ടോ സംബന്ധമായി ഒന്നും അറിയാത്തവരായിരുന്നു ഞങ്ങള്‍. അങ്ങനെയിങ്ങനെ അര മണിക്കൂര്‍ പോയിക്കിട്ടി. ഏഴര മണിക്ക് തൃശൂരില്‍ നാടകം തുടങ്ങേണ്ടതാണ്. വണ്ടി ശരിയാവാന്‍ പോകുന്നില്ലെന്ന് െ്രെഡവര്‍ വന്നറിയിച്ചു.

 

എന്റെ മനസ്സില്‍ ഒരഗ്‌നിമഴ പെയ്തിറങ്ങുന്നത് ഞാനറിഞ്ഞു. ഭ്രാന്തു പിടിച്ചവനെപ്പോലെ റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് ഞാന്‍. ആരോടൊക്കെയോ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ശബ്ദം പുറത്തു വരാതെ ചെവിയിലൂടെയാണ് അത് പോകുന്നതെന്ന് ഞാനറിയുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാത്ത ഒരു വിഭ്രമ വിഹ്വലതയില്‍ റോഡില്‍ കുത്തിയിരുന്നു പോയി ഞാന്‍. സ്ത്രീകള്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങി പരസ്പരം എന്തൊക്കെയോ പറഞ്ഞു നില്‍ക്കുകയാണ്. ഒരു പത്തു മിനിട്ടു കൂടി അങ്ങനെയും നഷ്ടപ്പെട്ടു.

 

കടുത്ത ദേഷ്യ ഭാവത്തോടെ മൂക്കന്‍ എന്റെയടുത്തേക്ക് വന്നു. മുന്‍പ് ഒരിക്കലും എന്നോട് പ്രകടിപ്പിച്ചിട്ടില്ലാത്ത അത്ര രൂക്ഷ ഭാവത്തിലും ഭാഷയിലും എന്നോട് പറഞ്ഞു : \" എടോ, താനിവിടെയിരുന്നു ചത്താല്‍ ആര്‍ക്കെന്തു ചേതം? ഒരു വണ്ടി കേടായെന്നു വച്ച് നമ്മളാരും ചാവാനൊന്നും പോകുന്നില്ല. എഴുന്നേല്‍ക്ക് നമുക്ക് വേറൊരു വണ്ടി വിളിക്കാം \" ( എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രചോദനമായിരുന്നു ഈ ഇടപെടല്‍. പിന്നീടുണ്ടായ എന്റെ ജീവിത പ്രതിസന്ധികളിലെല്ലാം പ്രായോഗിക തലത്തിലുള്ള ഇത്തരം സമീപനങ്ങളിലൂടെ അവയെ നേരിടുവാന്‍ എന്നെ സഹായിച്ചത് ഈ സംഭവമായിരുന്നു. )
അപ്പോള്‍ അതിലേ വന്ന ഒരു ഓട്ടോ റിക്ഷാ വിളിച്ചു ഞാനും, മൂക്കനും മൂവാറ്റുപുഴയിലെത്തി. ആദ്യം കണ്ട മിനിവാന്‍ തന്നെ വിളിച്ചു. \' അത്യാവശ്യക്കോഴിക്ക് അഞ്ചു രൂപാ \' എന്ന നിലയിലുള്ള ഒരു കൂലിയാണ് െ്രെഡവര്‍ പറഞ്ഞത്. മറ്റുള്ളവന്റെ വീഴ്ചകളില്‍ നിന്നും ഒരു റാത്തല്‍ തന്നെ മുറിച്ചു വാങ്ങുന്ന ഷൈലോക്കുമാരാണല്ലോ ( വിശ്രുത നാടകമായ \' മര്‍ച്ചന്റ് ഓഫ് വെനീസ് \' ഓര്‍മ്മിക്കുക. ) സാമൂഹ്യ സേവനത്തിനായി യൂണിഫോമണിഞ്ഞ നമ്മുടെ ജന സേവകര്‍?സമയം വളരെ വിലപ്പെട്ടതാണല്ലോ? ഷൈലോക്കിനെ തന്നെ വിളിച്ചു ഞങ്ങള്‍ മണ്ണൂരെത്തി. തയ്യാറായി നിന്ന സുഹൃത്തുക്കളേയും കയറ്റി ഞങ്ങള്‍ തൃശൂരിലേക്ക് പാഞ്ഞു. ആള്‍ ഷൈലോക്കാണെങ്കിലും ഒരു വലിയ ഉപകാരം ചെയ്തു. ആവശ്യം മനസ്സിലാക്കി അതി വേഗതയില്‍ തന്നെ വടിയോടിച്ചു ഞങ്ങളെ തൃശൂരിലെത്തിച്ചു.

 

സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. ഏഴര മണിക്ക് നാടകം തുടങ്ങേണ്ടതാണ്. ഇനി മേക്കപ്പ്പ് കഴിയണമെങ്കില്‍ തന്നെ നല്ല സമയം വേണം. സമയക്രമം പാലിക്കാത്തതിനാല്‍ നാടകാവതരണം സാധ്യമല്ലെന്ന് സംഘാടകര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ കാലുപിടിച്ചു പറഞ്ഞു നോക്കി. കാര്യങ്ങള്‍ മനസ്സിലാക്കി ബഹുമാന്യനായ അക്കാദമി ചെയര്‍മാന്‍ ശ്രീ വൈക്കം ചന്ദ്ര ശേഖരം നായര്‍ നേരിട്ടെത്തി. പാലായില്‍ വച്ച് അദ്ദേഹം ഞങ്ങളുടെ നാടകം കണ്ടിരുന്നതാണല്ലോ? അദ്ദേഹത്തിന്‍റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്ന് എത്രയും വേഗം നാടകം അവതരിപ്പിച്ചു കൊള്ളുവാന്‍ അനുവാദം കിട്ടി. പിന്നെ മേക്കപ്പ് റൂമിലേക്ക് ഒരോട്ടമായിരുന്നു. ആവും പോലെയൊക്കെ ചായങ്ങള്‍ വാരിത്തേച്ച് അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ റെഡിയായി. നാടകം ആരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ കറണ്ട് പോയി. അക്കാദമിയില്‍ നിന്നുള്ള സപ്ലെയില്‍ ഉണ്ടായ തകരാറായിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ, പതിനഞ്ചു വര്‍ഷത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് വിദഗ്ധനായ ബാലന് പറ്റിയ ഒരബദ്ധമായിരുന്നു കാരണം. മാനസികമായും, ശാരീരികമായും ട്രൂപ്പ് ശരിക്കും തളര്‍ന്നിരുന്നു. അതില്‍ നിന്നും ഉളവായ ഒരവസ്ഥയില്‍ നിന്നാണ് ഇത് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും മനസ്സിലായി. തകരാറുകള്‍ പരിഹരിച്ച് വീണ്ടും ആദ്യം മുതല്‍ നാടകം തുടങ്ങേണ്ടി വന്നു.

 

പാലായില്‍ ഞങ്ങള്‍ നടത്തിയ പ്രകടനത്തിന്റെ അടുത്തെങ്ങും എത്തുവാന്‍ ആര്‍ക്കും സാധിച്ചില്ല. ചാരത്തില്‍ നിന്നും ഉയിര്‍ക്കുന്ന ഫിനിക്‌സ് പക്ഷിയെപ്പോലെ മൂക്കന്‍ മാത്രം കത്തിക്കയറി. ഫല പ്രഖ്യാപനം വന്നപ്പോള്‍ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് മൂക്കന് ലഭിച്ചു. സംസ്ഥാന നാടക മത്സരത്തില്‍ അവതരിപ്പിച്ച അസ്ത്രം എന്ന നാടകത്തിന്റെ രചയിതാവ് എന്ന നിലയില്‍ എനിക്കും, അസ്ത്രം അവതരിപ്പിച്ച സമിതി എന്ന നിലയില്‍ ജ്വാലക്കും ഓരോ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു.

 

സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുക്കുന്ന സമിതികള്‍ക്ക് അവതരണ ചെലവിനായി ഒരു തുക അനുവദിച്ചിരുന്നു. അത് മുഴുവനുമായിത്തന്നെ വണ്ടിക്കൂലിയായി കൊടുത്ത് കൊണ്ട് ഞങ്ങള്‍ മൂവാറ്റുപുഴയിലെത്തി. എന്നും എല്ലാത്തരം നിര്‍ഭാഗ്യങ്ങളുടെയും ഇരയാകുവാന്‍ വിധിക്കപ്പെട്ട എന്റെ കൂടെ കൂടിയതിനാലാവും മറ്റുള്ളവര്‍ക്കും ഈ ദുര്‍ഗ്ഗതി സംഭവിച്ചത് എന്ന് ആശ്വസിച്ചു കൊണ്ട് ഞാന്‍ വീട്ടില്‍ തിരിച്ചെത്തി സാധാരണ ജീവിത വൃത്തികളില്‍ മുഴുകി.

 

( അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുത്ത നാടകങ്ങളെക്കുറിച്ചുള്ള ഒരവലോകനം പിറ്റേ ദിവസങ്ങളിലെ പത്രങ്ങളില്‍ വന്നിരുന്നു. അതില്‍ ഒരു പ്രമുഖ പത്രത്തില്‍ വന്നത്, \' ജയന്‍ വര്‍ഗീസ് രചിച്ച അസ്ത്രം എന്ന നാടകം മലയാള നാടക സാഹിത്യത്തിന്റെയും, നാടക വേദിയുടെയും ഇടനെഞ്ചില്‍ തറച്ച ഒരു ആഗ്‌നേയാസ്ത്രം ആയിരുന്നു \' എന്നാണ്. ഇത് പറഞ്ഞ നിരൂപകന്‍ നാടകത്തെ പുകഴ്ത്തുകയായിരുന്നോ, അതോ ഇകഴ്ത്തുകയായിരുന്നോ എന്ന് ഇന്നുവരെയും എനിക്ക് മനസ്സിലായിട്ടില്ല. എനിക്ക് മനസ്സിലായത്, ആര്‍ക്കോ വേണ്ടി നപുംസക വേഷം കെട്ടുകയായിരുന്ന നിരൂപകന്‍ ആണും, പെണ്ണും കെട്ട ഒരു വിശേഷണം നടത്തിക്കൊണ്ട് എന്റെ നാടകത്തെ അപമാനിക്കുകയായിരുന്നു എന്നാണ്. ഇതിനു തെളിവായി അക്കാദമിയില്‍ വച്ച് തന്നെ നടന്ന മറ്റൊരു സംഭാഷണം പിന്നാലെ വിവരിക്കുന്നുണ്ട്. )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code