Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എള്ള് മണിയുടെ രാമ ജപം (സന്തോഷ് പിള്ള)

Picture

ചക്കിന്‍റെ കണ നെഞ്ചോട് അമര്‍ത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാന്‍ കൂട്ടാക്കുന്നില്ല. പടു കൂറ്റന്‍ കാളകള്‍ പോലും മുക്രയിട്ട് വലിക്കുന്ന ഈ ചക്ക് , ഒരു മനുഷ്യന്‍ എങ്ങനെ തള്ളിനീക്കും? രാജാവ് കല്പിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ. സാധാരാണ ജനങ്ങള്‍ക്ക് മനസിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപെടുത്തുകയും, ആ ലിപി പ്രചാരത്തിലാക്കുവാന്‍ ആദ്യാക്ഷരങ്ങളില്‍ ആരംഭിക്കുന്ന ഹരി നാമ കീര്‍ത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ. വേദജ്ഞാനവും, ഭക്തി രസവും എല്ലാവര്‍ക്കും ഒരുപോലെ നേടിയെടുക്കാന്‍ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന ചിലരെ ചൊടിപ്പിച്ചതിന്‍റെ പരിണിത ഫലമാണ് ഈ ചക്കുന്തല്‍. എണ്ണ ആട്ടുന്നതില്‍ നിന്നും കിട്ടുന്ന വേതനം കൊണ്ട് മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട് . സര്‍വ ചരാചരങ്ങളിലും ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും, ക്ഷേത്ര ഉടമസ്ഥരും ആയിട്ടുള്ള ചില മഹാത്മാക്കള്‍, എണ്ണ ആട്ടുന്നതിന്റെ മുന്‍കൂര്‍ കൂലി എന്ന രീതിയില്‍ എത്തിക്കുന്ന ധാന്യങ്ങളാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. തുഞ്ചന്‍ പറമ്പിലെ രാമാനുജന് , ശിഷ്യരെ അക്ഷരം പഠിപ്പിച്ചതിന് കഠിന ശിക്ഷയോ. എന്നവര്‍ അമര്‍ഷം കൊണ്ടിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ കുറവാണെങ്കിലും, അധ്വാനത്തിനും, എണ്ണക്കും, പനയോലക്കും ഒരുകുറവുമില്ല.

 

അമ്മാവനും, വല്യേട്ടനും കുട്ടിക്കാലം മുതല്‍ ചൊല്ലിത്തന്ന വേദമന്ത്രങ്ങളും, തമിഴ് നാട്ടിലെ ആദീനത്തില്‍ നിന്നും പഠിച്ച വേദ ശാസ്തങ്ങളും മാത്രമാണ് ഇപ്പോള്‍ കൈമുതലായിട്ടുള്ള ധനം. ചക്കുന്തല്‍ കൊണ്ടുമാത്രം ജീവിക്കണം എന്നല്ലേ ശിക്ഷ.!!! സ്വായത്തമാക്കിയ അറിവുകൊണ്ട് രാമായണം സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌യുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ? പ്രതിഫലം ലഭിക്കാത്ത ജോലിയല്ലേ? ഗുരുസ്ഥാനീയര്‍ എല്ലാവരും മണ്മറഞ്ഞു പോയി. അനുവാദം ചോദിക്കാന്‍ ജേഷ്ഠ സഹോദരി മാത്രം ബാക്കി. പഠിക്കലും പഠിപ്പിക്കലും മാത്രമാണല്ലോ തലമുറകളായി പിന്തുടരുന്ന കര്‍മ്മം. വാണി അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് , ഓപ്പോളുടെ അനുവാദവും വാങ്ങി രാമായണ രചന ആരംഭിക്കുവാനായി തയ്യാറെടുത്തു.

 

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ചിന്തിച്ച് ഗുരുഭൂതന്മാരുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് ദേവിയെ ധ്യാനിച്ച് ചുറ്റുപാടും കേള്‍ക്കുന്ന ശബ്ദത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു. ചക്കിന്റെ കണ തിരിയുമ്പോള്‍ ചക്കിനുള്ളില്‍ കിടന്ന് ഓരോ എള്ള് മണിയും ജപിക്കുന്നു, "രാമ രാമ രാമ " എന്ന്. "കൊടും വേനലില്‍ പൂത്തു കായ്ച് ഉണങ്ങിപൊട്ടി ഉതിര്‍മണിയാവുന്നത് ഇങ്ങനെ ജപിച്ച് മോക്ഷം നേടാന്‍തന്നെ". അവസാന തുള്ളി എണ്ണയും വേര്‍പെടുന്നതു വരെയും ഈ ജപം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എള്ളില്‍ നിന്നും രാമനാമം ഉതിരുന്നത് പോലെ….., അതെ…., ഏറ്റവും കഠിനമായ ജീവിത സാഹചര്യങ്ങള്‍ അനുഭവിക്കുമ്പോഴും, എന്‍റെ ഈ മനസ്സില്‍ നിന്നും, രാമ മന്ത്രം ഉയര്‍ന്നുവരട്ടെ.

 

എള്ളിന്റെ കരച്ചിലിന് കാതോര്‍ത്ത്, ചക്കുന്തുന്നതിന്റെ താളത്തില്‍ അക്ഷരണങ്ങളടുക്കിയപ്പോള്‍ "ശ്രീ രാമ രാമ രാമ" എന്ന പദാവലി ഉരുത്തിരിഞ്ഞു. ആദ്യത്തെ "രാമ" ഈശ്വരത്തെ ധ്യാനിച്ച്, രണ്ടാമത്തേത് അക്ഷരലോകത്തേക്ക് കൈപിടിച്ചെഴുതിപ്പിച്ചെത്തിച്ച അമ്മാവനെ ധ്യാനിച്ച് . മൂന്നാമത്തെ രാമന്‍ ജേഷ്ടനെ സ്മരിച്ചു കൊണ്ട്. അതെ, ആദ്യാക്ഷരം ഓതിത്തന്ന അമ്മാവനും, പിന്നീടതിനെ പടര്‍ത്തി പന്തലിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരത്തെ അകറ്റിയ ജേഷ്ടനും ഭഗവല്‍ സ്വരൂപം തന്നെ.

 

അങ്ങനെ ഉള്ളില്‍ ഉദിച്ച ഈരടികള്‍ ചുണ്ടുകളിലൂടെ വിടര്‍ന്നുവന്നപ്പോള്‍,

 

ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ

 

എന്ന് തുടങ്ങുന്ന നാമം അനസ്യുതമായി ഒഴുകിവരുവാന്‍ തുടങ്ങി. ചക്കിന്റെ മര്‍മരത്തിന്റെ ഈണത്തോടൊപ്പിച്ച് ഇതു ജപിക്കുവാന്‍ തുടങ്ങിയപ്പോള്‍ മണ്ണും വിണ്ണും മാഞ്ഞുപോയി. അതികഠിനമായ എണ്ണയാട്ടുന്നതിന്‍റെ ആയാസവും അല്പാല്പമായി കുറയുവാന്‍ ആരംഭിച്ചു. ചക്കിനെ ഒരു രാമ ക്ഷേത്രമായി സങ്കല്പിച്ചപ്പോള്‍ , ചുറ്റുമുള്ള പരിക്രമം, പ്രദിക്ഷണമായി മാറി. രാമ മന്ത്രം ഉരുവിട്ടു കൊണ്ട് എത്രനേരം പ്രദിക്ഷണം ചെയ്‌തെന്നറിയില്ല. സ്ഥലകാല ബോധം തിരികെ ലഭിച്ചപ്പോള്‍ കുടംബാംഗങ്ങള്‍ മുഴുവരും ഈ നാമം ഉരുവിട്ടു കൊണ്ടു തന്നോടൊപ്പം ചക്കിന് വലം വക്കുന്നു. അങ്ങനെ രചന ആരംഭിച്ച്, തുടര്‍ച്ചയായി ദിവസവും പനയോലയില്‍, എഴുത്താണി കൊണ്ടെഴുതിയ ഏഴ് വര്‍ഷത്തെ പ്രയത്‌നഫലം കൈരളിക്ക് ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചതാകുന്നു അദ്ധ്യാത്മ രാമായണം.

 

പനയോലയില്‍ പകര്‍ത്തി കേരളത്തിലുടനീളം നിലനിന്നിരുന്ന എഴുത്തു കളരികളില്‍ എത്തിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് , സമൂഹത്തില്‍ സന്മാര്‍ഗം നിലനിര്‍ത്തിയ മഹാഗ്രഗ്രന്‍ഥം . മലയാളികളുടെ മനസ്സില്‍ ഇത്രയധികം ആഴത്തില്‍ വേരൂന്നിയ മറ്റൊരു ഇതിഹാസവുമുണ്ടാവാന്‍ തരമില്ല.

 

രാമായണത്തിലെ ഒരുസന്ദര്‍ഭം നമുക്ക് പരിശോധിക്കാം.

 

പിതാവിന്‍റെ ദുഃഖ കാരണം അന്വേഷിച്ചെത്തിയ രാമനോട് , കൈകേയി , ദശരഥ രാജാവിനോട് രണ്ട് വരം ആവശ്യപ്പെട്ടകാര്യം അറിയിച്ചു. ശ്രീരാമന്‍ രാജ്യം ഉപേക്ഷി ക്കണമെന്നും, പകരം , സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്നും, അതിനോടൊപ്പം പതിന്നാലു വര്ഷം വനത്തില്‍ താമസിക്കണമെന്നുമായിരുന്നു ആവശ്യം. പും എന്ന നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്ന വ്യക്തി ആയതുകൊണ്ടാണ് പുത്രന്‍ എന്ന് മകനെ വിളിക്കുന്നതെന്ന് കൈകേയി ശ്രീ രാമനെ ഓര്‍മിപ്പി ച്ചു. ഈ ആവശ്യം വളരെ നിസ്സാരമായി കണക്കാക്കി, രാജ്യം ഉപേക്ഷിക്കാമെന്നും, പതിന്നാലു വര്‍ഷം കാട്ടില്‍ താമസിച്ച് കൊള്ളാമെന്നും ശ്രീരാമന്‍ പ്രതിജ്ഞ ചെയ്തു. പിതാവ് എന്തിനാണ് ഈ ഒരു കാര്യത്തിന് ഇത്രയൂം ദുഖിതനായിരിക്കുന്നത്. പിതാമഹന്മാരെ രക്ഷിക്കാനായി ആയിരം വര്‍ഷം തപസ്സു ചെയ്ത ഭഗീരഥന്റെ പ്രയത്‌നത്തിന്റെയോ, യയാതിയില്‍ നിന്നും വാര്‍ദ്ധക്യം വാങ്ങി സ്വന്തം യവ്വനം തിരികെ നല്‍കിയ പുരുവിന്റെ പ്രവര്‍ത്തിയോ താരതമ്യം ചെയ്യുമ്പോള്‍ ഇതെത്രയോ നിസ്സാരം. രാജ്യം ഭരിക്കാന്‍ ഭരതനും, രാജ്യം ത്വജിക്കാന്‍ ഞാനുമാണ് യോഗ്യന്‍ മാര്‍. അച്ഛന്‍ കൈകേയി മാതാവിന് പണ്ട് കൊടുത്ത വരങ്ങള്‍, അച്ഛന്‍ നേരിട്ടാവശ്യപ്പെടാഞ്ഞിട്ടുപോലും , നിറവേറ്റാന്‍ പുറപെട്ട മകനോട് ദശരഥ മഹാരാജാവ് ഇപ്രകാരം അറിയിച്ചു.

 

സ്ത്രീക്കടിമപെട്ട ഒരു വ്യക്തി വീണ്ടുവിചാരമില്ലാതെ പറഞ്ഞ ഒരു പാഴ്‌വാക്കായി മാത്രം ഞാന്‍ കൊടുത്ത വരങ്ങളെ നീ കണ്ടാല്‍ മതി. വേഗം തന്നെ എന്നെ ഒരു കയറില്‍ കെട്ടി ബന്ധനസ്ഥനാക്കി നീ രാജാവായി സ്ഥാനമെടുക്കു. അല്ലാതെ രാജ്യഭാരമൊഴിയുകയും വേണ്ട, പതിന്നാലു വര്‍ഷം വനത്തിലും കഴിയണ്ട. പക്ഷെ ഒരു പുത്രന്‍റെ ധര്‍മ്മം എന്തെന്ന് , സ്വന്തം പ്രവര്‍ത്തിയിലൂടെ മാലോകര്‍ക്കു മുഴുവന്‍ മാതൃക കാട്ടുകയാണ് ശ്രീരാമന്‍ ചെയ്തത് . കേരളത്തിലെ പിതൃ പുത്ര ബന്ധങ്ങള്‍ അനേക സംവത്സരങ്ങള്‍ ദൃഢമായി നില്‍ക്കാന്‍ മേല്‍സൂചിപ്പിച്ച രാമായണ സന്ദര്‍ഭം വളരെ സഹായിച്ചിട്ടുണ്ട്.

 

ഇതിഹാസങ്ങളുടെ സ്വാധീനം സമൂഹത്തില്‍ ക്ഷയിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വൃദ്ധ സദനങ്ങള്‍. സംസ്കൃതത്തില്‍ രചിച്ചിട്ടുള്ള രാമായണങ്ങള്‍ വിശകലനം ചെയ്ത് , ഭക്തി രസത്തിന് പരമ പ്രാധാന്യം നല്‍കി, തുഞ്ചത്തെഴുത്തച്ചന്‍ മലയാള ഭാഷയില്‍ എഴുതിയ അദ്ധ്യാത്മ രാമായണം , കൈരളിക്ക് ലഭിച്ച അമൂല്യ നിധിയാകുന്നു. മലയാള ഭാഷയെ അടുത്തറിയണമെങ്കി ല്‍, രാമായണം ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. തകഴി ശിവശങ്കര പിള്ളയുടെ അഭിപ്രായത്തില്‍, "കഥാകാരനും, കഥാകാരിയും ആകണമെങ്കില്‍ ഒത്തിരി വായിക്കണം, രാമായണവും മഹാഭാരതവും പല കുറി വായിക്കണം".

 

ഭാരത ജനതക്കൊന്നായി ഒരു സംസ്കൃതി, അല്ലെങ്കില്‍ കേരള ജനതയില്‍ പൊതുവായി കാണുന്ന സ്വഭാവ ഗുണം, ഇതിനാധാരം ഇതിഹാസങ്ങളിലൂടെ ആചാര്യന്മാര്‍ പഠിപ്പിച്ചിട്ടുള്ള ജീവിത മൂല്യങ്ങളാകുന്നു. കാമ, ക്രോധ, ലോഭ, മോഹങ്ങള്‍ ഉപേക്ഷിച്ച്, സര്‍വ്വ ചരാചരങ്ങള്‍ക്കും, ഉപയോഗപ്രദമായി ജീവിക്കുവാന്‍ സാധിച്ചാല്‍, ജീവിതം ധന്യമായി എന്നാണ് ഇതിഹാസങ്ങളുടെ സന്ദേശം.

 

രാമായണം പാരായണം ചെയ്യുകയും, അതിലെ ഉപദേശങ്ങളും, തത്വങ്ങളും മനസ്സിലാക്കി ജീവിക്കുവാനും ശ്രമിച്ചാല്‍, അതീവ ശാന്തിയും സമാധാനവും കൈവരും. ഈ കര്‍ക്കിടക മാസത്തില്‍, സത്യത്തിനും, നീതിക്കും ധര്‍മ്മത്തിനും വേണ്ടി നിലകൊണ്ട ശ്രീരാമനെ സ്മരിക്കുന്നതിനോടൊപ്പം, ബ്രഹ്മ ജ്ഞാനം സര്‍വജനങ്ങളിലും എത്തിക്കുവാന്‍, സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കുവാന്‍ തയ്യാറായ പരമാചാര്യനായ, മലയാള ഭാഷയുടെ പിതാവായ രാമാനുജന്‍ എഴുത്തച്ഛനേയും നമ്മള്‍ക്ക് ഭക്ത്യാ പൂര്‍വ്വം സ്മരിക്കാം.

 

അവലംബം:
1) തീക്കടല്‍ കടഞ്ഞ് തിരുമധുരം,
2 ) അദ്ധ്യാത്മ രാമായണം.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code